ബിരിയാണിച്ചെമ്പില്‍ കഞ്ഞിവച്ചാല്‍ എങ്ങനെയിരിക്കുമെന്നായിരുന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം. മന്ത്രിസഭാ പ്രവേശത്തിന് ഒരുങ്ങിയ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി റവന്യൂവകുപ്പ് വച്ചുനീട്ടിയതിനെക്കുറിച്ചാണ് ഉപമ. കോണ്‍ഗ്രസിലെ "ഉ ഗ്രൂപ്പിന്" വേണ്ടിയാണ് പൊലീസിനെ ഉപയോഗിക്കുന്നതെന്നതില്‍ കോടിയേരിക്ക് ഒരു സംശയവുമില്ല. പൊലീസില്‍ രണ്ട് വിഭാഗമുണ്ട്. ഭരണത്തെ അനുകൂലിക്കുന്നവരും നിയമത്തോട് കൂറു പുലര്‍ത്തുന്നവരും. പൊലീസ് അസോസിയേഷന്‍ "ഉ ഗ്രൂപ്പി"ന്റെ പോഷകസംഘടനയാണ്. എം എം മണിയെ പിടിക്കാന്‍ ഓപ്പറേഷന്‍ റിങ്ടോണ്‍ നടത്തിയ സ്ഥിതിക്ക് പൊലീസുകാരനെ കൊന്ന ആട് ആന്റണിക്കെതിരെ "ഓപ്പറേഷന്‍ മട്ടണ്‍" നടത്തുമെന്നാണ് കരുതിയതെന്നും കോടിയേരി.
സൗരോര്‍ജ പ്ലാന്റ് തട്ടിപ്പു കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധവും ഫോണ്‍ചോര്‍ത്തല്‍ വിവാദവുമൊക്കെ ചേര്‍ന്ന് ധനാഭ്യര്‍ഥനചര്‍ച്ച കത്തിപ്പടര്‍ന്നു. തട്ടിപ്പു കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം രാജുഎബ്രഹാം അടിയന്തര പ്രമേയത്തിന് വിഷയമാക്കി. മുഖ്യമന്ത്രിയുടെ പിഎ ജോപ്പനെ മാറ്റി നിര്‍ത്തി അന്വേഷണത്തിന് തയ്യാറുണ്ടോയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടെങ്കിലും ഇടക്കാല റിപ്പോര്‍ട്ട് വാങ്ങാമെന്നായിരുന്നു മറുപടി. പുട്ടിന് പീര ചേര്‍ക്കുന്ന മട്ടില്‍ "ഒന്നും മറച്ചുവയ്ക്കാനില്ലെന്ന്" അദ്ദേഹം ആവര്‍ത്തിച്ചു. ഡല്‍ഹിയിലെ "പാവം പയ്യന്റെ" കാര്യത്തിലും മൗനം. പാവം പയ്യനുമായി ബന്ധമില്ലെങ്കില്‍ അക്കാര്യം വെളിപ്പെടുത്തണമെന്ന ആവശ്യം കേട്ടില്ലെന്ന് നടിച്ചു. ഇതോടെ പ്രതിപക്ഷം ഇളകിമറിഞ്ഞു. ഇറങ്ങിപ്പോക്കില്‍ ഒതുക്കിനിര്‍ത്തിയെങ്കിലും ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ വീണ്ടും വിഷയം കത്തിപ്പടര്‍ന്നു. ഫോണ്‍ ചോര്‍ത്തല്‍ വിവാദവും പൊലീസ് മാഫിയ ബന്ധവുമൊക്കെ ചര്‍ച്ച കൊഴുപ്പിച്ചു. ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷ ബഹിഷ്കരണത്തിലാണ് കലാശിച്ചത്.
നിഷ്പക്ഷമായ നീതിനിര്‍വഹണം അന്യമായെന്നാണ് ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച എളമരം കരീം അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് നേതാവ് തൃശൂരില്‍ കൊല്ലപ്പെട്ടിട്ട് ഒരു മന്ത്രിപോലും തിരിഞ്ഞുനോക്കിയില്ല. പിണറായി വധശ്രമ കേസിലും അന്വേഷണം വഴിമുട്ടി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസ് വകുപ്പ് ഏറ്റെടുത്തത് പാല് കിട്ടുന്ന പശുവിനെ വിട്ട് കുത്തുന്ന കാളയെ വാങ്ങിയതിന് തുല്യമാണെന്ന് പി തിലോത്തമന്‍. ചവറ് വാരിക്കളയുകയും ചായ വാങ്ങിക്കൊടുക്കുകയും റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുകയും ചെയ്യുന്ന പൊലീസിനെയാണ് അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് എങ്ങും കാണാനായത്. ചെന്നിത്തലയ്ക്ക് ആഭ്യന്തരം വിട്ടുകൊടുക്കാത്തതിനു പിന്നിലെ നിഗൂഢതയിലേക്കാണ് കെ എസ് സലീഖ വിരല്‍ ചൂണ്ടി. "രാമ...രാമ... എന്നു ജപിച്ചിരുന്ന തിരുവഞ്ചൂര്‍ ഇപ്പോള്‍ "രമ...രമ..." എന്ന് മാറ്റിയില്ലേയെന്ന് സാജുപോള്‍ സംശയിച്ചു. കേരളത്തിന്റെ ആധുനിക ഹിറ്റ്ലര്‍ എന്ന വിശേഷണം തിരുവഞ്ചൂരിന് ചേര്‍ന്നതാണെന്ന കാര്യത്തില്‍ കെ കെ ജയചന്ദ്രന് തീര്‍ച്ച. ആഭ്യന്തരമന്ത്രിയുടെ ഗ്രൂപ്പിലല്ലെങ്കില്‍ റോഡിലിട്ട് വെട്ടിക്കൊന്നാല്‍പോലും തിരിഞ്ഞുനോക്കില്ലെന്ന് പാലോട് രവിയെ അദ്ദേഹം ഓര്‍മിപ്പിച്ചു. രമയുടെ പേര് മനഃപാഠമാക്കിയവര്‍ക്ക് തൃശൂരില്‍ കൊല്ലപ്പെട്ട മധുവിന്റെ ഭാര്യയുടെ പേരറിയാമോയെന്ന ജയചന്ദ്രന്റെ ചോദ്യം കുഴക്കി.
സ്റ്റുഡന്റ് പൊലീസില്‍ മാലാഖമാരെയാണ് എന്‍ ഷംസുദീന്‍ കണ്ടത്. മന്ത്രിസഭയ്ക്ക് ഡെങ്കിയാണെന്ന് കോവൂര്‍കുഞ്ഞുമോന്‍.ജ്യോതിഷ നിപുണന്‍ വര്‍ക്കല കഹാര്‍ കവടി നിരത്തി: 11ലെ വ്യാഴത്തിലാണ് മുഖ്യമന്ത്രി. പ്രഭ കെടുത്താന്‍ കേതുവിനും ഗുളികനും ആകില്ല. രാഷ്ട്രീയക്കാരെ അധിക്ഷേപിച്ച് കവിത എഴുതിയ എഡിജിപി ബി സന്ധ്യയ്ക്കെതിരെ കെ മുരളീധരന്‍ വാളോങ്ങി. പി സി ജോര്‍ജ് പ്രസംഗിക്കാന്‍ നേരം ഭരണപക്ഷത്ത് വെറും ആറു പേര്‍. ജോര്‍ജ് പൊലീസിനെയും തിരുവഞ്ചൂരിനെയും പുകഴ്ത്തിയപ്പോള്‍ പണ്ട് മൂന്നുവര്‍ഷം തനിക്ക് അനുകൂലമായും പ്രസംഗിച്ചിട്ടുണ്ടെന്ന് കോടിയേരി ഓര്‍മിപ്പിച്ചു. ആട് ആന്റണിയെ പിടികൂടാത്തതിനെ പണ്ട് പുട്ട് കുഞ്ഞുമോന്‍ ചാടിപ്പോയതിനോടാണ് മന്ത്രി തിരുവഞ്ചൂര്‍ ഉപമിച്ചത്. ആരാ ഈ പുട്ടുകുഞ്ഞുമോനെന്ന് ചിലര്‍ നെറ്റി ചുളിച്ചെങ്കിലും മന്ത്രിക്ക് മിണ്ടാട്ടമില്ല.
കെ ശ്രീകണ്ഠന്‍ deshabhimani
No comments:
Post a Comment