Thursday, June 20, 2013

എഫ്ഡിഐ പരിധി വീണ്ടും ഉയര്‍ത്തും: പ്രധാനമന്ത്രി

രാജ്യത്തേക്ക് കൂടുതല്‍ വിദേശനിക്ഷേപം കൊണ്ടുവരുന്നതിന്റെ ഭാഗമായി കുറഞ്ഞ വിദേശനിക്ഷേപ (എഫ്ഡിഐ) പരിധി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. വിവിധ മേഖലകളിലെ വിദേശനിക്ഷേപ പരിധികള്‍ ഇതനുസരിച്ച് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാരശിഷ്ടത്തിലെ വര്‍ധന കുറയ്ക്കുന്നതിനെക്കുറിച്ചായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ച. മള്‍ട്ടി ബ്രാന്‍ഡ് ചില്ലറവില്‍പ്പന മേഖല, ഇന്‍ഷുറന്‍സ്, പ്രതിരോധം, ടെലികോം മേഖലകളില്‍ നിലവില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചിട്ടില്ല. ടെലികോം, പ്രതിരോധ മേഖലകളില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് ഉടന്‍ അനുമതി നല്‍കുമെന്ന് വാണിജ്യമന്ത്രി ആനന്ദ് ശര്‍മ യോഗത്തില്‍ പറഞ്ഞു. കൂടുതല്‍ വിദേശനിക്ഷേപം രാജ്യത്തേക്ക് വരുന്നതോടെ വ്യാപാരശിഷ്ടം കുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. ലോകത്തെ പ്രധാന സമ്പദ്വ്യവസ്ഥകള്‍ ദുര്‍ബലമായപ്പോഴും ഇന്ത്യ വിദേശനിക്ഷേപത്തിന് അനുയോജ്യമായ രാജ്യമെന്ന അംഗീകാരം നിലനിര്‍ത്തുന്നതായി ധനമന്ത്രി പി ചിദംബരം പറഞ്ഞു. 2013-14ല്‍ വ്യാപാരകമ്മി രാജ്യം ആഗ്രഹിക്കുന്ന വിധം കുറച്ചുകൊണ്ടുവരാന്‍ കഴിയും. പെട്രോളിയത്തിന്റെയും കല്‍ക്കരിയുടെയും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കലും സ്വര്‍ണത്തിന്റെ ഉപയോഗം കുറയ്ക്കലുമാണ് ഇതിനുള്ള പ്രധാന മാര്‍ഗങ്ങള്‍. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഏഴ് ലക്ഷം കോടി രൂപയുടെ 215 പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് ചിദംബരം പറഞ്ഞു.

deshabhimani

No comments:

Post a Comment