സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതയെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളും ഗണ്‍മാനും ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതില്‍ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗണ്‍മാന്‍ സലിംരാജ് വകുപ്പുതല നടപടിക്ക് വിധേയനാകത്തക്ക കുറ്റമാണോ ചെയ്തതെന്ന് ചോദിച്ച മുഖ്യമന്ത്രി ഫോണ്‍ ചെയ്തതിന് സ്റ്റാഫംഗങ്ങളെ പുറത്താക്കാന്‍ തന്നെ കിട്ടില്ലെന്നും വ്യക്തമാക്കി. സരിതയ്ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ ശുപാര്‍ശക്കത്തുകള്‍ കിട്ടിയെന്ന ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എങ്കില്‍ കത്തെവിടെയെന്ന് മറുചോദ്യമുന്നയിച്ചു. മന്ത്രിസഭായോഗതീരുമാനം വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സരിതയുമായി ബന്ധപ്പെട്ട മറ്റൊരു പേഴ്സണല്‍ സ്റ്റാഫംഗം ജിക്കുവിനെ മാറ്റിനിര്‍ത്താത്തതിനെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലെറ്റര്‍പാഡ് മോഷണം പോയിട്ടുണ്ടാകുമെന്ന ജോര്‍ജിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ മാനസികവിഭ്രാന്തിയുള്ള ആള്‍ കയറിയിരുന്ന ഓഫീസാണത് എന്നായിരുന്നു മറുപടി. മുഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം എങ്ങനെ ഫലപ്രദമാകുമെന്ന ചോദ്യത്തിന് എല്ലാം ഭംഗിയായി പോകുമെന്നും കുറ്റം ചെയ്തവര്‍ നിയമത്തിന്റെ മുമ്പില്‍ വരുമെന്നുമായിരുന്നു മറുപടി.
അന്വേഷണ സംഘത്തലവനായ എഡിജിപിയെ 16ന് അര്‍ധരാത്രി വസതിയില്‍ വിളിച്ചുവരുത്തിയതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ താന്‍ വിളിച്ചുവരുത്തിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഫോണ്‍ സംഭാഷണങ്ങള്‍ നടക്കുമ്പോഴൊന്നും മുഖ്യമന്ത്രി സ്ഥലത്തുണ്ടായിരുന്നില്ലെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവനയെക്കുറിച്ചാരാഞ്ഞപ്പോള്‍ അക്കാര്യം അറിയില്ലെന്നായിരുന്നു പ്രതികരണം. 10,000 കോടിയുടെ തട്ടിപ്പാണ് ലക്ഷ്യമിട്ടതെന്നും ഇതിനു പിന്നില്‍ വമ്പന്മാരുണ്ടെന്നും പറഞ്ഞിട്ടില്ലെന്നാണ്് പി സി ജോര്‍ജ് തന്നെ അറിയിച്ചത്. കോട്ടയത്ത് ഡിസിസി സെക്രട്ടറിയുടെ ചിട്ടിസ്ഥാപനവുമായി ബന്ധപ്പെട്ട് പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാലുവിനെ തൊടരുത്: തിരുവഞ്ചൂര്‍
കോട്ടയം: സോളാര്‍തട്ടിപ്പുകേസില്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടതില്ലെന്ന് പൊലീസിന് ആഭ്യന്തരമന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം. സത്യസന്ധമായ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രിക്കും ഇരുവരുടെയും ഓഫീസിനും നര്‍ത്തകിയുമായുള്ള അടുപ്പം പുറത്താകുമെന്നായപ്പോഴാണ് നിര്‍ദ്ദേശം. ഉമ്മന്‍ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയുമായ ചാണ്ടിഉമ്മനുമായും ശാലുവിന് അടുത്ത സൗഹൃദമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ അനന്തരവനും സഹകരണ പരീക്ഷാ ബോര്‍ഡ് ചെയര്‍മാനുമായ കുഞ്ഞ് ഇല്ലംമ്പളിക്കും ശാലു-ബിജുരാധാകൃഷ്ണന്‍ സംഘവുമായി അടുപ്പമുണ്ട്.
ഡിസിസി സെക്രട്ടറി കെ ജെ ജെയിംസിന്റെ ഉടമസ്ഥതയിലുള്ള ആപ്പിള്‍ ട്രീ എന്ന ചിട്ടിസ്ഥാപനത്തിലേക്ക് സമീപനാളുകളില്‍ വലിയ തോതില്‍ പണമൊഴുകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരില്‍ പ്രമുഖനാണ് ഇയാള്‍. ഇത്തരം ബന്ധങ്ങള്‍ പുറത്താകുമെന്ന ഭയപ്പാടിലാണ് ശാലുവിനെ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കുന്നത്. ശാലു ചങ്ങനാശ്ശേരിയില്‍ വലിയ വീട് നര്‍മിച്ചതും നിരവധി ബ്രാഞ്ചുകളുമായി നൃത്ത വിദ്യാലയം വിപുലപ്പെടുത്തിയതും ആഢംബരകാര്‍ വാങ്ങിയതും അടുത്ത നാളുകളിലാണ്. ബിജുവുമായി ഏറെ ബന്ധം പുലര്‍ത്തിയ ശാലുവിനെ ഇതുവരെ ചോദ്യം ചെയ്തിട്ടുപോലുമില്ല. ബിജു 20 ലക്ഷം രൂപ കബളിപ്പിച്ചെന്ന് കാണിച്ച് സരിത അറസ്റ്റിലായതിന്റെ പിറ്റേന്ന് ശാലു ചങ്ങനാശ്ശേരി സിഐക്ക് പരാതി നല്‍കി. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടിട്ടും ഈ വഴിക്കും അന്വേഷണമില്ല. ഈ പരാതിയും ഒത്തുകളിയാണെന്ന സംശയം ബലപ്പെടുകയാണ്. ആഭ്യന്തരവകുപ്പിലെ ചില ഉന്നതരുടെ ഉപദേശമാണത്രെ ശാലു പരാതി നല്‍കിയത്. പേരിനുമാത്രം സിനിമയില്‍ അഭിനയിച്ചിട്ടുള്ള ശാലുവിനെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിലേക്ക് കൊണ്ടുവന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ്. ഇതിന് ഇടനിലക്കാരനായത് ചങ്ങനാശ്ശേരി മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറും ഡിസിസി അംഗവുമായ പി എന്‍ നൗഷാദാണ്. ഇയാളും സെന്‍സര്‍ ബോര്‍ഡില്‍ ശാലുവിനൊപ്പം അംഗമായിട്ടുണ്ട്.
(എസ് മനോജ്)
കൂട്ടുപ്രതി ഫിറോസിന് സസ്പെന്‍ഷന്‍
സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളോടൊപ്പം കൂട്ടുപ്രതിയായ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെ സസ്പെന്‍ഡ് ചെയ്തു. തട്ടിപ്പുകേസിലെ പ്രതിക്ക് പൊലീസ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയത് വിവാദമായതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ നടപടി എടുത്തത്. ക്രൈം നമ്പര്‍ 910/2009 പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസ് സംബന്ധിച്ച് 2010 നവംബര്‍ 25ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ എന്നാണ് മന്ത്രിയുടെ വിശദീകരണം. ഈ റിപ്പോര്‍ട്ട് 2011 ഫെബ്രുവരി 25ന് പൊതുഭരണ വകുപ്പിന് ലഭിച്ചിട്ടും റിപ്പോര്‍ട്ട് സംബന്ധിച്ച് നടപടി സ്വീകരിക്കാനുണ്ടായ കാലതാമസത്തെപ്പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായും മന്ത്രി കെ സി ജോസഫ് പറഞ്ഞു. റിപ്പോര്‍ട്ട് എല്‍ഡിഎഫ് ഭരണകാലത്ത് പൂഴ്ത്തിയെന്ന് മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വാദം പൊളിക്കുന്നതാണ് ഈ വിശദീകരണം.
2011 ഫെബ്രുവരി അവസാനമാണ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതോടെ മുന്‍ സര്‍ക്കാരിന് ജീവനക്കാരുടെ സ്ഥലം മാറ്റത്തില്‍പ്പോലും ഇടപെടാന്‍ കഴിയുമായിരുന്നില്ല. ഈ ഫയല്‍ എല്‍ഡിഎഫ് ഭരണകാലത്താണ് പൂഴ്ത്തിയതെങ്കില്‍ ഇപ്പോള്‍ മന്ത്രിക്കെങ്ങനെ കിട്ടിയെന്നതിനും സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരും. വകുപ്പുതലവനായി നിയമിക്കുമ്പോള്‍ ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസോ അഴിമതിക്കേസോ നിലവിലില്ലെന്നും സ്ഥാനക്കയറ്റം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും ആഭ്യന്തരവകുപ്പ് സമ്മതപത്രം നല്‍കണം. ഈ സമ്മതപത്രം സഹിതം മന്ത്രിസഭായോഗം അംഗീകരിച്ചശേഷം മാത്രമേ ഉദ്യോഗസ്ഥനെ വകുപ്പുമേധാവിയായി നിയമിക്കാവൂ. ഇതേക്കുറിച്ച് മന്ത്രി ബുധനാഴ്ചയും പ്രതികരിക്കാന്‍ തയ്യാറായില്ല. സരിതയും ബിജുവും ഇടപെട്ടാണ് ഫിറോസിനെ ഡയറക്ടറാക്കിയത്. പ്രത്യുപകാരമായി ഫിറോസ് തിരിച്ച് സഹായം നല്‍കി.പിആര്‍ഡിയുടെ വാഹനം വിട്ടുകൊടുത്തെന്നു മാത്രമല്ല, പിആര്‍ഡി ഉദ്യോഗസ്ഥരെയും സഹായികളായി നിയോഗിച്ചു. വയനാട്ടില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് സരിതയുടെ പിഎ ആയി ഫിറോസ് അയച്ചത് പിആര്‍ഡിയില്‍ ഈയിടെ സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥനെയാണ്. ഈ സ്ഥാനക്കയറ്റവും ഫിറോസിന്റെയും സരിതയുടെയും ഇടപെടലിലൂടെയാണ് ലഭിച്ചത്. സരിത വാഹനം ദുരുപയോഗംചെയ്ത പരാതിയില്‍ പിആര്‍ഡി സെക്രട്ടറി റാണി ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡ്രൈവര്‍ എന്നിവരില്‍നിന്ന് തെളിവെടുത്തു.
deshabhimani
No comments:
Post a Comment