സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെ പഠനം മെച്ചപ്പെടുത്താനുള്ള ഉപകരണങ്ങള്‍ക്കായി അധ്യാപകര്‍ക്ക് അനുവദിച്ചിരുന്ന ഗ്രാന്റ് നിര്‍ത്തി. അധ്യയനവര്‍ഷം ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ഗ്രാന്റ് കിട്ടാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അധികൃതര്‍ ഇത് അറിയിച്ചത്. ഒന്നുമുതല്‍ എട്ടുവരെയുള്ള അധ്യാപകര്‍ക്ക് കുട്ടികളുടെ പഠനത്തിനു സഹായകരമായ ഉപകരണങ്ങള്‍ നിര്‍മിക്കാനും വേണ്ട അസംസ്കൃതവസ്തുക്കള്‍ വാങ്ങാനുമാണ് 500 രൂപയുടെ ഈ ഫണ്ട് അനുവദിച്ചിരുന്നത്. പാവകള്‍, കളര്‍ പേപ്പറുകള്‍, മാര്‍ക്കര്‍, പേനകള്‍, ഇതര നിര്‍മാണങ്ങള്‍ക്കുള്ള വസ്തുക്കള്‍ എന്നിവയെല്ലാം അധ്യാപകര്‍ വാങ്ങിയിരുന്നത് ഈ ഫണ്ടില്‍നിന്നായിരുന്നു. സ്കൂളിലെ എല്ലാ അധ്യാപകരുടെയും പേരില്‍ കിട്ടുന്ന ഗ്രാന്റ് ഒന്നിച്ച് ഉപയോഗിച്ച് മൊത്തവിതരണക്കാരുടെ കയ്യില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്ന സ്കൂളുകള്‍ക്ക് രണ്ടു ടേമിലേക്കെങ്കിലും പഠനോപകരണങ്ങള്‍ വാങ്ങാന്‍ സാധിക്കുമായിരുന്നു.
സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്ന യൂണിഫോമിന്റെ വിതരണവും തര്‍ക്കങ്ങളിലും വിവാദങ്ങളിലും തട്ടി നില്‍ക്കുകയാണ്. കേരളത്തിലൊന്നാകെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാര്‍ഥികള്‍ക്ക് ഒരു നിറത്തിലുള്ള യൂണിഫോം നല്‍കുമെന്നും ജില്ല തിരിച്ച് 14 നിറത്തിലുള്ള യൂണിഫോം നല്‍കുമെന്നും അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. സ്കൂളുകളുടെ തനിമയും വ്യക്തിത്വവും വിദ്യാര്‍ഥികളുടെ സുരക്ഷയും മുന്‍നിര്‍ത്തി രക്ഷകര്‍ത്താക്കളും കെഎസ്ടിഎയും ഇതിനെ എതിര്‍ക്കുകയാണ്. എസ്എസ്എ പദ്ധതി നടത്തിപ്പിലെ അപാകംമൂലം കേന്ദ്രഫണ്ടിലെ കുറവിനും അതുവഴി കുട്ടികള്‍ക്കുള്ള ഗ്രാന്റുകള്‍ കുറയാനും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. സ്കൂള്‍ മെയിന്റനന്‍സ് ഗ്രാന്റ്, സ്കൂള്‍ ഗ്രാന്റ് തുടങ്ങിയവയൊന്നും ഈ അധ്യയനവര്‍ഷം വിതരണം നടന്നിട്ടില്ല.
deshabhimani
No comments:
Post a Comment