Monday, June 17, 2013

ഉമ്മന്‍ചാണ്ടിയുടെ പതര്‍ച്ച; അനിവാര്യമായ പതനം

സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതി ബിജുരാധാകൃഷ്ണനെ "അറസ്റ്റുചെയ്തത്" മഹാസംഭവമായി സര്‍ക്കാര്‍ കൊണ്ടാടുന്നു. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യം നിയമസഭയിലും പുറത്തും ആളിക്കത്തുമ്പോള്‍, "ബിജുവിന്റെ അറസ്റ്റ്" എന്ന പരിചകൊണ്ട് നേരിടാനുള്ള കൗശലമാണ് അതിനുപിന്നില്‍. കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ന്യൂസില്‍ ഒരു മണിക്കൂര്‍ ബിജു ടെലിഫോണിക് അഭിമുഖം നടത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ന്യായീകരിക്കാനായിരുന്നു. പൊലീസിന് കടന്നുചെല്ലാന്‍ കഴിയാത്ത ഏതോ അജ്ഞാതകേന്ദ്രത്തില്‍ നിന്നല്ല, പൊലീസ് ഒരുക്കിയ കേന്ദ്രത്തില്‍നിന്നാണ് ആ നാടകം അരങ്ങേറിയത്. ആഭ്യന്തരവകുപ്പിലെ ഉന്നതരും വാര്‍ത്താ ചാനലും തമ്മിലുള്ള ഒത്തുകളിയാണ് ഉണ്ടായത്.

ഒന്നിലും മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല; ഗണേശ്കുമാറാണ് വില്ലന്‍ എന്നാണ് ആ അഭിമുഖത്തില്‍ ബിജു പേര്‍ത്തുംപേര്‍ത്തും പറഞ്ഞത്. ഗണേശ്കുമാറിന് നഷ്ടപ്പെടാന്‍ ഇനി മന്ത്രിസ്ഥാനമില്ല. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജാകട്ടെ, ഗണേശന്റെ വിവാഹേതരബന്ധങ്ങളുടെ എണ്ണം നാടുനീളെ പറഞ്ഞുനടക്കുന്നു. ആ നിലയ്ക്ക്, എല്ലാം അങ്ങോട്ടുചാരിയാല്‍ മുഖ്യമന്ത്രിയെ പരിക്കില്‍നിന്ന് രക്ഷപ്പെടുത്താമെന്ന ഗൂഢാലോചനയാണ് അരങ്ങേറിയത്. അതിന്റെ തുടര്‍ച്ചയാണ് കോയമ്പത്തൂരിലെ ലാപ്ടോപ് വില്‍പ്പനയും ബിജുവിന്റെ "നാടകീയമായ" അറസ്റ്റും. കോടികള്‍ കൊണ്ട് അമ്മാനമാടുന്ന കുറ്റവാളി ലാപ്ടോപ് വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പിടിക്കപ്പെട്ടെന്ന വിഡ്ഢിക്കഥ എഴുന്നള്ളിക്കാന്‍ പൊലീസിന് മടിയുണ്ടായില്ല.

നിയമസഭയിലെ മുഖ്യമന്ത്രിയുടെ വിശദീകരണം, അറസ്റ്റുവാര്‍ത്ത എന്നിവകൊണ്ട് രാജി ആവശ്യത്തെ മാധ്യമസഹായത്തോടെ മറികടക്കാമെന്ന് ഉമ്മന്‍ചാണ്ടി സംഘം ധരിച്ചു. ആ കൗശലത്തിന് പക്ഷേ വിപരീതഫലമാണ് ഉണ്ടായത്. നിയമസഭയിലെ വിശദീകരണം ഉമ്മന്‍ചാണ്ടിയുടെ പതനം അതിവേഗം സംഭവിക്കുമെന്നാണ് ഉറപ്പാക്കിയത്. ""സംസ്ഥാന താല്‍പ്പര്യം ബലികഴിച്ചുകൊണ്ട് മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ ആഗ്രഹമില്ല"" എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെ തെളിഞ്ഞാല്‍ ഒരുനിമിഷം തുടരില്ലെന്നും. അതാണ് ആ മറുപടിയിലെ ഏറ്റവും വലിയ കള്ളം.

സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യം, സത്യസന്ധത, രാഷ്ട്രീയ മാന്യത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മിനിമം ബോധമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുമായിരുന്നില്ല. പാമൊലിന്‍ കേസില്‍ പ്രതിപ്പട്ടികയില്‍ എത്തുമ്പോള്‍ ജുഡീഷ്യറിയെ ആക്രമിച്ചും അന്വേഷകരെ വഴിവിട്ടു സ്വാധീനിച്ചും അനുകൂല പരിസരമുണ്ടാക്കിയാണ് മുഖ്യമന്ത്രിപ്പദത്തിലേക്ക് താന്‍ വലതുകാല്‍വച്ചു കയറിയതെന്ന് മറ്റാരു മറന്നാലും ഉമ്മന്‍ചാണ്ടിക്ക് മറക്കാനാകില്ലല്ലോ.

ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ ദുര്‍ഗന്ധം വമിക്കുന്ന ചെളിക്കുണ്ടിലാണ്. തനിക്കെതിരെ വന്ന ഒരാരോപണംപോലും വസ്തുതകള്‍ നിരത്തി തള്ളിക്കളയാന്‍ നിയമസഭയില്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല. കസ്റ്റഡിയിലുള്ള പ്രതിക്ക് കോടതിയുടെ അനുവാദമില്ലാതെ ഫോണില്‍ സംസാരിക്കാമെന്ന് ആണയിട്ടു പറഞ്ഞതുമുതല്‍ ഡല്‍ഹിയില്‍ ചെന്ന തീയതിവരെ പരിഭ്രാന്തികൊണ്ട് സമനിലതെറ്റിയ ഒരാളുടെ പ്രകടനമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. ഉമ്മന്‍ചാണ്ടി ഇന്നുവരെ ഇങ്ങനെ പതറിയത് നിയമസഭ കണ്ടിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 27നു താന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന അദ്ദേഹത്തിന്റെ വാദം മതി, ആ പാരവശ്യത്തിന്റെ ആഴം അളക്കാന്‍. ആ ദിവസം ഡല്‍ഹിയില്‍ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നെന്നും അതിന്റെ വാര്‍ത്തകള്‍ ആര്‍ക്കും ചികഞ്ഞെടുക്കാവുന്നതേയുള്ളൂവെന്നും ഓര്‍ക്കാനുള്ള കഴിവുപോലും അദ്ദേഹത്തിന് നഷ്ടപ്പെട്ടു. മലയാറ്റൂരില്‍ മുങ്ങിമരിച്ച എന്‍സിസി കേഡറ്റുകളുടെ മൃതദേഹങ്ങള്‍ ഡിസംബര്‍ 27നു ഡല്‍ഹിയില്‍ എത്തിച്ചപ്പോള്‍ റീത്തുവയ്ക്കാന്‍ ചെന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രം പിറ്റേന്ന് മാതൃഭൂമിയും മനോരമയും പ്രസിദ്ധീകരിച്ചതാണ്.

ഫോണ്‍ വിളിച്ചതുകൊണ്ട് ഒരാള്‍ കുറ്റവാളി ആകില്ലെന്നാണ് ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച മറ്റൊരു വാദം. ഫോണ്‍ വിളിക്കുന്നത് കേട്ടിട്ടുണ്ടാകുമെന്ന് അനുമാനിച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയെയും ഒരു നിയമസഭാ അംഗത്തെയും അറസ്റ്റുചെയ്ത് ജയിലിലടച്ച സര്‍ക്കാരിന്റെ നായകനാണ് താനെന്നുകൂടി ഓര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആ മറവിരോഗം കൗശലക്കാരനായ മുഖ്യമന്ത്രിയില്‍നിന്ന് അടിപതറിയ കുറ്റവാളിയിലേക്കുള്ള പരിണാമമാണ് കുറിച്ചിട്ടത്.

സരിത എസ് നായരെ കണ്ടില്ലെന്നു പറഞ്ഞില്ല. വിജ്ഞാന്‍ ഭവനില്‍നിന്ന് കണ്ടില്ല എന്ന് ഏതോ ദൃശ്യത്തെ നിഷേധിച്ച് പറഞ്ഞുനോക്കി. വിജ്ഞാന്‍ഭവനിലെ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്, "പാര്‍ടിപ്രവര്‍ത്തകന്‍" എന്ന് ഉമ്മന്‍ചാണ്ടിയും മറ്റ് കോണ്‍ഗ്രസുകാരും വിശേഷിപ്പിക്കുന്ന തോമസ് കുരുവിളയാണ്. ആ കുരുവിള എങ്ങനെ ഡല്‍ഹിയിലെ തന്റെ എഡിസിയായി എന്നതിന് ന്യായീകരണമൊന്നും ഉമ്മന്‍ചാണ്ടിക്ക് നിരത്താനില്ല. തന്നെ കാണാന്‍ വന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ സരിത എസ് നായരുമുണ്ടായിരുന്നു എന്ന് തോമസ് കുരുവിള തന്നോടു പറഞ്ഞെന്ന് സമ്മതിക്കുമ്പോള്‍, സരിത എസ് നായര്‍ ഉമ്മന്‍ചാണ്ടിക്കും കുരുവിളയ്ക്കും ഒരുപോലെ വേണ്ടപ്പെട്ടവളാണ് എന്ന സത്യം പുറത്തുവരികയാണെന്ന് വെപ്രാളത്തിനിടെ ചിന്തിച്ചതുമില്ല. ഡല്‍ഹിയിയില്‍ കണ്ടത് സുപ്രീംകോടതിയിലുള്ള സര്‍ക്കാര്‍ പ്രതിനിധിയായ വനിതയെയാണെന്ന് സഭയില്‍ പറയുമ്പോള്‍, അങ്ങനെയൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന സത്യം ആ അഭിഭാഷക വിളിച്ചുപറയാനുള്ള സാധ്യത കാണാനും ഉമ്മന്‍ചാണ്ടിയുടെ മതിഭ്രമം അനുവദിച്ചില്ല.

ബിജു രാധാകൃഷ്ണനുമായി സംസാരിച്ചത് കുടുംബപ്രശ്നമാണെന്ന് പറഞ്ഞപ്പോള്‍ അനേകം കേസിലെ പ്രതിയുമായി കുടുംബകാര്യങ്ങള്‍ പങ്കുവയ്ക്കാനുള്ള അടുപ്പമാണ് ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി എന്നാണ് കുടുംബകോടതിയുടെ ചുമതല ഏറ്റെടുത്തത്? മറ്റു വല്ലവരും ചെന്ന് കുടുംബപ്രശ്നം പറഞ്ഞാല്‍ ഒരുമണിക്കൂര്‍ ഇരുന്ന് കേട്ടുകൊടുക്കുമോ? "എന്നെ കാണാന്‍ വരുമ്പോള്‍ പിടികിട്ടാപ്പുള്ളി അല്ലായിരുന്നു" എന്നതും പൊളിഞ്ഞ ന്യായമാണ്. ബിജു അന്ന് പിടികിട്ടാപ്പുള്ളിയായിരുന്നു എന്നതിനു പുറമെ, അയാള്‍ക്കെതിരെ ഇരുപതിലേറെ കേസുള്ളതിന്റെ രേഖകള്‍ പൊലീസിലും പരാതി മുഖ്യമന്ത്രിയുടെ ഓഫീസിലും അന്നുണ്ടായിരുന്നു.

തന്റെ ഓഫീസ് ആര്‍ക്കും പ്രാപ്യമായിരിക്കണം; അതു ചിലര്‍ ദുരുപയോഗം ചെയ്തെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പരിദേവനം. ആരാണ് ദുരുപയോഗം ചെയ്തത്? വര്‍ഷങ്ങളായി നിഴല്‍പോലെ കൂടെയുള്ളവര്‍. അതിലൊരാള്‍ ഇപ്പോഴും കൂടെത്തന്നെയുണ്ട്. മറ്റു ചിലരുടെ ബന്ധങ്ങള്‍ പുറത്തുവരാനിരിക്കുന്നു. എന്നിട്ടും ഗത്യന്തരമില്ലാതെ രണ്ടുപേരെ മാറ്റിനിര്‍ത്തിയതേ ഉള്ളൂ. ദുരുപയോഗത്തിന്റെ മൊത്തക്കച്ചവടം മുഖ്യമന്ത്രിക്ക് തന്നെയാകുമ്പോള്‍ കൂട്ടുപ്രതികളെ തൊടാന്‍ പേടിയുണ്ടാകുന്നത് സ്വാഭാവികം. ജോപ്പന്‍ ഒട്ടൊക്കെ പരസ്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്, "ഉമ്മന്‍ചാണ്ടി എന്നെ എന്തുചെയ്യുമെന്ന് കാണട്ടെ" എന്ന്. അതൊരു വെല്ലുവിളിയാണ്. ഒന്നും ചെയ്യാനോ കടുപ്പിച്ച് നിലപാടെടുക്കാനോ ഉമ്മന്‍ചാണ്ടിക്ക് കഴിയില്ലെന്ന പ്രഖ്യാപനവുമാണ്. ചുറ്റുമുള്ളവരെക്കൊണ്ട് അരുതാത്തത് ചെയ്യിക്കുന്ന ഭരണാധികാരികള്‍ക്ക് വന്നുപെടുന്ന അനിവാര്യമായ ദുര്‍ഗതിയാണ് അത്.

1. ബിജുവിനെ കണ്ടു. 2. സരിതയുമായി ബന്ധമുണ്ട്. 3. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊള്ളരുതായ്മകള്‍ നടന്നു. ഇത്രയും കാര്യങ്ങള്‍ സംശയരഹിതമായി ഉമന്‍ചാണ്ടി തന്നെ സഭയില്‍ സമ്മതിച്ചുകഴിഞ്ഞു. ഇനിയുള്ളത് അതിനെല്ലാം പിന്നില്‍ ഏതൊക്കെ കുരുക്കുകളുണ്ടായിരുന്നു; അഴിമതിയുടെയും അവിഹിതത്തിന്റെയും ആഴവും പരപ്പുമെത്ര എന്ന അന്വേഷണമാണ്. അത് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് തന്നെ നടത്തണോ അതോ ഉന്നതമായ ജുഡീഷ്യല്‍ കമീഷന്‍ നടത്തണോ എന്ന ചോദ്യമാണ്. ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള വകുപ്പുകളൊന്നും അവശേഷിക്കുന്നില്ല. സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജോപ്പന്റെയും "പാവം പയ്യന്റെ"യുമൊക്കെ താല്‍പ്പര്യമാണ് സംസ്ഥാന താല്‍പ്പര്യം എന്ന് കരുതുന്ന മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടാന്‍ തയ്യാറല്ല; പുറത്താക്കാനുള്ള ആര്‍ജവം യുഡിഎഫിനും ഇില്ല. യുവാക്കളും വനിതകളും വിദ്യാര്‍ഥികളും തുടങ്ങിവച്ച സമരം ജനാധിപത്യത്തെ മാനിക്കുന്ന എല്ലാ കേരളീയരുടെയും വികാരമായി മാറേണ്ടതിന്റെ ആവശ്യകത അവിടെയാണ്. ഉമ്മന്‍ചാണ്ടിക്കുനേരെ കൈ ചൂണ്ടി, നാടിനെ വഞ്ചിക്കുന്ന കാപട്യക്കാരനായ മുഖ്യമന്ത്രീ പുറത്തുപോകൂ എന്ന ഗര്‍ജനമാണ് ഉയരേണ്ടത്. അഴിമതിയെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന എല്ലാവരെയും അവജ്ഞയോടെ അകറ്റിനിര്‍ത്തേണ്ട ജനവികാരമാണ് ഉണ്ടാകേണ്ടത്.

പി എം മനോജ് deshabhimani

No comments:

Post a Comment