മഴക്കാലം വന്നതോടെ കേരളമെങ്ങും ഭീതി പരത്തികൊണ്ട് പകര്‍ച്ച പനി പടര്‍ന്നു പിടിച്ചിരിക്കയാണ്. ഇതിനകം നൂറോളം പേരാണ് പനി ബാധിച്ച് മരിച്ചത്. ഈ സാഹചര്യത്തില്‍ ഉചിതമായ ചികിത്സ നല്‍കിയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ജനങ്ങള്‍ക്കാശ്വാസം പകരുക എന്നതാണ് വൈദ്യസമൂഹത്തിന്റെ കടമ. എന്നാല്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതു പോലെ ജനങ്ങളുടെ ദുരിതത്തില്‍ നിന്നും മുതലെടുക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ ഭാരവാഹികള്‍ കുത്സിത നീക്കം നടത്തുകയാണ്. പനിബാധിച്ചവര്‍ക്ക് ഒഴിവ് സമയത്ത് പരിചരണം നൽകാനെന്ന പേരില്‍ സ്വകാര്യ ചികിത്സ പുനസ്ഥാപിക്കണമെന്നാണ് കെജിഎംസിടിഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടൂള്ള പനി ചികിത്സാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പനി രോഗികളെ ഡോക്ടര്‍മാരുടെ വീടുകളില്‍ വച്ച് ചികിത്സിക്കാന്‍ ബുദ്ധിമുട്ടാണ്. സ്വകാര്യ ചികിത്സ അനുവദിച്ചാല്‍ രോഗികളുടെ ദുരിതം കൂടുതല്‍ വര്‍ധിക്കുമെന്ന് ഉറപ്പാണ്. പനി ബാധിച്ചവരെക്കാള്‍ കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുന്ന മറ്റ് രോഗികളെയായിരിക്കും ഡോക്ടര്‍മാര്‍ പരിശോധിക്കുക. ജനങ്ങളുടെ ദുരിതത്തില്‍ നിന്നും മുതലെടുത്ത് പണമുണ്ടാക്കുക മാത്രമാണ് ഡോക്ടര്‍മാര്‍ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഡോക്ടര്‍മാരുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് തത്ക്കാലത്തേക്കെങ്കിലും കീഴ് പെടാതിരുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ജനങ്ങളുടെ കഷ്ടപ്പാട് മറയാക്കി കെജിഎംസിടിഎ ഇനിയും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യതയുണ്ട്.
കേരളം വലിയൊരു ആരോഗ്യ പ്രതിസന്ധിയെ നേരിടുന്ന അവസരത്തില്‍ സര്‍ക്കാരിലും ജനങ്ങളിലൂം സമ്മര്‍ദ്ദം ചെലുത്തി സ്വകാര്യ ചികിത്സ പിന്‍ വാതിലിലൂടെ പുനസ്ഥാപിക്കാന്‍ കെ ജി എം സി ടി എ നടത്തുന്ന കുത്സിത നീക്കത്തെ എതിര്‍ത്ത് തോല്‍പിക്കേണ്ടതാണ്. കെ ജി എം സി ടി എ പ്രസിഡ് ഡോ കെ മോഹനന്‍ (ഗവര്‍മെന്റ് മെഡിക്കല്‍ കോളേജ് തൃശൂര്‍, മുളങ്കുന്നത്ത് കാവ് തൃശ്ശൂര്‍ 680 596, സെക്രട്ടറി ഡോ സി പി വിജയന്‍, (ഗവര്‍മെന്റ് മെഡിക്കല്‍ കോളേജ് കോട്ടയം 686008) എന്നിവര്‍ക്ക് കത്തുകളിലൂടെ പ്രതിഷേധം അറിയിക്കണമെന്ന് ഫേസ്ബുക്കിലൂടെ നടത്തിയ അഭ്യര്‍ത്ഥനയില്‍ ഡോ. ബി ഇക്ബാല്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment