Friday, June 21, 2013

ബിജുവിനെതിരായ കേസ് കഴിഞ്ഞ സര്‍ക്കാര്‍ അട്ടിമറിച്ചിട്ടില്ല: സ്വാമി നിര്‍മലാനന്ദഗിരി

ബിജു രാധാകൃഷ്ണനെതിരെ താന്‍ നല്‍കിയ പരാതി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അട്ടിമറിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് തട്ടിപ്പിന് ഇരയായ ചാരുംമൂട് തപോവന്‍ യോഗാശ്രമാധിപന്‍ സ്വാമി നിര്‍മലാനന്ദഗിരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബിജുവിനെ കുറിച്ചുള്ള പരാതി അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. അദ്ദേഹം അന്നുതന്നെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പരാതി കൈമാറി. ഇതേത്തുടര്‍ന്ന് ആലപ്പുഴ ഡിവൈഎസ്പി തന്നെ വിളിച്ചുവരുത്തി ബിജുവിനെതിരെയുള്ള പരാതിയുടെ തെളിവുകള്‍ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. തപോവന്‍ ആശ്രമം രാജയോഗം ഗ്ലോബല്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്ത് തന്നെ ആജീവനാന്ത ചെയര്‍മാനാക്കാമെന്നു പറഞ്ഞാണ് ബിജു ആദ്യം സമീപിക്കുന്നത്. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും അയാളുടെ വാക്ചാതുര്യത്തില്‍ വീഴുകയായിരുന്നു. സരിതയും കുഞ്ഞും സരിതയുടെ അമ്മയുമായാണ് ആശ്രമത്തില്‍ എത്തിയത്. പല തവണയായി തന്റെ കൈയ്യില്‍നിന്ന് 75,000 രൂപ ബിജു വാങ്ങി. കോടിയേരി ബാലകൃഷ്ണനെ കൊണ്ട് ട്രസ്റ്റ് ഉദ്ഘാടനം ചെയ്യിക്കാന്‍ ബിജുവും സരിതയും നിര്‍ബന്ധിച്ചു. എന്നാല്‍, കോടിയേരിയുടെ ഓഫീസില്‍ എത്തിയെങ്കിലും അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല.

ബിജുവിനെതിരായ പരാതി എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചെന്നാണ് നിര്‍മലാനന്ദഗിരിയുടെ വാര്‍ത്താക്കുറിപ്പില്‍ ഉണ്ടായിരുന്നത്. കടകവിരുദ്ധമായ ഈ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, തനിക്ക് മലയാളം നല്ല വശമില്ലാത്തതിനാല്‍ മറ്റൊരാളാണ് വാര്‍ത്താക്കുറിപ്പ് തയ്യാറാക്കിയതെന്നും അതിലെ പരാമര്‍ശം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

deshabhimani

No comments:

Post a Comment