അനര്‍ട്ടിനെ മറികടന്ന് സി-ഡിറ്റിനെ സൗരോര്‍ജപദ്ധതിക്ക് ഇറക്കിയത് തട്ടിപ്പിന് വഴിയൊരുക്കാന്‍. വിവാദമായപ്പോള്‍ ഇതു സംബന്ധിച്ച ഫയലുകള്‍ അര്‍ധരാത്രിയില്‍ മുക്കി. സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്ന സി-ഡിറ്റ് പദ്ധതിയായ സൂര്യകേരളത്തിന്റെ ഫയലുകളാണ് ബുധനാഴ്ച അര്‍ധരാത്രിയില്‍ കടത്തിയത്. പാരമ്പരേതേര ഊര്‍ജരംഗത്ത് ഒരു മുന്‍പരിചയവുമില്ലാത്ത സി-ഡിറ്റ് പ്രഖ്യാപിതമായ പ്രവര്‍ത്തനങ്ങളില്‍നിന്നും ചുമതലകളില്‍ നിന്നും വഴിമാറിയത് ഉന്നതതല ഗൂഢാലോചന. ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍, ഇമേജിങ് സാങ്കേതികവിദ്യകളില്‍ ഗവേഷണവും പദ്ധതി തയ്യാറാക്കലുമാണ് സി-ഡിറ്റിന്റെ മുഖ്യചുമതല. ഇതില്‍നിന്ന് വഴിമാറി സൗരോര്‍ജപദ്ധതിയുമായി ഇറങ്ങിത്തിരിച്ചത് സോളാര്‍ തട്ടിപ്പിലെ കൂട്ടുപ്രതിയായ മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിന്റെ സ്വാധീനം മൂലം.
പിആര്‍ഡി ഡയറക്ടര്‍ സി-ഡിറ്റ് ഭരണസമിതിയംഗം കൂടിയാണ്. സി-ഡിറ്റ് ഡയറക്ടര്‍ ഡോ. ബാബു ഗോപാലകൃഷ്ണനും ഫിറോസും സഹപാഠികളും ചങ്ങാതികളും. ബാബു ഗോപാലകൃഷ്ണന്‍ ചുമതലയേറ്റ നാള്‍ മുതല്‍ സൗരോര്‍ജപദ്ധതിക്ക് നീക്കംതുടങ്ങി. വീഡിയോ പ്രൊഡക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കെ മോഹന്‍കുമാറിന് ചുമതലയും നല്‍കി. ആയിരം കോടിയുടെ പദ്ധതിയാണ് സൂര്യകേരളയ്ക്കായി തയ്യാറാക്കിയത്. ഒരു സര്‍ക്കാര്‍ സ്ഥാപനം സ്വീകരിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് സി-ഡിറ്റ് നീങ്ങിയത്.
സി-ഡിറ്റ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ വിളിക്കുകയോ ടെക്നിക്കല്‍ കമ്മിറ്റി യോഗംചേരുകയോ ഉണ്ടായില്ല. അനര്‍ട്ടിന്റെയോ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടേയോ അംഗീകാരമില്ലാത്ത ട്രിവാന്‍ഡ്രം ഗ്ലോബല്‍ സിറ്റി ഇനിഷ്യേറ്റീവിനെ സി-ഡിറ്റ് നേരിട്ട് ചുമതലപ്പെടുത്തുകയായിരുന്നു. പ്ലാന്റില്‍ സി-ഡിറ്റിന്റെ പേര് ഒഴിവാക്കി സ്ഥാപനത്തിന്റെ ബോര്‍ഡും വച്ചു. മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലും ഔദ്യോഗികവസതികളിലും പ്ലാന്റ് സ്ഥാപിക്കാന്‍ നീക്കം നടത്തവെയാണ് തട്ടിപ്പ് പുറത്തായത്. സി-ഡിറ്റിന്റെ തിരുവനന്തപുരം ആസ്ഥാനത്തെ അക്കൗണ്ട്സ് വിഭാഗത്തിലുള്ള ഫയലുകളാണ് കഴിഞ്ഞ ദിവസം കടത്തിയത്. മറ്റു രേഖകളും കാണാതായി. ഡയറക്ടര്‍ ഡോ. ബാബു ഗോപാലകൃഷ്ണന്‍ ബുധനാഴ്ച രാത്രിയില്‍ ആസ്ഥാനത്ത് എത്തി ചില ജീവനക്കാരെ വീട്ടില്‍നിന്ന് വിളിച്ചുവരുത്തി. ഫയലുകള്‍ അര്‍ധരാത്രിയോടെ കടത്തി. വ്യാഴാഴ്ച പുലര്‍ച്ചെവരെ ഡയറക്ടര്‍ ഓഫീസില്‍ ഉണ്ടായിരുന്നു.
deshabhimani
No comments:
Post a Comment