Tuesday, June 18, 2013

ലാവലിന്‍ കേസ് വിഭജിച്ച് നടത്താന്‍ ഹൈക്കോടതി ഉത്തരവ്

വിചാരണക്കോടതിയില്‍ ഹാജരാകാത്ത ലാവ്ലിന്‍ കമ്പനി, മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലൗഡ് ട്രെന്‍ഡല്‍ എന്നിവരെ മാറ്റിനിര്‍ത്തി ലാവലിന്‍ കേസ് വിചാരണ തുടങ്ങണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.കേസ് രണ്ടായി നടത്താനാണ് അനുമതി.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, വൈദ്യുതിബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി എ സിദ്ധാര്‍ഥമേനോന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ജസ്റ്റിസ് സി ടി രവികുമാറിന്റേതാണ് ഉത്തരവ്. കേസ് വേഗം തീര്‍ക്കണമെന്ന ആവശ്യം ന്യായമാണെന്ന് കോടതി പറഞ്ഞു. വേഗത്തിലുള്ള വിചാരണ ഭരണഘടനാപരമായ് അവകാശമാണെന്ന് കോടതി ചുണ്ടിക്കാട്ടി. എ ആര്‍ ആന്തുലേ കേസിലും പി രാമചന്ദ്ര റാവു വേഴ്സസ് കര്‍ണാടക സര്‍ക്കാര്‍ കേസിലും ഉണ്ടായ സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ചാണ് ഹൈക്കോടതി വിധി.

വിചാരണയ്ക്ക് ഹാജരാവാത്ത ലാവ്ലിന്‍ കമ്പനിയെയും കമ്പനിയുടെ മുന്‍ വൈസ് പ്രസിഡന്റ് ക്ലൗസ് ട്രെന്‍ഡലിനെയും മാറ്റിനിര്‍ത്തി കേസിന്റെ വിചാരണ ത്വരിതപ്പെടുത്തണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചത് നിയമപരമല്ലെന്ന് പിണറായിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി പി സുധാകരപ്രസാദ് പറഞ്ഞിരുന്നു.. കേസന്വേഷണത്തിന് ഹൈക്കോടതി നിശ്ചയിച്ച സമയപരിധി സിബിഐ പലതവണ നീട്ടിവാങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചു.

കുറ്റവാളികളെ കൈമാറാനുള്ള അന്താരാഷ്ട്ര ഉടമ്പടിപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ സിബിഐ വീഴ്ചവരുത്തിയതായും കോടതിയില്‍ പറഞ്ഞു. എന്നാല്‍, കമ്പനിയെയും മുന്‍ വൈസ് പ്രസിഡന്റിനെയും കോടതിയിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചതായിട്ടായിരുന്നു സിബിഐ അഭിഭാഷകന്‍ പി ചന്ദ്രശേഖരപിള്ളയുടെ വിശദീകരണം. പി എ സിദ്ധാര്‍ഥമേനോനുവേണ്ടി അഡ്വ. കെ കെ രവീന്ദ്രനാഥ് ഹാജരായി.

deshabhimani

No comments:

Post a Comment