Saturday, June 22, 2013

വൈദ്യുതിവില വീണ്ടും കൂടും

ഊര്‍ജോല്‍പ്പാദനത്തിന് ഉയര്‍ന്ന വിലയ്ക്ക് കല്‍ക്കരി ഇറക്കുമതിചെയ്യാന്‍ സ്വകാര്യ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഉയര്‍ന്ന വിലയ്ക്ക് ഇറക്കുമതിചെയ്യുമ്പോള്‍ സ്വകാര്യ കമ്പനികള്‍ക്കുണ്ടാകുന്ന അധിക സാമ്പത്തികബാധ്യത ഉപയോക്താക്കളില്‍നിന്ന് ഈടാക്കാനും അനുമതി നല്‍കി. രാജ്യത്താകെ വൈദ്യുതിവില കുത്തനെ ഉയരാന്‍ ഇത് വഴിയൊരുക്കും. വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭ സാമ്പത്തികകാര്യ സമിതിയാണ് കല്‍ക്കരി ഇറക്കുമതിചെയ്യാന്‍ താപവൈദ്യുതി കമ്പനികള്‍ക്ക് അനുമതി നല്‍കിയത്.

2009ന് ശേഷം കമീഷന്‍ ചെയ്തതും 2015ന് മുമ്പായി കമീഷന്‍ ചെയ്യുന്നതുമായ താപവൈദ്യുതി നിലയങ്ങള്‍ക്കാണ് ഇറക്കുമതിക്ക് അനുമതി നല്‍കുക. 2009ന് ശേഷം കമീഷന്‍ചെയ്ത താപവൈദ്യുതിനിലയങ്ങള്‍ക്ക് എല്ലാംകൂടി ഉദ്ദേശം 78,000 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുണ്ട്. ഇവയ്ക്കാവശ്യമായ തോതില്‍ കല്‍ക്കരിയുടെ ആഭ്യന്തര ഉല്‍പ്പാദനമില്ലാത്തതിനാലാണ് വിദേശ കല്‍ക്കരിയെ ആശ്രയിക്കുന്നതും അതിന്റെ ബാധ്യത ഉപയോക്താക്കളിലേക്ക് കൈമാറുന്നതെന്നും ധനമന്ത്രി പി ചിദംബരം വിശദീകരിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്താകെ വൈദ്യുതിവിലയില്‍ യൂണിറ്റിന് കുറഞ്ഞത് 20 പൈസയുടെ വര്‍ധനയുണ്ടാകും. വിദേശ കല്‍ക്കരിവില ഉയരുന്നതനുസരിച്ച് ആഭ്യന്തര വൈദ്യുതിവിലയും ഉയരും. രാജ്യത്തെ ആകെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ പകുതിയും കല്‍ക്കരിയെ ആശ്രയിച്ചാണ്. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന കല്‍ക്കരിയുടെ നിശ്ചിത ശതമാനം താപവൈദ്യുത കമ്പനികള്‍ ഉപയോഗിക്കണം. ബാക്കി ഇറക്കുമതിയെ ആശ്രയിക്കാം. നടപ്പുവര്‍ഷം 65 ശതമാനംവരെ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന കല്‍ക്കരിയാണ് ഉപയോഗിക്കേണ്ടത്.

12-ാം പദ്ധതിയിലെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഘട്ടംഘട്ടമായി ഈ തോത് വര്‍ധിപ്പിക്കും. 12-ാം പദ്ധതിയുടെ അവസാന വര്‍ഷം 75 ശതമാനവും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന കല്‍ക്കരിയാകും കമ്പനികള്‍ ഉപയോഗിക്കേണ്ടതെന്നും ചിദംബരം പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കോള്‍ഇന്ത്യ വിദേശത്തുനിന്ന് കല്‍ക്കരി ഇറക്കുമതിചെയ്ത് ആവശ്യമുള്ള താപവൈദ്യുതി കമ്പനികള്‍ക്ക് നല്‍കാനാണ് ധാരണ. കമ്പനികള്‍ക്ക് വേണമെങ്കില്‍ സ്വന്തം നിലയിലും ഇറക്കുമതി ചെയ്യാം. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില വിര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും സമിതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും പെട്രോളിയം- പ്രകൃതിവാതക മന്ത്രി വീരപ്പ മൊയ്ലി സ്ഥലത്തില്ലായിരുന്നതിനാല്‍ തീരുമാനം മാറ്റി. അടുത്തയാഴ്ചതന്നെ പ്രകൃതിവാതകവിലയും വര്‍ധിപ്പിക്കുമെന്ന് ചിദംബരം മന്ത്രിസഭാ സമിതി യോഗത്തിനുശേഷം പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment