സൗരോര്‍ജ്ജ വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും കോട്ടയം ഡി സി സി ജനറല്‍ സെക്രട്ടറിയുമായ കെ ജെ ജയിംസ് ചെയര്‍മാനായ ആപ്പിള്‍ ട്രീ ചിട്ടിഫണ്ടിനെതിരെ പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തതോടെ ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും സംശയത്തിന്റെ മുന നീളുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ഉപയോഗിച്ച് പ്രചാരണം നടത്തിയ ചിട്ടികമ്പനിക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതോടെ ഉമ്മന്‍ചാണ്ടി വെട്ടിലായിരിക്കുകയാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ടവരുടെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ച വിവാദമായിരിക്കെയാണ് കെ ജെ ജയിസ് ചെയര്‍മാനായ ചിട്ടിഫണ്ടിനെതിരെയും പരാതി ഉയര്‍ന്നിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപവുമായി ആരംഭിച്ച ചിട്ടികമ്പനി അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ആയിരം കോടിയുടെ വളര്‍ച്ചയിലേക്ക് എത്തിയതിന് പിന്നിലെ ബിനാമി ഇടപ്പാടുകളാണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ആപ്പിള്‍ ട്രീ ചിട്ടിഫണ്ടിനെതിരെ ചങ്ങനാശ്ശേരി ബാറിലെ അഭിഭാഷകനായ അഡ്വ. കെ മാധവന്‍ പിള്ള, പുഴവാത് തെങ്ങും പള്ളിയില്‍ സെബിന്‍ ജോണ്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ചങ്ങനാശ്ശേരി സി ഐ നിഷാദ് മോന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കമ്പനി ചെയര്‍മാന്‍ കെ ജെ ജയിംസ്, ഡയറക്ടര്‍ ശങ്കര്‍ ജി ദാസ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചിട്ടി ചേര്‍ന്ന് നാല് തവണ പണം അടച്ചാല്‍ ചിട്ടിത്തുക ഇടപാടുകാരന് നല്‍കുമെന്ന ആകര്‍ഷക വാഗ്ദാനം നല്‍കിയാണ് ചിട്ടിയില്‍ ചേര്‍ക്കുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ചിട്ടിപണം നല്‍കാത്തതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
പുതുപ്പള്ളി ആസ്ഥാനമായ ആപ്പിള്‍ ട്രീ എന്ന ചിറ്റ്‌സ് ഇന്ത്യാ െ്രെപവറ്റ് ലിമിറ്റഡ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത് 2007ലാണ്. കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത് 2008ല്‍. 5 ലക്ഷം രൂപ നിക്ഷേപവുമായി ആരംഭിച്ച കമ്പനി അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ഇതുവരെ നടന്ന ഇടപാടുകള്‍ 1000 കോടിയുടേതായിട്ടാണ് കമ്പനിയുടെ വൈബ്‌സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.2011ല്‍ അഞ്ച് ബ്രാഞ്ചുകള്‍ മാത്രമുണ്ടായിരുന്ന കമ്പനിക്ക് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കേരളത്തിന് അകത്തും പുറത്തുമായി 150 ബ്രാഞ്ചുകളായി മാറിയിരിക്കുകയാണ്. ജമ്മു കശ്മീര്‍ ചിട്ടിനിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്ഥാപനത്തിന് 25 ലക്ഷം വരെയുള്ള ചിട്ടികള്‍ നടത്താനാണ് അനുമതി. എന്നാല്‍ ഒരു കോടി രൂപയുടെ വരെ ചിട്ടികള്‍ നടത്തുന്നതായാണ് ഇടപാടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരം. കമ്പിനിയുടെ വിശ്വാസ്യതയ്ക്ക് വേണ്ടി വൈബ്‌സൈറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഉപയോഗിച്ചിരുന്നു. കൂടാതെ കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, കൊടിക്കുന്നേല്‍ സുരേഷ്, സായിബാബ, നാരായണ പണിക്കര്‍ എന്നിവരുടെ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ വിവാദമായതോടെ ഉമ്മചാണ്ടിക്കും കേന്ദ്രമന്ത്രിമാര്‍ക്കും ഒപ്പം ചെയര്‍മാന്‍ ഇരിക്കുന്ന പടം ഇന്നലെ വൈബ്‌സെറ്റില്‍ നിന്ന് നീക്കം ചെയ്തു.
കമ്പനിയുടെ ഡയറക്ടര്‍ പുതുപ്പള്ളി തരുംകുളം സായികൃപയില്‍ ശങ്കര്‍ ജി ദാസ് വിദേശത്തേക്ക് കടന്നതായാണ് സൂചന. ചങ്ങാനശ്ശേരി മാടപ്പള്ളിയിലെ ഒരു സ്വാമി നടത്തുന്ന ആശ്രമത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്തിരുന്ന ഇയാള്‍ക്കെതിരെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. അവിടെ വിട്ടശേഷമാണ് ഇയാള്‍ ചിട്ടികമ്പനിയില്‍ ഡയറക്ടറാകുന്നത്.
ചിട്ടികമ്പനിയില്‍ സോളാര്‍ വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പങ്കുണ്ടെന്ന ആക്ഷേപവും ശക്തമായിരിക്കുകയാണ്. ചിട്ടിനടത്തിപ്പിനെതിരെ പരാതി ഉയര്‍ന്നതോടെ ഇടപ്പാടുകാര്‍ ചിട്ടികമ്പനിയുടെ ചങ്ങനാശ്ശേരി, കോട്ടയം ആസ്ഥാനങ്ങളിലേക്ക് പ്രകടനം നടത്തുകയും ഓഫീസ് തല്ലിതകര്‍ക്കുകയും ചെയ്തു.
പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കമ്പനി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ നിന്നും ചെയര്‍മാനും ഡയറക്ടറും വിട്ടുനില്‍ക്കുകയായിരുന്നു. കമ്പനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് മാത്രമാണ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍ വിനുകുമാര്‍ പറഞ്ഞത്. എന്നാല്‍ കമ്പനിയുടെ ഇടപ്പാടുകളെക്കുറിച്ചും വൈബ്‌സൈറ്റിലൂടെ നടത്തിയിരിക്കുന്ന പ്രചാരണങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അധികൃതര്‍ തയ്യാറായില്ല.
കമ്പനിയുടെ പ്രതിവര്‍ഷ ഇടപാട് 50 കോടിയോളം രൂപയാണെന്ന് പറഞ്ഞപ്പോള്‍ അങ്ങനെയെങ്കില്‍ അഞ്ചുവര്‍ഷത്തെ ഇടപാടെങ്ങനെ ആയിരം കോടിയുണ്ടാവുമെന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല.
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വ്യക്തികളില്‍നിന്നോ സ്ഥാപനങ്ങളില്‍നിന്നോ നിക്ഷേപങ്ങള്‍ അടക്കമുള്ള ഇടപാടുകള്‍ നടത്തിയിട്ടില്ല. രാജ്യത്ത് നിലനില്‍ക്കുന്ന ചിട്ടിനിയമപ്രകാരം നിയമവ്യവസ്ഥകള്‍ പാലിച്ച് ഇടപാടുകാര്‍ക്ക് കൃത്യമായി ചിട്ടിപ്പണം നാളിതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജലീല്‍ അരുക്കുറ്റി janayugom
No comments:
Post a Comment