സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളില്‍നിന്ന് പത്തു ലക്ഷം രൂപ കൈപ്പറ്റിയത് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് മുഖ്യമന്ത്രിയുടെ ബന്ധു ഭീഷണിപ്പെടുത്തിയതായി പരാതി. മുഖ്യമന്ത്രിയുടെ അടുത്തബന്ധുവും സഹകരണ പരീക്ഷാ ബോര്‍ഡ് ചെയര്‍മാനുമായ കുഞ്ഞ് ഇല്ലംപള്ളിക്കെതിരെ സരിത എസ് നായരുടെ ഡ്രൈവര്‍ ശ്രീജിത് ക്രൈംബ്രാഞ്ചിനും ഡിജിപിക്കും പരാതി നല്‍കി. പല ഗഡുക്കളായാണ് ഇല്ലംപള്ളി പണം കൈപ്പറ്റിയത്. ഇതില്‍ അരലക്ഷം രൂപ താന്‍ നേരിട്ടു കൊണ്ടുപോയി കൊടുത്തെന്നും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇല്ലംപള്ളിയുടെ ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നുമാണ് ശ്രീജിത്തിന്റെ പരാതി.
സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍, രണ്ടാംപ്രതി സരിത നായര്‍ എന്നിവര്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് ശ്രീജിത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ അലങ്കാര്‍ റീജന്‍സി ഹോട്ടലില്‍ മുന്‍മന്ത്രി കെ ബി ഗണേശ്കുമാറും സരിതയും ഒരു മുറിയില്‍ കഴിഞ്ഞിട്ടുണ്ട്. ഇരുവരും മുറിയില്‍ കയറിപ്പോകുന്നത് താന്‍ നേരിട്ടു കണ്ടു. അന്ന് സരിതയെയും അമ്മയെയും കാറില്‍ കോയമ്പത്തൂരില്‍ കൊണ്ടുപോയത് താനാണ്. കോയമ്പത്തൂരിലെ മരുത്വാമലയിലെ അമ്പലത്തില്‍ പോകുന്നെന്നാണ് സരിത ബിജുവിനോടു പറഞ്ഞത്. സരിതയുടെ പേരില്‍ മൂന്നു മുറി ബുക്കുചെയ്തിരുന്നു. ഇതില്‍ ഒന്നില്‍ താനും മറ്റൊന്നില്‍ സരിതയുടെ അമ്മയും തങ്ങി. മൂന്നാമത്തെ മുറി സരിതയ്ക്കായിരുന്നു.
രാത്രി കംപ്യൂട്ടര്‍ ജോലിയുണ്ടെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞാണ് സരിത മുറിയിലേക്ക് പോയത്. ഇതിനിടെ, കോയമ്പത്തൂരില്‍ ഹോട്ടലില്‍ കഴിഞ്ഞ സംഭവം ബിജു രാധാകൃഷ്ണന്‍ അറിഞ്ഞു. പിന്നീടാണ് കൊച്ചിയില്‍ മുഖ്യമന്ത്രിയും ബിജുവും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. സരിതയും ഗണേശനുമായുള്ള വഴിവിട്ട ബന്ധവും ബിസിനസ് കാര്യങ്ങളും ബിജു മുഖ്യമന്ത്രിയെ അറിയിച്ചു. അതിനുശേഷം ഗണേശനുമായും സരിതയുമായും മുഖ്യമന്ത്രി നേരിട്ടു സംസാരിച്ചു. ഇതിനു ശേഷം ബിജുവിനെ ഫോണില്‍ വിളിച്ച് ഇരുവരുമായും താന്‍ സംസാരിച്ച വിവരം മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ശ്രീജിത് പറഞ്ഞെങ്കിലും മൊഴി രേഖപ്പെടുത്താന്‍ അവര്‍ തയ്യാറായിട്ടില്ല.
ഗിരീഷ് മുഖ്യമന്ത്രിയുടെ മറ്റൊരു സ്വന്തം പയ്യന്‍
പേരാമ്പ്ര: ലൈംഗികാരോപണത്തില്‍പ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പുറത്തായ കെ പി ഗിരീഷ്കുമാര്‍ മുഖ്യമന്ത്രിയുടെയും എ ഗ്രൂപ്പ് നേതാക്കളുടെയും മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍. കായണ്ണ കള്ളന്‍കൊത്തിപ്പാറ സ്വദേശിയായ ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് ബാലുശേരി നിയോജകമണ്ഡലം പ്രസിഡന്റായിരിക്കെയാണ് 2011ല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും ഇപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ടി സിദ്ദിഖിന്റെ നോമിനിയായാണ് തിരുവനന്തപുരത്തേക്ക് വണ്ടികയറിയത്.
മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ളതിനാല്‍ മലബാറിലെ പല കോണ്‍ഗ്രസ് നേതാക്കളും ഇയാളെയാണ് സമീപിച്ചിരുന്നത്. ജനുവരി അഞ്ചിനായിരുന്നു ഗിരീഷ്കുമാറിന്റെ വിവാഹം. മുഖ്യമന്ത്രിയുടെ സ്റ്റാഫ്, ഗവണ്‍മെന്റ് സെക്രട്ടറിയറ്റ്, തിരുവനന്തപുരം എന്ന മേല്‍വിലാസത്തിലാണ് ക്ഷണക്കത്ത് അടിച്ചത്. ദമ്പതികള്‍ക്ക് ആശംസ നേരാന്‍ മുഖ്യമന്ത്രി നേരിട്ട് വീട്ടിലെത്തി. ഗിരീഷ്കുമാറിനെതിരെ മുമ്പും സ്ത്രീകളുമായി ബന്ധപ്പെട്ടും സാമ്പത്തിക തിരിമറിസംബന്ധിച്ചും പരാതികളുണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
വിഷ്ണുനാഥ്- സരിത സോളാര്‍ പദ്ധതി: കലക്ടര്‍ ഫയല്‍ മുക്കി
ആലപ്പുഴ: ചെങ്ങന്നൂരില്‍ സൗരോര്‍ജ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന് പി സി വിഷ്ണുനാഥ് എംഎല്‍എഫണ്ടില്‍ ശുപാര്‍ശ ചെയ്ത പദ്ധതിയുടെ ഫയല്‍ കലക്ടര്‍ എന്‍ പത്മകുമാര്‍ മുക്കി. സരിത എസ് നായരുടെ സോളാര്‍ കമ്പനിയുമായി ചേര്‍ന്നുണ്ടാക്കിയ പദ്ധതിയുടെ ഫയലാണ് മുക്കിയത്. എംഎല്‍എ ഫണ്ട് കൈകാര്യം ചെയ്യുന്ന ഫിനാന്‍സ് വിങില്‍ കഴിഞ്ഞയാഴ്ച കലക്ടര്‍ നേരിട്ട് ചെന്ന് ഫയല്‍ വാങ്ങി കൊണ്ടുപോകുകയായിരുന്നു. ഇത് തല്‍ക്കാലം തന്റെ കൈവശം ഇരിക്കട്ടെയെന്ന് പറഞ്ഞാണ് ഫയല്‍ കലക്ടര്‍ കൊണ്ടുപോയത്. ഇത് എംഎല്‍എയെ സഹായിക്കാനാണെന്ന് ആക്ഷേപമുയര്‍ന്നു.
നഗരാതിര്‍ത്തിയായ കല്ലിശ്ശേരി ഇറപ്പുഴ പാലം മുതല്‍ മുളക്കുഴ ആഞ്ഞിലിമൂട് വരെ എം സി റോഡിന്റെ ഇരുവശങ്ങളിലും സോളാര്‍ പാനല്‍ ലൈറ്റ് സ്ഥാപിക്കാനായിരുന്നു പദ്ധതി. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാന്‍ പി സി വിഷ്ണുനാഥ് കലക്ടറേറ്റില്‍ ശുപാര്‍ശയും നല്‍കി. എന്നാല്‍ പദ്ധതി പ്രായോഗികമല്ലെന്ന് പിഡബ്ല്യുഡി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഈ പദ്ധതിയില്‍ അന്നത്തെ ഫിനാന്‍സ് വിങ് സൂപ്രണ്ട് ചില സംശയങ്ങള്‍ ഉന്നയിച്ചപ്പോള്‍ അത് പരിഹരിക്കാനും പദ്ധതിക്ക് അംഗീകാരം നേടാനും സരിത എസ് നായര്‍ രണ്ടു തവണ കലക്ടറേറ്റില്‍ എത്തിയതായും ജീവനക്കാര്‍ പറഞ്ഞു. ലക്ഷ്മി എന്ന പേരിലാണ് സരിതാ നായര്‍ പദ്ധതിയുമായി വിഷ്ണുനാഥിനെ സമീപിക്കുന്നത്. ലക്ഷങ്ങളുടെ എസ്റ്റിമേറ്റ് തുക കണക്കാക്കി എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശവും നല്‍കി.
deshabhimani
No comments:
Post a Comment