Sunday, June 23, 2013

പിഎസ്സിക്ക് വിട്ട തസ്തികകളില്‍ പിന്‍വാതിലിലൂടെ സ്ഥിരം നിയമനം: വന്‍കോഴ

സംസ്ഥാന സഹകരണബാങ്കില്‍ പിഎസ്സിക്ക് വിട്ട തസ്തികകളില്‍ പിന്‍വാതിലിലൂടെ സ്ഥിരം നിയമനം നടത്താന്‍ തീരുമാനം. കഴിഞ്ഞദിവസം ചേര്‍ന്ന ബാങ്ക് ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്. നിയമനം അംഗീകരിച്ചുകിട്ടാന്‍ സര്‍ക്കാരിനെ സമീപിക്കും. ബാങ്ക് പ്രവര്‍ത്തനത്തിന് ഈ തസ്തികകളിലെ നിയമനം അവശ്യമാണെന്നുകാട്ടി മന്ത്രിസഭാ യോഗത്തിന്റെ പ്രത്യേക അനുമതി വാങ്ങാനാണ് നീക്കം. ലക്ഷങ്ങളുടെ കോഴ ഇടപാടാണ് പിന്‍വാതില്‍ നിയമനത്തിനുള്ളത്. ഡ്രൈവര്‍, പ്യൂണ്‍, ഡാറ്റാ എന്‍ട്രിഓപ്പറേറ്റര്‍ തസ്തികയില്‍ സ്ഥിരം നിയമനം നടത്താനുള്ള അജന്‍ഡയാണ് ഭരണ സമിതി യോഗത്തില്‍വന്നത്. ഇതില്‍ ഡ്രൈവര്‍മാരുടെ നിയമന തീരുമാനം മാറ്റി. പട്ടികയിലുണ്ടായിരുന്നവരില്‍ മാനേജിങ് ഡയറക്ടറുടെയും ബാങ്ക് പ്രസിഡന്റിന്റെയും വാഹനം ഓടിക്കുന്നവരുമുണ്ടെന്നത് ആക്ഷേപം വരുത്തിവയ്ക്കുമെന്ന വിമര്‍ശം യോഗത്തിലുണ്ടായതിനെത്തുടര്‍ന്നാണ് തല്‍ക്കാലം മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍, നാല് പ്യൂണ്‍മാരെയും ആറ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. ഒരു നിയമനത്തിന് അഞ്ചുലക്ഷം മുതലാണ് കോഴ ഇടപാടെന്ന ആക്ഷേപമുണ്ട്.

പിഎസ്സി വഴി തെരഞ്ഞെടുക്കപ്പെടുന്ന ക്ലറിക്കല്‍ തസ്തികയിലുള്ളവര്‍ക്കൊപ്പം ശമ്പളം പ്യൂണ്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലും ലഭിക്കും. ഇതിനാല്‍ ചോദിക്കുന്ന കോഴ നല്‍കാന്‍ നിയമനം ലഭിക്കുന്നവര്‍ തയ്യാറാണ്. ഇപ്പോഴത്തെ സ്ഥിരപ്പെടുത്തല്‍ നടപടി പരീക്ഷണാടിസ്ഥാനത്തിലാണ്. ബാങ്കിന്റെ ഐടി വിഭാഗത്തിന്റെ ചുമതലയുള്ള രണ്ട് പ്രോജക്ട് ഓഫീസര്‍മാരെ സ്ഥിരപ്പെടുത്തണമെന്ന നിവേദനവും ഭരണസമിതിമുമ്പാകെയുണ്ടായിരുന്നു. 10 വര്‍ഷത്തിലേറെയായി ജോലിചെയ്യുന്നവരാണിവര്‍. കംപ്യൂട്ടര്‍വല്‍ക്കരണത്തിനും കോര്‍ ബാങ്കിങ് പ്രവര്‍ത്തനത്തിനുമെല്ലാം ചുക്കാന്‍ പിടിക്കുന്ന ഇവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഭരണസമിതി പരിഗണിച്ചിട്ടില്ല. 1995 ലെ സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളിലെ നിയമനം പൂര്‍ണമായും പിഎസ്സി മുഖേനയാണ്. സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകളിലെയും പിഎസ്സി വഴി നിയമനം നല്‍കേണ്ട എല്ലാ ഒഴിവുകളും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉറപ്പു നല്‍കിയിരുന്നു. ഇതും മറികടന്നാണ് സംസ്ഥാന സഹകരണബാങ്കില്‍ പിന്‍വാതില്‍ നിയമനം തുടര്‍ച്ചയാകുന്നത്. ബാങ്കിലെ ഭരണകക്ഷി യൂണിയന്‍ നേതാക്കളുടെ ബന്ധുക്കളായ മൂന്നുപേരെ എല്ലാ ചട്ടങ്ങളും ലംഘിച്ച് ക്ലറിക്കല്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. ബാങ്കിന്റെ തലപ്പത്ത് നിയമിച്ച കരാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് അനധികൃത നിയമനങ്ങളെല്ലാം നടക്കുന്നത്.
(ജി രാജേഷ്കുമാര്‍)

deshabhimani

No comments:

Post a Comment