Friday, August 6, 2010

വെട്ടിക്കാന്‍ 670 കോടി

കസേര തെറിച്ചുതുടങ്ങി

ഉദ്ഘാടനത്തിനുമുമ്പേ സംഘാടകര്‍ അഴിമതിയുടെ മത്സരം ആരംഭിച്ച കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതിയില്‍ കസേരകള്‍ തെറിച്ചുതുടങ്ങി. സംഘാടക സമിതി ചെയര്‍മാനായ കോണ്‍ഗ്രസ് എംപി സുരേഷ് കല്‍മാഡിയുടെ വിശ്വസ്തരായ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ടി എസ് ദര്‍ബാരി, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് മൊഹിന്ദ്രൂ, ജോയിന്റ് ഡയറക്ടര്‍ ജനറല്‍ (അക്കൌണ്ട്സ് ആന്‍ഡ് ഫിനാന്‍സ്) എം ജയചന്ദ്രന്‍, ട്രഷറര്‍ അനില്‍ ഖന്ന എന്നിവരാണ് വ്യാഴാഴ്ച പുറത്തായത്. മകന്റെ കമ്പനിക്ക് ടെന്നീസ് കോര്‍ട്ടുകളുടെ സിന്തറ്റിക് പ്രതലനിര്‍മാണ കരാര്‍ നല്‍കിയതിലെ ക്രമക്കേടുകള്‍ പുറത്തായതിനെ തുടര്‍ന്ന് അനില്‍ ഖന്ന രാജിവച്ചപ്പോള്‍ മറ്റ് മൂന്നുപേരെ സംഘാടക സമിതി ഒഴിവാക്കുകയായിരുന്നു.

അതേസമയം, ഗെയിംസ് നടത്തിപ്പിന് ഉപരിസമിതിയെ നിയോഗിക്കണമെന്നും അഴിമതിയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും രാജ്യസഭയില്‍ ആവശ്യമുയര്‍ന്നെങ്കിലും ഇതു രണ്ടിനും സര്‍ക്കാര്‍ തയ്യാറല്ലെന്ന് കായികമന്ത്രി എം എസ് ഗില്‍ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ പ്രതിപക്ഷവും മുന്‍കായികമന്ത്രി മണിശങ്കര്‍ അയ്യരും രാജ്യസഭയില്‍ രംഗത്തുവന്നു. ക്യൂന്‍സ് ബാറ്റണ്‍ റിലേ സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്നവരെ പുറത്താക്കി മുഖംരക്ഷിക്കാനാണ് കല്‍മാഡിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നത്. കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ തീരുമാനിച്ചു. ബാറ്റണ്‍ റിലേയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച മൂന്നംഗസമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് എക്സിക്യൂട്ടീവ് ബോര്‍ഡ് തീരുമാനമെടുത്തതെന്ന് സംഘാടകസമിതി സെക്രട്ടറി ജനറല്‍ ലളിത് ഭനോത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ ട്രഷററായി എ കെ മത്തൂവിനെ നിയമിച്ചു.

ഗെയിംസിന് സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയന്‍ കമ്പനിയായ സ്പോര്‍ട്സ് മാര്‍ക്കറ്റിങ് ആന്‍ഡ് മാനേജ്മെന്റുമായുണ്ടാക്കിയ വിവാദ ഇടപാട് ഉടന്‍ റദ്ദാക്കാനും യോഗം തീരുമാനിച്ചു. ജൂണ്‍ 30നകം 12.2 കോടി ഡോളറിന്റെ സ്പോണ്‍സര്‍സര്‍ഷിപ്പ് കണ്ടെത്താനാണ് നിര്‍ദേശിച്ചിരുന്നത്. ഭാനോതിനെയും മത്തൂവിനെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലേക്കുവിട്ട സംഘാടകസമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതെ ഒഴിഞ്ഞുമാറി. പുണെയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയായ കല്‍മാഡി കോമണ്‍‌വെല്‍ത്ത് അഴിമതി പുറത്തായശേഷം പാര്‍ലമെന്റിലും എത്തിയിട്ടില്ല.

ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ സെക്രട്ടറി കൂടിയായ ഖന്ന എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗം ചേരുന്നതിന് മുമ്പാണ് രാജി പ്രഖ്യാപിച്ചത്. ഗെയിംസിന്റെ ടെന്നീസ് മത്സരങ്ങള്‍ നടക്കുന്ന ആര്‍ കെ ഖന്ന സ്റ്റേഡിയത്തിലെ 14 കോര്‍ട്ടുകളുടെ സിന്തറ്റിക് പ്രതലങ്ങളുടെ നിര്‍മാണമാണ് ഓസ്ട്രേലിയന്‍ കമ്പിയായ റീബൌണ്ട് എയ്സിന് നല്‍കിയത്. അനില്‍ ഖന്നയുടെ മകന്‍ ആദിത്യ ഖന്ന ഈ കമ്പനിയുടെ ഇന്ത്യന്‍ പതിപ്പായ റീബൌണ്ട് എയ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറാണ്. ഈ കമ്പനി നിര്‍മിച്ച സിന്തറ്റിക് കോര്‍ട്ടുകളുടെ ഗുണനിലവാരത്തെക്കുറിച്ച് റോജര്‍ ഫെഡറര്‍, ലയ്റ്റന്‍ ഹെവിറ്റ് എന്നിവരടക്കമുള്ള പ്രമുഖ കളിക്കാര്‍ തന്നെ പരാതിപ്പെട്ടിട്ടുണ്ട്. ഒരു ഇന്ത്യന്‍ കളിക്കാരന്റെ കാല്‍ക്കുഴയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നേരത്തെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഈ പ്രതലമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, താപനില ഉയരുമ്പോള്‍ ഉരുകിത്തുടങ്ങുന്ന ഈ പ്രതലത്തെ വ്യാപകമായ പരാതിയെ തുടര്‍ന്ന് 2007ല്‍ നീക്കം ചെയ്തു. താന്‍ ക്രമക്കേട് നടത്തിയിട്ടില്ലെന്നും അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ നിര്‍ദേശിച്ച മൂന്ന് കമ്പനികളില്‍ ഒന്നിനെ തെരഞ്ഞെടുക്കുകയായിരുന്നെന്നുമാണ് ഖന്ന ആദ്യം പ്രതികരിച്ചത്.
(വിജേഷ് ചൂടല്‍)

വെട്ടിക്കാന്‍ 670 കോടി

കോമണ്‍‌വെല്‍ത്ത് ഗെയിംസിനായി ഫാനും കസേരയും ചവറ്റുകൊട്ടയും അടക്കമുള്ള സാധനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിയും സംഘവും തരപ്പെടുത്തിയത് 670 കോടി രൂപ. കല്‍മാഡിയെക്കൂടാതെ മൂന്നുഘട്ടങ്ങളിലായി ഈ അധികബജറ്റ് കൈയടിച്ച് പാസാക്കിയ സമിതികളിലെ 25 പേരും പ്രതിക്കൂട്ടിലായിരിക്കയാണ്. വാണിജ്യമന്ത്രി ആനന്ദ് ശര്‍മ, കായിക സെക്രട്ടറി സിന്ധുശ്രീ ഖുല്ലാര്‍, നഗരവികസനമന്ത്രാലയ സെക്രട്ടറി ഡോ. എം രാമചന്ദ്രന്‍, ഡല്‍ഹി ചീഫ് സെക്രട്ടറി രാകേഷ് മേത്ത, കോമണ്‍‌വെല്‍ത്ത് ഫെഡറേഷന്‍ പ്രസിഡന്റ് മൈക്ക് ഫെനല്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ സമിതി അംഗങ്ങളാണ്.

സാധനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ ആയിരം കോടി രൂപയുടെ അധികബജറ്റിനാണ് ഗെയിംസ് സംഘാടകസമിതി അംഗീകാരം തേടിയതെന്ന് കായികമന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇത് പിന്നീട് 670 കോടിയായി ചുരുക്കി. ഗെയിംസ് വില്ലേജിലേക്ക് വാഷിങ് മെഷീനുകള്‍ വാടകയ്ക്ക് എടുത്തത് 45,530 രൂപ നിരക്കിലാണ്. ഇതേബ്രാന്‍ഡിലുള്ള മെഷീന്‍ പുതുതായി വാങ്ങാന്‍ 22,000 രൂപ മതി. ഇത്തരത്തില്‍ ഞെട്ടിക്കുന്ന വാടകയ്ക്കാണ് ചവറ്റുകൊട്ടമുതല്‍ ട്രെഡ്മില്‍വരെയുള്ള വസ്തുക്കള്‍ സംഘടിപ്പിച്ചത്. വിപണിയില്‍നിന്ന് ഒരുലക്ഷം രൂപയ്ക്ക് വാങ്ങിയ ട്രെഡ്മില്ലുകളാണ് പത്തുലക്ഷം രൂപയ്ക്ക് ഒരു കമ്പനി കോമണ്‍‌വെല്‍ത്ത് ഗെയിംസിന് വാടകയ്ക്ക് നല്‍കിയത്.

ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെതുടര്‍ന്ന് നിഷേധക്കുറിപ്പുമായി കല്‍മാഡി രംഗത്തെത്തി. ട്രെഡ്മില്‍ വാടകയ്ക്ക് എടുക്കില്ലെന്നും വിലയ്ക്ക് വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും കല്‍മാഡി പറഞ്ഞു. അതിനിടെ, ഗെയിംസിനോടനുബന്ധിച്ച് ഹ്രസ്വചിത്രപ്രദര്‍ശനം സംഘടിപ്പിക്കാനുള്ള നിര്‍ദേശവുമായെത്തിയ തന്നോട് സുരേഷ് കല്‍മാഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ബംഗാളി ചലച്ചിത്രകാരി ശ്യാമലി ബാനര്‍ജി വെളിപ്പെടുത്തി. മണിശങ്കര്‍ അയ്യര്‍ കായികമന്ത്രിയായിരുന്നപ്പോഴാണ് ഗെയിംസിനെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററിയെന്ന ആശയവുമായി ബാനര്‍ജി എത്തിയത്. ആശയം ഇഷ്ടപ്പെട്ട മന്ത്രി മറ്റു കാര്യങ്ങള്‍ ഗെയിംസ് സംഘാടകസമിതിയുമായി സംസാരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 2009 സെപ്തംബറിലാണ് കല്‍മാഡിയെ സന്ദര്‍ശിച്ചത്. ഇതേത്തുടര്‍ന്ന് കല്‍മാഡിയുടെ രണ്ട് സെക്രട്ടറിമാര്‍ എത്ര കൊടുക്കാന്‍ കഴിയുമെന്ന് ചോദിച്ച് തന്നെ സമീപിച്ചെന്ന് ബാനര്‍ജി പറഞ്ഞു. താന്‍ മുന്നോട്ടുവച്ച ആശയം കല്‍മാഡി തന്റെ അടുപ്പക്കാരെ ഉപയോഗിച്ച് നടപ്പാക്കുകയാണെന്നും അവര്‍ പറഞ്ഞു. ഗെയിംസ് സ്വന്തക്കാര്‍ക്കായി വിനിയോഗിക്കുന്ന കല്‍മാഡിയുടെയും സംഘത്തിന്റെയും അഴിമതിയെയും ക്രമക്കേടിനെയുംകുറിച്ച് ഏത് ഏജന്‍സി നടത്തുന്ന അന്വേഷണത്തോടും സഹകരിക്കുമെന്നും ശ്യാമലി ബാനര്‍ജി പറഞ്ഞു.

കാര്‍വാടക ഇരട്ടിയാക്കിയത് കല്‍മാഡിയുടെ വിശ്വസ്തന്‍

ലണ്ടനില്‍ ഒരു ബിഎംഡബ്ള്യുവിന്റെയോ മെഴ്സിഡസ് ബെന്‍സിന്റെയോ ഒരുദിവസത്തെ വാടക 250 പൌണ്ട് (18,300 രൂപ). എന്നാല്‍, ഒക്ടോബറില്‍ കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ ക്യൂന്‍സ് ബാറ്റ റിലേയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് എ എം കാര്‍ ആന്‍ഡ് വാന്‍ കമ്പനിയുടെ കാറുകള്‍ വാടകയ്ക്കെടുത്തത് പ്രതിദിനം 450 പൌണ്ടിന്(33000 രൂപ). നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ തുക നിശ്ചയിച്ചത് കാര്‍ കമ്പനിയല്ല. ഗെയിംസ് സംഘാടകസമിതിയില്‍ സുരേഷ് കല്‍മാഡിയുടെ വിശ്വസ്തനായ സഞ്ജയ് മഹേന്ദ്രൂവാണ്. എ എം കമ്പനിയുടമ ആശിഷ് പട്ടേലിന് സഞ്ജയ് അയച്ച ഇ-മെയില്‍ പുറത്തുവന്നതോടെയാണ് അഴിമതി മറനീക്കിയത്.

കാറിന്റെ വാടകനിരക്ക് തിരക്കുന്നതിനു പകരം നിലവിലുള്ളതിന്റെ ഇരട്ടി തുക നല്‍കാമെന്ന് സഞ്ജയ് അങ്ങോട്ട് നിര്‍ദേശിക്കുകയായിരുന്നു. ബാറ്റ റിലേയുടെ ഉദ്ഘാടനത്തിന് മൂന്നാഴ്ച മുമ്പ് 2009 ഒക്ടോബര്‍ ഏഴിനാണ് സഞ്ജയ് ഇ-മെയില്‍ അയച്ചത്. ഇത് പുറത്തുവന്നതോടെ ലണ്ടനിലെ ചടങ്ങുകളിലെ ക്രമക്കേടുകളെ ന്യായീകരിക്കാന്‍ സംഘാടകസമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി മുന്നോട്ടുവച്ച വാദങ്ങളുടെ പൊള്ളത്തരവും വെളിവായി. റിലേ ഉദ്ഘാടനത്തിന്റെ അവസാന നിമിഷമാണ് അവിടെ ഒരുക്കേണ്ട സൌകര്യങ്ങളെക്കുറിച്ച് ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചതെന്നും സമയക്കുറവുകാരണം ഇന്ത്യന്‍ ഹൈക്കമീഷന്‍ നിര്‍ദേശിച്ച പ്രകാരം എ എം ഫിലിംസിനെ ചുമതല ഏല്‍പ്പിക്കുകയുമായിരുന്നെന്നാണ് കല്‍മാഡി വാദിച്ചത്. എന്നാല്‍, ഗെയിംസിന് മൂന്നാഴ്ച മുമ്പുതന്നെ എ എം കമ്പനിയുമായി കല്‍മാഡിയും സംഘവും ഇടപാട് തുടങ്ങിയിരുന്നെന്ന് സഞ്ജയ് അയച്ച ഇ-മെയില്‍ പുറത്തായതോടെ വ്യക്തമായി.

സര്‍ക്കാരിനെതിരെ മണി ശങ്കര്‍ അയ്യര്‍

കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ മറവില്‍ നടക്കുന്ന ക്രമക്കേട് ചൂണ്ടിക്കാട്ടാന്‍ രാജ്യസഭയില്‍ പ്രതിപക്ഷത്തോടൊപ്പം കോണ്‍ഗ്രസ് അംഗങ്ങളും രംഗത്തുവന്നത് സര്‍ക്കാരിന് ക്ഷീണമായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ മണിശങ്കര്‍ അയ്യരാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തുവന്നത്. ക്രമക്കേട് തടയുന്നതിനും ഗെയിംസ് നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിനും ഒരു ഉന്നതതല ഉപരിസമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മണിശങ്കര്‍ അയ്യര്‍ ആവശ്യപ്പെട്ടു. ഉപരിസമിതിയെ വയ്ക്കാന്‍ 2005ല്‍ മന്ത്രിസമിതി തീരുമാനിച്ചിരുന്നു. മുപ്പതോളം ഏജന്‍സി ഗെയിംസ് നടത്തിപ്പിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉപരിസമിതി ആവശ്യമാണ്. എന്നാല്‍, ഏജന്‍സികളെല്ലാം ഇത്തരമൊരു സമിതി രൂപീകരിക്കുന്നതിന് എതിരായിരുന്നു. അഴിമതിരഹിതമായ ഗെയിംസ് ഉറപ്പുവരുത്തുന്നതില്‍ മന്ത്രിസമിതി പരാജയപ്പെട്ട സാഹചര്യത്തില്‍ ഉപരിസമിതിയെ വയ്ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഇനിയെങ്കിലും ആലോചിക്കണം. 1982 ഏഷ്യന്‍ ഗെയിംസിന്റെ സമയത്ത് പ്രത്യേക സംഘാടകസമിതിയുണ്ടായിരുന്നു. ഇപ്പോള്‍ മന്ത്രി എം എസ് ഗില്ലിന്റെ നേതൃത്വത്തില്‍തന്നെ സമിതി വയ്ക്കാം- അയ്യര്‍ പറഞ്ഞു.

ദേശാഭിമാനി 06082010

2 comments:

  1. കോമണ്‍‌വെല്‍ത്ത് ഗെയിംസിനായി ഫാനും കസേരയും ചവറ്റുകൊട്ടയും അടക്കമുള്ള സാധനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിയും സംഘവും തരപ്പെടുത്തിയത് 670 കോടി രൂപ. കല്‍മാഡിയെക്കൂടാതെ മൂന്നുഘട്ടങ്ങളിലായി ഈ അധികബജറ്റ് കൈയടിച്ച് പാസാക്കിയ സമിതികളിലെ 25 പേരും പ്രതിക്കൂട്ടിലായിരിക്കയാണ്. വാണിജ്യമന്ത്രി ആനന്ദ് ശര്‍മ, കായിക സെക്രട്ടറി സിന്ധുശ്രീ ഖുല്ലാര്‍, നഗരവികസനമന്ത്രാലയ സെക്രട്ടറി ഡോ. എം രാമചന്ദ്രന്‍, ഡല്‍ഹി ചീഫ് സെക്രട്ടറി രാകേഷ് മേത്ത, കോമണ്‍‌വെല്‍ത്ത് ഫെഡറേഷന്‍ പ്രസിഡന്റ് മൈക്ക് ഫെനല്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ സമിതി അംഗങ്ങളാണ്.

    ReplyDelete
  2. ഇതു ശരിക്കും സംഖാടകര്‍ക്കും മന്ത്രിമാര്‍ക്കും കോമണ്‍ ആയി വെല്‍ത്ത് ശേഖരിക്കുവാനുള്ള ഗയിംസ് തന്നെ!

    ReplyDelete