വിജയവാഡ: രാജ്യത്തെ മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ പുതിയ രാഷ്ട്രീയനയത്തിന് രൂപംനല്‍കാനുള്ള സിപിഐ എം വിപുലീകൃത കേന്ദ്രകമ്മിറ്റി യോഗം ശനിയാഴ്ച ആരംഭിക്കും. നഗരഹൃദയത്തിലെ തുമ്മലപ്പള്ളി കലാക്ഷേത്രം ഓഡിറ്റോറിയത്തില്‍ തയ്യറാക്കിയ രക്തസാക്ഷിനഗറിലാണ് സമ്മേളനം. നാലു ദിവസം നീളുന്ന സമ്മേളനം ശനിയാഴ്ച രാവിലെ 10.30ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും. പൊളിറ്റ്ബ്യൂറോ അംഗങ്ങളടക്കം 378 പ്രതിനിധികള്‍ പങ്കെടുക്കും. കേരളത്തില്‍നിന്ന് 64 പ്രതിനിധികള്‍. 10ന് വൈകിട്ട് വമ്പിച്ച റാലിയോടെ സമ്മേളനം സമാപിക്കും.
തെലങ്കാനസമരത്തിന്റെ ധീരസ്മരണകള്‍ പേറുന്ന വിജയവാഡ സമ്മേളനപ്രതിനിധികളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. 1982ല്‍ 11-ാം പാര്‍ടി കോണ്‍ഗ്രസ് ചേര്‍ന്നതിനുശേഷം നടക്കുന്ന പാര്‍ടിയുടെ വലിയ സംഘടനാ സമ്മേളനത്തിനാണ് ഇപ്പോള്‍ വിജയവാഡ ചുവപ്പണിഞ്ഞത്. സമ്മേളനസന്ദേശം അറിയിച്ച് ചുവപ്പ് കൊടിതോരണങ്ങളും ബോര്‍ഡുകളും കട്ടൌട്ടുകളും നഗരമെങ്ങും നിറഞ്ഞു. സംസ്ഥാനത്ത് പ്രചാരണജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, ബി വി രാഘവലു എന്നിവര്‍ പങ്കെടുത്ത യോഗങ്ങളും ഇതിന്റെ ഭാഗമായി നടന്നു.
പാര്‍ടി കോണ്‍ഗ്രസ് കൈക്കൊള്ളുന്ന രാഷ്ട്രീയനയം സാധാരണയായി അടുത്ത പാര്‍ടി കോണ്‍ഗ്രസാണ് പുനരവലോകനം ചെയ്യുക. എന്നാല്‍, 2011 ഏപ്രിലില്‍ നടക്കേണ്ട 20-ാം പാര്‍ടി കോണ്‍ഗ്രസ് കേരളത്തിലെയും പശ്ചിമബംഗാളിലെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഒരുവര്‍ഷം നീട്ടിയതിനെതുടര്‍ന്നാണ് വിപുലീകൃത കേന്ദ്രകമ്മിറ്റി ചേര്‍ന്ന് രാഷ്ട്രീയനയം പുനരവലോകനം ചെയ്യാന്‍ തീരുമാനിച്ചത്. കോയമ്പത്തൂരില്‍ ചേര്‍ന്ന 19-ാം പാര്‍ടി കോണ്‍ഗ്രസിന്റെ കാലഘട്ടത്തില്‍നിന്ന് വ്യത്യസ്തമാണ് ഇന്നത്തെ രാഷ്ട്രീയസാഹചര്യം. യുപിഎ സര്‍ക്കാര്‍ ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളിലാണ്. ബംഗാളില്‍ പ്രത്യേകിച്ചും ആസൂത്രിതമായി ഇത്തരം ശ്രമങ്ങള്‍ നടക്കുകയാണ്.
ഈസാഹചര്യത്തില്‍ രാഷ്ട്രീയനയം വിലയിരുത്തേണ്ടത് അനിവാര്യമായിരിക്കയാണ്. അതിന് കേന്ദ്രകമ്മിറ്റിക്ക് അധികാരമുണ്ടെങ്കിലും രാഷ്ട്രീയ സ്ഥിതിഗതികളുടെ ഗൌരവം കണക്കിലെടുത്ത് കൂടുതല്‍ പങ്കാളിത്തവും വിപുലമായ ചര്‍ച്ചകളും വേണമെന്ന നിലയ്ക്കാണ് വിപുലീകൃത കേന്ദ്രകമ്മിറ്റി ചേരുന്നത്. വിലക്കയറ്റമടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍, കശ്മീര്‍പ്രശ്നം, തീവ്രവാദഭീഷണി തുടങ്ങിയ വിഷയങ്ങളും സമ്മേളനം ചര്‍ച്ചചെയ്യും. യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കും സമ്മേളനം രൂപംനല്‍കും. കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ ബദലിന്റെ സാധ്യതകളും ചര്‍ച്ചചെയ്യും.
(കെ വി സുധാകരന്‍)
deshabhimani 06082010
No comments:
Post a Comment