Sunday, August 1, 2010

തീവ്രവാദം: ഒറ്റപ്പെട്ട ലീഗ് തന്ത്രം മാറ്റുന്നു

പോപ്പുലര്‍ ഫ്രണ്ടിനെ ഒറ്റപ്പെടുത്തും

പോപ്പുലര്‍ ഫ്രണ്ടിനെയും ജമാഅത്തെ ഇസ്ളാമിയെയും ഒറ്റപ്പെടുത്താന്‍ മുസ്ളിംലീഗ് വിളിച്ച മുസ്ളിം സംഘടനകളുടെ യോഗം തീരുമാനിച്ചു. വേണ്ടിവന്നാല്‍ ഒരുമിച്ച് തീവ്രവാദ വിരുദ്ധ പ്രചാരണത്തിനിറങ്ങും. അധ്യാപകന്റെ കൈവെട്ടിയതുപോലുള്ള സംഭവങ്ങള്‍ക്ക് ന്യായീകരണമില്ലെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മുസ്ളിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ യോഗത്തില്‍ ഇരുവിഭാഗം സുന്നികളുടെയും മുജാഹിദിന്റെയും പ്രതിനിധികള്‍ പങ്കെടുത്തു. കേരള ജംഇയ്യത്തുല്‍ ഉലമ, എംഇഎസ് എന്നിവയുടെ സാന്നിധ്യവുമുണ്ടായിരുന്നു.

തീവ്രവാദം: ഒറ്റപ്പെട്ട ലീഗ് തന്ത്രം മാറ്റുന്നു

തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് എടുക്കാത്തതിനാല്‍ മുസ്ളിം സമുദായത്തില്‍ ഒറ്റപ്പെട്ട ലീഗ് രക്ഷയില്ലാതെ തന്ത്രം മാറ്റുന്നു. ഇതിന്റെ ഭാഗമായാണ് ശനിയാഴ്ച കോട്ടയ്ക്കലില്‍ മുസ്ളിം സംഘടനകളുടെ യോഗം വിളിച്ചത്. പാര്‍ടിയിലും സമുദായത്തിലും ഉയര്‍ന്ന കടുത്ത സമ്മര്‍ദങ്ങള്‍ക്ക് ലീഗ് നേതൃത്വത്തിന് വഴങ്ങേണ്ടിവന്നു. വിമര്‍ശമുണ്ടായിട്ടും തീവ്രവാദസംഘടനകളായ പോപ്പുലര്‍ ഫ്രണ്ടിനെയും ജമാഅത്തെ ഇസ്ളാമിയെയും കൈവിടാന്‍ കൂട്ടാക്കാതിരുന്ന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും ഇ ടി മുഹമ്മദുബഷീര്‍ എംപിയെയും ഇരുത്തിയാണ് മതസംഘടനകളുടെ നേതാക്കള്‍ തീവ്രവാദസംഘടനകള്‍ക്കെതിരെ ആഞ്ഞടിച്ചത്. എല്ലാറ്റിനും മൂകസാക്ഷിയായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുണ്ടായിരുന്നു.

തീവ്രവാദസംഘടനകളോട് ഒരുവിധത്തിലുള്ള പരിഗണനയും വേണ്ടെന്നായിരുന്നു സംഘടനകളുടെ പ്രതികരണം. അവരുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ജമാഅത്തെ ഇസ്ളാമിയുടെ സാന്നിധ്യമുണ്ടായാല്‍ പിന്മാറുമെന്ന് എല്ലാ സംഘടനയും ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ ജമാഅത്തെ ഇസ്ളാമിയെ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. മുസ്ളിം സംഘടനകളുടെ കൂട്ടായ്മയില്‍നിന്ന് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം ആദ്യമായാണ് ജമാഅത്തെ ഇസ്ളാമി പുറത്താകുന്നത്. മുമ്പ് പാഠപുസ്തകവിവാദം ഉണ്ടായപ്പോള്‍ ലീഗ് വിളിച്ച യോഗത്തില്‍ ജമാഅത്തെ ഇസ്ളാമിയുണ്ടായിരുന്നു.

സമുദായസംഘടനകളെ വെറുപ്പിക്കാതിരിക്കാന്‍ യോഗത്തില്‍ രണ്ടു തീവ്രവാദസംഘടനയെയും ലീഗിന് പേരിനെങ്കിലും തള്ളിപ്പറയേണ്ടിവന്നു. യോഗത്തില്‍ പങ്കെടുത്തവരുടെ ആവശ്യപ്രകാരം വാര്‍ത്താസമ്മേളനത്തിലും കുഞ്ഞാലിക്കുട്ടി ഇത് ആവര്‍ത്തിച്ചു. അത്രയ്ക്കും വികാരപരമായാണ് സുന്നി, മുജാഹിദ് സംഘടനകളുടെ പ്രതിനിധികള്‍ സംസാരിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ താലിബാന്‍ മോഡലും ജമാഅത്തെ ഇസ്ളാമിയുടെ ഇസ്ളാമിക ഭരണകൂടവും ഇവിടെ നടപ്പില്ലെന്ന് സമുദായസംഘടനാ നേതാക്കള്‍ പറഞ്ഞപ്പോള്‍ ലീഗിന് ചുവടുമാറ്റേണ്ടിവന്നു. തീവ്രവാദസംഘടനകള്‍ക്കെതിരെ നിലപാടെടുത്ത മുനീറിനെ ശനിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുപ്പിച്ചില്ല. പകരം കുഞ്ഞാലിക്കുട്ടിക്ക് തുണപോയത് പോപ്പുലര്‍ ഫ്രണ്ടിനെ പരസ്യമായി ന്യായീകരിച്ച ഇ ടി മുഹമ്മദുബഷീറാണ്.
(ആര്‍ രഞ്ജിത്)

ദേശാഭിമാനി 01082010

1 comment:

  1. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് എടുക്കാത്തതിനാല്‍ മുസ്ളിം സമുദായത്തില്‍ ഒറ്റപ്പെട്ട ലീഗ് രക്ഷയില്ലാതെ തന്ത്രം മാറ്റുന്നു. ഇതിന്റെ ഭാഗമായാണ് ശനിയാഴ്ച കോട്ടയ്ക്കലില്‍ മുസ്ളിം സംഘടനകളുടെ യോഗം വിളിച്ചത്. പാര്‍ടിയിലും സമുദായത്തിലും ഉയര്‍ന്ന കടുത്ത സമ്മര്‍ദങ്ങള്‍ക്ക് ലീഗ് നേതൃത്വത്തിന് വഴങ്ങേണ്ടിവന്നു. വിമര്‍ശമുണ്ടായിട്ടും തീവ്രവാദസംഘടനകളായ പോപ്പുലര്‍ ഫ്രണ്ടിനെയും ജമാഅത്തെ ഇസ്ളാമിയെയും കൈവിടാന്‍ കൂട്ടാക്കാതിരുന്ന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും ഇ ടി മുഹമ്മദുബഷീര്‍ എംപിയെയും ഇരുത്തിയാണ് മതസംഘടനകളുടെ നേതാക്കള്‍ തീവ്രവാദസംഘടനകള്‍ക്കെതിരെ ആഞ്ഞടിച്ചത്. എല്ലാറ്റിനും മൂകസാക്ഷിയായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുണ്ടായിരുന്നു.

    ReplyDelete