വംശഹത്യാ പരീക്ഷണം നടത്തി കറുത്ത ചരിത്രം സൃഷ്ടിച്ച നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കുന്ന ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചുള്ള വസ്തുതകള്‍ ഒന്നൊന്നായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. പുറത്തുവരുന്ന വാര്‍ത്തകള്‍ ഭരണകൂട ഭീകരതയുടെ ബീഭത്സമുഖമാണ് അനാവരണം ചെയ്യുന്നത്. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയവരുടെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്ന സംസ്ഥാന ആഭ്യന്തര സഹമന്ത്രി അമിത്ഷായെ സി ബി ഐ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. ചോദ്യം ചെയ്യലുമായി അമിത്ഷാ സഹകരിക്കുന്നില്ലെന്നാണ് സി ബി ഐയുടെ ആക്ഷേപം. അമിത് ഷാ പലവട്ടം സി ബി ഐയ്ക്ക് മുമ്പാകെ ഹാജരാകാതെ ധാര്‍ഷ്ട്യം പ്രകടിപ്പിച്ച വ്യക്തിയാണ്. ഒടുവില്‍ സി ബി ഐ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ അദ്ദേഹം ഒളിവില്‍ പോവുകയും ദിവസങ്ങള്‍ക്കുശേഷം ആഭ്യന്തര സഹമന്ത്രി സ്ഥാനം രാജിവെയ്ക്കുകയുമായിരുന്നു. നില്‍ക്കക്കള്ളിയില്ലാതെ വന്ന സന്ദര്‍ഭത്തിലാണ് മന്ത്രിപദവിയില്‍ നിന്നുള്ള രാജിയും സി ബി ഐ യുടെ ചോദ്യം ചെയ്യലിന് ഹാജരാവുന്ന അവസ്ഥയും ഉണ്ടായത്. എന്നാല്‍ ഇപ്പോഴും അമിത്ഷാ സി ബി ഐയുമായി സഹകരിക്കുന്നില്ലെന്നുള്ളത് ഗൗരവമേറിയ പ്രശ്‌നമാണ്.
ഗുരുതരമായ ആക്ഷേപങ്ങളാണ് അമിത്ഷായ്ക്കു നേരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയെയും വധിക്കുവാന്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം അമിത്ഷാ നല്‍കിയിരുന്നുവെന്നാണ് വെളിവാക്കപ്പെടുന്നത്. ഗുജറാത്തില്‍ അരങ്ങേറ്റപ്പെട്ട വ്യാജഏറ്റുമുട്ടലുകളില്‍ ഒന്നുമാത്രമാണ് സൊഹ്‌റാബുദ്ദീന്റെയും കൗസര്‍ബിയുടെയും വധത്തില്‍ കലാശിച്ചത്. ഭീകരവാദികളാണെന്ന് മുദ്രചാര്‍ത്തിയും മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കുവാന്‍ ശ്രമിച്ചെന്ന് പ്രചരിപ്പിച്ചും നടത്തിയ വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും ഏകാധിപത്യത്തിന്റെയും ഫാഷിസത്തിന്റെയും പ്രവണതകള്‍ മാറോടണച്ചു പിടിക്കുന്നവരുടെ പ്രവൃത്തിയുടെ ഫലമാണ്.
ആഭ്യന്തരവകുപ്പിന് നേതൃത്വം നല്‍കുന്ന മന്ത്രി നാടിന്റെ സമാധാന അന്തരീക്ഷം സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നിനും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കേണ്ട ആളാണ്. പക്ഷേ സംരക്ഷിക്കേണ്ട ആള്‍ തന്നെ സംഹരിക്കുവാന്‍ മുന്നിട്ടിറങ്ങിയെന്നാണ് നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും പ്രവൃത്തികള്‍ തെളിയിക്കുന്നത്.
പൊലീസ് സേനയേയും കോടതികളെ തന്നെയും ദുരുപയോഗം ചെയ്യുന്നതില്‍ മോഡി സര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ടാണ് പ്രവര്‍ത്തിച്ചത്. വ്യാജ ഏറ്റുമുട്ടല്‍ കേസുകളുടെ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ശ്രമിച്ചുവെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് മുന്‍ ഗുജറാത്ത് ഡി ജി പി, പി സി പാണ്ഡെയെയും മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥ ഗീത ജോഹ്‌റിയെയും ചോദ്യം ചെയ്യാന്‍ സി ബി ഐ തീരുമാനിച്ചിരിക്കുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ പൊലീസ് ഓഫീസര്‍ എന്‍ കെ അമിന്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.
ഇതെല്ലാം വ്യക്തമാക്കുന്നത് നരേന്ദ്രമോഡിയും അമിത്ഷായും ഉള്‍പ്പെട്ട ഗുജറാത്ത് ഭരണാധികാരികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആസൂത്രിതമായാണ് വ്യാജ ഏറ്റുമുട്ടലുകള്‍ അരങ്ങേറ്റിയതും നരഹത്യ നടത്തിയതുമെന്നുമാണ്. കുറ്റവാളികളെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയേണ്ടതുണ്ട്. നരേന്ദ്രമോഡി അടക്കമുള്ളവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയാലേ ശരിയായ ചിത്രം പുറത്തുവരൂ.
ഇത്തരം ജനാധിപത്യ ധ്വംസനങ്ങള്‍ക്കും മനുഷ്യാവകാശ നിഷേധങ്ങള്‍ക്കും നിയമവ്യവസ്ഥയെ വെല്ലുവിളിക്കലിനും ഫാസിസ്റ്റ് പ്രവണതകള്‍ക്കും അറുതി വരുത്താന്‍ കര്‍ക്കശമായ നിയമനടപടികള്‍ അനിവാര്യമാണ്. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ അത് അത്യന്താപേക്ഷിതമാണെന്നാണ് വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഓര്‍മ്മിപ്പിക്കുന്നത്. നരേന്ദ്രമോഡി ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്താലേ യഥാര്‍ഥ ചിത്രം പുറത്തുവരുകയുള്ളൂ.
ജനയുഗം മുഖപ്രസംഗം
ഒരു വാര്‍ത്ത
അന്വേഷണം അട്ടിമറിക്കാന്‍ മോഡിയും കരുനീക്കി
സൊഹ്റാബുദീന്‍ ഷേഖിനെയും ഭാര്യ കൌസര്‍ബിയെയും കൊലപ്പെടുത്താന്‍ സംഘടിപ്പിച്ച വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ശ്രമിച്ചു. പ്രത്യേക അന്വേഷകസംഘത്തില്‍ (എസ്ഐടി) മാറ്റംവരുത്തിയത് മോഡിയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണം വഴിതെറ്റിക്കാന്‍ മോഡി ശ്രമിച്ചെന്ന് വെളിപ്പെട്ടതോടെ അദ്ദേഹത്തെ സിബിഐ ചോദ്യംചെയ്യാനുള്ള സാധ്യതയേറി.
സൊഹ്റാബുദീന്‍ കേസ് അന്വേഷിച്ച എസ്ഐടിക്ക് നേതൃത്വം നല്‍കിയിരുന്ന ഗുജറാത്ത് ഐപിഎസ് ഓഫീസര്‍ ഗീത ജോഹ്രിക്കുമേല്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് കടുത്ത സമ്മര്‍ദമുണ്ടായെന്നും ഇതേത്തുടര്‍ന്നാണ് അന്വേഷണം വഴിതെറ്റിയതെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ സിബിഐ അറസ്റുചെയ്ത ആഭ്യന്തര സഹമന്ത്രി അമിത് ഷായുടെ വിശ്വസ്തനായ ഐപിഎസ് ഓഫീസര്‍ അഭയ് ചുദാസമയെയും എന്‍ കെ അമീനെയും എസ്ഐടിയിലേക്ക് നിയമിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത് നരേന്ദ്രമോഡിയാണ്. ഇതേകേസിലാണ് ഈ രണ്ട് ഉദ്യോഗസ്ഥരും പിന്നീട് അറസ്റിലായത്. ഹൈദരാബാദില്‍നിന്നുള്ള ബസ് യാത്രയ്ക്കിടെ സൊഹ്റാബുദീനും കൌസര്‍ബിക്കുമൊപ്പം പൊലീസ് പിടികൂടിയത് തുളസിറാം പ്രജാപതിയെയാണെന്ന് ജോഹ്രി കണ്ടെത്തിയിരുന്നു. രാജസ്ഥാനിലെ ഉദയ്പുര്‍ ജയിലിലടച്ച ഇയാളെ ചോദ്യംചെയ്യാനുള്ള ജോഹ്രിയുടെ നീക്കവും അട്ടിമറിക്കപ്പെട്ടു. എസ്ഐടിയില്‍ മോഡി നിയോഗിച്ച ഉദ്യോഗസ്ഥരാണ് ഈ നീക്കം ചോര്‍ത്തി നല്‍കിയത്. തുടര്‍ന്ന് ചോദ്യംചെയ്യാന്‍ നിശ്ചയിച്ചതിന് രണ്ടുദിവസംമുമ്പ് പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ജോഹരിക്കുമേല്‍ സമ്മര്‍ദമുണ്ടായത്. ഇതിന് വഴങ്ങാതിരുന്ന ജോഹ്രിയെ സര്‍ക്കാരിലെ ഉന്നതര്‍ ഭീഷണിപ്പെടുത്തിയെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
സൊഹ്റാബുദീന്‍ കേസ് അന്വേഷണത്തിന് കൂടുതല്‍ സമയം സുപ്രീംകോടതിയില്‍ വെള്ളിയാഴ്ച സിബിഐ ആവശ്യപ്പെട്ടിരുന്നു. ഷായില്‍മാത്രം ഒതുങ്ങുന്നതല്ല കേസെന്നും സിബിഐ സൂചിപ്പിച്ചിരുന്നു. ഇത് നരേന്ദ്രമോഡിയിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ്.
(വിജേഷ് ചൂടല്‍)
ദേശാഭിമാനി 03082010

ReplyDelete