ജുഡീഷ്യറി അധികാര പരിധി ലംഘിക്കുന്നതിന്റെ നിരവധി അനുഭവങ്ങള്‍ സമീപകാലത്തുണ്ടായി. തങ്ങള്‍ക്കു മുന്നില്‍ എത്തുന്ന വിഷയങ്ങളുടെ പരിമിതികളെയെല്ലാം ലംഘിച്ചുകൊണ്ട് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതിന് പല ന്യായാധിപന്‍മാരും മുതിര്‍ന്നപ്പോള്‍ ജനാധിപത്യെത്തയും ജുഡീഷ്യറിയെയും കുറിച്ച് നിശ്ചയമുള്ളവരാകെ ആശ്ചര്യപ്പെടുകയും ആശങ്കപ്പെടുകയും ചെയ്തു. കൊച്ചിയിലെ നിരത്തുകളുടെ ശോചനീയാവസ്ഥയെ കുറിച്ചോ, മാലിന്യ നിര്‍മാര്‍ജ്ജനത്തെ സംബന്ധിച്ചോഉള്ള ഹര്‍ജികളായാല്‍പോലും ന്യായാധിപരുടെ അഭിപ്രായ പ്രകടനങ്ങള്‍ സര്‍ക്കാരിനെയാകെ അടച്ചാക്ഷേപിക്കുന്ന നിലയിലാവുന്നത് സാധാരണയായി തീര്‍ന്നിരുന്നു.
തലശ്ശേരിയിലെ ഒരു ഗ്രാമത്തില്‍ റഹീം പൂക്കുടശ്ശേരി എന്ന വ്യക്തിയ്ക്കു നേരെ നടന്ന വധശ്രമത്തെക്കുറിച്ചുള്ള ഹര്‍ജി പരിഗണിക്കുമ്പോള്‍ സംസ്ഥാനത്താകെ ക്രമസമാധാനനില തകര്‍ന്നു തരിപ്പണമായിരിക്കുന്നുവെന്നും ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ കാണുന്നത് അതിന്റെ തെളിവാണെന്നും വീണ്ടുവിചാരമില്ലാതെ ഹൈക്കോടതിയിലെ ന്യായാധിപന്മാര്‍ അഭിപ്രായ പ്രകടനം നടത്തി. ഒറ്റപ്പെട്ട സംഭവങ്ങള്‍ മുന്നില്‍ വരുമ്പോള്‍ വേണ്ടത്ര പഠനമോ വീക്ഷണമോ വിലയിരുത്തലോ ഇല്ലാതെ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ അത് നടത്തുന്ന ന്യായാധിപര്‍ക്ക് നൈമിഷികമായ നിലയില്‍ മാധ്യമ ശ്രദ്ധ ലഭിക്കുന്നുണ്ടായിരിക്കാം. പക്ഷേ ആത്യന്തികമായ ഫലം നീതിന്യായ വ്യവസ്ഥയുടെ നിലവാരം തകരുകയും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുകയുമെന്നതാണ്.
കേരളം വര്‍ഗീയ കലാപങ്ങളില്ലാത്ത സംസ്ഥാനമാണ്. കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും തോത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെക്കുറവുള്ള സംസ്ഥാനവുമാണ്. അത് കേന്ദ്രസര്‍ക്കാരിന്റെ തന്നെ ഔദ്യോഗിക കണക്കുകള്‍ തെളിയിക്കുന്നു. ഇന്ത്യാ ടുഡേ പോലെ ഇടതുപക്ഷ വിരുദ്ധ സമീപനം പുലര്‍ത്തുന്ന ഒരു പ്രസിദ്ധീകരണംപോലും ക്രമസമാധാനനില സംരക്ഷിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കേരളമാണെന്ന് അംഗീരികരിച്ചുകൊണ്ട് പുരസ്‌ക്കാരം പ്രഖ്യാപിച്ചു. പുരസ്‌ക്കാരം കേരള ആഭ്യന്തര മന്ത്രിക്ക് സമ്മാനിച്ചതാകട്ടെ കേന്ദ്രധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് സഭാ നേതാവുമായ പ്രണബ് മുഖര്‍ജിയും.
എന്നിട്ടും കേരളത്തില്‍ ക്രമസമാധാന നില പരിപൂര്‍ണമായി തകര്‍ന്നിരിക്കുന്നുവെന്ന പ്രഖ്യാപനം ഹൈക്കോടതി നടത്തിക്കളഞ്ഞു. പക്ഷേ സുപ്രിം കോടതി ആ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുകയുണ്ടായി. നിരുത്തരവാദപരമായ പ്രസ്താവനയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്ന ആക്ഷേപത്തെ ശരിവെയ്ക്കുന്നതായിരുന്നൂ സര്‍ക്കാര്‍ അപ്പീലിന്‍മേല്‍ സുപ്രിംകോടതി നടത്തിയ തീര്‍പ്പുകല്‍പ്പിക്കല്‍.
പൊതുയോഗങ്ങള്‍ നിരോധിച്ചു കൊണ്ട് നടത്തിയ ഹൈക്കോടതിയുടെ വിധി പ്രസ്താവവും സമാനമാണ്. അത്തരമൊരു വിധി നടത്തുന്നതിനു മുമ്പ് സര്‍ക്കാരിന്റെ അഭിപ്രായം കേള്‍ക്കാന്‍പോലും ന്യായാധിപന്‍മാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയത്. പക്ഷേ റിവ്യൂ ഹര്‍ജിയുടെ പരിഗണനാ വേളയില്‍ ലക്കും ലഗാനുമില്ലാത്ത അഭിപ്രായപ്രകടനങ്ങളാണ് ന്യായാധിപന്‍ നടത്തിയത്. ഹര്‍ജി നല്‍കിയ സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥനെ ശിഖണ്ഡി എന്നുപോലും വശേഷിപ്പിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതുവേദിയില്‍ തന്റെ വിധി പ്രസ്താവത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയ ന്യായാധിപനെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ കടുത്ത അരിശത്തോടെയാണ് ന്യായാധിപന്‍ നേരിട്ടത്. ആറ്റുകാല്‍ പൊങ്കാല പോലെയുള്ള ചടങ്ങുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെക്കുറിച്ച് താന്‍ പരാമര്‍ശം നടത്താനിരിക്കുകയായിരുന്നുവെന്നും അത് സ്റ്റേഡിയങ്ങളിലേക്ക് മാറ്റണമെന്നും യുക്തിരാഹിത്യത്തോടെ അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തതിനു ശേഷം ന്യായാധിപന്‍ താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് പ്രസ്താവിക്കുകയുണ്ടായി. അത്രയും നല്ലത്. മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെങ്കില്‍ അതും ഗുരുതരമായ തെറ്റ് തന്നെ.
മലയാറ്റൂരിലെ അനധികൃത ക്വാറിയെ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ മാഫിയകളുടെയൊപ്പമാണെന്ന വിധി പ്രസ്താവം ഹൈക്കോടതി നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ജുഡീഷ്യറിയെ ആദരവോടെ സമീപിക്കുന്ന ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നൂ ആ വാര്‍ത്തകള്‍.
പൊലീസിനു പകരം പട്ടാളത്തെ വിളിക്കാന്‍ മടിക്കില്ലെന്ന് കൂടി കോടതി പറഞ്ഞുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോടതികള്‍ അതിന്റേതായ സ്ഥാനവും മഹിമയും മറന്ന് നിലപാടുകള്‍ കൈക്കൊള്ളുന്നുവോ എന്ന ആശങ്ക ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിച്ചു. അങ്ങനെയൊന്നും താന്‍ പറഞ്ഞിട്ടില്ലെന്ന ന്യായാധിപന്റെ അഭിപ്രായം ഇന്നലെ പുറത്തുവന്നു. ആശ്വാസകരം തന്നെ.
ജനാധിപത്യ വ്യവസ്ഥയിലെ നെടുംതൂണുകളില്‍ പ്രധാനമാണ് ജുഡീഷ്യറി. അതിരുവിട്ട അഭിപ്രായ പ്രകടനങ്ങള്‍ ജുഡീഷ്യറിയില്‍ നിന്നുണ്ടാവുമ്പോള്‍ മഹാഭൂരിപക്ഷം മനുഷ്യര്‍ പ്രത്യാശയോടെ കാണുന്ന നീതിന്യായ വ്യവസ്ഥയ്ക്ക് താളം തെറ്റുന്നുവോ എന്ന ശങ്ക ജനാധിപത്യ വിശ്വാസികള്‍ക്ക് ഉണ്ടാവും.
ശരിക്കും ജനാധിപത്യത്തിന്റെ അപഭ്രംശത്തിനാണ് ഇത്തരം പ്രവണതകള്‍ വഴിവെയ്ക്കുക. മാധ്യമം ജനാധിപത്യത്തിലെ നാലാം തൂണാണെന്നത് വിസ്മരിക്കുവാന്‍ പാടില്ല. ജുഡീഷ്യറിയുടെ മഹത്വം സംരക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കേണ്ടത് ന്യായാധിപര്‍ കൂടിയാണ്.
നന്ദകുമാര്‍ ജനയുഗം 03082010
ജുഡീഷ്യറി അധികാര പരിധി ലംഘിക്കുന്നതിന്റെ നിരവധി അനുഭവങ്ങള്‍ സമീപകാലത്തുണ്ടായി. തങ്ങള്‍ക്കു മുന്നില്‍ എത്തുന്ന വിഷയങ്ങളുടെ പരിമിതികളെയെല്ലാം ലംഘിച്ചുകൊണ്ട് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതിന് പല ന്യായാധിപന്‍മാരും മുതിര്‍ന്നപ്പോള്‍ ജനാധിപത്യെത്തയും ജുഡീഷ്യറിയെയും കുറിച്ച് നിശ്ചയമുള്ളവരാകെ ആശ്ചര്യപ്പെടുകയും ആശങ്കപ്പെടുകയും ചെയ്തു. കൊച്ചിയിലെ നിരത്തുകളുടെ ശോചനീയാവസ്ഥയെ കുറിച്ചോ, മാലിന്യ നിര്‍മാര്‍ജ്ജനത്തെ സംബന്ധിച്ചോഉള്ള ഹര്‍ജികളായാല്‍പോലും ന്യായാധിപരുടെ അഭിപ്രായ പ്രകടനങ്ങള്‍ സര്‍ക്കാരിനെയാകെ അടച്ചാക്ഷേപിക്കുന്ന നിലയിലാവുന്നത് സാധാരണയായി തീര്‍ന്നിരുന്നു.
ReplyDelete