Tuesday, August 3, 2010

സ്വാശ്രയത്തിലെ വൈരുധ്യം

സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനം, ഫീസ്ഘടന എന്നിവയെ സംബന്ധിച്ച സമഗ്രമായ കേന്ദ്രനിയമം വേണമെന്ന ആവശ്യത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു, സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധി. സംസ്ഥാനസര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട സ്വാശ്രയ മെഡിക്കല്‍കോളേജുകളുടെ കണ്‍സോര്‍ഷ്യം നടത്തിയ പ്രവേശന പരീക്ഷയാണ് കോടതി റദ്ദാക്കിയത്. ഈ കോളേജുകളില്‍ മാനേജ്മെന്റ്ക്വോട്ടാ സീറ്റുകളിലേക്ക് നടത്തിയ പ്രവേശനമാണ് ഇതോടെ റദ്ദായിരിക്കുന്നത്. നിയമാനുസൃതവും സുതാര്യവും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന വിധത്തിലുള്ളതുമായില്ല ഈ പരീക്ഷ എന്നാണ് കോടതി നിരീക്ഷിച്ചിട്ടുള്ളത്.

പതിനൊന്ന് സ്വാശ്രയ മെഡിക്കല്‍കോളേജുകളുടെ കണ്‍സോര്‍ഷ്യമാണ് മാനേജ്മെന്റ്ക്വോട്ടയിലേക്ക് പ്രവേശനപരീക്ഷ നടത്തിയത്. അതിന്റെ നടത്തിപ്പുരീതിയെ വിമര്‍ശിച്ച കോടതി ഒരു വിധ സാമൂഹ്യപ്രതിബദ്ധതയുമില്ലാതെയും സംസ്ഥാനസര്‍ക്കാരുമായി പൂര്‍ണമായും നിസ്സഹകരിച്ചും ഒരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയും മറ്റൊരുകൂട്ടം മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനത്തെ കാണാന്‍ കൂട്ടാക്കിയിട്ടുമില്ല. സര്‍ക്കാരുമായി സഹകരിച്ച് സര്‍ക്കാര്‍ പറയുന്ന ഫീസ് ഘടനയില്‍ നിശ്ചിത സീറ്റുകളില്‍ പ്രവേശനം നടത്താന്‍ തയ്യാറായ മാനേജ്മെന്റുകള്‍ക്കുമേല്‍ കോടതിയുടെ കര്‍ശന നിയന്ത്രണം! അതേസമയം, സര്‍ക്കാരുമായി നിസ്സഹകരിച്ച് തന്നിഷ്ടപ്രകാരം പ്രവേശനം സംബന്ധിച്ച എല്ലാ കാര്യങ്ങളും ചെയ്യുന്ന മാനേജ്മെന്റ് സമൂഹത്തിന് ഒരുവിധ കോടതി നിയന്ത്രണവുമില്ലതാനും. ഈ വൈരുധ്യം വിധിയില്‍ ഏറെ പ്രകടമാണ്.

സര്‍ക്കാരുമായി നിസ്സഹകരിച്ച് സ്വന്തം നിലയ്ക്ക് നീങ്ങിയ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ പ്രവേശന നടപടികള്‍ തങ്ങളുടെ പരിഗണനാവിഷയമായി മുമ്പില്‍ വന്നിരുന്നില്ല എന്നു വേണമെങ്കില്‍ കോടതിക്കുപറയാം. പക്ഷേ, പരിഗണനാവിഷയത്തില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ലല്ലോ, കോടതികളുടെ പൊതുരീതി. ടി എന്‍ എ പൈയും കര്‍ണാടക സ്റേറ്റും തമ്മിലുണ്ടായ സ്വാശ്രയ വിദ്യാഭ്യാസ വിഷയത്തിലെ കേസില്‍ കോടതിയുടെ പരിഗണനാവിഷയം എന്തായിരുന്നു? വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പങ്കും ബാധ്യതയും എന്തായിരിക്കണം എന്ന പ്രശ്നത്തില്‍ ഒരു വിശദീകരണം നല്‍കുക എന്നതുമാത്രമായിരുന്നു കോടതിയുടെ മുമ്പില്‍വന്ന പ്രശ്നം. എന്നാല്‍, കോടതി അന്ന്, അതിനപ്പുറത്തേക്ക് കടന്ന് പ്രവേശനം, ഫീസ് ഘടനാ നിര്‍ണയം എന്നീ കാര്യങ്ങളില്‍ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നിയന്ത്രണരഹിതമായ അവകാശമുണ്ടെന്ന് വിധിച്ചു. പ്രവേശന മാനദണ്ഡങ്ങളും ഫീസ് ഘടനയും നിയന്ത്രിക്കാന്‍ ഗവണ്‍മെന്റിന് അവകാശമുണ്ടെന്നായിരുന്നു മുമ്പ് കോടതി വിധിച്ചത്. ആ വിധി അസ്ഥിരപ്പെടുകയായിരുന്നു, പരിഗണനാവിഷയത്തിനപ്പുറത്തേക്ക് കടന്നുകൊണ്ടുള്ള പൈകേസ് വിധിവന്നപ്പോള്‍. ഉണ്ണിക്കൃഷ്ണന്‍ കേസിലെ വിധി അസ്ഥിരപ്പെടുത്തിയ ആ വിധിയോടെയാണ് സ്വകാര്യമാനേജ്മെന്റുകള്‍ മൂന്നുലക്ഷവും നാലുലക്ഷവുമൊക്കെയായി തന്നിഷ്ടപ്രകാരം ഫീസ് നിര്‍ണയിച്ചത്; മാനേജ്മെന്റുകള്‍ പ്രവേശനത്തിന് സ്വന്തമായ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങളാണുണ്ടാക്കിയത്.

അത്തരമൊരു പശ്ചാത്തലത്തില്‍ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസരംഗം കൊള്ളലാഭക്കമ്പോളമായി നിലനിന്ന ഒരു ഘട്ടത്തിലാണ് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭ അധികാരത്തില്‍വന്നതും ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുള്ള സ്വാശ്രയ വിദ്യാഭ്യാസ ബില്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി അവതരിപ്പിച്ചതും. മുമ്പ് ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബില്ലിനെതിരെ എന്നവണ്ണം എം എ ബേബി അവതരിപ്പിച്ച ബില്ലിനെതിരെയും എല്ലാവിധ സ്ഥാപിതതാല്‍പ്പര്യങ്ങളും ഒത്തുകൂടി. സംസ്ഥാന നിയമസഭയുടെ നിയമനിര്‍മാണാധികാരത്തെ ജുഡീഷ്യല്‍ പ്രക്രിയയിലൂടെ അട്ടിമറിക്കാനായിരുന്നു അവരുടെ ശ്രമം. ആ ബില്‍ ഒടുവില്‍ സുപ്രീംകോടതിയുടെ മുമ്പിലെവിടെയോ ഉള്ള ഫയലില്‍ കുരുങ്ങി. അതില്‍ തീര്‍പ്പുണ്ടാവുന്നതുവരെ കാത്തിരിക്കാനല്ല, മറിച്ച് സാമൂഹ്യനീതിയുടെ ഉയര്‍ന്ന മൂല്യങ്ങള്‍ മുന്‍നിര്‍ത്തി സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളുടെ പ്രവേശന ഫീസ് നിര്‍ണയ കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍തന്നെയാണ് വിദ്യാഭ്യാസ മന്ത്രിയും ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റും നിശ്ചയിച്ചത്.

എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ ഈ ഇടപെടല്‍വഴി ബഹുഭൂരിപക്ഷം സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, എന്‍ജിനിയറിങ് കോളേജുകളിലും പതിനായിരക്കണക്കിന് പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ഈഴവരാദി പിന്നോക്ക മുസ്ളിം വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കുന്ന നിലവന്നു. ശേഷിച്ചവയില്‍ മെറിറ്റ് അടിസ്ഥാനമാവുന്ന നിലയും വന്നു. ആ നിശ്ചയത്തിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകളുമായി കരാറുണ്ടാക്കുന്ന രീതി നാലുവര്‍ഷമായി തുടര്‍ന്നുപോരുന്നത്. ഇനാംദാര്‍ കേസ് വിധിയില്‍, പരസ്പരധാരണയോടെ ഗവണ്‍മെന്റിനും മാനേജ്മെന്റിനും കരാറിലേര്‍പ്പെടാം എന്ന അവസ്ഥയ്ക്ക് പഴുതുണ്ടായിരുന്നു. അത് ഫലപ്രദമായി ഉപയോഗിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് ചെയ്തത്. പാവപ്പെട്ട വിദ്യാര്‍ഥികളെക്കുറിച്ചുള്ള കരുതലായിരുന്നു അതിനുപിന്നില്‍.

ഇന്ന് മാറിനില്‍ക്കുന്ന പ്രൊഷണല്‍കോളേജ് മാനേജ്മെന്റ് അസോസിയേഷനടക്കം എല്ലാവരും സര്‍ക്കാര്‍ നിശ്ചയിച്ച 12,225 രൂപ ഫീസില്‍ അമ്പതുശതമാനം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്ന നില അന്നുണ്ടായി. പല മാനേജ്മെന്റുകളും സന്തോഷത്തോടെയല്ല ഇത് ചെയ്തത്. അതുകൊണ്ടുതന്നെ 2007 ആയപ്പോള്‍ കരാര്‍ ചോദ്യംചെയ്യപ്പെട്ടു. എന്നാല്‍, 2008ല്‍ കരാര്‍, കോടതിയുടെ പരിശോധനയെ അതിജീവിച്ചു. ആ ഘട്ടത്തിലെ കുറഞ്ഞ ഫീസായ 45,000 രൂപയാണ് അന്ന് അംഗീകരിക്കപ്പെട്ടത്. 2009 ആയപ്പോള്‍ സ്ളാബ് അടിസ്ഥാനത്തിലാവണം ഫീസ് എന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടു. മെഡിക്കല്‍കോളേജ് മാനേജ്മെന്റ് സര്‍ക്കാരിന് വിട്ടുകൊടുക്കുന്ന സീറ്റുവിഹിതത്തിലെ പത്തുശതമാനം സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക്. 14 ശതമാനം ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവര്‍ക്ക്, 26 ശതമാനം സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥയുള്ളവര്‍ക്ക്, 50 ശതമാനം ജനറല്‍ മെറിറ്റ് എന്ന നിലയ്ക്കുള്ള ഒരു ഘടന അംഗീകരിക്കപ്പെട്ടു.

സാമൂഹ്യനീതിയുടെ താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്ന ഘടനയായിരുന്നു ഇന്ന് മാറിനില്‍ക്കുന്ന നാല് മാനേജ്മെന്റുകള്‍ ഒഴികെയുള്ളവര്‍ അംഗീകരിച്ചത്. സാമൂഹ്യനീതി എന്ന തത്വം ഫീസ് ഘടനയിലും പ്രവേശനത്തിലും കൊണ്ടുവരുന്നതില്‍ അസഹിഷ്ണുതയുള്ള മാനേജ്മെന്റുകള്‍, ചില വളഞ്ഞവഴികളിലൂടെ കേസുണ്ടാക്കി; ഇതിനെയൊക്കെ അട്ടിമറിക്കാന്‍ ശ്രമിച്ചുപോന്നു. ഇതിന്റെ പശ്ചാത്തലത്തിലാവണം, പ്രവേശന പരീക്ഷ റദ്ദാക്കിയ നടപടിക്കുപിന്നിലെ ഗൂഢാലോചനയെക്കുറിച്ച് കമീഷനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന എംഇഎസിന്റെ ആവശ്യം ഉയര്‍ന്നത്. സാമൂഹ്യനീതി പ്രക്രിയയെ അട്ടിമറിക്കാനുദ്ദേശിച്ച് കേസുമായി പോകുന്നവര്‍ക്ക് ആരാണ് പിന്നീട് പ്രവേശനം കൊടുക്കുന്നത് എന്ന കാര്യം അന്വേഷിക്കണമെന്നുപോലും ആവശ്യമുയരുന്നുണ്ട്.

അതെന്തായാലും അവിടെ നില്‍ക്കട്ടെ. ഏതായാലും, ഇപ്പോള്‍ റദ്ദാക്കപ്പെട്ട പരീക്ഷകള്‍ നടത്തിയ മാനേജ്മെന്റുകള്‍ ഇനാംദാര്‍ കേസിലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍, 2008ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ എന്നിവ പാലിച്ചിട്ടില്ല എന്നും അവര്‍ നടത്തിയ പരീക്ഷയ്ക്ക് പി എ മുഹമ്മദ് കമ്മിറ്റിയുടെ മേല്‍നോട്ടം ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ചവിധത്തില്‍ മെറിറ്റിനും സാമൂഹ്യനീതിക്കും പരിഗണന നല്‍കി പ്രവേശനം നടത്താന്‍ സന്നദ്ധരായവരാണ് ഇവര്‍. എന്നാല്‍, ഈ പരിഗണനയൊന്നും നല്‍കാതെയും മുന്‍പറഞ്ഞ മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയും സര്‍ക്കാരുമായി നിസ്സഹകരിച്ച് സ്വന്തംനിലയ്ക്ക് പ്രവേശനം നടത്തിയവരുണ്ട്. അവരെ കോടതി കണ്ടതുമില്ല. അതാണ് പ്രശ്നത്തിലെ വൈരുധ്യം.

ദേശാഭിമാനി മുഖപ്രസംഗം 04082010

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെഡി.പ്രവേശനം: കോടതിവിധി പരിശോധിച്ചശേഷം നടപടി- ബേബി

വിദ്യാര്‍ഥിപ്രവേശനത്തിന് സര്‍ക്കാരുമായി കരാറില്‍ ഒപ്പിട്ട 11 സാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനപരീക്ഷ റദ്ദാക്കിയ കോടതിവിധി പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. മെഡിക്കല്‍ പ്രവേശനത്തിന്റെ മേല്‍നോട്ടം ആരോഗ്യവകുപ്പിനാണ്. ആരോഗ്യവകുപ്പുമായും ഇതേക്കുറിച്ച് ചര്‍ച്ച നടത്തും. ഉത്തരവിന്റെ പകര്‍പ്പു ലഭിച്ച് അടുത്ത ദിവസം കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മാനേജ്മെന്റുകള്‍ അറിയിച്ചു. അടുത്ത കോടതി നടപടിവരെ പ്രവേശന നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്ന് കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. സാജന്‍ പ്രസാദ് പറഞ്ഞു.

സര്‍ക്കാരുമായി കരാറുണ്ടാക്കിയ മെഡിക്കല്‍ മാനേജ്മെന്റുകളുടെ പ്രവേശനപരീക്ഷയ്ക്ക് സാധുതയില്ലെന്നും ഈ കോളേജുകളില്‍ എന്‍ട്രന്‍സ് കമീഷണര്‍ നടത്തിയ പൊതുപ്രവേശന പരീക്ഷയില്‍നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണം എന്നുമാണ് കോടതി നിര്‍ദേശം. 35 ശതമാനം സീറ്റിലാണ് മാനേജ്മെന്റ് പ്രവേശനം. 11 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 450 സീറ്റിലെ പ്രവേശനത്തെയാണ് ഈ കോടതിവിധി ബാധിക്കുന്നത്. കെഎംസിടി(കണ്ണൂര്‍, കോഴിക്കോട്), എംഇഎസ് പെരിന്തല്‍മണ്ണ, കരുണ പാലക്കാട്, എസ് എന്‍ വടക്കന്‍ പറവൂര്‍, അസീസിയ കൊല്ലം, ട്രാവന്‍കൂര്‍ കൊല്ലം, ശ്രീ ഗോകുലം വെഞ്ഞാറമൂട്, എസ്യുടി തിരുവനന്തപുരം, സോമര്‍വെല്‍ കാരക്കോണം, മലബാര്‍ കോഴിക്കോട് എന്നീ കോളേജുകളുടെ പ്രവേശനപരീക്ഷയാണ് റദ്ദാക്കിയത്. ഇപ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍, ആയുര്‍വേദം, ഡെന്റല്‍ തുടങ്ങിയ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് നടപടികള്‍ അവസാനഘട്ടത്തിലാണ്.

അലോട്ട്മെന്റ് തല്‍ക്കാലം നിര്‍ത്തും: മാനേജ്മെന്റ്

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ കോളേജുകളിലെ മെറിറ്റ് സീറ്റിലേക്ക് സര്‍ക്കാര്‍ ധാരണപ്രകാരമുള്ള അലോട്ട്മെന്റ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കുമെന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ്. കോളേജുകളിലെ ക്ളാസും പ്രവേശന നടപടികളും നിര്‍ത്തിവെയ്ക്കുമെന്നും സര്‍ക്കാരുമായി കരാറൊപ്പിട്ട പ്രൈവറ്റ് മെഡിക്കല്‍ കോളേജുകളുടെ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. സാജന്‍ പ്രസാദ്, ട്രഷറര്‍ ഉണ്ണീന്‍കുട്ടി മൌലവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിധിയുടെ പകര്‍പ്പ് കിട്ടിയശേഷം റിട്ട് ഫയല്‍ ചെയ്യണോ, സുപ്രീം കോടതിയില്‍ അപ്പീല്‍ പോകണോ എന്ന് തീരുമാനിക്കും. ഇതില്‍ വിധി വരുന്നതുവരെ പ്രവേശന നടപടിയും ക്ളാസും നിര്‍ത്തിവെയ്ക്കും. ഒരാഴ്ചയ്ക്കുള്ളില്‍ സ്റ്റേ ലഭിച്ചാല്‍ കരാര്‍ തുടരാനാകും. പ്രവേശന പരീക്ഷ കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ എല്ലാസീറ്റിലും ഉയര്‍ന്ന ഫീസ് ഈടാക്കേണ്ട സാഹചര്യമാണ്. ഇത് ഒഴിവാക്കാനാണ് അലോട്ട്മെന്റ് താല്‍ക്കാലികമായി നിര്‍ത്തുന്നത്. കരാറില്‍ നിന്നും പിന്‍വാങ്ങുകയല്ല ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന്ഭാരവാഹികള്‍ പറഞ്ഞു. പ്രവേശന പരീക്ഷയുടെ ഓരോ ഘട്ടങ്ങളിലും പി എ മുഹമ്മദ് കമ്മറ്റിയെ അറിയിച്ചിരുന്നു. മെഡിക്കല്‍ കൌണ്‍സില്‍ നിബന്ധന പ്രകാരം ജൂണ്‍ 15ന് നടത്തേണ്ടിയിരുന്ന ഫലപ്രഖ്യാപനം നീട്ടിയത് മുഹമ്മദ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട 11 സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി 04082010

4 comments:

  1. സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനം, ഫീസ്ഘടന എന്നിവയെ സംബന്ധിച്ച സമഗ്രമായ കേന്ദ്രനിയമം വേണമെന്ന ആവശ്യത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു, സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധി. സംസ്ഥാനസര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട സ്വാശ്രയ മെഡിക്കല്‍കോളേജുകളുടെ കണ്‍സോര്‍ഷ്യം നടത്തിയ പ്രവേശന പരീക്ഷയാണ് കോടതി റദ്ദാക്കിയത്. ഈ കോളേജുകളില്‍ മാനേജ്മെന്റ്ക്വോട്ടാ സീറ്റുകളിലേക്ക് നടത്തിയ പ്രവേശനമാണ് ഇതോടെ റദ്ദായിരിക്കുന്നത്. നിയമാനുസൃതവും സുതാര്യവും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന വിധത്തിലുള്ളതുമായില്ല ഈ പരീക്ഷ എന്നാണ് കോടതി നിരീക്ഷിച്ചിട്ടുള്ളത്. പതിനൊന്ന് സ്വാശ്രയ മെഡിക്കല്‍കോളേജുകളുടെ കണ്‍സോര്‍ഷ്യമാണ് മാനേജ്മെന്റ്ക്വോട്ടയിലേക്ക് പ്രവേശനപരീക്ഷ നടത്തിയത്. അതിന്റെ നടത്തിപ്പുരീതിയെ വിമര്‍ശിച്ച കോടതി ഒരു വിധ സാമൂഹ്യപ്രതിബദ്ധതയുമില്ലാതെയും സംസ്ഥാനസര്‍ക്കാരുമായി പൂര്‍ണമായും നിസ്സഹകരിച്ചും ഒരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയും മറ്റൊരുകൂട്ടം മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനത്തെ കാണാന്‍ കൂട്ടാക്കിയിട്ടുമില്ല

    ReplyDelete
  2. സര്‍ക്കാരിന് മുന്നില്‍ അവകാസങ്ങള്‍ അടിയറവു വയ്ക്കുന്നതാണ് സാമൂഹിക നീതി. സര്‍ക്കാരിന്റെ മൌന അനുവാദത്തോടെ ആണെങ്കില്‍ അഴിമതിയും നീതിയാവും.

    കോടതി വിധിയുടെ ന്യായ അന്യായങ്ങള്‍ പരിസോധിയ്ക്കുന്നതിനും തങ്ങളുടെ ഭാഗം ശക്തമായി അവതരിപിയ്കുന്നതിനും പകരം ദേശാഭിമാനിയുടെ ശ്രമം ഇന്റര്‍ ചര്‍ച് കൌനിസില്റെ കീഴിലുള്ള കോളേജുകളെ ആക്രമിയ്കുനതിനാണ്.

    അങ്ങാടിയില്‍ തോറ്റതിനു അമ്മയോട്

    ReplyDelete
  3. joju.. you said it man.. I really appreciate your effort. I have a similar topic, posted two years ago... http://mukkuvan.blogspot.com/2007/11/blog-post_22.html

    ReplyDelete