Tuesday, August 3, 2010

തൊഴില്‍ നിഷേധിക്കുന്ന നയത്തിനെതിരെ പോരാട്ടം

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ പ്രധാന അഭിലാഷമാണ് സുരക്ഷിതമായ തൊഴില്‍. അത് പ്രദാനംചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനു സാധിക്കേണ്ടതുമുണ്ട്. എന്നാല്‍, കേന്ദ്രസര്‍വീസില്‍ തൊഴിലവസരങ്ങള്‍ ഭയാനകമാംവിധം കുറയുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പൊതുമേഖലയില്‍ പത്തുലക്ഷം തസ്തികയുടെ കുറവാണ് വന്നത്. സംഘടിതമേഖലയിലെ ഏറ്റവും വലിയ തൊഴില്‍ദായക ഏജന്‍സിയായിരുന്നിട്ടും കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളില്‍ യുവജനങ്ങള്‍ക്ക് അയിത്തം കല്‍പ്പിച്ചിരിക്കുന്നു. നിയമനനിരോധനം നടപ്പാക്കിയും ഉള്ള ജീവനക്കാരെ പിരിച്ചുവിട്ടും അവശ്യസര്‍വീസുകളില്‍ വിരമിച്ചവരെ ഉയര്‍ന്ന ശമ്പളത്തില്‍ പുനര്‍നിയമിച്ചും കരാര്‍ നിയമനം നടത്തിയും ഡി ക്ളാസ് തസ്തികകള്‍ നിര്‍ത്തലാക്കിയും രാജ്യത്തെ യുവജനങ്ങളോടു കടുത്ത ദ്രോഹമാണ് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ചെയ്യുന്നത്.

ബിജെപി ഭരണകാലത്തുകൊണ്ടുവന്ന ഗീഥാകമീഷന്‍ ശുപാര്‍ശയുടെ ബലത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമനനിരോധം നടപ്പാക്കിയത്. ഇതാകട്ടെ ഉദാരവല്‍ക്കരണം തീവ്രമാക്കുന്നതിന്റെ ഭാഗമായായിരുന്നു. എതിര്‍പ്പുകളെ മറികടന്ന് സര്‍ക്കാര്‍ മേഖലയിലെ ലക്ഷക്കണക്കിനു തസ്തികകളാണ് ഇതോടെ ഇല്ലാതായത്. 18 ലക്ഷത്തോളം ആളുകള്‍ ജോലിചെയ്ത ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ റെയില്‍വേയില്‍ മാത്രം നാലുലക്ഷത്തോളം തസ്തിക എടുത്തുകളഞ്ഞു. പോസ്റ്റല്‍, ടെലികോം തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലും വ്യാപകമായി തസ്തികകള്‍ വെട്ടിക്കുറച്ചു. രാജ്യത്താകെ നാലുലക്ഷത്തോളം ചെറുകിട ഫാക്ടറി അടച്ചുപൂട്ടി. ബാങ്കിങ് മേഖലയില്‍ ബിഎസ്ആര്‍ബി എടുത്തുകളഞ്ഞശേഷം പരിമിതമായ നിയമനങ്ങള്‍മാത്രമാണ് നടന്നത്. കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇല്ലാതാക്കിയത് കാല്‍ലക്ഷത്തിലേറെ തസ്തികയാണ്. തുടക്കത്തില്‍ 1,10,000 പേര്‍ ജോലിചെയ്ത സ്ഥാനത്ത് നിലവില്‍ 76,000 പേര്‍ക്കാണ് തൊഴിലുള്ളത്. ബിഎസ്എന്‍എല്ലില്‍ ഒരുലക്ഷം തസ്തിക ഇല്ലാതാക്കാനും അത്യാവശ്യമേഖലകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആളുകളെ നിയമിക്കാനും നിര്‍ദേശിക്കുന്ന സാം പിത്രോഡ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കുന്നതോടെ രാജ്യത്ത് തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമാകും.

അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിനു യുവതീയുവാക്കള്‍ തൊഴില്‍ അന്വേഷിച്ചുനടക്കവേയാണ് റെയില്‍വേയില്‍ വിരമിച്ചവര്‍ക്ക് നിയമനം നല്‍കുന്നത്. കേരളത്തില്‍ മാത്രം രണ്ടായിരത്തിലേറെ ഒഴിവിലാണ് റെയില്‍വേ ഇത്തരത്തില്‍ വീണ്ടും നിയമനം നല്‍കുന്നത്. ഇതുസംബന്ധിച്ച റെയില്‍വേ ഉത്തരവ് ഇതിനകം വന്നുകഴിഞ്ഞു. സാധാരണ കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ വിരമിക്കല്‍ പ്രായം അറുപതാണ്. ഇവിടെയാണ് യുവജനങ്ങള്‍ക്ക് അവസരങ്ങള്‍ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് വിരമിച്ചവരെ വീണ്ടും നിയമിക്കുന്നത്. ഗാര്‍ഡ്, ലോക്കോ പൈലറ്റ്, ഗേറ്റ് കീപ്പര്‍, ട്രാക്ക് മാന്‍, കീമാന്‍, നൈറ്റ് വാച്ചര്‍, മെക്കാനിക്കല്‍ എന്‍ജിനിയര്‍ വരെയുള്ള തസ്തികയിലേക്കാണ് ഇത്തരത്തില്‍ വിരമിച്ചവരെ വീണ്ടും തിരുകിക്കയറ്റുന്നത്. ജീവനക്കാരുടെ കുറവുമൂലം റെയില്‍വേയുടെ ദൈനംദിനപ്രവര്‍ത്തനംപോലും പ്രതിസന്ധിയിലായിട്ടും യുവജനങ്ങള്‍ക്ക് അവസരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന വസ്തുതയും ഒപ്പം കാണേണ്ടതുണ്ട്. ടിക്കറ്റ് എക്സാമിനര്‍, ട്രാക്ക് മാന്‍, കൊമേര്‍ഷ്യല്‍ ക്ളര്‍ക്ക്, മെക്കാനിക്കല്‍ വിഭാഗം, സിഗ്നല്‍ വിഭാഗം, ട്രാഫിക്ക് ജീവനക്കാര്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലായി 1444 ഒഴിവ് തിരുവനന്തപുരം ഡിവിഷനില്‍ മാത്രമുണ്ട്. കേരളത്തിലാകെയെടുത്താല്‍ ഒഴിവിന്റെ എണ്ണം മൂവായിരത്തോളം വരും. റെയില്‍വേയുടെതന്നെ യാര്‍ഡ്സ്റിക്ക് മാന്‍പവര്‍ പ്ളാനിങ് പ്രകാരമുള്ളതിനേക്കാള്‍ കുറവാണ് ഈ മേഖലയില്‍ നിലവില്‍ ജീവനക്കാരുള്ളതെന്നും വ്യക്തമായതാണ്. ഇപ്രകാരം ആറായിരത്തോളംപേര്‍ കൂടി ആവശ്യമുണ്ട്. ഗ്രൂപ്പ് ഡി തസ്തികയില്‍ വ്യാപകമായ ഒഴിവുകളാണ് വേറെയും കണക്കാക്കിയിരിക്കുന്നത്. അവധിയും വിശ്രമവുമില്ലാതെ റെയില്‍വേ മേഖലയില്‍ ജോലിചെയ്യേണ്ടിവരുന്നത് അപകടത്തിനു കാരണമാകുന്നതായി ജീവനക്കാര്‍തന്നെ പരാതിയുയര്‍ത്തിയതും പ്രത്യേകം കാണേണ്ടതുണ്ട്. കടുത്ത പ്രതിഷേധത്തിനുശേഷം നിയമന നടപടി സ്വീകരിക്കാന്‍ തയ്യാറായ അസിസ്റന്റ് സ്റേഷന്‍മാസ്റര്‍, കൊമേര്‍ഷ്യല്‍ ക്ളര്‍ക്ക്, അസിസ്റന്റ് ലോക്കോ പൈലറ്റ്, ഇസിആര്‍സി തസ്തികകളിലേക്ക് നടത്തിയ പരീക്ഷയാകട്ടെ ചോദ്യപേപ്പര്‍ അഴിമതികാരണം റദ്ദുചെയ്തു.

ഒരുവശത്ത് കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയം ലക്ഷക്കണക്കിനുപേര്‍ക്ക് തൊഴില്‍ നഷ്ടമാക്കുമ്പോള്‍, മറുവശത്ത് രാജ്യത്തെ ആകെ ജനസംഖ്യയുടെ 77 ശതമാനംപേര്‍ ദിവസം 20 രൂപപോലും വരുമാനമില്ലാത്തവരാണെന്ന ഞെട്ടിക്കുന്ന വസ്തുതയും നിലനില്‍ക്കുന്നു. ഈ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുന്നതിനുപകരം, തൊഴില്‍ നിഷേധിച്ചും വിലക്കയറ്റം രൂക്ഷമാക്കുന്ന നയങ്ങള്‍ നടപ്പാക്കിയും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ രാജ്യത്തെ ഭൂരിപക്ഷത്തിന്റെയും ജീവിതം കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളിയിടുകയാണ്.

കേന്ദ്രഗവമെന്റിന്റെ നയങ്ങള്‍ക്ക് ബദലായി, കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ജനപക്ഷനയങ്ങള്‍ യുവജനസമൂഹത്തിന് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് പിഎസ്സി വഴിമാത്രം 1,31,556 പേര്‍ക്ക് ജോലി ലഭിച്ചു. പെന്‍ഷന്‍പ്രായം ഏകീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിയമന നിരോധനമാണെന്നു പ്രചരിപ്പിച്ച 2009ലാണ് 43,262 പേര്‍ക്ക് ജോലിലഭിച്ചത്. ഇത് പിഎസ്സിയുടെ ചരിത്രത്തിലെ റെക്കോഡ് നിയമനമാണ്. അടച്ചുപൂട്ടിയ പൊതുമേഖലാസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ചും നഷ്ടത്തിലായിരുന്നവ ലാഭത്തിലാക്കിയും ലാഭത്തുക കൊണ്ട് പുതുതായി പൊതുമേഖലാസ്ഥാപനങ്ങള്‍ ആരംഭിച്ചും കൂടുതല്‍പേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കാനും കേരളസര്‍ക്കാരിനു സാധിച്ചു. വിദ്യാഭ്യാസ-ആരോഗ്യ-ആഭ്യന്തരമേഖലകളിലായി ഇരുപതിനായിരത്തോളം പുതിയ തസ്തിക സൃഷ്ടിക്കാനും കഴിഞ്ഞു. എല്ലാ ജില്ലയിലും ഐടി പാര്‍ക്ക് അനുവദിക്കാനുള്ള തീരുമാനവും ആ രംഗത്ത് വലിയ വളര്‍ച്ചയ്ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കുമാണ് വഴിതുറക്കുന്നത്. എന്നാല്‍, ആഗോള-ഉദാരവല്‍ക്കരണനയങ്ങള്‍ ശക്തമായി നടപ്പാക്കുന്നത് തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകേണ്ടതും ആവശ്യമാണ്.

പൊതുമേഖലാസ്ഥാപനങ്ങളെ ശക്തിപ്പെടുത്തി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുപകരം ആഗോള-ഉദാരവല്‍ക്കരണനയങ്ങള്‍ അതിന്റെ തീവ്രഭാവത്തില്‍ നടപ്പാക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് പ്രതിസന്ധി രൂക്ഷമാക്കും. വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പരമാവധി ആശ്വാസമെത്തിക്കാന്‍ ശ്രമിക്കാതെ എണ്ണക്കമ്പനികളുടെ ലാഭത്തുകയില്‍ നേരിയ കുറവെങ്കിലും വരുന്നുണ്ടോ എന്നു പരിശോധിക്കാനും അതു വര്‍ധിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാനുമാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്.

അതുകൊണ്ടുതന്നെ തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ചൊവ്വാഴ്ച ചക്രസ്തംഭന സമരം നടത്തുന്നത്. റെയില്‍വേ മേഖലയിലുള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴില്‍ നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ സംസ്ഥാനത്ത് റെയില്‍വേ സ്റേഷനുകളിലേക്ക് യുവജനമാര്‍ച്ച് സംഘടിപ്പിക്കുകയും പകല്‍ 11 മുതല്‍ അരമണിക്കൂര്‍ ട്രെയിന്‍ ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്യും. യുവജനങ്ങളുടെ ജീവിതം തന്നെ കവര്‍ന്നെടുക്കുന്ന കേന്ദ്രനയത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ ഏവരും പങ്കാളികളാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

ടി വി രാജേഷ് ദേശാഭിമാനി 03082010

1 comment:

  1. തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ചൊവ്വാഴ്ച ചക്രസ്തംഭന സമരം നടത്തുന്നത്. റെയില്‍വേ മേഖലയിലുള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴില്‍ നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ സംസ്ഥാനത്ത് റെയില്‍വേ സ്റേഷനുകളിലേക്ക് യുവജനമാര്‍ച്ച് സംഘടിപ്പിക്കുകയും പകല്‍ 11 മുതല്‍ അരമണിക്കൂര്‍ ട്രെയിന്‍ ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്യും. യുവജനങ്ങളുടെ ജീവിതം തന്നെ കവര്‍ന്നെടുക്കുന്ന കേന്ദ്രനയത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ ഏവരും പങ്കാളികളാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

    ReplyDelete