Thursday, November 11, 2010

2ജി സ്‌പെക്ട്രം ഇടപാട്: 1.70 ലക്ഷം കോടിയുടെ നഷ്ടത്തിന് ഉത്തരവാദി രാജ

2ജി സ്‌പെക്ട്രം ഇടപാട്: 1.70 ലക്ഷം കോടിയുടെ നഷ്ടത്തിന് ഉത്തരവാദി രാജ : സി എ ജി
ന്യൂഡല്‍ഹി: രണ്ടാം തലമുറ (2 ജി) സ്‌പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ ക്രമക്കേടു നടത്തിയതിലൂടെ പൊതു ഖജനാവിന് 1.70 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയതിന് കേന്ദ്ര ടെലികോം മന്ത്രി എ രാജയാണ് ഉത്തരവാദിയെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. 2 ജി സ്‌പെക്ട്രം ഇടപാട് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സി എ ജി പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു.

പ്രധാനമന്ത്രിയുടെയും നിയമ, ധന മന്ത്രാലയങ്ങളുടെയും ഉപദേശങ്ങള്‍ മറികടന്നാണ് സ്‌പെക്ട്രം ഇടപാടില്‍ രാജ പ്രവര്‍ത്തിച്ചതെന്നും ഇത് പൊതുഖജനാവിന് വന്‍ നഷ്ടം വരുത്തിവച്ചെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. 1.70 ലക്ഷം കോടി രൂപയാണ് 2ജി ഇടപാടില്‍ രാജ്യത്തിനു നഷ്ടം സംഭവിച്ചത്. ഇതിന് ടെലികോം മന്ത്രിയാണ് ഉത്തരവാദി. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായി) ശുപാര്‍ശകള്‍ കാറ്റില്‍ പറത്തിയാണ് മന്ത്രി ലൈസന്‍സുകള്‍ അനുവദിച്ചത്. തങ്ങളുടെ ശുപാര്‍ശകള്‍ അവഗണിക്കപ്പെടുന്നത് കാഴ്ചക്കാരായി നോക്കിനിന്ന ട്രായിയും ഇക്കാര്യത്തില്‍ കുറ്റക്കാരാണെന്ന് സി എ ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2008 ജനുവരിയില്‍ രണ്ടാം തലമുറ സ്‌പെക്ട്രം അനുവദിക്കപ്പെട്ട 122 ലൈസന്‍സുകളില്‍ 85 എണ്ണത്തിലും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് സി എ ജി അന്വേഷണത്തില്‍ കണ്ടെത്തി. 12 കമ്പനികള്‍ക്കായാണ് ഇതു നല്‍കിയത്. മൂന്നു വ്യത്യസ്ത രീതികള്‍ അവലംബിച്ചാണ്, സ്‌പെക്ട്രം ഇടപാടിലൂടെ പൊതുഖജനാവിനു വന്ന നഷ്ടം സി എ ജി വിലയിരുത്തിയിട്ടുള്ളത്. എസ് ടെല്‍ ലിമിറ്റഡ് പ്രധാനമന്ത്രിക്കും ടെലികോം മന്ത്രിക്കും 2007ല്‍ നല്‍കിയ കത്തില്‍ നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങളാണ് ഇതില്‍ ഒന്നാമത്തേത്. ഇതനുസരിച്ച് 122 ലൈസന്‍സുകള്‍ക്ക് 65,725 കോടി രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ടെലികോം മന്ത്രാലയം നടത്തിയ ഇടപാടില്‍ ലഭിച്ചത് 9,013 കോടി രൂപയാണ്. എസ് ടെല്‍ വാഗ്ദാനം ചെയ്ത ഡ്യുവല്‍ ടെക്‌നോളജി നിരക്ക് 24,591 കോടിയാണ്. ഇതനുസരിച്ച് ആകെ തുക 90,316 കോടി വരും.

മൂന്നാം തലമുറ സ്‌പെക്ട്രം ലേലത്തില്‍ ലഭിച്ച തുകയുമായുള്ള താരതമ്യമാണ് സി എ ജി അവലംബിച്ച രണ്ടാമത്തെ രീതി. ഇതനുസരിച്ച് 111,511 കോടി രൂപയായിരുന്നു 2ജി ലൈസന്‍സുകള്‍ക്കു ലഭിക്കേണ്ടിയിരുന്നത്. ഡ്യുവല്‍ ടെക്‌നോളജി കണക്കിലെടുക്കുമ്പോള്‍ ഇത് 40,526 കോടി വരും. ഈ രീതിയില്‍ കണക്കുകൂട്ടുമ്പോള്‍ പൊതുഖജനാവിനു വന്ന നഷ്ടം 139,652 കോടിയാണ്. 2008ല്‍ 6.2 മെഗാ ഹെര്‍ട്‌സ് സ്‌പെക്ട്രം അനുവദിച്ചിട്ടുണ്ടെന്നത് കണക്കിലെടുക്കുമ്പോള്‍ നഷ്ടം 176,379 കോടിയാവുമെന്ന് സി എ ജി ചൂണ്ടിക്കാട്ടുന്നു. ലൈസന്‍സ് ലഭിച്ച കമ്പനികളിലേയ്ക്ക് ഒഴുകിയ വിദേശനിക്ഷേപം കണക്കിലെടുക്കുമ്പോള്‍ ഒരു രാജ്യവ്യാപക ലൈസന്‍സിന് 7442 കോടി മുതല്‍ 47,918 കോടി വരെ ലഭിക്കുമായിരുന്നു. എന്നാല്‍ രാജ ഒരു രാജ്യവ്യാപക ലൈസന്‍സിന് ഈടാക്കിയത് കേവലം 1658 കോടി രൂപയാണ്.

ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ മാനദണ്ഡമുണ്ടാക്കി ചില പ്രത്യേക കമ്പനികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് മന്ത്രി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ ചട്ടങ്ങളും ലംഘിച്ചായിരുന്നു ഇത്. സ്‌പെക്ട്രം ലേലത്തിലൂടെ നല്‍കാനും സുതാര്യമായ രീതിയില്‍ പ്രവേശന ഫീസ് പുതുക്കാനും ആവശ്യപ്പെട്ട് 2007 നവംബറില്‍ പ്രധാനമന്ത്രി രാജയ്ക്കു കത്തു നല്‍കിയിരുന്നു. പുതിയ ഓപ്പേററ്റര്‍മാര്‍ക്കു നല്‍കാനുള്ളത്ര 2 ജി സ്‌പെക്ട്രം ലഭ്യമാണെന്നും ടെലി സാന്ദ്രത വര്‍ധിക്കുന്നത് താരിഫ് കുറയ്ക്കുമെന്നുമായിരുന്നു ഇതിന് രാജയുടെ മറുവാദം. യൂണിഫൈഡ് ആക്‌സസ് സര്‍വീസ് (യു എ എസ്) നയം തയ്യാറാക്കിയതും അതിനു ഭേദഗതി വരുത്തിയതും ഒരാഴ്ചകൊണ്ടാണ്. തോന്നിയപോലെയാണ് മൊത്തം ഇടപാടും നടത്തിയിരിക്കുന്നത്. ട്രായ് ശുപാര്‍ശകളോ സര്‍ക്കാരിന്റെ മൊത്തത്തിലുള്ള തീരുമാനങ്ങളോ കണക്കിലെടുക്കാതെയാണ് ടെലികോം മന്ത്രാലയം പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നുവെന്ന് ആവര്‍ത്തിക്കുമ്പോഴും എ രാജയ്‌ക്കെതിരെ പ്രധാനമന്ത്രിയും കോണ്‍ഗ്രസും നിസ്സംഗ സമീപനം പുലര്‍ത്തുന്നതിനിടെയാണ് സി എ ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആരോപണവിധേയനായ എ രാജ തന്നെ ഇപ്പോവും ടെലികോം വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ സുപ്രിം കോടതി അടുത്തിടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ജനയുഗം 111110

2 comments:

  1. രണ്ടാം തലമുറ (2 ജി) സ്‌പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ ക്രമക്കേടു നടത്തിയതിലൂടെ പൊതു ഖജനാവിന് 1.70 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയതിന് കേന്ദ്ര ടെലികോം മന്ത്രി എ രാജയാണ് ഉത്തരവാദിയെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. 2 ജി സ്‌പെക്ട്രം ഇടപാട് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സി എ ജി പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു.

    ReplyDelete
  2. 2 ജി സ്‌പെക്ട്രം അഴിമതിയാരോപണത്തില്‍ കേന്ദ്ര ടെലികോം മന്ത്രി എ രാജയെ ന്യായീകരിച്ച് കേന്ദ്രം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. 140000 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രശ്‌നത്തെ കുറിച്ച് സി ബി ഐ അന്വേഷണം വേണ്ടെന്നും സി എ ജിക്ക് സര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്നും ടെലികോം മന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
    സി എ ജി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ടെലികോം മന്ത്രാലയം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. രാജ സ്ഥാനമൊഴിയുന്ന പ്രശ്‌നമില്ലെന്ന് ഡി എം കെ നേതൃത്വം പ്രസ്താവിച്ചു. ട്രായിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമാണ് അദ്ദേഹം 2 ജി സ്‌പെക്ട്രം അനുവദിച്ചതെന്നും ഡി എം കെ വക്താവ് ടി കെ എസ് ഇളങ്കോവന്‍ പറഞ്ഞു.

    ReplyDelete