Thursday, November 11, 2010

എന്‍ഡോസള്‍ഫാന്‍: കേന്ദ്രത്തിന്റേത് കണ്ണില്‍ പൊടിയിടല്‍

എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷം നിരോധിക്കണമെന്ന ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ ആദ്യഘട്ടം മുതല്‍ വിപരീത സമീപനമാണ് കൈക്കൊണ്ടു വരുന്നത്. ആ നിലപാടില്‍ നിന്ന് കേന്ദ്രം ഇനിയും പിന്നോട്ടില്ലെന്ന സന്ദേശമാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരുന്നത് പുനപ്പരിശോധിക്കാന്‍ കേന്ദ്രം നിയോഗിച്ച ആറംഗ വിദഗ്ധ സമിതിയിലൂടെ നല്‍കുന്നത്.

കൃഷിശാസ്ത്ര ഗവേഷണ ബ്യൂറോയുടെയും കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും മേധാവി ഡോ സി ഡി മായി അധ്യക്ഷനായുള്ള വിദഗ്ധ സമിതിയില്‍ ഡോ പി എസ് ചന്ദുര്‍ക്കര്‍, ഡോ വൈ ടി ഗജ്ബിയെ, ഡോ വൈ പി ഗുപ്ത, ഡോ പി കെ നാഗ്, ഡോ ആര്‍ എം ശുക്ല എന്നിവര്‍ അംഗങ്ങളാണ്.

എന്‍ഡോസള്‍ഫാന്‍ വിതയ്ക്കുന്ന ദുരന്തത്തിന്റെ ഭീകരത കേരളത്തിലെ കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും രാജ്യം കണ്ടറിഞ്ഞതാണ്. പാലക്കാട്, ഇടുക്കി ജില്ലകളിലും എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന മാരകരോഗങ്ങളുടെ ഇരകള്‍ സൃഷ്ടിക്കപ്പെടുന്നു. പക്ഷേ അതുകാണാന്‍ കേന്ദ്രഭരണാധികാരികള്‍ക്കു മാത്രം കണ്ണില്ല.

എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം ശക്തിപ്പെട്ടപ്പോള്‍ വിദഗ്ധസമിതിയെ നിയോഗിച്ച് വീണ്ടും പഠിക്കുന്ന പ്രഹസനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. സമിതിയുടെ അധ്യക്ഷനായ ഡോ സിഡിമായിയുടെ തന്നെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാനെ കുറിച്ച് പഠിച്ച സമിതി എന്‍ഡോസള്‍ഫാന്‍ മനുഷ്യര്‍ക്ക് ഹാനികരമായതൊന്നും സമ്മാനിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് എഴുതി ല്‍കിയിരുന്നു. അദ്ദേഹത്തെ തന്നെ വീണ്ടും വിദഗ്ധ സമിതിയുടെ തലവനാക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാനെതിരായി പൊരുതുന്നവരെയും അതിന്റെ ബലിയാടുകളായവരെയും അപഹസിക്കുകയാണ്.

എന്‍ഡോസള്‍ഫാന്‍ സൃഷ്ടിച്ച ദുരന്തഭീകരതകള്‍ അറിയാമായിരുന്നിട്ടും കേന്ദ്ര കൃഷിസഹമന്ത്രി കെ വി തോമസ് കാസര്‍കോടുവെച്ചുതന്നെ എന്‍ഡോസള്‍ഫാനെ ന്യായീകരിച്ചു. എന്‍ഡോസള്‍ഫാന്‍ മനുഷ്യര്‍ക്ക് ഹാനികരമല്ലെന്നും കാര്‍ഷിക വിളകള്‍ക്ക് ഉത്തമമാണെന്നുമാണ് തോമസ് അഭിപ്രായപ്പെട്ടത്. കേന്ദ്രകൃഷി മന്ത്രി ശരത്പവാറും ഇതേ നിലപാടുകാരനാണ്. എന്നാല്‍ അന്താരാഷ്ട്ര വേദികളില്‍ എന്‍ഡോസള്‍ഫാനെ നിരോധിക്കണമെന്ന ആവശ്യം ശക്തമാണ്. ഇന്ത്യ മാത്രമാണ് എന്‍ഡോസള്‍ഫാന് പിന്തുണയുമായി രംഗത്തുള്ളത്.

മാരകരോഗങ്ങള്‍ പടര്‍ന്നുപിടിച്ചിട്ടും വളര്‍ച്ചയില്ലാത്ത കുട്ടികള്‍ സൃഷ്ടിക്കപ്പെട്ടിട്ടും പ്രായമേറിയാലും നിലത്തിഴയുന്ന മനുഷ്യര്‍ ഉണ്ടായിട്ടും കേന്ദ്രഭരണാധികാരികള്‍ എന്‍ഡോസള്‍ഫാനു വേണ്ടി നിലകൊള്ളുന്നത് ജനാധിപത്യ വിരുദ്ധവും മനുഷ്യത്വമില്ലായ്മയുമാണ്. അമേരിക്കയുള്‍പ്പെടെ അറുപതിലേറെ രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മാരകവിഷമാണെന്ന് തിരിച്ചറിഞ്ഞ് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇന്ത്യന്‍ ഭരണാധികാരികള്‍ മാത്രം എന്‍ഡോസള്‍ഫാനെ പ്രകീര്‍ത്തിക്കുന്നത് കീടനാശിനി കമ്പനികളുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തം.
ഇപ്പോള്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന വിദഗ്ധസമിതിയിലും പ്രത്യാശവയ്‌ക്കേണ്ടതില്ല. എന്‍ഡോസള്‍ഫാന് സമ്മതി പത്രം നല്‍കിയ ആള്‍ തന്നെ വീണ്ടും വിദഗ്ധ സമിതിയെ നയിക്കുമ്പോള്‍ മറിച്ചൊന്ന് ചിന്തിക്കാന്‍ തരമില്ല. എന്‍ഡോസള്‍ഫാന്‍ മാരകവിഷമാണെന്ന് പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥനെ പോലുള്ളവരുടെ വാക്കുകളെയും കേന്ദ്രഭരണാധികാരികളും കീടനാശിനി കമ്പനിയുടെ കുഴലൂത്തുകാരും പരിഗണിക്കുന്നില്ല.

ജനയുഗം മുഖപ്രസംഗം 111110

3 comments:

  1. എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷം നിരോധിക്കണമെന്ന ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ ആദ്യഘട്ടം മുതല്‍ വിപരീത സമീപനമാണ് കൈക്കൊണ്ടു വരുന്നത്. ആ നിലപാടില്‍ നിന്ന് കേന്ദ്രം ഇനിയും പിന്നോട്ടില്ലെന്ന സന്ദേശമാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരുന്നത് പുനപ്പരിശോധിക്കാന്‍ കേന്ദ്രം നിയോഗിച്ച ആറംഗ വിദഗ്ധ സമിതിയിലൂടെ നല്‍കുന്നത്.

    ReplyDelete
  2. ഈ അമേരിക്കന്‍ ഭക്തന്മാര്‍ക്ക് എന്‍ഡോസള്‍ഫാന്‍ കാര്യത്തില്‍ അമേരിക്ക എന്ത് പഠനം നടത്തി, അവര്‍ എന്ത് ചെയ്യുമെന്ന് ഒന്ന് നോക്കരുതോ... അതിന് നമ്മന്റെ കേന്ദ്രന്മാരെ കിട്ടില്ല... കാശ് പോക്കറ്റില്‍ തടയുന്ന കാര്യത്തില്‍ മാത്രമാണല്ലോ അമേരിക്കയെ വേണ്ടത്...

    ഇവനെയൊക്കെ ചുമക്കേണ്ടി വരുന്ന ഇന്ത്യന്‍ വോട്ടര്‍മാരുടെ ഗതികേട്...

    ചിലത് എഴുതിയത് ഇവിടെ http://vyathakal.blogspot.com/2010/11/blog-post_10.html

    ReplyDelete
  3. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇനി ഏതു കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട്‌ ആണ് വരാനുള്ളത്.
    നൂറു കണക്കിനാളുകള്‍ മരിച്ചു, ആയിരക്കണക്കിനാളുകള്‍ ദുരിതവും പേറി എന്നും ജീവിക്കുന്നു . ഇതൊന്നു കാണാന്‍ ജയറാം രമേശ്‌ സാറിന് കനിവ് ഉണ്ടാകുമോ ആവോ ?
    കാന്‍സര്‍ ബാധിച്ചു ചത്ത്‌ ജീവിക്കുന്ന എത്രയോ ജനങ്ങളെ എങ്ങനെ കണ്ടില്ലെന്നു നടിക്കും ?.
    ഈ രോഗ അവസ്ഥ സഹിക്ക വയ്യാതെ ആത്മഹത്യാ ചെയ്ത പാവപ്പെട്ട തൊഴിലാളിയുടെ വീട്ടുകാരുടെ കണ്ണീര്‍ ആര് തുടയ്ക്കും ?
    ഹോര്‍മോണ്‍ തകരാറ് മൂലം ജീവിതം ഇല്ലാതെ പോയവരെ ആര് സാന്ത്വനിപ്പിക്കും ?
    മണ്ണിലും വെള്ളത്തിലും മനുഷ്യരുടേയും മൃഗങ്ങളുടെയും രക്തത്തിലും മുലപ്പാലിലും എന്‍ഡോസള്‍ഫാന്‍തന്മാത്ര അടങ്ങിയിട്ടുണ്ട് എന്ന ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ്‌ എന്‍വയോണ്‍മെന്റിന്റെ റിപ്പോര്‍ട്ട്‌ കേന്ദ്ര മന്ത്രിമാര്‍ ഇനിയും കണ്ടില്ല എന്നോ ?
    ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി ഇല്ലാതാക്കുന്ന്‍ ഈ മാരക വിഷത്തെ ക്കുറിച്ച് ഇനി എന്താണ് പഠിക്കേണ്ടത് ?
    ബുദ്ധി മാന്ദ്യവും അംഗ വൈകല്യുവും തുടര്‍ക്കഥ ആകുന്നതു തടയേണ്ട എന്നാണോ ?
    അമേരിക്കയുള്‍പ്പെടെ അറുപതിലേറെ രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ വിനാശകാരി ആയ ഈ കീട നാശിനിയാണെന്ന് തിരിച്ചറിഞ്ഞ് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട് എന്നത് എന്തിനും ഏതിനും വിദേശ രാജ്യങ്ങളെ അനുകരിക്കുന്ന കേന്ദ്ര മന്ത്രിമാര്‍ അറിയുന്നില്ലേ ? തിരോംന്തോരത്തെ ആകെ അടി മുടി മാറ്റി മറിക്കാന്‍ നടക്കുന്ന ശ്രീമാന്‍ ശശി തരൂര്‍ അവര്‍കള്‍ ഇതൊന്നും അറിഞ്ഞില്ലേ ആവോ .
    പുഴയില്‍ മീനെ പിടിക്കാന്‍ എന്‍ഡോസള്‍ഫാന്‍ കലക്കുന്നവര്‍ അറിയുന്നുണ്ടാവില്ല ഇതിന്റെ ഭീകരത .
    റബ്ബര്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ മരുന്ന് അടിച്ചവര്‍ ദുരിത ക്കയങ്ങളില്‍ ആണ് എന്നതും വിസ്മരിച്ചു കൂടാ .പ്ലാന്റെഷന്‍ കോര്‍പറേഷന്റെ റബ്ബറിന്റെ കറ വര്‍ദ്ധിക്കാനായും ഇലയില്‍ കീടം വരാതിരിക്കാനും എന്‍ഡോസള്‍ഫാന്‍ ഹെലി കോപ്ടരില്‍ വീശിയടിച്ചതിന്റെ ദുരിതം പേറുന്ന തൊഴിലാളികള്‍ ഇനി എന്താണ് ചെയ്യേണ്ടത് ?
    കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്ക് ഇതു ഒരു വാര്‍ത്തയും അല്ലാലോ . ഐ പി എല്ലും കൊച്ചി ടീമും ചെങ്ങന്നൂര്‍ ദേവി തൃപ്പുത്താകുന്നതും ചക്കുളത്ത് കാവ്‌ പൊങ്കാലയുടെ ലൈവ് ദ്രിശ്യങ്ങളും ആണല്ലോ കൊടുക്കാനായി താല്പര്യം .
    കുട്ടനാട് എന്തുകൊണ്ടാണ് കാന്‍സര്‍ ഉണ്ടാകുന്നതു എന്ന് ചിന്തിച്ചിട്ടുണ്ടോ ? വയലില്‍ കള നാശിനി ആയി തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ വെള്ളത്തില്‍ കൂടിയും നെല്ലില്‍ കൂടിയും മനുഷ്യ ശരീരത്തു തന്നെ എത്തിയത് കൊണ്ടല്ലേ ?
    കീടങ്ങളെ നശിപ്പിക്കാനായി ഉള്ള പച്ച ക്കറികളില്‍ എല്ലാം എന്‍ഡോസള്‍ഫാന്‍ തളിക്കുണ്ട് എന്നത് ഗൌരവ വിഷയമല്ലേ ?

    ജൈവ കീട നശിനിക്ക് പകരം അധിക വിളവിനായി എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് തടയേണ്ട എന്നാണോ ?
    എല്ലാം ചത്തൊടുങ്ങട്ടെ .................... ഈ ദുരിതക്കയങ്ങളില്‍ നിന്നവര്‍ രക്ഷ നേടുമല്ലോ
    അല്ലയോ തോമസ്‌ മാഷേ, ജയറാം രമേശ്‌ സാറെ ഈ ജനങ്ങളുടെ കണ്ണിരിനു നിങ്ങള്‍ ഒരിക്കല്‍ സമാധാനം പറയേണ്ടി വരും ഓര്‍ത്തോളു
    പട്ടി പെറ്റാലും ഉടന്‍ ചാനല്‍ ചര്‍ച്ചക്കായി ഇറങ്ങുന്ന ചില അഭിനവ ബുദ്ധി ജീവികളെ ഇത് വരെ കണ്ടില്ല ഉടനെ രംഗ പ്രവേശനം ചെയ്യു മായിരിക്കും അല്ലേ ?
    ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ശേല് ആണ് അല്ലെ സാറന്‍മ്മാരെ ?
    എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സമഗ്രപാക്കേജ്‌ നടപ്പാക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്‌. അത് ഉടനടി നടപ്പാകട്ടെ എന്ന് പ്രത്യാശിക്കാം
    aralipoovukal.blogspot.com

    ReplyDelete