Thursday, November 11, 2010

കഴുത്തിനു പിടിച്ച് പുറത്താക്കേണ്ടവര്‍

കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ പഴുതുകളൊന്നുമില്ല. അഴിമതിയുടെ ആഴക്കയങ്ങളില്‍ നീന്തിത്തുടിക്കുന്ന ആ പാര്‍ടിയെ രക്ഷപ്പെടുത്താനോ വെള്ളപൂശാനോ എത്ര വലിയ അഭ്യാസവും മതിയാവുകയുമില്ല. പ്രതിരോധ ഇടപാടുകളിലും ടെലികോം ഇടപാടുകളിലും കായികമേള നടത്തിപ്പിലും കോടാനുകോടികള്‍ വെട്ടിത്തിന്നവര്‍ ധീരദേശാഭിമാനികളായ കാര്‍ഗില്‍ രക്തസാക്ഷികളുടെ പേരിലും തീവെട്ടിക്കൊള്ളയാണ് നടത്തിയത് എന്ന് തിരിച്ചറിയുമ്പോള്‍ സാധാരണ ജനങ്ങള്‍ക്കുമുന്നില്‍, ഖദറിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസുകാരനെ നോക്കി കാര്‍ക്കിച്ചുതുപ്പുക എന്ന കടമ മാത്രമാണവശേഷിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അശോക് ചവാനെ മാറ്റിയതും സുരേഷ് കല്‍മാഡിയെ തൊട്ടു എന്ന് വരുത്തിയതും 'അഴിമതി ഇനിമതി' എന്ന് കോണ്‍ഗ്രസ് ചിന്തിച്ചതുകൊണ്ടല്ല. അങ്ങനെയെങ്കില്‍, രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് അസന്ദിഗ്ധമായി തെളിഞ്ഞുകഴിഞ്ഞ ടെലികോം കുംഭകോണത്തിന്റെ നായകന്‍ മന്ത്രി രാജയെ നേരത്തേ പുറത്താക്കേണ്ടിയിരുന്നു. ഇസ്രയേലി ആയുധ ഇടപാടിലെ കോഴവിവരം പുറത്തുവന്നപ്പോഴും അഴിമതി ആരോപണങ്ങള്‍ പലകുറി വന്നപ്പോഴും മൌനംപാലിച്ച പ്രതിരോധമന്ത്രി എ കെ ആന്റണി ഇപ്പോള്‍, ആദര്‍ശ് ഫ്ളാറ്റ് അഴിമതി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് പറയുന്നു. കൊല്ലാനും വളര്‍ത്താനും സിബിഐയെ ഏല്‍പ്പിക്കാം. അങ്ങനെ കൈകഴുകിയതുകൊണ്ട് ആന്റണിയുടെ ഉത്തരവാദിത്തം അവസാനിക്കുമോ? കോണ്‍ഗ്രസിന്റെ കുറ്റം ഇല്ലാതാകുമോ? മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടനാചുമതലകൂടിയുണ്ട് പ്രതിരോധമന്ത്രിസ്ഥാനത്തിനൊപ്പം ആന്റണിക്ക് എന്നത് നിസ്സാരമായ യാദൃച്ഛികതയാണോ?
കോണ്‍ഗ്രസിന് ഇനി ഏതുപാതാളത്തിലേക്കാണ് താഴാനുള്ളത്? ഒരുനിമിഷംകൂടി മൂടിവച്ചാല്‍ പാര്‍ലമെന്റിലും പുറത്തും പൊട്ടിത്തെറികള്‍ വരും എന്ന ഭയം കൊണ്ട് മാത്രമാണ് അശോക് ചവാന്റെ രാജി വാങ്ങിയതും സുരേഷ് കല്‍മാഡിക്കെതിരെ നടപടിയെടുത്തതും. പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയില്ലെങ്കില്‍ കോണ്‍ഗ്രസ് മൌനം തുടരുമായിരുന്നു. പൃഥ്വിരാജ് ചൌഹാനെയാണ് മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രിയായി അവരോധിക്കുന്നത്. അശോക് ചവാനുപുറമെ മുന്‍ മുഖ്യമന്ത്രിമാരായ വിലാസ്റാവു ദേശ്മുഖ്, സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവര്‍ക്കൊപ്പം മഹാരാഷ്ട്ര മന്ത്രിയായ നാരായ റാണെക്കും ഫ്ളാറ്റ് അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞു. അവര്‍ ഇന്നും പ്രമുഖ സ്ഥാനങ്ങളിലുണ്ട്. വിലാസ്റാവു ദേശ്മുഖും ഷിന്‍ഡെയും കേന്ദ്രമന്ത്രിമാര്‍; നാരായ റാണെ ഇപ്പോഴും മഹാരാഷ്ട്ര മന്ത്രിയായി തുടരുന്നു. പുതിയ മുഖ്യമന്ത്രിയും അഴിമതി ആരോപണങ്ങളില്‍നിന്ന് മുക്തനല്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വാരിയെറിഞ്ഞ പണത്തെക്കുറിച്ചും വിലയ്ക്കുവാങ്ങിയ വാര്‍ത്തകളെക്കുറിച്ചും രാജ്യവ്യാപകമായ ചര്‍ച്ച നടന്നതാണ്. വന്‍കിട പത്രങ്ങളുടെ പേജുകള്‍ കോടികള്‍ മുടക്കി വിലയ്ക്കെടുത്ത് സ്വന്തം അപദാനങ്ങള്‍ വാഴ്ത്തിയാണ് അശോക് ചവാനും മറ്റും വിജയം കൊയ്തത്. അമ്പരപ്പിക്കുന്ന ആ കണക്കുകള്‍ തെളിവുസഹിതം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ഒരുതട്ടില്‍നിന്ന് പ്രതികരണമുണ്ടായില്ല.

ഇതാ തെളിഞ്ഞിരിക്കുന്നു-കാര്‍ഗിലില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ കൊടുത്തു പൊരുതിയ ദേശാഭിമാനികളുടെ ആശ്രിതര്‍ക്ക് എന്നപേരില്‍ എല്ലാ നിബന്ധനകളും കാറ്റില്‍ പറത്തി അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ഫ്ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയത് കോണ്‍ഗ്രസാണ്. കാര്‍ഗില്‍ രക്തസാക്ഷികളുടെ വിധവകള്‍ക്കും ജവാന്മാര്‍ക്കുമായി നിര്‍മിച്ച ഫ്ളാറ്റ് സിവിലിയന്മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഒരു ചവാനെ കസേരയില്‍നിന്ന് മാറ്റിയതുകൊണ്ട് കോണ്‍ഗ്രസ് എങ്ങനെ രക്ഷപ്പെടും?

സുരേഷ് കല്‍മാഡി കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തപ്പെട്ടാല്‍ കോമ വെല്‍ത്ത് ഗെയിംസ് അഴിമതി ഇല്ലാതാകുമോ? നൂറ് കോടി രൂപകൊണ്ട് നിര്‍മിക്കാവുന്ന സ്റ്റേഡിയത്തിന് 900 കോടി രൂപവരെ ചെലിട്ടത് ഇനി പ്രത്യേകം തെളിയിക്കപ്പെടേണ്ടതുണ്ടോ? എന്തേ കുറ്റവാളികളെ പിടികൂടാനുള്ള അന്വേഷണം നടത്തുന്നില്ല? രാജ്യത്തെ നാണംകെടുത്തിയ പിഴവുകളുണ്ടായിട്ടും അതിന്റെ മുഖ്യ ഉത്തരവാദിയായ കല്‍മാഡിയെ എഐസിസി സമ്മേളനത്തില്‍ ആദരിച്ചിരുത്താന്‍ കോണ്‍ഗ്രസിന് ഒട്ടും ലജ്ജയുണ്ടായില്ല. വഴിപാടിനുള്ള അന്വേഷണമേ ഇപ്പോഴും നടക്കുന്നുള്ളൂ.

രണ്ടാം തലമുറ സ്പെക്ട്രം അനുവദിച്ചതുവഴി 1,76,379 കോടി രൂപ കേന്ദ്ര ഖജനാവിന് നഷ്ടമായെന്ന് സിഎജി വ്യക്തമാക്കി കഴിഞ്ഞു. ഭരണഘടനാ സ്ഥാപനംതന്നെ വന്‍ അഴിമതി ചൂണ്ടിക്കാട്ടിയിട്ടും രാജയ്ക്കെതിരെ ചെറുവിരലനക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തയ്യാറായിട്ടില്ല. രണ്ടാം യുപിഎ സര്‍ക്കാരില്‍ മൂന്നാമത്തെ കക്ഷിയായ ഡിഎംകെയുടെ പ്രതിനിധിയാണ് രാജ. അധികാരം നിലനിര്‍ത്താന്‍ രാജയുടെ പാര്‍ടിയുടെ പിന്തുണ സര്‍ക്കാരിന് വേണം. ഡിഎംകെയെ പിണക്കിയാല്‍ അധികാരം നഷ്ടപ്പെടുമെന്ന ഭയമാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്.

രണ്ടാം തലമുറ സ്പെക്ട്രം അനുവദിച്ച ഓരോ ഘട്ടത്തിലും അഴിമതി നടന്നെന്ന് സിഎജി സംശയത്തിനിടയില്ലാതെ വ്യക്തമാക്കിയതാണ്. ടെലികോംവകുപ്പും നിയമമന്ത്രാലയവും ധനമന്ത്രാലയവും നല്‍കിയ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് ആദ്യം അപേക്ഷിച്ചവര്‍ക്ക് ആദ്യം എന്ന വിചിത്ര രീതിയില്‍ ലൈസന്‍സ് നല്‍കിയത്. ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ രാജ്യത്തിനു നഷ്ടം വന്നു. ഇത്രയും വലിയ അഴിമതി നടത്തിയ മന്ത്രി രാജയ്ക്ക് ഒരു കോട്ടവുമില്ല. പ്രധാനമന്ത്രികാര്യാലയത്തിന്റെ അറിവാടെയാണ് അഴിമതി നടന്നതെന്നും വ്യക്തമായിക്കഴിഞ്ഞു. പണം എത്തിയത് ഡിഎംകെയ്ക്കുവേണ്ടി മാത്രമാകില്ല എന്ന് വ്യക്തം. രാജയെ തൊട്ടാല്‍ കരുണാനിധി പ്രതികരിക്കും. ഒരുപക്ഷെ മന്ത്രിസഭ തകരും. അറേബിയയിലെ സുഗന്ധ ദ്രവ്യങ്ങളാകെ കോരിയൊഴിച്ചാലും ഡല്‍ഹി ഭരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതിയുടെ ദുര്‍ഗന്ധം മൂടിവെക്കാനാവില്ല. ഈ നാടിനെയും ജനങ്ങളെയും വിറ്റ് ജീവിക്കുകയാണവര്‍. എല്ലാതലത്തിലും അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവര്‍ കാശുകൊടുത്ത് വോട്ടുവാങ്ങുന്നു-ആ കാശുണ്ടാക്കാന്‍ നാടിനെ വില്‍ക്കുന്നു. ആദര്‍ശവുമില്ല; അഭിമാനവുമില്ല. ഈ അപശകുനങ്ങളെ കഴുത്തിനുപിടിച്ച് രാഷ്ട്രീയത്തിന്റെ നാലതലിരുകളില്‍നിന്ന് പുറത്താക്കാനും ഇവര്‍ക്ക് മാന്യത നല്‍കാന്‍ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും ജനങ്ങള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. അഴിമതിയുടെ പ്രതിരൂപങ്ങളായ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തൊലിയുരിഞ്ഞുകാട്ടുന്ന പ്രചാരണ-പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ നാടാകെ ഉയര്‍ന്നുവരണം.

ദേശാഭിമാനി മുഖപ്രസംഗം 111110

2 comments:

  1. കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ പഴുതുകളൊന്നുമില്ല. അഴിമതിയുടെ ആഴക്കയങ്ങളില്‍ നീന്തിത്തുടിക്കുന്ന ആ പാര്‍ടിയെ രക്ഷപ്പെടുത്താനോ വെള്ളപൂശാനോ എത്ര വലിയ അഭ്യാസവും മതിയാവുകയുമില്ല. പ്രതിരോധ ഇടപാടുകളിലും ടെലികോം ഇടപാടുകളിലും കായികമേള നടത്തിപ്പിലും കോടാനുകോടികള്‍ വെട്ടിത്തിന്നവര്‍ ധീരദേശാഭിമാനികളായ കാര്‍ഗില്‍ രക്തസാക്ഷികളുടെ പേരിലും തീവെട്ടിക്കൊള്ളയാണ് നടത്തിയത് എന്ന് തിരിച്ചറിയുമ്പോള്‍ സാധാരണ ജനങ്ങള്‍ക്കുമുന്നില്‍, ഖദറിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസുകാരനെ നോക്കി കാര്‍ക്കിച്ചുതുപ്പുക എന്ന കടമ മാത്രമാണവശേഷിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അശോക് ചവാനെ മാറ്റിയതും സുരേഷ് കല്‍മാഡിയെ തൊട്ടു എന്ന് വരുത്തിയതും 'അഴിമതി ഇനിമതി' എന്ന് കോണ്‍ഗ്രസ് ചിന്തിച്ചതുകൊണ്ടല്ല. അങ്ങനെയെങ്കില്‍, രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് അസന്ദിഗ്ധമായി തെളിഞ്ഞുകഴിഞ്ഞ ടെലികോം കുംഭകോണത്തിന്റെ നായകന്‍ മന്ത്രി രാജയെ നേരത്തേ പുറത്താക്കേണ്ടിയിരുന്നു. ഇസ്രയേലി ആയുധ ഇടപാടിലെ കോഴവിവരം പുറത്തുവന്നപ്പോഴും അഴിമതി ആരോപണങ്ങള്‍ പലകുറി വന്നപ്പോഴും മൌനംപാലിച്ച പ്രതിരോധമന്ത്രി എ കെ ആന്റണി ഇപ്പോള്‍, ആദര്‍ശ് ഫ്ളാറ്റ് അഴിമതി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് പറയുന്നു. കൊല്ലാനും വളര്‍ത്താനും സിബിഐയെ ഏല്‍പ്പിക്കാം. അങ്ങനെ കൈകഴുകിയതുകൊണ്ട് ആന്റണിയുടെ ഉത്തരവാദിത്തം അവസാനിക്കുമോ? കോണ്‍ഗ്രസിന്റെ കുറ്റം ഇല്ലാതാകുമോ? മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടനാചുമതലകൂടിയുണ്ട് പ്രതിരോധമന്ത്രിസ്ഥാനത്തിനൊപ്പം ആന്റണിക്ക് എന്നത് നിസ്സാരമായ യാദൃച്ഛികതയാണോ?

    ReplyDelete
  2. ഫ്ളാറ്റ് വിവാദം മഹാരാഷ്ട്ര രാഷ്ട്രീയത്തെ വീണ്ടും ഉലയ്ക്കുന്നു. ആദര്‍ശ് സൊസൈറ്റി അഴിമതിയെത്തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ചവാന്‍ സ്ഥാനമൊഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുംമുമ്പാണ് പുതിയ ഫ്ളാറ്റ് വിവാദം തലപൊക്കുന്നത്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി ചുമതലയേറ്റ പൃഥ്വിരാജ് ചവാന്‍ മന്ത്രിസഭയിലെ ഒരംഗമാണ് പുതിയ ഫ്ളാറ്റ് വിവാദത്തില്‍ കുടുങ്ങിയത്. കിഴക്കന്‍ ബാന്ദ്രയിലെ രേണുക ഹൌസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇപ്പോള്‍ വിവാദകേന്ദ്രമായത്. ഭൂഹിതരായവര്‍ക്കുള്ള ഭവനപദ്ധതിക്കായി നീക്കിവച്ച സ്ഥലം കൈക്കലാക്കിയാണ് ഫ്ളാറ്റ് നിര്‍മിച്ചത്. ഫ്ളാറ്റുകള്‍ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമാണികളുടെയും അടുത്തബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു. വെള്ളിയാഴ്ച പൃഥ്വിരാജ് ചവാന്‍ മന്ത്രിസഭയില്‍ അംഗമായി സത്യപ്രതിജ്ഞചെയ്ത ഡി പി സാവന്താണ് രേണുക ഹൌസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രൊമോട്ടര്‍. പലപ്പോഴായി നാലേക്കര്‍ ഭൂമിയാണ് സൊസൈറ്റിക്കുവേണ്ടി നല്‍കിയത്. രണ്ടുകോടിമുതല്‍ അഞ്ചുകോടിവരെ മാര്‍ക്കറ്റ് വിലയുള്ള സ്ഥലത്താണ് 20 മുതല്‍ 30 വരെ ലക്ഷം രുപക്ക് ഉന്നതര്‍ ഫ്ളാറ്റ് കൈക്കലാക്കിയത്. മുന്‍മുഖ്യമന്ത്രി അശോക് ചവാന്റെ രണ്ടുസെക്രട്ടറിമാരും അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ ഗുലാബ്റാവു ബോയസും ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും ഇവിടെ ഫ്ളാറ്റ് കൈക്കലാക്കിയിവരില്‍പ്പെടും.(deshabhimani 211110)

    ReplyDelete