ആദര്‍ശ് ഫ്ളാറ്റ് അന്വേഷണം ഇഴയുന്നതില്‍ കോടതിക്ക് അതൃപ്തി
മുംബൈ: ആദര്‍ശ് ഫ്ളാറ്റ് അഴിമതിക്കേസില്‍ സിബിഐ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ ബോംബെ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കേസന്വേഷണം കാര്യക്ഷമമായി പൂര്‍ത്തിയാക്കാനും പ്രഥമവിവരറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാനും കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകാന്‍ സിബിഐ റീജണല്‍ ജോയിന്റ് ഡയറക്ടര്‍ക്ക് ഹൈക്കോടതി സമന്‍സ് അയച്ചു.
"രണ്ടു മാസത്തിലേറെയായി സിബിഐ ഈ വിഷയത്തില്‍ പ്രാഥമികാന്വേഷണം നടത്തുന്നുണ്ട്. നിങ്ങള്‍ എന്തുകൊണ്ടിതുവരെയും എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ തയ്യാറാകുന്നില്ല''- ജസ്റിസുമാരായ ബി എച്ച് മാര്‍ലപ്പള്ളെ, യു ഡി സാല്‍വി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സിബിഐയോട് ചോദിച്ചു. ആദര്‍ശ് കേസില്‍ സിബിഐയും സംസ്ഥാന ആന്റി കറപ്ഷന്‍ ബ്യൂറോയും അന്വേഷണം നടത്തുന്നുണ്ടെന്നും ഒരുകേസ് രണ്ട് ഏജന്‍സികള്‍ അന്വേഷണം നടത്തുന്നത് അന്വേഷണപുരോഗതിയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ സിംപ്രീത് സിങ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദംകേള്‍ക്കവേയാണ് കോടതി സിബിഐയുടെ മെല്ലെപ്പോക്കില്‍ അതൃപ്തി രേഖപ്പെടുത്തിയത്.
അതിനിടെ, ആദര്‍ശ് ഫ്ളാറ്റ് അഴിമതിയില്‍ ആരോപണവിധേയനായ വിവരാവകാശ കമീഷണര്‍ രാമാനന്ദ തിവാരിയെ നീക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വിട്ടു. വിവരാവകാശ നിയമത്തിന്റെ 17.1 വകുപ്പനുസരിച്ചുള്ള പരിശോധനയ്ക്കാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് രാജ്ഭവന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ഇതോടെ തിവാരിയെ നീക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ അഴിമതിയാരോപണ വിധേയരായ ആദര്‍ശ് ഫ്ളാറ്റ് പൊളിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടിരുന്നു.
ജുഡീഷ്യറിയിലും മൂല്യച്യുതി: സുപ്രീംകോടതി
ന്യൂഡല്‍ഹി: ജുഡീഷ്യറിയടക്കം ജനാധിപത്യത്തിന്റെ എല്ലാ സ്തംഭങ്ങളിലും മൂല്യച്യുതി സംഭവിച്ചതായി സുപ്രീംകോടതി. അടിയന്തരാവസ്ഥക്കാലത്താണ് ഏറ്റവും മോശമായ സംഭവവികാസങ്ങള്‍ക്ക് തുടക്കമായതെന്നും കോടതി നിരീക്ഷിച്ചു. മധ്യപ്രദേശില്‍ മുന്‍ ബിജെപി അധ്യക്ഷന്‍ കുശഭാവു താക്കറെയുടെ പേരിലുള്ള ട്രസ്റിന് കുറഞ്ഞ വിലയ്ക്ക് ഭൂമി നല്‍കിയെന്ന കേസില്‍ വാദംകേള്‍ക്കവെയാണ് സുപ്രീംകോടതി ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മറ്റും പദവി ദുരുപയോഗം ചെയ്യുകയാണെന്ന് ജസ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അധികാരകേന്ദ്രങ്ങളുടെ ഇത്തരം നടപടി ജനങ്ങളില്‍ തങ്ങള്‍ വിഡ്ഢികളാവുകയാണെന്ന തോന്നല്‍ സൃഷ്ടിക്കും. ഏറ്റവും മോശമായത് സംഭവിച്ചത് അടിയന്തരാവസ്ഥക്കാലത്താണ്. ഈ കോടതി തന്നെയാണ് അതിന് തുടക്കമിട്ടത്. എഴുപതുകളില്‍ അത് തുടങ്ങി. സര്‍ക്കാര്‍ ഭൂമി കുറഞ്ഞ വിലയ്ക്ക് ട്രസ്റിന് നല്‍കിയെന്നാരോപിച്ച് സര്‍ക്കാരിതര സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 25 ലക്ഷം രൂപയ്ക്ക് 20 ഏക്കര്‍ ഭൂമിയാണ് നല്‍കിയത്. സര്‍ക്കാര്‍തന്നെ 66 കോടി വിലമതിച്ച സ്ഥലമാണിതെന്നാണ് എന്‍ജിഒയുടെ വാദം. 2004 ഒക്ടോബര്‍ ആറിനാണ് ട്രസ്റിന് രൂപംനല്‍കിയതെന്നും എന്നാല്‍ അതിനും ഒരാഴ്ചമുമ്പുതന്നെ ഭൂമി അനുവദിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി തെറ്റാണെങ്കില്‍ 'ഒരു പ്രത്യേക കുടുംബത്തിന്റെ' പേരിലുള്ള ട്രസ്റുകള്‍ക്കായി രാജ്യത്ത് ഭൂമി അനുവദിച്ച നപടിയെല്ലാം റദ്ദാക്കാന്‍ സുപ്രീംകോടതി ധൈര്യം കാട്ടണമെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇക്കാര്യം ആരെങ്കിലും പരാതിയായി ഉന്നയിക്കുകയാണെങ്കില്‍ പരിശോധിക്കാമെന്നായിരുന്നു കോടതിയുടെ പ്രതികരണം. .
ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം വേണമെന്ന് അലുവാലിയ
ന്യൂഡല്‍ഹി: വിലക്കയറ്റം തടയാന്‍ ചെറുകിട വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കലാണ് ഏറ്റവും നല്ല പോംവഴിയെന്ന് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കര്‍ഷകരില്‍നിന്ന് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പ്രത്യേകിച്ചും ഉള്ളിയും പഴവര്‍ഗങ്ങളും പച്ചക്കറികളും വാങ്ങാന്‍ അനുവദിക്കണമെന്നും ഇതിനായി കാര്‍ഷിക ഉല്‍പ്പന്ന വിപണന സമിതി (എപിഎംസി) നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും അലുവാലിയ അഭിപ്രായപ്പെട്ടു.
ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം വേണമെന്ന് ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖരന്‍ കഴിഞ്ഞാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ഡിസംബര്‍ മൂന്നാംവാരം മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാര്‍ ഈ വിഷയം ചര്‍ച്ചചെയ്തിരുന്നു. പ്രണബ് മുഖര്‍ജി, എ കെ ആന്റണി, പി ചിദംബരം, ആനന്ദ് ശര്‍മ എന്നീ മന്ത്രിമാരാണ് ഈ യോഗത്തില്‍ പങ്കെടുത്തിരുന്നത്. ആവശ്യവും വിതരണവും സംബന്ധിച്ച അസന്തുലനം ഇല്ലാതാക്കാന്‍ ചെറുകിട വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം ആവശ്യമാണെന്നാണ് ഇവരുടെ വാദം. എന്നാല്‍, മന്ത്രിതല യോഗം അന്തിമതീരുമാനമെടുത്തിരുന്നില്ല. ഈ ഘട്ടത്തിലാണ് കെ എം ചന്ദ്രശേഖറും അലുവാലിയയും മറ്റും വിദേശനിക്ഷേപം അനുവദിക്കണമെന്ന വാദം ശക്തമാക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ്് ബറാക് ഒബാമ ഇന്ത്യയില്‍ വന്നപ്പോള്‍ ചെറുകിട വില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കണമെന്ന്ആവശ്യപ്പെട്ടിരുന്നു. ചെറുകിട വില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നത് വിലക്കയറ്റം രൂക്ഷമാക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഉല്‍പ്പാദകനെയും ഉപയോക്താവിനെയും ഒരേസമയം ചൂഷണംചെയ്യാന്‍ വിദേശ-സ്വദേശ കുത്തകകള്‍ക്ക് അവസരം ലഭിക്കും. ലക്ഷക്കണക്കിന് ഉല്‍പ്പാദകരില്‍നിന്ന് ഏതാനും കുത്തകകള്‍ ഉല്‍പ്പന്നം വാങ്ങുന്നത് വലിയ അപകടം ചെയ്യുമെന്നും എസ് ആര്‍ പി മുന്നറിയിപ്പ് നല്‍കി. ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാന്‍ യുപിഎ സര്‍ക്കാര്‍ നീക്കം സജീവമാക്കി. വിലക്കയറ്റം മറയാക്കിയാണ് ചെറുകിട വില്‍പ്പനമേഖല വിദേശകുത്തകകള്‍ക്ക് തുറന്നുകൊടുക്കുന്നത്. യുപിഎ നയം രൂപീകരിക്കുന്നത് കോര്‍പറേറ്റുകളാണെന്നതിന്റെ അവസാന ഉദാഹരണമാണ് ഈ നീക്കമെന്ന് സിപിഐ എം അഭിപ്രായപ്പെട്ടു.
പഴം, പച്ചക്കറി ഉല്‍പ്പാദനം കൂട്ടേണ്ടത് കൃഷിമന്ത്രാലയമല്ല: പവാര്‍
ന്യൂഡല്‍ഹി: പച്ചക്കറിയുടെയും പഴവര്‍ഗങ്ങളുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ട ചുമതല കൃഷിമന്ത്രാലയത്തിനല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍. അരി, ഗോതമ്പ്, പരിപ്പ്, പഞ്ചസാര എന്നിവയുടെ ഉല്‍പ്പാദനത്തില്‍ മാത്രമാണ് കൃഷിമന്ത്രാലയത്തിന്റെ ഉത്തരവാദിത്തമെന്നും ശരദ്പവാര്‍ പറഞ്ഞു. പച്ചക്കറി ഉല്‍പ്പാദനത്തില്‍ മന്ത്രാലയത്തിന് നേരിട്ട് ഒരു പങ്കുമില്ല. പ്രാദേശിക സാഹചര്യമനുസരിച്ച് ഏത് ഉല്‍പ്പന്നമാണ് കൃഷി ചെയ്യേണ്ടതെന്ന് നിശ്ചയിക്കുന്നതും അത് എവിടെയാണ് വില്‍ക്കേണ്ടതെന്ന് തീരുമാനിക്കുന്നതും കൃഷിക്കാര്‍ തന്നെയാണ്. സവാളയടക്കമുള്ള പച്ചക്കറികളുടെ വിലക്കയറ്റം തടയാന്‍ കാര്യക്ഷമമായ പദ്ധതികളൊന്നും കൈക്കൊള്ളാത്തതിന് കടുത്ത വിമര്‍ശനം നേരിടവെയാണ് ഈ പ്രതികരണം.
വിലക്കയറ്റം തടയേണ്ട ബാധ്യത കൃഷിമന്ത്രാലയത്തിന്റേത് മാത്രമല്ലെന്നും മന്ത്രിസഭയെടുക്കുന്ന നയപരമായ തീരുമാനങ്ങളാണ് പലപ്പോഴും വിലക്കയറ്റത്തിനു കാരണമാകുന്നതെന്നും കഴിഞ്ഞ ദിവസം ശരദ് പവാര്‍ പറഞ്ഞിരുന്നു. ഗുജറാത്തിലെ ഭാവ്നഗറില്‍നിന്നും മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നും സവാള വരാന്‍ തുടങ്ങിയതോടെയാണ് വിലയില്‍ കുറവ് വന്നു. എന്നാല്‍, ഏഷ്യയിലെ ഏറ്റവും വലിയ മൊത്തകമ്പോളമായ ഡല്‍ഹിയിലെ ആസാദ്പൂരില്‍ സവാളവില കിലോയ്ക്ക് 60 രൂപയില്‍ തുടരുകയാണ്. സവാളക്കുണ്ടായ പ്രതിസന്ധിയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് പച്ചക്കറി കൃഷിക്ക് സബ്സിഡി നല്‍കുന്ന കാര്യം ആലോചിക്കുമെന്നും പവാര്‍ അറിയിച്ചു.
ജങ്പുര പള്ളിപൊളിക്കല്‍: പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ഹൈക്കോടതി
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ ജങ്പുരയില്‍ മുസ്ളിംപള്ളി പൊളിച്ചതിനെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിന് രണ്ടുമാസത്തിനകം പരിഹാരം കാണാന്‍ സംസ്ഥാനസര്‍ക്കാരും ഡല്‍ഹി വികസന അതോറിറ്റിയും (ഡിഡിഎ) സമുദായനേതാക്കളും ശ്രമിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. പള്ളി നിന്ന സ്ഥലം മതില്‍കെട്ടി തിരിക്കാനും ന്യൂനപക്ഷവിഭാഗത്തിലെ പത്തുപേര്‍ക്ക് നിസ്കാരത്തിന് അവസരമൊരുക്കാനും കോടതി നിര്‍ദേശിച്ചു. മതില്‍ കെട്ടുകയല്ലാതെ മറ്റു നിര്‍മാണമൊന്നും തര്‍ക്കസ്ഥലത്ത് പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
ഡിഡിഎയുടെ സ്ഥലം കൈയ്യേറിയെന്നാരോപിച്ച് കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ജങ്പുരയിലെ പള്ളി പൊലീസ് പൊളിച്ചത്. ഇതിനെതിരെ വിശ്വാസികള്‍ പ്രക്ഷോഭം തുടങ്ങിയതോടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിരോധത്തിലായി. ഡല്‍ഹി ഇമാം സയ്യദ് അഹമദ് ബുഖാരിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ആയിരക്കണക്കിന് വിശ്വാസികള്‍ ജങ്പുരയില്‍ നിസ്കാരത്തിനെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സമാജ്വാദി പാര്‍ടിയും ബിഎസ്പിയും പ്രശ്നം ഏറ്റെടുത്തതോടെ ഒത്തുതീര്‍പ്പിന് മുഖ്യമന്ത്രി ഷീലാദീക്ഷിത് രംഗത്തെത്തി. ഡല്‍ഹി ഇമാം അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ പള്ളി പുനനിര്‍മിക്കാന്‍ ധാരണയായി. കേന്ദ്ര നഗരവികസനമന്ത്രി ജയ്പാല്‍ റെഡ്ഡി, ആഭ്യന്തരമന്ത്രി പി ചിദംബരം എന്നിവരും ഇക്കാര്യത്തില്‍ ഇമാമിന് ഉറപ്പുനല്‍കി. ഒത്തുതീര്‍പ്പിന് സാധ്യത തെളിഞ്ഞെങ്കിലും ജങ്പുര റസിഡന്റസ് അസോസിയേഷന്‍ ഷീലാദീക്ഷിതിനും സര്‍ക്കാരിനുമെതിരെ കോടതിയലക്ഷ്യഹര്‍ജി നല്‍കി.
രാഷ്ട്രീയ നിരീക്ഷകന്‍ ഭവാനിസെന്‍ ഗുപ്ത അന്തരിച്ചു
ന്യൂഡല്‍ഹി: പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ഭവാനിസെന്‍ ഗുപ്ത അന്തരിച്ചു. 89 വയസായിരുന്നു. ദീര്‍ഘനാളായി കിടപ്പിലായിരുന്ന സെന്‍ ഗുപ്ത ചൊവ്വാഴ്ച രാവിലെ അപ്പോളോ ആശുപത്രിയിലാണ് മരിച്ചത്. അന്താരാഷ്ട്ര രാഷ്ട്രീയ വിഷയങ്ങളിലായിരുന്നു സെന്‍ ഗുപ്തയുടെ പ്രധാന സംഭാവനകള്‍. തെക്കുകിഴക്കന്‍ ഏഷ്യ, ഇന്ത്യ- അമേരിക്ക ബന്ധം എന്നീ വിഷയങ്ങളില്‍ ശ്രദ്ധേയനായ അദ്ദേഹം പതിനഞ്ചിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, സോവിയറ്റ് യൂണിയന്‍, തെക്കനേഷ്യന്‍ മേഖലകള്‍ കേന്ദ്രീകരിച്ച വിഷയങ്ങളിലാണ് പ്രധാന കൃതികള്‍. ബംഗാളിയിലും നിരവധി കൃതികള്‍ രചിച്ച ഭവാനിസെന്‍ ഗുപ്ത ചാണക്യസെന്‍ എന്നപേരിലും അറിയപ്പെട്ടിരുന്നു. മക്കള്‍: ശിവാജിസെന്‍ ഗുപ്ത, ശ്രീസെന്‍ ഗുപ്ത.
പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കുന്നു
ന്യൂഡല്‍ഹി: കേന്ദ്ര വിജിലന്‍സ് കമീഷനും സിബിഐക്കും പിറകെ, കോമവെല്‍ത്ത് ഗെയിംസ് അഴിമതി പാര്‍ലമെന്ററി കമ്മിറ്റിയും അന്വേഷിക്കുന്നു. എന്‍ഡിഎ കണ്‍വീനര്‍ ശരത്യാദവ് അധ്യക്ഷനായ പാര്‍ലമെന്റിന്റെ നഗരവികസന കമ്മിറ്റിയാണ് ഗെയിംസ് അഴിമതി അന്വേഷിക്കുന്നത്. വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി നഗരവികസന വകുപ്പിലെയും മറ്റു ഏജന്‍സികളിലെയും ഉദ്യോഗസ്ഥരെ കമ്മിറ്റി മുമ്പാകെ വിളിപ്പിച്ച് ചോദ്യംചെയ്തു. കേന്ദ്ര നഗരവികസനമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ആര്‍ സി മിശ്ര, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കമ്മിറ്റി മുമ്പാകെ ഹാജരായി മൊഴി നല്‍കി. നിര്‍മാണവുമായി ബന്ധപ്പെട്ട വകുപ്പുകളോടും ഏജന്‍സികളോടും 20 ദിവസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശാഭിമാനി 190111
ആദര്‍ശ് ഫ്ളാറ്റ് അഴിമതിക്കേസില്‍ സിബിഐ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ ബോംബെ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കേസന്വേഷണം കാര്യക്ഷമമായി പൂര്‍ത്തിയാക്കാനും പ്രഥമവിവരറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാനും കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകാന്‍ സിബിഐ റീജണല്‍ ജോയിന്റ് ഡയറക്ടര്‍ക്ക് ഹൈക്കോടതി സമന്‍സ് അയച്ചു.
ReplyDelete