കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമായതോടെ ഉരുത്തിരിഞ്ഞ കൊച്ചി തുറമുഖത്തെ തൊഴില്‍പ്രശ്‌നങ്ങള്‍, കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ച്ചയായി യു ഡി എഫിനെ പിന്തുണച്ചിട്ടും വികസനം താഴെത്തട്ടിലേക്ക് എത്തിക്കാതെ സുരക്ഷിത മണ്ഡലം നോക്കി നാടുവിട്ട എം എല്‍ എ, കൊച്ചി വേണ്ട; സ്വന്തം തട്ടകമായ എറണാകുളംതന്നെ മതിയെന്ന് വാശിപിടിച്ചിട്ടും പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിച്ചയച്ച മറ്റൊരു എം എല്‍ എ, ഇടതുമുന്നണി സര്‍ക്കാരിന്റെ വികസനമുന്നേറ്റങ്ങളുടെ പ്രതിഫലനങ്ങള്‍ മണ്ഡലത്തിന് ലഭിച്ചതിന്റെ ആശ്വാസം, ഇങ്ങനെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്ന കൊച്ചി മണ്ഡലത്തില്‍ ഇടതുമുന്നണി സാരഥിയായി എത്തിയിരിക്കുന്നത് മണ്ഡലത്തിന് പരിചിതമുഖം.
മട്ടാഞ്ചേരി മാറി കൊച്ചിയായിത്തീര്‍ന്ന മണ്ഡലത്തിലുണ്ടായ ഘടനയില്‍ ഏറെ പ്രതീക്ഷകളര്‍പ്പിച്ച് വീണ്ടും കൊച്ചിയില്‍ അങ്കത്തിനിറങ്ങുന്നത് സി പി എം കേന്ദ്രകമ്മിറ്റിയംഗവും കൊച്ചി വികസന അതോറിറ്റിയുടെ ചെയര്‍പേഴ്‌സണുമായ എം സി ജോസഫൈനാണ്. സംഘടനാരംഗത്തും ഭരണരംഗത്തും മികവ് തെളിയിച്ച ജോസഫൈനിലൂടെ കൊച്ചിക്ക് പുതിയ വികസന കാഴ്ചപ്പാടുകളാണ് പ്രതീക്ഷിക്കുന്നത്. ജി സി ഡി എ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ കൊച്ചി നഗരത്തിന്റെ വികസനകാര്യത്തില്‍ ദീര്‍ഘദൂരകാഴ്ചപ്പാടോടെ നീങ്ങുന്ന ജോസഫൈന്‍ 13 വര്‍ഷം അങ്കമാലി നഗരസഭാ കൗണ്‍സിലറായ പരിചയംകൂടിയുണ്ട്. മൂന്നുതവണ നിയമസഭാ പോരാട്ടത്തിനിറങ്ങിയ പരിചയസമ്പത്തുള്ള ജോസഫൈനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് ഇടതുമുന്നണിയുടെ നീക്കം.
പ്രചാരണരംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞ എം സി ജോസഫൈന്റെ രണ്ടാംഘട്ട മണ്ഡല പര്യടനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പള്ളുരുത്തിയിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു ആദ്യദിന പര്യടനം. സ്വീകരണകേന്ദ്രങ്ങളിലെ ജനസാന്നിധ്യം ഇടതുമുന്നണിക്ക് കൂടുതല്‍ ആവേശം നല്‍കുകയാണ്. ഇടതുമുന്നണിയുടെ കരുത്തായ വനിതാസ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ എത്തുന്നവരില്‍ ഏറെയും സ്ത്രീകളാണെന്നതാണ് പ്രത്യേകത. മണ്ഡലത്തിലെ സാധാരണക്കാരായ ജനങ്ങളുടെ അനുഗ്രഹാശംസകള്‍ നേടിക്കൊണ്ടുള്ള മണ്ഡലപര്യടനം പ്രവര്‍ത്തകരുടെ ആവേശം വര്‍ധിപ്പിച്ചിരിക്കുകയാണ്.
വിദ്യാര്‍ഥി-യുവജന-മഹിളാപ്രസ്ഥാനങ്ങളിലൂടെ കഴിവ്‌തെളിയിച്ച എം സി ജോസഫൈന്റെ പ്രചാരണം സംസ്ഥാനത്തെ സ്ത്രീകള്‍ക്കുവേണ്ടി ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ മുന്നേറ്റങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ്. സ്ത്രീപീഡനങ്ങള്‍ക്ക് അറുതിവരുത്തി പെണ്‍വാണിഭക്കാര്‍ക്കെതിരെ ശക്തമായ നടപടികളുമായി നീങ്ങുന്ന ഇടതുമുന്നണിയുടെ പ്രചാരണത്തിനുമുന്നില്‍ യു ഡി എഫ് പ്രതിരോധമില്ലാതെ ഉഴറുകയാണ്. മുന്‍മന്ത്രിയും എറണാകുളം എം എല്‍ എയുമായ ഡൊമിനിക് പ്രസന്റേഷനാണ് യു ഡി എഫ് സ്ഥാനാര്‍ഥി. എറണാകുളം മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധിയായ ഡൊമിനിക്കിന് എറണാകുളത്തുതന്നെ വീണ്ടും ജനവിധിതേടാനായിരുന്നു താല്‍പര്യം. പക്ഷേ കോണ്‍ഗ്രസ് നേതൃത്വം അത് ചെവിക്കൊണ്ടില്ല. ഗത്യന്തരമില്ലാതെയാണ് കൊച്ചിയിലേക്കെത്തിയത്. 1996ലും 2001ലും പള്ളുരുത്തിയെ നിയമസഭയില്‍ പ്രതിനിധാനംചെയ്ത ഡൊമിനിക് പ്രസന്റേഷന്‍ 2004-ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഫിഷറീസ് മന്ത്രിയാവുകയും ചെയ്തു. പക്ഷേ 2006-ല്‍ പള്ളുരുത്തി മന്ത്രിയായ ഡൊമിനിക്കിനെ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. ഇത്തവണ പള്ളുരുത്തി മണ്ഡലം ഇല്ലാതായതോടെ പള്ളുരുത്തിയുടെ ഭാഗങ്ങള്‍ കൊച്ചി മണ്ഡലത്തിലേക്ക് ചേര്‍ക്കപ്പെടുകയും ചെയ്തു. 2006-ലെ അനുഭവംകൂടി പരിഗണിച്ചാണ് കൊച്ചി വേണ്ടെന്ന നിലപാട് ഡൊമിനിക് ആദ്യം സ്വീകരിച്ചത്. തുടര്‍ച്ചയായി മട്ടാഞ്ചേരിയെ പ്രതിനിധാനംചയ്ത എംഎല്‍എ ഇബ്രാഹിംകുഞ്ഞ് മണ്ഡലം വിട്ട് കളമശ്ശേരിയിലേക്ക് ജനവിധിതേടാന്‍േപായത് ലീഗിലും കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. എം എല്‍ എയുടെ പ്രവൃത്തിക്കെതിരെ മുസ്‌ലിംലീഗ്‌നേതാക്കള്‍ പരസ്യമായി രംഗത്തുവന്നത് യുഡിഎഫിന് തിരിച്ചടിയായി. ഇടതുമുന്നണി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി പ്രചാരണരംഗത്ത് മേല്‍കൈ നേടിയപ്പോഴും ആരായിരിക്കും സ്ഥാനാര്‍ഥിയെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍. ഡൊമിനിക്കിന്റെ സ്ഥാനാര്‍ഥിപ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസിലെ മറ്റ് ഗ്രൂപ്പുകാരും ലീഗുകാരും റിബല്‍ഭീഷണിയുയര്‍ത്തി രംഗത്തുവന്നിരുന്നു. കൗണ്‍സിലര്‍ ആന്റണി കുരിത്തറയും ലീഗ്‌നേതാവ് ആഷിക്കുമാണ് എതിര്‍പ്പുമായി രംഗത്തുവന്നത്. മണ്ഡലം വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്നും ലീഗുകാരും തീരുമാനിച്ചിരുന്നു. റിബല്‍ഭീഷണി ഒഴിവാക്കിയെങ്കിലും മണ്ഡലത്തിലെ അസ്വാരസങ്ങള്‍ ഇല്ലാതാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല.
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമായതോടെ തൊഴില്‍ നഷ്ടപ്പെട്ട തുറമുഖത്തെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മാറിനിന്ന കേന്ദ്രമന്ത്രിമാരുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നടപടിയാണ് മണ്ഡലത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സിറ്റിംഗ് എംപിയായ കേന്ദ്രമന്ത്രി കെ വി തോമസിന്റെ നിലപാടുകളും ചര്‍ച്ചാവിഷയമാണ്. ബൗണ്ടറി കനാല്‍ നവീകരണം, ഫോര്‍ട്ട്‌കൊച്ചി കടപ്പുറം സൗന്ദര്യവല്‍ക്കരണം തുടങ്ങിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിനിയോഗിക്കാതിരുന്നതും മണ്ഡലത്തിന്റെ വികസനം മുരടിപ്പിച്ചതും ചര്‍ച്ചാവിഷയമാണ്. മണ്ഡലത്തിലെ റോഡ്, ആശുപത്രി, കുടിവെള്ളം, പൊലീസ് സ്‌റ്റേഷന്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍, വികസനം, മണ്ഡലത്തിലെ മത്‌സ്യത്തൊഴിലാളിമേഖലയായ തീരദേശത്ത് നടത്തി ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം എല്‍ഡിഎഫിന് അനുകൂലസാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
മണ്ഡലത്തില്‍ സാന്നിധ്യം അറിയിക്കുന്നതിനായി ബി ജെ പി രംഗത്തിറക്കിയിരിക്കുന്നത് പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമായ കെ ശശിധരനെയാണ്. മൂന്ന് പതിറ്റാണ്ട് അധ്യാപനപരിചയമുള്ള ശശിധരനിലൂടെ വോട്ട്‌ചോര്‍ച്ച തടയാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
പഴയ മട്ടാഞ്ചേരി, പള്ളുരുത്തി മണ്ഡലഭാഗങ്ങള്‍ കൂടിച്ചേര്‍ത്താണ് പുതിയ കൊച്ചി മണ്ഡലം. കൊച്ചി കോര്‍പ്പറേഷനിലെ ഒന്നുമുതല്‍ 12വരെയും 21 മുതല്‍ 28 വരെയും ഡിവിഷനുകളും ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്താണ് കൊച്ചി. ഇടതുമുന്നണിയെ പലതവണയും ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള മണ്ഡലത്തില്‍ വീണ്ടും വിജയം ആവര്‍ത്തിക്കാനുള്ള സാഹചര്യങ്ങളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. 153215 വോട്ടര്‍മാരാണ് ഇവിടെ ഭാഗധേയം നിര്‍ണയിക്കുക.
ജലീല്‍ അരൂക്കുറ്റി janayugam 050411
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമായതോടെ ഉരുത്തിരിഞ്ഞ കൊച്ചി തുറമുഖത്തെ തൊഴില്‍പ്രശ്‌നങ്ങള്‍, കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ച്ചയായി യു ഡി എഫിനെ പിന്തുണച്ചിട്ടും വികസനം താഴെത്തട്ടിലേക്ക് എത്തിക്കാതെ സുരക്ഷിത മണ്ഡലം നോക്കി നാടുവിട്ട എം എല്‍ എ, കൊച്ചി വേണ്ട; സ്വന്തം തട്ടകമായ എറണാകുളംതന്നെ മതിയെന്ന് വാശിപിടിച്ചിട്ടും പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിച്ചയച്ച മറ്റൊരു എം എല്‍ എ, ഇടതുമുന്നണി സര്‍ക്കാരിന്റെ വികസനമുന്നേറ്റങ്ങളുടെ പ്രതിഫലനങ്ങള്‍ മണ്ഡലത്തിന് ലഭിച്ചതിന്റെ ആശ്വാസം, ഇങ്ങനെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്ന കൊച്ചി മണ്ഡലത്തില്‍ ഇടതുമുന്നണി സാരഥിയായി എത്തിയിരിക്കുന്നത് മണ്ഡലത്തിന് പരിചിതമുഖം.
ReplyDelete