അഗളി: കടന്നുകയറ്റത്തിന്റെ ദുരയില്‍ മൊട്ടക്കന്നുകളായി മാറിയ കിഴക്കന്‍ അട്ടപ്പാടി മലനിരകളില്‍ പൊടിച്ചു വരുന്ന പച്ചപ്പിലേക്ക് സൂര്യന്റെ വെളിച്ചം എത്തുന്നതേയുള്ളു. സമയം രാവിലെ ഏഴ്മണി. ഷോളയൂര്‍ പഞ്ചായത്തിലെ ശിരുവാണിയില്‍ ആദിവാസി സ്ത്രീകളും കുട്ടികളും ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നു. അവരുടെ കാഴ്ചയിലേക്ക് ചുവന്ന കൊടി പറപ്പിച്ച ജീപ്പ് ഇടതു മുന്നണി സ്ഥാനാര്‍ഥി വി ചാമുണ്ണിയെ വിജയിപ്പിക്കുക എന്ന അഭ്യര്‍ഥനയുമായി എത്തി. ജീപ്പില്‍ നിന്നിറങ്ങുന്നവരെയെല്ലാം ആകാംക്ഷയോടെ നോക്കുന്ന സ്ത്രീകള്‍ സ്ഥാനാര്‍ഥിയെ കാണാതെ തെല്ല് നിരാശയോടെ പിന്നില്‍ വേറെ വാഹനമുണ്ടോ എന്ന് കണ്ണുപായിക്കുന്നു. അപ്പോള്‍ അട്ടപ്പാടിയിലെ കാടിന്റെ മക്കളുടെ സ്വന്തം നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ഈശ്വരി രേശന്‍ ഇടതുസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ മൈക്കിലൂടെ വിശദീകരിക്കുന്നു. അത് പാതിമനസ്സോടെ കേട്ടുകൊണ്ട് സ്ഥാനാര്‍ഥിയെ കാത്ത് വോട്ടര്‍മാര്‍...
ചുവന്ന കൊടിയുമായി രണ്ടാമത്തെ ജീപ്പ് എത്തുന്നു. അതില്‍ നിന്ന് മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ഥി വി ചാമുണ്ണി ഇറങ്ങുമ്പോള്‍ കാത്തുനിന്നവര്‍ കൈകൂപ്പിത്തൊഴുതു. സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് നേരെയും കൈകൂപ്പി. ദീര്‍ഘകാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായും എല്‍ ഡി എഫ് ജില്ലാ കണ്‍വീനറായും അട്ടപ്പാടിയുടെ മുക്കിലും മൂലയിലും എത്തിയിരുന്ന അദ്ദേഹത്തെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്ന ഭാവത്തിലായിരുന്നു ശിരുവാണിയിലെ നാട്ടുകാര്‍. സ്ഥാനാര്‍ഥി സ്വീകരണവേദിക്കരികിലെത്തിയപ്പോള്‍ 65 കാരിയായ നഞ്ചിയമ്മ ആവേശത്തോടെ അടുത്തെത്തി കൈ പിടിച്ചുകൊണ്ട് പറഞ്ഞു. എമതു ഓട്ട് അരിവാളിക്ക് തേ പോടുവോ...അവറുതേ എമക്കു എല്ലാ ശലികെപു തറുകാര്...
ഇരുള വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലയിരുന്നു സ്ഥാനാര്‍ഥിയുടെ തിങ്കളാഴ്ചത്തെ പര്യടനം. ശിരുവാണിയില്‍ നിന്ന് കോഴിക്കൂടം, പെട്ടിക്കല്‍, വയലൂര്‍, ഷോളയൂര്‍, ചാവടിയൂര്‍ എന്നിവിടങ്ങളിലേക്ക്. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ കാട്ടുപാതയിലൂടെ ചാടിയും കുലുങ്ങിയും ജീപ്പുകള്‍ സ്വീകരണ സ്ഥലങ്ങളിലെത്തുമ്പോള്‍ നേരത്തേ പറഞ്ഞതിലും വൈകുന്നു. എന്നിട്ടും നൂറുകണക്കിന് തോട്ടം തൊഴിലാളികളും സ്ത്രീകളും കുട്ടികളും ഇടതുപക്ഷ സാരഥിയെ കാണാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
പതിനൊന്ന് മണിയോടെയാണ് സ്ഥാനാര്‍ഥിയും കൂട്ടരും അതിര്‍ത്തി പ്രദേശമായ മൂലഗംഗലില്‍ എത്തുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അടിസ്ഥാന വര്‍ഗത്തിനുവേണ്ടി നടത്തിയ വികസന പ്രവര്‍ത്തനത്തിന്റെ യഥാര്‍ഥ മാതൃകയാണ് മൂലഗംഗല്‍. ഊരിലെ എല്ലാവര്‍ക്കും വീട്, വൈദ്യുതി, വെള്ളം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. വെച്ചപ്പതി, വെള്ളകുളം-മൂലഗംഗല്‍ റോഡ് കാടിന്റെ മക്കളുടെ സ്വര്‍ഗതുല്യമായ നേട്ടമാണ്. ഷോളയൂര്‍-അഗളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സാമ്പാര്‍ക്കോട് പാലം യാത്രാദൂരത്തില്‍ 15 കിലോമീറ്റര്‍ കുറയ്ക്കുന്നു. ഏതാണ്ട് 13 കോടി രൂപയാണ് ഇടതുസര്‍ക്കാര്‍ മൂലഗംഗല്‍ ഊരുവികസനത്തിനുമാത്രം ചിലവഴിച്ചത്. അതിന്റെ വെളിച്ചം കണ്ണുകളില്‍ നിറഞ്ഞ സംതൃപ്തിയാക്കി മൂലഗംഗല്‍ നിവാസികള്‍ സ്ഥാനാര്‍ഥിക്ക് പിന്തുണ ഉറപ്പുനല്‍കുമ്പോള്‍ വികസനത്തിന് ചുക്കാന്‍ പിടിച്ച സിറ്റിംഗ് എം എല്‍ എ ജോസ്‌ബേബിക്കുള്ള നന്ദി പ്രകടനം കൂടിയായിരുന്നു അത്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് തെക്കേ കടമ്പാറയില്‍ പ്രചരണ വാഹനവും സ്ഥാനാര്‍ഥിയും എത്തിയത്. ജീപ്പില്‍ നിന്നിറങ്ങിയ സ്ഥാനാര്‍ഥി നേരെ ഇറങ്ങി നടന്നത് ഊരിനുള്ളിലേക്ക്. അവിടെ മരുതമൂപ്പന്‍ തന്റെ പ്രിയ സഖാവിനെ കാത്തിരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് സഹയാത്രികനായ മൂപ്പന് കാലിലെ നീര്‍ക്കെട്ട് കാരണം നടക്കാന്‍ വയ്യ. പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്. പ്രിയ സഖാവ് തന്നെ ആശ്ലേഷിച്ചപ്പോള്‍ മൂപ്പന്റെ കണ്ണുകള്‍ നിറഞ്ഞു. അവിടെ നിന്നിറങ്ങുമ്പോള്‍ മൂപ്പന്റെ ഭാര്യ പറഞ്ഞു-സഖാവേ ഒന്നിച്ചുള്ള ഫോട്ടോ വേണം...
കുലുക്കൂരും തുവ്വയിലുംകൂടി വോട്ടര്‍മാരെ കണ്ടശേഷം 2.50 ന് ആനക്കട്ടിയിലെ മലബാര്‍ ഹോട്ടലില്‍ ഭക്ഷണം. തുവ്വക്കോളനിയില്‍ ആദിവാസി സ്ത്രീകള്‍ ആരതിയുഴിഞ്ഞാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്. ഭക്ഷണം കഴിഞ്ഞ് ഒട്ടുംവിശ്രമമില്ലാതെ ആനക്കട്ടിയില്‍ നിന്നുതന്നെ ഉച്ചകഴിഞ്ഞുള്ള പര്യടനം ആരംഭിച്ചു. തമിഴ് കുടിയേറ്റ വോട്ടര്‍മാര്‍ അധികമുള്ള വട്ടലക്കി, മട്ടത്തുകാട്, കല്‍മുക്കിയൂര്‍, മേലെ കോട്ടത്തറ എന്നിവിടങ്ങളിലെ പര്യടനം തീരുമ്പോള്‍ തന്നെ അട്ടപ്പാടി മലനിരകളെ ഇരുട്ട് വിഴുങ്ങി.
ആദിവാസി കോളനിയായ കല്‍ക്കണ്ടിയൂരിലെത്തുമ്പോള്‍ 7.30. അവിടെ നിന്ന് പട്ടിമാളത്തേക്ക്. ഈ രാത്രിയിലും സ്ഥാനാര്‍ഥിയെയും ഇടതുപക്ഷ നേതാക്കളെയും കാത്ത് നൂറുകണക്കിന് ആദിവാസി സ്ത്രീകളും കുട്ടികളും... ഇത് ഇടതുമുന്നണി പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിപ്പിച്ചു. രാത്രി 8.45 ന് അവസാന സ്വീകരണ സ്ഥലമായ വെള്ളമാരിയിലെത്തിയപ്പോള്‍ അവിടുത്തെ ഊര് നിവാസികളുടെ ആവേശവും സ്ഥാനാര്‍ഥിയോട് പറയുന്നു. എമത് ഓട്ട് അരിവാള്ക്ക്‌തേ....
സുരേന്ദ്രന്‍ കുത്തനൂര്‍ janayugam 050411
കടന്നുകയറ്റത്തിന്റെ ദുരയില്‍ മൊട്ടക്കന്നുകളായി മാറിയ കിഴക്കന്‍ അട്ടപ്പാടി മലനിരകളില്‍ പൊടിച്ചു വരുന്ന പച്ചപ്പിലേക്ക് സൂര്യന്റെ വെളിച്ചം എത്തുന്നതേയുള്ളു. സമയം രാവിലെ ഏഴ്മണി. ഷോളയൂര്‍ പഞ്ചായത്തിലെ ശിരുവാണിയില്‍ ആദിവാസി സ്ത്രീകളും കുട്ടികളും ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നു. അവരുടെ കാഴ്ചയിലേക്ക് ചുവന്ന കൊടി പറപ്പിച്ച ജീപ്പ് ഇടതു മുന്നണി സ്ഥാനാര്‍ഥി വി ചാമുണ്ണിയെ വിജയിപ്പിക്കുക എന്ന അഭ്യര്‍ഥനയുമായി എത്തി. ജീപ്പില്‍ നിന്നിറങ്ങുന്നവരെയെല്ലാം ആകാംക്ഷയോടെ നോക്കുന്ന സ്ത്രീകള്‍ സ്ഥാനാര്‍ഥിയെ കാണാതെ തെല്ല് നിരാശയോടെ പിന്നില്‍ വേറെ വാഹനമുണ്ടോ എന്ന് കണ്ണുപായിക്കുന്നു. അപ്പോള്‍ അട്ടപ്പാടിയിലെ കാടിന്റെ മക്കളുടെ സ്വന്തം നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ഈശ്വരി രേശന്‍ ഇടതുസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ മൈക്കിലൂടെ വിശദീകരിക്കുന്നു. അത് പാതിമനസ്സോടെ കേട്ടുകൊണ്ട് സ്ഥാനാര്‍ഥിയെ കാത്ത് വോട്ടര്‍മാര്‍...
ReplyDelete