കോട്ടയം: പരമ്പരാഗതമായി മധ്യതിരുവിതാംകൂറിന്റെ തിരഞ്ഞെടുപ്പു പതാക വലത്തേക്കും വല്ലപ്പോഴുമൊക്കെ ഇടത്തേയ്ക്കുമാണ് ചാഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ അഞ്ചുവര്‍ഷത്തെ എല്‍ ഡി എഫ് ഭരണ നേട്ടം ഈ തിരഞ്ഞെടുപ്പില്‍ കോട്ടയത്തിന്റെ മനസ് ഇടത്തേയ്ക്ക് തന്നെ ചായ്ക്കുമെന്നുറപ്പ്. മധ്യതിരുവിതാംകൂര്‍ ഐക്യ ജനാധിപത്യമുന്നണിയുടെ ശക്തികേന്ദ്രമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും 9 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഇടതുമുന്നണിയോടുള്ള ജനങ്ങളുടെ താല്‍പര്യവും പ്രതിബദ്ധതയും വര്‍ധിച്ചുവരുകയാണ്.രണ്ട് രൂപയ്ക്ക് എല്ലാ വിഭാഗങ്ങള്‍ക്കും അരി നല്‍കാനുള്ള ഇടതുസര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനെതിരെ ശക്തമായ വികാരമാണ് മണ്ഡലങ്ങളില്‍ ഉണ്ടാകുന്നത്. ഒരു രൂപയ്ക്ക് ബി പി എല്‍കാര്‍ക്ക് അരിനല്‍കാമെന്ന കോണ്‍ഗ്രസ് 'തിരഞ്ഞെടുപ്പു തന്ത്രം' വോട്ടര്‍മാരില്‍ വിശദമാക്കികൊണ്ടാണ് എല്‍ ഡി എഫ് പ്രചാരണം.
സീറ്റുവിഭജന ചര്‍ച്ചയോടെ ആരംഭിച്ച കേരളാ കോണ്‍ഗ്രസ് കോണ്‍ഗ്രസ് തര്‍ക്കം അവസാനഘട്ട പ്രചാരണത്തിലെത്തുമ്പോള്‍ കൂടുതല്‍ മുറുകിയിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനം അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും കാണാനുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമെന്ന് കരുതുന്ന കോട്ടയത്ത് ഇരുപാര്‍ട്ടികളും തമ്മിലെ പടലപിണക്കം പ്രചാരണത്തിലും പ്രതിഫലിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന കോട്ടയം, പുതുപ്പള്ളി, വൈക്കം എന്നീ മണ്ഡലങ്ങളില്‍ കേരളാ കോണ്‍ഗ്രസുകാരും കേരളാ കോണ്‍ഗ്രസുകാര്‍ മത്സരിക്കുന്ന പാലാ, കടുത്തുരുത്തി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ എന്നിവടങ്ങളില്‍ കോണ്‍ഗ്രസുകാരും കാര്യമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നില്ല. ഇത് ഇരുപാര്‍ട്ടികളിലും പരാജയഭീതി വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇടതു മുന്നണി ഐക്യത്തോടെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബൂത്ത് തല കണ്‍വന്‍ഷനുകളും കാല്‍നടപര്യടനവും ജനസമ്പര്‍ക്ക പരിപാടികളും പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ മുതല്‍ വാഹന പ്രചാരണ പരിപാടികള്‍ക്കാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ സമയം കണ്ടെത്തുന്നത്.
പുനര്‍ നിര്‍ണയത്തിനുശേഷം ജില്ലയില്‍ ഇപ്പോള്‍ 9 മണ്ഡലങ്ങളാണ് ഉള്ളത്. ഇതില്‍ കോട്ടയം, വൈക്കം, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളാണ് കഴിഞ്ഞതവണ ഇടതുപക്ഷത്തിനൊപ്പം നിന്നത്. ഇക്കുറി ഈ മണ്ഡലങ്ങളില്‍ ഭൂരിപക്ഷത്തോടെ വിജയിക്കുന്നതിനോടൊപ്പം മറ്റു മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നേടാനാണ് ഇടതുപക്ഷ ശ്രമം. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ എല്ലാ മണ്ഡലങ്ങളും ഇടതു കോട്ടയാകുന്ന അവസ്ഥയാണ്.
കേരളാ കോണ്‍ഗ്രസിലും കോണ്‍ഗ്രസിലും സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്ന് ആരോപിച്ച് ഇരുപാര്‍ട്ടികളിലേയും യുവനേതൃത്വം രംഗത്ത് വന്നിരുന്നു. ഇത് ചില മണ്ഡലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കും കോലം കത്തിക്കലിനും യോഗം ബഹിഷ്‌കരിക്കുന്നതിലും എത്തിയിരുന്നു. അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ കോണ്‍ഗ്രസിലെയും കേരളാ കോണ്‍ഗ്രസിലെയും അന്തര്‍സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. ഇത് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നതും വോട്ടര്‍മാര്‍ക്ക് യു ഡി എഫിനോടുള്ള താല്പര്യം കുറയ്ക്കുന്നതിനുമാണ് ഇടയാക്കുന്നത്. യു ഡി എഫില്‍ കേരളാ കോണ്‍ഗ്രസ് എം ആറിടത്തും കോണ്‍ഗ്രസ് മൂന്നിടത്തും ഇടതുമുന്നണിയില്‍ സി പി എം അഞ്ചിലും സി പി ഐ രണ്ടിലും എന്‍ സി പി , കേരളാ കോണ്‍ഗ്രസ് തോമസ് വിഭാഗം ഓരോ സീറ്റിലുമാണ് മത്സരിക്കുന്നത്.
പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിക്കുന്നതിനൊപ്പം സമുദായ സമവാക്യങ്ങള്‍ ഇഴചേരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലയിലെ മണ്ഡലങ്ങളില്‍ ഇക്കുറി അവരുടെയും വോട്ടുകള്‍ ഇടതുപക്ഷത്തിന് സ്വന്തമാകും. ഇടതുപക്ഷം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാന്‍ സഭാ നേതൃത്വത്തിലെ ഉന്നതര്‍ രംഗത്ത് വന്നത് ഇതിന് ഉദാഹരണമാണ്.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യു ഡി എഫ് ഓര്‍ത്തഡോക്‌സ് സഭയെ അവഗണിച്ചെന്ന ആക്ഷേപം ശക്തമായത് യു ഡി എഫിന് കനത്ത ക്ഷീണം നല്‍കുന്നുണ്ട്.
പാലാ മണ്ഡലത്തില്‍ 12-ാം തവണയും പോരിനിറങ്ങുന്ന കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ എം മാണിയെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുന്നത് എന്‍ സി പിയുടെ മാണി സി കാപ്പനാണ്. പാലാ നഗരത്തില്‍ ചെറിയ തോതില്‍ ചില വികസന പ്രവര്‍ത്തനങ്ങളൊഴിച്ചാല്‍ മണ്ഡലത്തിലെ കോളനി പ്രദേശങ്ങള്‍ ഇപ്പോഴും വികസനം എത്തിനോക്കാത്ത അവസ്ഥയിലാണ്. ഇത് ചൂണ്ടികാട്ടിയാണ് മാണി സി കാപ്പന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ ഇക്കുറി കെ എം മാണിയെ മുട്ടുകുത്തിക്കാനാകും. പതിറ്റാണ്ടുകളായി പുതുപ്പള്ളിയില്‍ നിന്നും ജയിച്ചിട്ടും കാര്‍ഷികമേഖലയായ മണ്ഡലത്തില്‍ എടുത്തു പറയത്തക്ക ഒരു വികസനവും നടപ്പാക്കിയിട്ടില്ലെന്ന കാഴ്ചപാട് അവതരിപ്പിച്ചാണ് പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഉമ്മന്‍ചാണ്ടിക്കെതിരെ എല്‍ ഡി എഫിന്റെ സുജ സൂസന്‍ ജോര്‍ജ് മത്സര രംഗത്ത് ചുവടുറപ്പിച്ചിരിക്കുന്നത്. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ ഇക്കുറി എല്‍ ഡി എഫിന് അനുകൂലമാകും.
മിനി തുറുമുഖം ഉള്‍പ്പെടെ വന്‍ വികസന കുതിപ്പിന് തുടക്കം കുറിച്ച കോട്ടയം മണ്ഡലത്തില്‍ വീണ്ടും വിജയമുറപ്പിച്ചാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി എന്‍ വാസവന്റെ പ്രചാരണം. അക്കമിട്ട് നിരത്തുന്ന വികസന പദ്ധതികള്‍ക്ക് മുന്നില്‍ യു ഡി എഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂരിന് തോല്‍ക്കാന്‍ മാത്രമേ കഴിയു.
ചരിത്ര സ്മരണകളുറങ്ങുന്ന വൈക്കത്തിന്റെ മണ്ണില്‍ വികസന കുതിപ്പുകള്‍ സൃഷിടിച്ചതിന്റെ തുടര്‍ച്ചയ്ക്ക് വിജയംകുറിക്കാനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം എല്‍ എ യുമായ കെ അജിത്ത് യു ഡി എഫിലെ സനീഷ് കുമാറിനെ നേരിടുന്നത്. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലം എന്ന നിലയില്‍ ഇവിടെ ഇടതുപക്ഷ വിജയം സാധ്യമാണ്. മണ്ഡല പുനര്‍ നിര്‍ണയത്തില്‍ വാഴൂര്‍ മണ്ഡലം ഇല്ലാതായി കാഞ്ഞിരപ്പള്ളിയായതോടെ ഇക്കുറി ശക്തമായ മത്സരമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ വികസനത്തിന്റെ പൂര്‍ത്തീകരണവും തുടങ്ങിവെച്ച പദ്ധതികളുടെ സമ്പൂര്‍ണ നടത്തിപ്പും മുന്നോട്ട് വെച്ചാണ് കാഞ്ഞിരപ്പള്ളിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സുരേഷ് ടി നായര്‍ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. വാഴൂര്‍ മണ്ഡലമായിരുന്നപ്പോള്‍ മണ്ഡലത്തില്‍ നിന്ന് നിരവധി തവണ ജയിച്ച് കയറിട്ടും വികസനത്തില്‍ പിന്നാക്കാവസ്ഥ സൃഷ്ടിക്കുകമാത്രമാണ് യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ ജയരാജ് ചെയ്തത്. ഇക്കുറി കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അതുകൊണ്ട് തന്നെ ജയരാജ് പരാജയത്തിന്റെ കൈപ്പുനീര് കുടിക്കും. വര്‍ഷങ്ങളായി ചങ്ങനാശേരി മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടും ചങ്ങനാശേരിയുടെ വികസനം അമ്പതാണ്ട് പിന്നോട്ടടിച്ചത് ചൂണ്ടിക്കാട്ടിയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ബി ഇക്ബാല്‍ യു ഡി എഫിലെ സി എഫ് തോമസിനെതിരെ പ്രചാരണം ശക്തമാക്കുന്നത്. വികസന പിന്നാക്കാവസ്ഥ തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇക്കുറി ഇടതുപക്ഷത്തെ വിജയിപ്പിക്കും. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ പ്രമുഖ സ്ഥാനങ്ങള്‍ ഉള്ള മണ്ഡലമെന്ന നിലയില്‍ ഏറ്റുമാനൂരില്‍ ഇക്കുറി ശക്തമായ പോരാട്ടമാണ് നടക്കുന്നത്. യു ഡി എഫ് വിരുദ്ധ വികാരം തിരിച്ചറിഞ്ഞ് പ്രചാരണം നടത്തുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. കെ സുരേഷ് കുറുപ്പ് യു ഡി എഫിലെ തോമസ് ചാഴികാടനെ തോല്‍പിക്കുകതന്നെ ചെയ്യും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സ്വയം സ്ഥാനാര്‍ഥിയായി അവരോധിതനായ യു ഡി എഫിലെ പി സി ജോര്‍ജിനെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ നേരിടുന്നത് എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ തോമസാണ്. ഇക്കുറി അട്ടിമറി വിജയം ഉറപ്പിച്ചാണ് മോഹന്‍ തോമസിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്.
കടുത്തുരുത്തിയുടെ വികസന പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടിയാണ് എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സ്റ്റീഫന്‍ ജോര്‍ജ് യു ഡി എഫിലെ മോന്‍സ് ജോസഫിനെതിരെ അവസാനഘട്ട പ്രചാരണം പൂര്‍ത്തിയാക്കുന്നത്. 9 മണ്ഡലങ്ങളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ മധ്യതിരുവിതാംകൂര്‍ ഇടതുപക്ഷത്തേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
janayugom 050411
പരമ്പരാഗതമായി മധ്യതിരുവിതാംകൂറിന്റെ തിരഞ്ഞെടുപ്പു പതാക വലത്തേക്കും വല്ലപ്പോഴുമൊക്കെ ഇടത്തേയ്ക്കുമാണ് ചാഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ അഞ്ചുവര്‍ഷത്തെ എല്‍ ഡി എഫ് ഭരണ നേട്ടം ഈ തിരഞ്ഞെടുപ്പില്‍ കോട്ടയത്തിന്റെ മനസ് ഇടത്തേയ്ക്ക് തന്നെ ചായ്ക്കുമെന്നുറപ്പ്. മധ്യതിരുവിതാംകൂര്‍ ഐക്യ ജനാധിപത്യമുന്നണിയുടെ ശക്തികേന്ദ്രമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും 9 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഇടതുമുന്നണിയോടുള്ള ജനങ്ങളുടെ താല്‍പര്യവും പ്രതിബദ്ധതയും വര്‍ധിച്ചുവരുകയാണ്.രണ്ട് രൂപയ്ക്ക് എല്ലാ വിഭാഗങ്ങള്‍ക്കും അരി നല്‍കാനുള്ള ഇടതുസര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനെതിരെ ശക്തമായ വികാരമാണ് മണ്ഡലങ്ങളില്‍ ഉണ്ടാകുന്നത്. ഒരു രൂപയ്ക്ക് ബി പി എല്‍കാര്‍ക്ക് അരിനല്‍കാമെന്ന കോണ്‍ഗ്രസ് 'തിരഞ്ഞെടുപ്പു തന്ത്രം' വോട്ടര്‍മാരില്‍ വിശദമാക്കികൊണ്ടാണ് എല്‍ ഡി എഫ് പ്രചാരണം.
ReplyDeleteചാഞ്ഞ് ചാഞ്ഞ് ഒടിയാതിരുന്നാല്‍ മതിയായിരുന്നു!
ReplyDelete