Sunday, April 3, 2011

2 ജി സ്പെക്ട്രം അഴിമതി: പ്രതിക്കൂട്ടില്‍ കേന്ദ്രസര്‍ക്കാര്‍

2ജി: കുറ്റപത്രം സമര്‍പ്പിച്ചു; എ രാജ ഒന്നാം പ്രതി, റിലയന്‍സിന്റേതുള്‍പ്പെടെ ടെലികോം കമ്പനി മേധാവികളും പ്രതികള്‍

രാജ്യചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമായ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജയെ ഒന്നാം പ്രതിയാക്കി ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഉള്‍പ്പെടെ 3 സ്വകാര്യ ടെലികോം കമ്പനികളുടെ മേധാവികള്‍ കേസില്‍ പ്രതികളാണ്. ആകെ 9 പ്രതികള്‍. 80,000 പേജുള്ള കുറ്റപത്രം മുദ്രവെച്ച ഏഴ് ഇരുമ്പുപെട്ടിയിലാണ് ശനിയാഴ്ച വൈകിട്ട് പട്യാല ഹൌസിലെ പ്രത്യേകകോടതി ജഡ്ജി ഒ പി സെയ്നിക്കു മുമ്പാകെ സമര്‍പ്പിച്ചത്. കൂടുതല്‍ പ്രതികളെയും കമ്പനികളെയും ഉള്‍പ്പെടുത്തിയുള്ള ഉപകുറ്റപത്രം ഏപ്രില്‍ 25നകം സമര്‍പ്പിക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു.
റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, യുണിടെക് വയര്‍ലെസ്, സ്വാന്‍ ടെലികോം എന്നീ കമ്പനികള്‍ അനധികൃതമാര്‍ഗത്തിലൂടെ വലിയ സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. 30,984 കോടി രൂപ യാണ് സിബിഐ കണക്കാക്കിയ നഷ്ടം. പൊതുഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് സിഎജി ചൂണ്ടിക്കാട്ടിയ സ്പെക്ട്രം അഴിമതിക്കേസില്‍ 17 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. അറ്റോര്‍ണി ജനറല്‍ ഇ വഹന്‍വതി, കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയ ഉള്‍പ്പെടെ 125 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. 654 രേഖകളും കുറ്റപത്രത്തിലുണ്ട്. പ്രധാന പ്രതികളായ എ രാജ, അദ്ദേഹത്തിന്റെ സഹായി ആയിരുന്ന ആര്‍ കെ ചന്ദോളിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബഹുറ എന്നിവരെ സിബിഐ കോടതിയില്‍ ഹാജരാക്കി. സ്വാന്‍ ടെലികോം പ്രൊമോട്ടര്‍ ഷാഹിദ് ഉസ്മാന്‍ ബല്‍വ, മുംബൈ ആസ്ഥാനമായ ഡിബി റിയല്‍റ്റിയുടെ ഡയറക്ടര്‍ വിനോദ് ഗോയങ്ക, ഗുഡ്ഗാവിലെ റിയല്‍എസ്റേറ്റ് കമ്പനിയായ യുണിടെകിന്റെ മാനേജിങ് ഡയറക്ടര്‍ സഞ്ജയ് ചന്ദ്ര, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഗൌതം ദോഷി, സീനിയര്‍ വൈസ് പ്രസിഡന്റുമാരായ ഹരി നായര്‍, സുരേന്ദ്ര പിപാര എന്നിവരാണ് പ്രതിചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അഴിമതി, ഔദ്യോഗിക പദവി ദുരുപയോഗംചെയ്യല്‍ എന്നീ കുറ്റങ്ങളാണ് എ രാജയ്ക്കെതിരെ ചുമത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി, 468, 471, 420, 109 വകുപ്പുകളും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ടത്.

രാജ്യത്തെ ഞെട്ടിച്ച കുംഭകോണത്തിന്റെ പങ്കുപറ്റിയ കമ്പനികളാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, സ്വാന്‍ ടെലികോം, യുണിടെക് വയര്‍ലെസ് എന്നിവ. റിയല്‍എസ്റേറ്റ് രംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന യുണിടെകും സ്വാനും 2 ജി ലൈസന്‍സ് ചുരുങ്ങിയ തുകയ്ക്ക് കൈക്കലാക്കാന്‍ വഴിയൊരുങ്ങിയതോടെയാണ് ടെലികോംമേഖലയിലേക്ക് കടന്നതെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. കലൈഞ്ജര്‍ ടിവി, സിനിയുഗ് ഫിലിംസ്, ഗ്രീന്‍ഹൌസ് പ്രൈവറ്റ് ലിമിറ്റഡ്, കുസിഗാവ് ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ് എന്നീ കമ്പനികളുടെ ഇടപാടുകള്‍ പരിശോധിക്കുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയെ പ്രതിചേര്‍ത്തിട്ടില്ല. കനിമൊഴിയെ കേസുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യംചെയ്തിരുന്നു.

വഴിവിട്ട മാര്‍ഗത്തിലൂടെ 2 ജി സ്പെക്ട്രം സ്വന്തമാക്കിയതുവഴി ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് യുണിടെക് വയര്‍ലെസാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. യുണിടെകും സ്വാന്‍ ടെലികോമും ലൈസന്‍സ് സ്വന്തമാക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല. റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് സ്പെക്ട്രം സ്വന്തമാക്കാനുള്ള മറയായി സ്വാന്‍ ടെലികോമിനെ ഉപയോഗിക്കുകയായിരുന്നു. കുറ്റപത്രം പരിശോധിച്ച ജഡ്ജി ഒ പി സെയ്നി അറസ്റിലാകാത്ത പ്രതികള്‍ക്ക് സമന്‍സ് അയച്ചു. 2009 ഒക്ടോബര്‍ 21നാണ് ടെലികോം മന്ത്രാലയത്തിലെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും അജ്ഞാതരായ ടെലികോം കമ്പനികള്‍ക്കെതിരെയും സിബിഐ കേസ് രജിസ്റര്‍ചെയ്തത്. കേസില്‍ ഇടപെട്ട സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിച്ചതും സുപ്രീംകോടതിയാണ്.
(വിജേഷ് ചൂടല്‍)


2 ജി സ്പെക്ട്രം അഴിമതി: പ്രതിക്കൂട്ടില്‍ കേന്ദ്രസര്‍ക്കാര്‍

2ജി സ്പെക്ട്രം കുംഭകോണത്തില്‍ 17 മാസത്തെ അന്വേഷണത്തിനൊടുവില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രതിക്കൂട്ടിലാക്കപ്പെടുന്നത് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും. കേന്ദ്രസര്‍ക്കാരും കോര്‍പ്പറേറ്റുകളും തമ്മിലുള്ള അവിഹിത കൂട്ടുക്കെട്ടിലൂടെ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചതിനുള്ള തെളിവാണ് കുറ്റപത്രം. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയെയും അന്നത്തെ ടെലികോംമന്ത്രി എ രാജയെയും പരസ്യമായി ന്യായീകരിക്കുകയും രണ്ടാം യുപിഎ സര്‍ക്കാരിലും അതേ വകുപ്പുനല്‍കി ഉള്‍പ്പെടുത്തുകയുംചെയ്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദുരൂഹമായ മൌനവും ചോദ്യംചെയ്യപ്പെടുന്നു. പലപ്പോഴും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉപകരണമായി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള സിബിഐക്ക് ഇത്തവണ അതിന് കഴിഞ്ഞിട്ടില്ലെങ്കില്‍ കാരണം രാജ്യത്തെ പരമോന്നത നീതിപീഠംതന്നെയാണ്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ പലപ്പോഴും കേന്ദ്രസര്‍ക്കാരിനും സിബിഐക്കും കോടതിയുടെ രൂക്ഷമായ വിമര്‍ശം ഏറ്റുവാങ്ങേണ്ടിവന്നു. കേസിന്റെ വിചാരണയ്ക്കുവേണ്ടിയാണ് ജസ്റിസ് ഒ പി സെയ്നിയുടെ പ്രത്യേക കോടതി സുപ്രീംകോടതി രൂപീകരിച്ചത്.

2007 മെയിലാണ് ഒന്നാം യുപിഎ സര്‍ക്കാരിലെ ടെലികോംമന്ത്രിയായി ഡിഎംകെ പ്രതിനിധി എ രാജ ചുമതലയേല്‍ക്കുന്നത്. ഇതേവര്‍ഷമാണ് രാജ്യത്തിന്റെ പൊതുസമ്പത്തായ സ്പെക്ട്രത്തിന്റെ രണ്ടാംതലമുറ ടെലികോം കമ്പനികള്‍ക്ക് വിതരണംചെയ്യാന്‍ നടപടി തുടങ്ങിയത്. 46 കമ്പനിയില്‍നിന്ന് 575 അപേക്ഷയാണ് ലൈസന്‍സിനായി ലഭിച്ചത്. എന്നാല്‍, അപേക്ഷ നല്‍കാനുള്ള സമയം 2007 ഒക്ടോബര്‍ ഒന്നില്‍നിന്ന് സെപ്തംബര്‍ 25ലേക്ക് ചുരുക്കി അഴിമതിക്ക് കളമൊരുക്കി. ലേലത്തിനു പകരം ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം ലൈസന്‍സ് എന്ന രീതി പിന്തുടരാനും തീരുമാനിച്ചു. വേണ്ടപ്പെട്ട കമ്പനികളെയെല്ലാം ഇക്കാര്യം നേരത്തെ അറിയിച്ചായിരുന്നു അഴിമതി. സ്പെക്ട്രം ഇടപാടില്‍ ക്രമക്കേടിന് കളമൊരുങ്ങുന്നെന്ന് അന്നുതന്നെ പ്രധാനമന്ത്രി കാര്യാലയത്തിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജയ്ക്ക് പ്രധാനമന്ത്രി കത്തെഴുതുകയുംചെയ്തു. തുടര്‍ന്ന് ഇടപാടിന്റെ എല്ലാ ഘട്ടത്തിലും പ്രധാനമന്ത്രിയെ അറിയിച്ചിരുന്നെന്നാണ് രാജ വ്യക്തമാക്കിയത്. ഇതോടെ തനിക്ക് ഒന്നുമറിയില്ലെന്ന മന്‍മോഹന്‍സിങ്ങിന്റെ വാദം പൊളിഞ്ഞു.

2009 മെയ് നാലിന് ടെലികോം വച്ച്ഡോഗ് എന്ന സംഘടന സ്പെക്ട്രം ഇടപാടിലെ അഴിമതിയെക്കുറിച്ച് വിശദമായ പരാതി കേന്ദ്രവിജിലന്‍സ് കമീഷന് സമര്‍പ്പിച്ചു. സ്വാന്‍ ടെലികോമിന് തുച്ഛമായ തുകയ്ക്ക് ലൈസന്‍സ് കൊടുത്തെന്ന് ചൂണ്ടിക്കാട്ടി മറ്റു ചില പരാതികളും സിവിസിക്ക് ലഭിച്ചു. ഇതേത്തുടര്‍ന്നാണ് 2ജി അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐയോട് സിവിസി ആവശ്യപ്പെട്ടത്. 2009 ഒക്ടോബര്‍ 21ന് അഴിമതി നിരോധനനിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചും സിബിഐ ആദ്യ കേസ് രജിസ്റര്‍ചെയ്തു. എന്നാല്‍, ടെലികോംമന്ത്രാലയത്തിലെ 'അറിയപ്പെടാത്ത ഉദ്യോഗസ്ഥര്‍ക്കും അജ്ഞാതമായ ടെലികോം കമ്പനികള്‍'ക്കുമെതിരെയായിരുന്നു കേസ്. തൊട്ടടുത്ത ദിവസം ടെലികോം ഓഫീസ് റെയ്ഡ്ചെയ്തു. എന്നാല്‍, സിബിഐ അന്വേഷണം വേണ്ടരീതിയില്‍ പുരോഗമിച്ചില്ല. ആദായനികുതിവകുപ്പ് ചോര്‍ത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ സിബിഐ തയ്യാറായില്ല.

ഇതിനിടെ, കോടതികളില്‍നിന്ന് കേന്ദ്രസര്‍ക്കാരിനും സിബിഐക്കുമെതിരെ രൂക്ഷ വിമര്‍ശങ്ങള്‍ ഉയര്‍ന്നു. 3ജി സ്പെക്ട്രം ലേലത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതിന്റെ പല മടങ്ങ് തുക ഖജനാവിലെത്തിയത് 2ജി ഇടപാടിലെ അഴിമതിക്ക് വ്യക്തമായ തെളിവായി. രാജയും നീര റാഡിയയും തമ്മിലുള്ള ഫോസംഭാഷണം പുറത്തുവന്നതോടെ സ്ഥിതി സങ്കീര്‍ണമായി. 2ജി അഴിമതിയിലൂടെ നേട്ടമുണ്ടാക്കിയ എല്ലാ കോര്‍പറേറ്റുകളെയും അവര്‍ എത്ര വമ്പന്മാരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സുപ്രീംകോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. 'അവര്‍ കോടീശ്വരന്മാരോ ഫോര്‍ബ്സ് മാസികയുടെ പട്ടികയില്‍ ഉള്ളവരോ ആകട്ടെ. നിയമം എല്ലാവര്‍ക്കും ബാധകമാണ്'- കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും കോടതിയുടെ ഇടപെടല്‍ ഉണ്ടായി. കോടതിയുടെ വിമര്‍ശം ഭയന്ന് പലപ്പോഴും സിബിഐക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിവന്നു. മാര്‍ച്ച് 31നകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി സിബിഐയുടെ അപേക്ഷ പരിഗണിച്ച് രണ്ടുദിവസംകൂടി നീട്ടിനല്‍കുകയായിരുന്നു.


ദേശാഭിമാനി 030411

1 comment:

  1. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമായ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജയെ ഒന്നാം പ്രതിയാക്കി ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഉള്‍പ്പെടെ 3 സ്വകാര്യ ടെലികോം കമ്പനികളുടെ മേധാവികള്‍ കേസില്‍ പ്രതികളാണ്. ആകെ 9 പ്രതികള്‍. 80,000 പേജുള്ള കുറ്റപത്രം മുദ്രവെച്ച ഏഴ് ഇരുമ്പുപെട്ടിയിലാണ് ശനിയാഴ്ച വൈകിട്ട് പട്യാല ഹൌസിലെ പ്രത്യേകകോടതി ജഡ്ജി ഒ പി സെയ്നിക്കു മുമ്പാകെ സമര്‍പ്പിച്ചത്. കൂടുതല്‍ പ്രതികളെയും കമ്പനികളെയും ഉള്‍പ്പെടുത്തിയുള്ള ഉപകുറ്റപത്രം ഏപ്രില്‍ 25നകം സമര്‍പ്പിക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു.

    ReplyDelete