മുംബൈ: ആ മോഹന സ്വപ്നം സാക്ഷാത്കരിച്ചു. ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. എം എസ് ധോണിയും സംഘവും ലോകക്രിക്കറ്റിന്റെ സുവര്‍ണ സിംഹാസനത്തില്‍. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗും അന്തിമയുദ്ധത്തില്‍ ഇടറിയിട്ടും മുന്നില്‍നിന്ന് നയിച്ച നായകന്റെ മികവില്‍ കോടിസൂര്യപ്രഭയുള്ള കിനാവുകള്‍ ഇന്ത്യ യാഥാര്‍ഥ്യമാക്കി. ക്രീസിലെ ദൈവമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നൂറാം സെഞ്ചുറി കാത്തിരുന്ന കാണികള്‍ നിരാശരായെങ്കിലും എല്ലാ ദുഃഖവും മായ്ക്കുന്നതായി കിരീടവിജയം. സന്നിഗ്ധതകളുടെ ഈ കളിയില്‍ പ്രതിസന്ധികള്‍ അതിജീവിച്ച് ഇന്ത്യ വിജയത്തിലേറുകതന്നെ ചെയ്തു. സെഞ്ചുറിയേക്കാള്‍ മധുരമുള്ള 97 റണ്ണിലൂടെ ഗൗതം ഗംഭീറിന്റെയും തന്റെ പ്രതിഭയത്രയും കലാശക്കളിക്ക് കാത്തുവച്ച നായകന്‍ ധോണിയുടെയും മികവാണ് ആതിഥേയരെ വിജയതീരമണച്ചത്.
ആദ്യം ബാറ്റ്ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറിന് 274 റണ്ണെടുത്തപ്പോള്‍ ഇന്ത്യ 48.2 ഓവറില്‍ നാല്് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്ണുമായി കിരീടം ശിരസിലുറപ്പിച്ചു. ധോണിയാണ് മാന്‍ ഓഫ് ദി മാച്ച്. യുവരാജ് സിങ്ങാന് മാന്‍ ഓഫ് ദി സീരിസ്. 21 വിക്കറ്റുമായി ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളറുടെ കിരീടം പാക് നായകന്‍ അഫ്രീദിക്കൊപ്പം ഇന്ത്യയുടെ സഹീര്‍ഖാന്‍ സ്വന്തമാക്കി. ടോസ് നഷ്ടമായെങ്കിലും ശ്രീലങ്കയെ വരിഞ്ഞുമുറുക്കിയ ഇന്ത്യയുടെ ഉജ്വല ബൗളിങ്ങും ഫീല്‍ഡിങ്ങും, കീഴടങ്ങാന്‍ മനസ്സില്ലെന്നു പ്രഖ്യാപിച്ച് സെഞ്ചുറിയിലേക്ക് ബാറ്റേന്തിയ മഹേള ജയവര്‍ധനെയുടെ ഇന്നിങ്ങ്സ്, അവസാന വേളയിലെ വിസ്ഫോടനത്തില്‍ ബൗളിങ്ങിനെ നിലം പരിശാക്കിയ ലങ്കന്‍ വാലറ്റം, സെവാഗിനെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും കൂടാരം കയറ്റി മലിംഗയുടെ മാസ്മര പന്തേറ്, ഗൗതം ഗംഭീറും വിരാട് കോഹ്ലിയും ധോണിയും നടത്തിയ രക്ഷാപ്രവര്‍ത്തനം.... ഉടനീളം നാടകീയത നിറഞ്ഞ മത്സരത്തില്‍ സമ്മര്‍ദങ്ങളെ അതിജീവിച്ച് ഇന്ത്യ വിജയത്തിലേറിയപ്പോള്‍ ചരിത്ര പ്രസിദ്ധമായ വാങ്കടെ സ്റ്റേഡിയം ആവേശത്താല്‍ പൊട്ടിത്തെറിച്ചു.
ശ്രീലങ്കന്‍ ബൗളിങ്ങും ഇന്ത്യന്‍ ബാറ്റിങ്ങും തമ്മിലുള്ള അങ്കമായിരുന്നു ശനിയാഴ്ച രാവില്‍ സ്റ്റേഡിയം ദര്‍ശിച്ചത്. രണ്ടാമത് ബാറ്റുചെയ്യുന്നവരെ വെല്ലുവിളിക്കാന്‍ പോന്ന സ്കോര്‍ തികഞ്ഞ ആധികാരികതയോടെ, അതിലേറെ ധീരതയോടെ എത്തിപ്പിടിച്ച ഇന്ത്യയുടെ പ്രകടനം ലോകജേതാക്കളുടേതായിരുന്നു. ഭൂമുഖത്തെ ഏറ്റവും മികച്ച താരങ്ങളായ സച്ചിനെയും സെവാഗിനെയും തുടക്കത്തിലേ നഷ്ടമായിട്ടും പതറാതെ പൊരുതിയ ബാറ്റിങ്ങ്നിരയുടെ അടിയുറപ്പും ആഴവും വ്യക്തമാക്കുന്നതാണ് ഈ വിജയം. ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്ന ആദ്യ മലയാളിയെന്ന നേട്ടം ശ്രീശാന്തിന് സ്വന്തമായെങ്കിലും നിരാശപ്പെടുത്തുന്നതായി ആ ബൗളിങ്. മൂന്ന് പേസര്‍മാരെ പരീക്ഷിക്കാനുള്ള ടീം മാനേജ്മെന്റിന്റെ തീരുമാനമാണ് ശ്രീക്ക് അനുഗ്രഹമായത്. പരിക്കേറ്റ നെഹ്റക്ക് പകരം ശ്രീ ടീമിലെത്തി.
ബ്രിട്ടീഷ് ജ്വല്ലറി നിര്‍മാതാക്കളായ ഗരാഡ് ആന്‍ഡ് കമ്പനി രൂപകല്‍പ്പന ചെയ്ത് സ്വര്‍ണവും വെള്ളിയും ചേര്‍ത്ത് നിര്‍മിച്ച ഐസിസി കപ്പ് മഹേന്ദ്രസിങ് ധോണി ഏറ്റുവാങ്ങിയപ്പോള്‍ 28 വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് അന്ത്യമായത്. 1983ല്‍ ലോഡ്സില്‍ "കപിലിന്റെ സാത്താന്മാര്‍"" പ്രുഡന്‍ഷ്യല്‍ കപ്പ് നേടിയശേഷം ഏകദിന ക്രിക്കറ്റിലെ ലോകാധിപത്യം ഇന്ത്യക്ക് കിട്ടാക്കനിയായിരുന്നു.
ദേശാഭിമാനി 030411
ആ മോഹന സ്വപ്നം സാക്ഷാത്കരിച്ചു. ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. എം എസ് ധോണിയും സംഘവും ലോകക്രിക്കറ്റിന്റെ സുവര്‍ണ സിംഹാസനത്തില്‍. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗും അന്തിമയുദ്ധത്തില്‍ ഇടറിയിട്ടും മുന്നില്‍നിന്ന് നയിച്ച നായകന്റെ മികവില്‍ കോടിസൂര്യപ്രഭയുള്ള കിനാവുകള്‍ ഇന്ത്യ യാഥാര്‍ഥ്യമാക്കി. ക്രീസിലെ ദൈവമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നൂറാം സെഞ്ചുറി കാത്തിരുന്ന കാണികള്‍ നിരാശരായെങ്കിലും എല്ലാ ദുഃഖവും മായ്ക്കുന്നതായി കിരീടവിജയം. സന്നിഗ്ധതകളുടെ ഈ കളിയില്‍ പ്രതിസന്ധികള്‍ അതിജീവിച്ച് ഇന്ത്യ വിജയത്തിലേറുകതന്നെ ചെയ്തു. സെഞ്ചുറിയേക്കാള്‍ മധുരമുള്ള 97 റണ്ണിലൂടെ ഗൗതം ഗംഭീറിന്റെയും തന്റെ പ്രതിഭയത്രയും കലാശക്കളിക്ക് കാത്തുവച്ച നായകന്‍ ധോണിയുടെയും മികവാണ് ആതിഥേയരെ വിജയതീരമണച്ചത്.
ReplyDelete