Wednesday, April 13, 2011

കേന്ദ്ര നയം: രാസവളത്തിന് 400 ശതമാനം വില കൂടും

 രാസവളങ്ങളുടെ വില നിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കര്‍ഷകരെ വീണ്ടും ആത്മഹത്യയിലേക്കു നയിക്കുന്നു. നിര്‍മ്മാതാക്കള്‍ക്ക് തോന്നിയ പോലെ വില ഈടാക്കാനുളള സ്വാതന്ത്ര്യം നല്‍കുക വഴി വളങ്ങളുടെ വില 400 ശതമാനം വരെ വര്‍ധിക്കും. ഇതുവഴി കര്‍ഷകര്‍ക്ക് ഒരേക്കറിന് ഉല്‍പാദനച്ചെലവ് ശരാശരി 3,700 രൂപ അധികമാകും.

രാസവളങ്ങളുടെ വില ഉത്പാദനച്ചെലവുമായി ബന്ധപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന പതിവ് മാറ്റി കര്‍ഷകര്‍ക്ക് നേരിട്ട് സബ്‌സിഡി നല്‍കാനും വില  ഉത്പാദകര്‍ക്ക് തീരുമാനിക്കാനുമുളള ബജറ്റ് നിര്‍ദ്ദേശമാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായത്. സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാസവളം വിതരണത്തിനായി കമ്പനികളുമായി ബന്ധപ്പെട്ടപ്പോഴാണ് പുതുക്കിയ നിയമപ്രകാരമേ വളം അനുവദിക്കാനാകൂ എന്ന് കമ്പനികള്‍ അറിയിച്ചത്. ഇതോടെ വളം സ്റ്റോക്ക് എടുക്കാനാകാതെ സഹകരണസംഘങ്ങളും ആശങ്കയിലാണ്. നിലവില്‍ ഫാക്ടിന്റെ യൂറിയ ടണ്ണിന് 5,540 രൂപയാണ് വില. പുതിയ രീതിയനുസരിച്ച് ഇതിന് 17,540 രൂപ വരും. ഫാക്ടംഫോസിന് 8,420 രൂപക്ക് പകരം 20,755 രൂപ നല്‍കണം. 3,687 രൂപക്ക് ലഭിച്ചിരുന്ന ഇഫ്‌കോയുടെ സൂപ്പര്‍ ഫോസ്‌ഫേറ്റിന് 18,578 നല്‍കണം.

ഉല്‍പാദനച്ചെലവിനോടൊപ്പം 12 ശതമാനം ലാഭം കണക്കാക്കിയാണ് രാസവളങ്ങള്‍ക്ക് കേന്ദ്രം വില നിശ്ചയിച്ചിരുന്നത്. അതില്‍ സബ്‌സിഡി കഴിഞ്ഞുളള ചുരുങ്ങിയ തുകയ്ക്ക് വളം കര്‍ഷകന് ലഭിക്കുമായിരുന്നു. പുതിയ തീരുമാനപ്രകാരം സബ്‌സിഡി കര്‍ഷകര്‍ക്കു നേരിട്ടു നല്‍കുമെന്നാണ് കേന്ദ്രം പറയുന്നത്. ഇതാകട്ടെ എത്ര തുകയെന്ന് നിശ്ചയിട്ടുമില്ല. സബ്‌സിഡികള്‍ വെട്ടിക്കുറക്കുന്ന യു പി എ നയമനുസരിച്ച് നാമാമത്ര തുകയായിരിക്കും കര്‍ഷകര്‍ക്കു നല്‍കുക. എന്നാല്‍ രാസവളത്തിന്റെ വില എത്രയായിരിക്കുമെന്നതിന് നിശ്ചയവുമില്ല. കമ്പനികള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് ആനുപാതികമായി സബ്‌സിഡി നല്‍കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. 

സബ്‌സിഡിയായി ഒരു വര്‍ഷത്തേക്ക് നിശ്ചിത തുക വകയിരുത്താനാണ് ഉദ്ദേശിക്കുന്നത്. സബ്‌സിഡി സംബന്ധിച്ച് യാതൊരു മാര്‍ഗ നിര്‍ദ്ദേശവുമില്ലാത്തതിനാല്‍ പെട്രോളിന്റെ വില നിയന്ത്രണം എടുത്തുകളഞ്ഞതുപോലുളള ഫലമായിരിക്കും  രാസവളങ്ങള്‍ക്കും സംഭവിക്കുക. മാത്രമല്ല കൃഷിയുടെ തുടക്കത്തില്‍ സബ്‌സിഡി നല്‍കിയില്ലെങ്കില്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. സബ്‌സിഡിയില്ലാതെ വന്‍ തുക മുടക്കി രാസവളം വാങ്ങുവാന്‍ കൃഷിക്കാരനു സാധിക്കില്ല. ഇതോടെ പാവപ്പെട്ട കൃഷിക്കാരന്‍ ആത്മഹത്യാ മുനമ്പിലെത്തും. കേന്ദ്രം നല്‍കുന്ന സബ്‌സിഡിക്കു പുറമെ സംസ്ഥാന സര്‍ക്കാരിനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ  സബ്‌സിഡി നല്‍കാന്‍ പാടില്ല എന്ന നിയമം രാസവളങ്ങള്‍ പൂര്‍ണമായും കര്‍ഷകനു അന്യമാകുന്നതിനിടയാക്കും.

നെല്‍പ്പാടങ്ങള്‍ തരിശിട്ട് ഭൂമാഫിയ  കൈവശമാക്കുന്ന കാലഘട്ടത്തില്‍ രാസവള വില നിയന്ത്രണം എടുത്തു കളയുന്നത് ഭക്ഷ്യ സുരക്ഷയെ ബാധിക്കും. വര്‍ഷംതോറും കൃഷിഭൂമിയുടെ വിസ്തൃതി കുറഞ്ഞുവരുന്ന കാലത്ത് കാര്‍ഷികോത്്പാദനച്ചെലവ് കുത്തനെ കൂടുന്നത് കര്‍ഷകരെ കൃഷിയില്‍ നിന്നും കൂടുതല്‍ അകറ്റും. ചെറുകിട നാമമാത്ര കൃഷിക്കാരെയായിരിക്കും ഇതു കൂടുതല്‍ ബാധിക്കുക. ഇതുവഴി വിദേശകുത്തകകള്‍ക്ക് കാര്‍ഷികരംഗം പിടിച്ചടക്കുന്നതിന് വഴിയൊരുക്കുകയാണ് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സുരേന്ദ്രന്‍ കുത്തനൂര്‍ ജനയുഗം 130411

1 comment:

  1. രാസവളങ്ങളുടെ വില നിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കര്‍ഷകരെ വീണ്ടും ആത്മഹത്യയിലേക്കു നയിക്കുന്നു. നിര്‍മ്മാതാക്കള്‍ക്ക് തോന്നിയ പോലെ വില ഈടാക്കാനുളള സ്വാതന്ത്ര്യം നല്‍കുക വഴി വളങ്ങളുടെ വില 400 ശതമാനം വരെ വര്‍ധിക്കും. ഇതുവഴി കര്‍ഷകര്‍ക്ക് ഒരേക്കറിന് ഉല്‍പാദനച്ചെലവ് ശരാശരി 3,700 രൂപ അധികമാകും.

    ReplyDelete