Sunday, April 10, 2011

പ്രവാസി വോട്ടുകള്‍ തട്ടാനും കള്ള പ്രചാരണം

പത്തനംതിട്ട: പ്രവാസിക്ഷേമത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ യുഡിഎഫ് ശ്രമം. യുഡിഎഫ് ഭരണകാലത്ത് പ്രവാസി ക്ഷേമത്തിന് ഒരു പദ്ധതിയും നടപ്പാക്കാതിരുന്നവര്‍ ലോകത്തുതന്നെ ആദ്യമായി പ്രവാസികള്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയ എല്‍ഡിഎഫ് നടപടിയെ ക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു. പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം കുറഞ്ഞെന്ന് പറഞ്ഞാണ് ആളുകളില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് ഒരു പൈസ പോലും ഇതിനായി നീക്കിവയ്ക്കാത്തവരാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പുതിയ വാദവുമായി രംഗത്ത് ഇറങ്ങിയിട്ടുള്ളത്. പത്തനംതിട്ട ജില്ല കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ കള്ള പ്രചാരണം വ്യാപകമായി നടത്തുന്നത്.

മുമ്പൊരു സര്‍ക്കാരും നടപ്പാക്കത്ത തരത്തിലുള്ള ക്ഷേമപദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നടപ്പാക്കി. പ്രവാസികളെ ഏറ്റവും അധികം ദ്രോഹിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. വിമാനക്കൂലി അടിക്കടി വര്‍ധിപ്പിച്ചും കൂടുതല്‍ നികുതി ഭാരം പ്രവാസികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുംമറ്റുമുള്ള ദ്രോഹ നടപടികളുമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍നിന്നും ശ്രദ്ധതിരിച്ചുവിടാന്‍ കൂടിയാണ് എല്‍ഡിഎഫിനെതിരെ പ്രചാരണം സംഘടിപ്പിക്കുന്നത്. വിമാനക്കൂലി അട്ടിക്കടി കൂട്ടുന്നതിനെതിരെ ഇക്കൂട്ടര്‍ക്ക് ഒരു മിണ്ടാട്ടവുമില്ല. ക്ഷേമപദ്ധതിയില്‍ അഞ്ച് വര്‍ഷം അംഗമായി വിദേശത്തുള്ളവര്‍ക്ക് 1000 രൂപയും തിരിച്ചുവന്നവര്‍ക്ക് 500 രൂപയും മിനിമം പെന്‍ഷനായി ലഭിക്കും. ഇത് കൂടാതെ കുടുംബ പെന്‍ഷന്‍, അവശതാ പെന്‍ഷന്‍, അരലക്ഷം രൂപയുടെ ചികിത്സാ സഹായം, മരണാനന്തര ധനസഹായം, വിവാഹസഹായം, തൊഴില്‍, ഭവന വായ്പകള്‍, വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍, വിദ്യാഭ്യാസ വായ്പ എന്നിവയും ലഭിക്കും. ക്ഷേമനിധി ആക്ട് പ്രാബല്യത്തില്‍ വരുമ്പോള്‍ 55 വയസ്സ് പൂര്‍ത്തിയായി ക്ഷേമനിധിയില്‍ അംഗത്വം എടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക സഹായനിധിയും ഏര്‍പ്പെടുത്തി. ഇതിന് ക്ഷേമനിധിയുടെ മൊത്തം വരുമാനത്തിന്റെ 15ശതമാനം നീക്കിവയ്ക്കുന്നു. ധനസഹായം ലഭിക്കുന്നവരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ കവിയാന്‍ പാടില്ല. തിരികെവന്ന പ്രവാസികള്‍ക്കും പ്രത്യേക സഹായ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. വിദേശത്തുവച്ച് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനും കൂടെ ഒരാള്‍ക്ക് യാത്ര ചെയ്യാനും അരലക്ഷം രൂപവരെ ധനസഹായവും നല്‍കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് 10,000 രൂപവരെ മരണാനന്തര ധനസഹായവും നല്‍കുന്നു. ഇതിന്പുറമെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, അപകട ഇന്‍ഷുറന്‍സ് പദ്ധതി, പ്രവാസി നിയമസഹായ സെല്‍, 100 കോടി രൂപയുടെ വായ്പാ പദ്ധതി, എന്നിവയും എല്‍ഡിഎഫ് സര്‍ക്കാരാണ് നടപ്പാക്കിയത്. പദ്ധതി കൂടുതല്‍ പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ വ്യാപിപ്പിക്കാനും കൂടുതല്‍ പേരെ പങ്കാളികളാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മറുഭാഗത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുമെന്ന് പറഞ്ഞുപോലും വഞ്ചിക്കുകയായിരുന്നു. 35 ലക്ഷത്തോളം പ്രവാസികളാണ് സംസ്ഥാനത്തുള്ളതെങ്കിലും കേവലം 5000ത്തില്‍ താഴെമാത്രം പേരുകളാണ് വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യാക്കാര്‍ക്കും അവര്‍ ജോലിചെയ്യുന്ന സ്ഥലങ്ങളില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ ആവശ്യമായ നടപടികളാണ് വേണ്ടത്.

ദേശാഭിമാനി 100411

1 comment:

  1. പ്രവാസിക്ഷേമത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ യുഡിഎഫ് ശ്രമം. യുഡിഎഫ് ഭരണകാലത്ത് പ്രവാസി ക്ഷേമത്തിന് ഒരു പദ്ധതിയും നടപ്പാക്കാതിരുന്നവര്‍ ലോകത്തുതന്നെ ആദ്യമായി പ്രവാസികള്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയ എല്‍ഡിഎഫ് നടപടിയെ ക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു. പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം കുറഞ്ഞെന്ന് പറഞ്ഞാണ് ആളുകളില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് ഒരു പൈസ പോലും ഇതിനായി നീക്കിവയ്ക്കാത്തവരാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പുതിയ വാദവുമായി രംഗത്ത് ഇറങ്ങിയിട്ടുള്ളത്.

    ReplyDelete