Tuesday, April 5, 2011

ഇടത്തേയ്ക്ക് ചായാന്‍ വട്ടിയൂര്‍ക്കാവ്

തിരുവനന്തപുരം: കന്നി മല്‍സരത്തിന് തയ്യാറെടുക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിനെ ഇടത്തേയക്ക് ചേര്‍ക്കാനുള്ള ശ്രമത്തിലാണ് മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ചെറിയാന്‍ ഫിലിപ്പ്. പുതുതായി രൂപീകരിക്കപ്പെട്ട വട്ടിയൂര്‍ക്കാവ് മണ്ഡലം പഴയ നോര്‍ത്ത് മണ്ഡലം പേര് മാറി വന്നതാണെന്ന് പറയാം. തിരുവനന്തപുരം താലൂക്കിലെ കുടപ്പനക്കുന്ന്, വട്ടിയൂര്‍ക്കാവ് പഞ്ചായത്തുകളും, തിരുവനന്തപുരം കോര്‍പ്പറേഷനിലെ 13-ാം നമ്പര്‍ വാര്‍ഡും, 15 മുതല്‍ 25 വരെ വാര്‍ഡും, 31 മുതല്‍ 36 വരെയുള്ള വാര്‍ഡുകളും ചേര്‍ന്നതാണ് പുതിയ വട്ടിയൂര്‍ക്കാവ് മണ്ഡലം.

നഗര ഹൃദയത്തിനോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡലമായതിനാല്‍ വികസനം തന്നെയാണ് പ്രധാന മണ്ഡലത്തിലെ പ്രധാ ന പ്രശ്‌നം. വികസന കാഴ്ച്ചപ്പാട് മുന്‍നിര്‍ത്തി സംസ്ഥാന സര്‍ ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ പല പദ്ധതികളും മണ്ഡലത്തില്‍ പൊതുവെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചത് മണ്ഡലം കാര്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്. നഗരം വികസിക്കുന്നതിനൊപ്പം അനുബന്ധ പ്രദേശങ്ങളിലും വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ കഴിയണമെന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ നിലപാടിന്റെ പ്രതിഫലനമാണ് സിവില്‍ സ്റ്റേഷന്‍. കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള ഭരണ കേന്ദ്രങ്ങള്‍ തങ്ങളുടെ മണ്ഡലത്തില്‍ ആയതിന്റെ ആഹ്ലാദവും വട്ടിയൂര്‍ക്കാവ് മണ്ഡലം നിവാസികള്‍ പങ്കുവയ്ക്കുന്നുണ്ട്. കുട്ടപ്പനക്കുന്നിലെ മൃഗസംരക്ഷണ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്ന ഫാമും പ്രദേശവും വിപുലീകരിച്ച്  ആധുനിക സൗകര്യങ്ങളോടെയുള്ള പൗള്‍ട്രി കോംപ്ലക്‌സ് ആക്കിമാറ്റി. ഇതിലൂടെ മണ്ഡലത്തിലെ തന്നെ സാധാരണക്കാരായ നിരവധിപേര്‍ക്കാണ് ഉപജീവന മാര്‍ഗ്ഗം തുറന്ന് കിട്ടിയത്. രാജ്യത്തിന് തന്നെ മാതൃകയായി പൊതുമേഖലയില്‍ ആദ്യമായി ആരംഭിച്ച കോഴിത്തീറ്റ ഫാക്ട റിയും മണ്ഡലത്തിന് എടുത്തു പറയാന്‍ കഴിയുന്ന നേട്ടമാണ്. ഈ നേട്ടങ്ങളുടെ പട്ടിക എണ്ണിപ്പറഞ്ഞാണ് എല്‍ ഡി എഫ് മണ്ഡലത്തില്‍ പ്രചരണം നടത്തുന്നത്.

 മണ്ഡലം പിടിക്കുന്നതിനായി എല്‍ ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത് കെ റ്റി ഡി സി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പിനെയാണ്. ആദര്‍ശ ശുദ്ധിയുടെ പ്രതീകമായ ചെറിയാന്‍ ഫിലിപ്പിന് മണ്ഡലത്തില്‍ ഹൃദ്യമായ വരവേല്‍പ്പാണ് ലഭിക്കുന്നത്. കെ എസ് യു സംസ്ഥാന പ്രസിഡന്റായിരുന്ന ചെറിയാന്‍ ഫിലിപ്പ് 2001 ല്‍ ആശയ പ്രശ്‌നത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് കലാപമുണ്ടാക്കി പുറത്ത് വന്നു. തുടര്‍ന്ന് 2001 ല്‍ പുതുപ്പള്ളിയിലും, 2006 ല്‍ കല്ലൂപ്പാറയിലും മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.

2006 മുതല്‍ കെ റ്റി ഡി സി യുടെ ചെയര്‍മാനാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും മികച്ച പ്രവര്‍ത്തനത്തിലൂടെ കെ റ്റി ഡി സിയെ ലാഭത്തിലെത്താക്കാന്‍ സാധിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ നേട്ടമാണ്. ഇന്ന് കെ റ്റി ഡി സി ലോക ടൂറിസം ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിക്കഴിഞ്ഞു. അറിയപ്പെടുന്ന വാഗ്മിയും എഴുത്തുകാരനുമായ ചെറിയാന്‍ ഫിലിപ്പിന് മണ്ഡലത്തില്‍ മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  മണ്ഡല-പഞ്ചായത്ത്-ബൂത്ത് തല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീകരിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രണ്ടാം ഘട്ട പ്രചരണവും പൂര്‍ത്തിയാക്കി വാഹന പര്യടനത്തിലേയ്ക്ക് കടന്നു കഴിഞ്ഞു. ഇത് യു ഡി എഫിന്റെ അവശേഷിച്ച വിജയ സാധ്യതയും കെടുത്തിയിട്ടുണ്ട്.

മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരനാണ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉണ്ടായ കാലതാമസം യു ഡി എഫിന്റെ പ്രചരണത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. പ്രചരണ പ്രവര്‍ത്തനങ്ങളില്‍ എല്‍ ഡി എഫിനൊപ്പം ഓടിയെത്താനുള്ള അവസാന ശ്രമത്തിലാണ് യു ഡി എഫ്. മുന്‍ ഡി സി സി പ്രസിഡന്റ് കെ മോഹന്‍ കുമാറിന്റെ പേരാണ് മണ്ഡലത്തിലേയ്ക്ക് ആദ്യം ഉയര്‍ന്ന് കേട്ടിരുന്നതെങ്കിലും പിന്നീട് ഹൈക്കമാന്റ് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കി നിശ്ചയിക്കുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കന്‍മാരുടെ ചരടുവലി മൂലമാണ് കെ മോഹന്‍ കുമാറിന് സീറ്റ് ലഭിക്കാത്തതെന്ന് മണ്ഡലത്തിനുള്ളിലെ യു ഡി എഫ് നേതാക്കള്‍ക്കിടയിലും, കോണ്‍ഗ്രസ് നേതാക്കള്‍ ക്കിടയിലും ചര്‍ച്ചയുണ്ട്. സീറ്റ് ലഭിക്കാത്തതിനാല്‍ ഡി സി സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല ഏറ്റെടുക്കാനും മോഹന്‍ കുമാര്‍ തയ്യാറായിട്ടില്ല. മോഹന്‍ കുമാറിനോട് സംസ്ഥാന നേതൃത്വം കാണിച്ച ഈ അവഗണയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്.

ഇതും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി വി രാജേഷാണ് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥി.

82380 പുരുഷ വോട്ടര്‍മാരും, 89524 സ്ത്രീ വോട്ടര്‍ മാരും ഉള്‍പ്പെടെ 171904 വോട്ടര്‍മാരാണ് ആകെ വട്ടിയൂര്‍ക്കാവ് മ ണ്ഡലത്തിലുള്ളത്.

ജനയുഗം 050411

1 comment:

  1. കന്നി മല്‍സരത്തിന് തയ്യാറെടുക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിനെ ഇടത്തേയക്ക് ചേര്‍ക്കാനുള്ള ശ്രമത്തിലാണ് മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ചെറിയാന്‍ ഫിലിപ്പ്. പുതുതായി രൂപീകരിക്കപ്പെട്ട വട്ടിയൂര്‍ക്കാവ് മണ്ഡലം പഴയ നോര്‍ത്ത് മണ്ഡലം പേര് മാറി വന്നതാണെന്ന് പറയാം. തിരുവനന്തപുരം താലൂക്കിലെ കുടപ്പനക്കുന്ന്, വട്ടിയൂര്‍ക്കാവ് പഞ്ചായത്തുകളും, തിരുവനന്തപുരം കോര്‍പ്പറേഷനിലെ 13-ാം നമ്പര്‍ വാര്‍ഡും, 15 മുതല്‍ 25 വരെ വാര്‍ഡും, 31 മുതല്‍ 36 വരെയുള്ള വാര്‍ഡുകളും ചേര്‍ന്നതാണ് പുതിയ വട്ടിയൂര്‍ക്കാവ് മണ്ഡലം.

    ReplyDelete