Tuesday, April 5, 2011

വിദര്‍ഭ നിലവിളിക്കുന്നു അരുത്, കോണ്‍ഗ്രസിന് വോട്ടുചെയ്യരുത്

കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ഇപ്പോഴും ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെ ഓര്‍മകളോട് നീതിചെയ്യാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ കോണ്‍ഗ്രസ് മുന്നണിയെ പരാജയപ്പെടുത്തണമെന്ന് വിദര്‍ഭയിലെ കര്‍ഷകരുടെ നേതാവും വിദര്‍ഭ ജന്‍ ആന്ദോളന്‍ സമിതി തലവനുമായ കിഷോര്‍ തിവാരി അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ് ഭരണം തിരിച്ചുവന്നാല്‍ കേരളത്തിലും കര്‍ഷക ആത്മഹത്യയുടെ കറുത്തനാളുകള്‍ തിരിച്ചുവരുമെന്ന് അദ്ദേഹം ദേശാഭിമാനിയോടു പറഞ്ഞു.

മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയുമാണ് കേരളത്തിലെ കര്‍ഷകരുടെ ആത്മഹത്യ തടഞ്ഞതെന്ന പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കിഷോര്‍ തിവാരി. മന്‍മോഹന്‍സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും നടപടികളാണ് കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ തടഞ്ഞതെങ്കില്‍ വിദര്‍ഭയിലും ആന്ധ്രപ്രദേശിലും കര്‍ഷകര്‍ ഇപ്പോഴും ആത്മഹത്യചെയ്യുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കാനുള്ള ബാധ്യത ആന്റണിക്കുണ്ട്. ഈവര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍മാത്രം 312 പരുത്തി കര്‍ഷകരാണ് വിദര്‍ഭമേഖലയിലെ ആറു ജില്ലയില്‍മാത്രം ആത്മഹത്യചെയ്തത്. ആത്മഹത്യയുടെ നിരക്ക് ഇതാണെങ്കില്‍ ഈവര്‍ഷം കൊടിയ ദുരന്തമാണ് വിദര്‍ഭയെ കാത്തിരിക്കുന്നത്. 2009ല്‍ 1100ഉം 2010ല്‍ 816ഉം ആയിരുന്നു ആത്മഹത്യ.

കര്‍ഷക ആത്മഹത്യക്ക് പൂര്‍ണ വിരാമമിട്ടതിന്റെ ചരിത്രമുള്ള കേരളത്തില്‍ ചെന്ന് ഇക്കാര്യം ആന്റണി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിദര്‍ഭക്കാരെ അത്ഭുതപ്പെടുത്തുകയാണ്. ഇങ്ങനെയൊക്കെ പറയാന്‍ ധൈര്യം കാണിക്കുന്ന ആന്റണി ഡല്‍ഹിയില്‍ത്തന്നെ തുടരുന്നതാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിനു നല്ലത്.

രണ്ടായിരത്തോളം കര്‍ഷകര്‍ കോണ്‍ഗ്രസ് ഭരണകാലത്താണ് കേരളത്തില്‍ ആത്മഹത്യചെയ്തത്. കാര്‍ഷിക കടാശ്വാസ കമീഷനും കടാശ്വാസനിയമവും വഴി ആത്മഹത്യ ഇല്ലാതാക്കിയ കേരളത്തില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരു കര്‍ഷക ആത്മഹത്യപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തിനുമാത്രമാണ് ഇന്ത്യയില്‍ ഇങ്ങനെയൊരു നേട്ടം അവകാശപ്പെടാനുള്ളത്. കേരളത്തിന്റെ ബദല്‍ മാതൃകയെ വിദര്‍ഭയിലെ കര്‍ഷകര്‍ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. കുത്തകകളെമാത്രം സഹായിക്കുന്ന കോണ്‍ഗ്രസിന്റെ കര്‍ഷകവിരുദ്ധനയത്തിന്റെ രക്തസാക്ഷികളാണ് വിദര്‍ഭയിലെയും ആന്ധ്രപ്രദേശിലെയും പരുത്തി കര്‍ഷകര്‍. ഈ നയം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മാറ്റാത്തിടത്തോളം ആത്മഹത്യകള്‍ തുടരുകതന്നെ ചെയ്യും. 13 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ രണ്ടരലക്ഷം കര്‍ഷകര്‍ ആത്മഹത്യചെയ്ത കാര്യം എ കെ ആന്റണിയുടെ പാര്‍ടി മറക്കുകയാണ്- അദ്ദേഹം പറഞ്ഞു.

ഓര്‍മയുണ്ടോ ഈ കലാവതിയെ

2008 ജൂലൈ 28ന് വിശ്വാസവോട്ടെടുപ്പു വേളയില്‍ കോണ്‍ഗ്രസിലെ ഇളമുറത്തമ്പുരാന്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഘോരഘോരം നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിച്ച ഒരു പേരുണ്ട്- വിദര്‍ഭയിലെ വിധവ കലാവതി ബാന്ദുര്‍ക്കര്‍. അമേരിക്കയുമായുള്ള ആണവകരാറിനെ ന്യായീകരിക്കാനാണ് രാഹുല്‍ കലാവതിയെയും അവരുടെ ചെറ്റക്കുടിലില്‍ വൈദ്യുതി ഇല്ലാത്തതിനെയും കൂട്ടുപിടിച്ചത്. കലാവതിയെപ്പോലുള്ളവര്‍ക്ക് വൈദ്യുതിവെളിച്ചം കിട്ടാന്‍ ആണവകരാര്‍ യാഥാര്‍ഥ്യമാക്കുന്നതിലൂടെ കഴിയുമെന്നായിരുന്നു രാഹുലിന്റെ വാദം.

കോടികള്‍ കോഴ കൊടുത്ത് യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ആണവകരാറും ഒപ്പിട്ടു. രാഹുലിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് കലാവതിയുടെ വീട്ടിലേക്ക് കോണ്‍ഗ്രസുകാര്‍ വാഗ്ദാനഭാണ്ഡവുമായി കയറിയിറങ്ങി. ദേശീയമാധ്യമങ്ങള്‍ 'കലാവതി സ്റോറി' ആഘോഷിച്ചു. എന്നാല്‍, വാഗ്ദാനങ്ങളും ആഘോഷങ്ങളും എളുപ്പം കെട്ടടങ്ങി. വര്‍ഷം മൂന്നായി. വൈഗംഗയിലൂടെ വെള്ളം കുറെ ഒഴുകിപ്പോയി. കലാവതിയുടെ ജീവിതത്തിന് ഒരു മാറ്റവുമുണ്ടായില്ലെന്നു മാത്രമല്ല, കൂടുതല്‍ ദുരിതമയമാവുകയും ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ കലാവതിയുടെ ഇളയമകള്‍ സംഗീതയുടെ ഭര്‍ത്താവ് സഞ്ജയ് കലാസ്കര്‍ കടംകയറി ആത്മഹത്യചെയ്തു. അകാലത്തില്‍ പെയ്ത മഴയില്‍ നാലര ഏക്കറിലെ കൃഷി നശിച്ചതോടെ സഞ്ജയ്ക്കു മുന്നില്‍ ആത്മഹത്യയല്ലാതെ വഴികളില്ലായിരുന്നു. പണം പലിശയ്ക്ക് കൊടുക്കുന്നവരുടെ ഭീഷണിയാണ് സഞ്ജയിനെ ആത്മഹത്യയിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് നേതാവ് ദിലീപ് കുമാര്‍ സനന്ദയാണ് വിദര്‍ഭയിലെ ഏറ്റവും വലിയ ബ്ളേഡുകാരന്‍.

കലാവതിയുടെയും വിദര്‍ഭയുടെയും കണ്ണീരിന് കണക്കുപറയേണ്ട കോണ്‍ഗ്രസ് നേതാവും പ്രതിരോധമന്ത്രിയുമായ എ കെ ആന്റണി കേരളത്തില്‍ കര്‍ഷക ആത്മഹത്യയില്ലാതാക്കിയത് കേന്ദ്രസര്‍ക്കാരാണെന്ന് നട്ടാല്‍ മുളയ്ക്കാത്ത നുണ വിളമ്പുകയാണ്. വിദര്‍ഭയെന്നൊരു നാടുണ്ടോ? കലാവതി ആരാണ്? എന്നൊക്കെ കേന്ദ്രപ്രതിരോധമന്ത്രി ചോദിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. അതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യം. ഡിസംബറില്‍ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് അനുസരിച്ച് വിദര്‍ഭയില്‍ മാസംതോറും 45 കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നുണ്ട്. പത്തുവര്‍ഷത്തിനിടെ 4447 പേരാണ് കടംകയറി ജീവന്‍വെടിഞ്ഞത്.

ദേശാഭിമാനി 050411

ഇന്ത്യയെ കണ്ടെത്തല്‍'- ചില രാഹുല്‍ രീതികള്‍

കര്‍ഷക ആത്മഹത്യ: കോണ്‍ഗ്രസിന്റെ നിസ്സംഗഭാവം

1 comment:

  1. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ഇപ്പോഴും ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെ ഓര്‍മകളോട് നീതിചെയ്യാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ കോണ്‍ഗ്രസ് മുന്നണിയെ പരാജയപ്പെടുത്തണമെന്ന് വിദര്‍ഭയിലെ കര്‍ഷകരുടെ നേതാവും വിദര്‍ഭ ജന്‍ ആന്ദോളന്‍ സമിതി തലവനുമായ കിഷോര്‍ തിവാരി അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ് ഭരണം തിരിച്ചുവന്നാല്‍ കേരളത്തിലും കര്‍ഷക ആത്മഹത്യയുടെ കറുത്തനാളുകള്‍ തിരിച്ചുവരുമെന്ന് അദ്ദേഹം ദേശാഭിമാനിയോടു പറഞ്ഞു.

    മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയുമാണ് കേരളത്തിലെ കര്‍ഷകരുടെ ആത്മഹത്യ തടഞ്ഞതെന്ന പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കിഷോര്‍ തിവാരി. മന്‍മോഹന്‍സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും നടപടികളാണ് കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ തടഞ്ഞതെങ്കില്‍ വിദര്‍ഭയിലും ആന്ധ്രപ്രദേശിലും കര്‍ഷകര്‍ ഇപ്പോഴും ആത്മഹത്യചെയ്യുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കാനുള്ള ബാധ്യത ആന്റണിക്കുണ്ട്

    ReplyDelete