Friday, April 15, 2011

ട്രെയിനില്‍ വീണ്ടും ആക്രമണം; വ്യാപകപ്രതിഷേധം

ബറേലി: മോഷ്ടാക്കള്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ടതിനെ തുടര്‍ന്ന് ദേശീയ കായികതാരം അരുണിമ സിന്‍ഹ(സോനു)യ്ക്ക്് കാല്‍ നഷ്ടപ്പെടാനിടയായതില്‍ വ്യാപക പ്രതിഷേധം. യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ റെയില്‍വേ തുടരുന്ന അനാസ്ഥയില്‍ വിവിധ രാഷ്ട്രീയ പാര്‍ടികള്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ദേശീയ വനിതാകമീഷന്‍ വിശദീകരണം തേടി. സ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും വനിതാ കമീഷന്‍ അധ്യക്ഷ യസ്മീന്‍ അബ്റാര്‍ പറഞ്ഞു.

യാത്രക്കാര്‍ക്കെതിരായ ആക്രമണം തുടര്‍ക്കഥയായിട്ടും ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാത്ത റെയില്‍വേയുടെ നിലപാടിനെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് രൂക്ഷമായി വിമര്‍ശിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ സുരക്ഷാചുമതല റെയില്‍വേയ്ക്ക് ആയിട്ടും ഒരു നടപടിയും എടുക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഇക്കാര്യം ഉയര്‍ത്തിയപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത് 11,000 ആര്‍പിഎഫുകാരുടെ ഒഴിവുണ്ടെന്നാണ്. കേരളത്തില്‍ ട്രെയിന്‍ യാത്രയ്ക്കിടെ സൌമ്യ കൊല്ലപ്പെട്ട സംഭവം ഉണ്ടായിട്ടും റെയില്‍വേ നടപടിയെടുക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും വൃന്ദ പറഞ്ഞു.

സോനുവിന് കാല്‍ നഷ്ടപ്പെടാനിടയായ സംഭവത്തില്‍ കോണ്‍ഗ്രസും ബിജെപിയും സമാജ്വാദി പാര്‍ടിയും പ്രതിഷേധിച്ചു. ദൌര്‍ഭാഗ്യകരമായ ഈ സംഭവത്തെ കുറിച്ച് ശക്തമായ അന്വേഷണം നടത്തണമെന്നും പാര്‍ടികള്‍ ആവശ്യപ്പെട്ടു. അതേസമയം, അരുണിമയ്ക്ക് ജോലി നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. ചികിത്സയ്ക്കാവശ്യമായ ചെലവു വഹിക്കുമെന്നും അറിയിച്ചു.

രാജ്യത്ത് ഓടുന്ന എല്ലാ ട്രെയിനിലും സുരക്ഷ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടാണ് റെയില്‍വേയ്ക്ക്. 11,750 ട്രെയിന്‍ ഓടിക്കുന്നുണ്ടെന്നും 3500 എണ്ണത്തില്‍ ആര്‍പിഎഫ് ഉണ്ടെന്നുമാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ പ്രതികരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ദേശീയ വോളിബോള്‍, ഫുട്ബോള്‍ താരമായ അരുണിമയെ മോഷ്ടാക്കള്‍ ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ടത്. പരീക്ഷ എഴുതുന്നതിനായി പത്മതി എക്സ്പ്രസില്‍ ഡല്‍ഹിലേക്ക് പോകുമ്പോള്‍ ബറേലിയിലാണ് അക്രമം. സ്വര്‍ണമാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞപ്പോള്‍ അക്രമികള്‍ അരുണിമയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. പാളത്തിലേക്ക് വീണ അരുണിമയുടെ കാലിലൂടെ മറ്റൊരു ട്രെയിന്‍ കയറിപ്പോകുകയായിരുന്നു. അരുണിമയുടെ നിലയില്‍ മാറ്റമില്ലെന്നും പനിയുണ്ടെന്നും സഹോദരി ലക്ഷ്മി പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞ് ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും അവര്‍ അറിയിച്ചു.

ദേശാഭിമാനി 150411

1 comment:

  1. മോഷ്ടാക്കള്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ടതിനെ തുടര്‍ന്ന് ദേശീയ കായികതാരം അരുണിമ സിന്‍ഹ(സോനു)യ്ക്ക്് കാല്‍ നഷ്ടപ്പെടാനിടയായതില്‍ വ്യാപക പ്രതിഷേധം. യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ റെയില്‍വേ തുടരുന്ന അനാസ്ഥയില്‍ വിവിധ രാഷ്ട്രീയ പാര്‍ടികള്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ദേശീയ വനിതാകമീഷന്‍ വിശദീകരണം തേടി. സ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും വനിതാ കമീഷന്‍ അധ്യക്ഷ യസ്മീന്‍ അബ്റാര്‍ പറഞ്ഞു.

    ReplyDelete