Friday, April 15, 2011

ഈ തെരഞ്ഞെടുപ്പ് ബംഗാളിന് നിര്‍ണായകം: ബുദ്ധദേവ്

കൊല്‍ക്കത്ത: ബംഗാള്‍ ജനത ജീവിക്കണോ മരിക്കണോ എന്നു തീരുമാനിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിലേക്കും വികസനത്തിലേക്കും മുന്നേറണോ അതോ അരാജകത്വത്തിലേക്കും അഴിമതിയിലേക്കും താഴണോ എന്നു തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പാണിത്. മാവോയിസ്റ് അക്രമവും ഭീഷണിയും ഇല്ലാതാക്കുകയാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം. സമാധാനം പുനഃസ്ഥാപിക്കാന്‍ കര്‍ശനമായ നടപടികള്‍ ആവശ്യമാണ്. എന്നാല്‍, മാവോയിസ്റുകളുമായി കൂട്ടുകൂടി അക്രമത്തിന് കുടപിടിക്കുകയാണ് തൃണമൂല്‍ അടക്കമുള്ള പ്രതിപക്ഷം. ഡാര്‍ജിലിങ്ങില്‍ വിഘടനവാദികളുടെ സമ്മര്‍ദത്തിന് ഇടതുമുന്നണി വഴങ്ങില്ല. പ്രത്യേക സംസ്ഥാനമെന്ന ആവശ്യം ഇടതുമുന്നണി സര്‍ക്കാര്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. കുറേക്കൂടി അധികാരവും ധനസഹായവും നല്‍കാം.
സിംഗൂര്‍, നന്ദിഗ്രാം സംഭവങ്ങള്‍ക്കുശേഷം സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനം സ്തംഭിച്ചു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. 2010ല്‍ മാത്രം 15,000 കോടി രൂപയുടെ നിക്ഷേപം ചെറുകിട-ഇടത്തരം വ്യവസായമേഖലയിലുണ്ടായി. കാര്‍ഷികമേഖലയില്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിച്ചു. രാജ്യസുരക്ഷയ്ക്കും ജനാധിപത്യത്തിനുമെതിരായ സഖ്യമാണ് പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും തൃണമൂലും ഉണ്ടാക്കിയിരിക്കുന്നതെന്നും ബുദ്ധദേവ് പറഞ്ഞു.

ബംഗാളില്‍ 13 വിമതരെ കോണ്‍ഗ്രസ് പുറത്താക്കി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സംഖ്യത്തിനെതിരെ മത്സരിക്കുന്ന 13 വിമതരെ കോണ്‍ഗ്രസ് പുറത്താക്കി. സിറ്റിങ് എംഎല്‍എമാരായ ഫസലെ ഘട്ടക്, ചിത്തരഞ്ജന്‍ റോയ് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. ആദ്യ രണ്ടു ഘട്ടം വോട്ടെടുപ്പ് നടക്കുന്നന്നഉത്തര ബംഗാള്‍, മൂര്‍ഷിദാബാദ്, ബാങ്കുറ ജില്ലകളിലെ വിമതര്‍ക്കെതിരെയാണ് നടപടി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനത്തിനുള്ളില്‍ല്‍പിന്മാറിയില്ലെങ്കില്‍ല്‍മറ്റു ജില്ലകളിലെ വിമതര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ബംഗാളിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദും പിസിസി പ്രസിഡന്റ് മാനാസ് ഭുനിയയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എമാരുള്‍പ്പെടെ നിരവധി വിമതര്‍ സംഖ്യത്തിനെതിരെ രംഗത്തുണ്ട്. നടപടിക്ക് വിധേയരായവരില്‍ല്‍മൂര്‍ഷിദാബാദില്‍ ഡിസിസി പ്രസിഡന്റ് അധിര്‍ ചൌധരി എംപി പിന്തുണയ്ക്കുന്ന നാല് സ്വതന്ത്രരും ഉത്തര ദിനാജ്പുരില്‍ ദീപ ദാസ്മുന്‍ഷി എംപി പിന്തുണയ്ക്കുന്ന മൂന്നുപേരുമുണ്ട്. നടപടി അധിര്‍ പുച്ഛിച്ചു തള്ളി. സ്വതന്ത്രരെ പിന്താങ്ങാനുള്ള തീരുമാനത്തില്‍നിന്നു പിന്മാറില്ലെന്ന് അധിര്‍ പറഞ്ഞു. അവര്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ്. ഡിസിസി ഐകകണ്ഠ്യേനയാണ് അവരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. തന്നെ ഒതുക്കാനാണ് മമത ബാനര്‍ജി ശ്രമിക്കുന്നതെന്നും അതിന് കോണ്‍ഗ്രസിലെ ഒരു വിഭാഗം കൂട്ടുനില്‍ക്കുകയാണെന്നും അധിര്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്ന വിമതനെ പിന്തുണയ്ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൂച്ച് ബിഹാര്‍ ജില്ലയിലെ എംഎല്‍എ അശോക് മണ്ഡലിനെ മമത പുറത്താക്കി. പല ജില്ലയിലും കോണ്‍ഗ്രസിനെതിരെ തൃണമൂല്‍ വിമതരുണ്ട്.
(ഗോപി)


തെര. കമീഷന്‍ ഉദ്യോഗസ്ഥരെ തല്ലി; കേന്ദ്രമന്ത്രിയുടെ മകന് വാറണ്ട്

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥരെ തല്ലിയതിന് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മുകുള്‍ റോയിയുടെ മകന്‍ ശുഭാംശു റോയിക്കെതിരെ അറസ്റു വാറണ്ട്. ഒളിവില്‍ പോയ ശുഭാംശുവിനെതിരെ തെരഞ്ഞെടുപ്പ് കമീഷനാണ് അറസ്റുവാറണ്ട് പുറപ്പെടുവിച്ചത്. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ബീജ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ശുഭാംശു.

ബീജ്പൂര്‍ മണ്ഡലത്തിലെ ചുവരെഴുത്ത് തര്‍ക്കം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ ശുഭാംശുവിന്റെ നേതൃത്വത്തില്‍ തല്ലിച്ചതച്ചു. ഇവരുടെ കാറും തകര്‍ത്തു. പരാതി പ്രകാരം എഫ്ഐആര്‍ തയ്യാറാക്കിയെങ്കിലും അറസ്റിന് പൊലീസ് തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് 12 തൃണമൂല്‍ പ്രവര്‍ത്തകരെ അറസ്റുചെയ്തിരുന്നു. ഇവരെ ഇറക്കിക്കൊണ്ടുവരാന്‍ ശുഭാംശു പൊലീസ് സ്റേഷനില്‍ ചെന്നു. എന്നിട്ടും ഇയാളെ അറസ്റുചെയ്തില്ല. ശുഭാംശുവിനെ ഉടന്‍ അറസ്റുചെയ്യുമെന്ന് ബാരക്പൂര്‍ അഡീഷണല്‍ എസ്പി ധ്രുവജ്യോതി ദേ പറഞ്ഞു. ഉടന്‍ റിപ്പോര്‍ട്ടു നല്‍കാന്‍ ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുനില്‍കുമാര്‍ ഗുപ്ത പറഞ്ഞു.

deshabhimani 150411

1 comment:

  1. ബംഗാള്‍ ജനത ജീവിക്കണോ മരിക്കണോ എന്നു തീരുമാനിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിലേക്കും വികസനത്തിലേക്കും മുന്നേറണോ അതോ അരാജകത്വത്തിലേക്കും അഴിമതിയിലേക്കും താഴണോ എന്നു തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പാണിത്.

    ReplyDelete