Wednesday, April 13, 2011

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തീവ്രഉദാരവല്‍ക്കരണം

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നവ ഉദാര സാമ്പത്തികപരിഷ്കാരങ്ങളുടെ പരമ്പരതന്നെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കും. കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷസര്‍ക്കാരുകളെ താഴെയിറക്കാന്‍ കോര്‍പറേറ്റുകള്‍ സജീവമായി രംഗത്തിറങ്ങിയത് ഇതുകൊണ്ടുതന്നെ. അമിത് മിത്രയെപ്പോലെയുള്ള വന്‍ കോര്‍പറേറ്റുകള്‍ നേരിട്ട് മത്സരരംഗത്തിറങ്ങിയതും തങ്ങള്‍ ഇടതുപക്ഷത്തിനെതിരാണെന്ന് വ്യക്തമാക്കാനാണ്. യുപിഎ സര്‍ക്കാര്‍ കൊണ്ടുവരുന്ന വിനാശകരമായ സാമ്പത്തികപരിഷ്കാരങ്ങളെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷ സര്‍ക്കാരുകളെ തോല്‍പ്പിച്ചാല്‍മാത്രമേ കോര്‍പറേറ്റുകള്‍ക്കുമാത്രം ഗുണകരമായ പരിഷ്കാരങ്ങള്‍ യുപിഎ സര്‍ക്കാരിന് സുഗമമായി നടപ്പാക്കാന്‍ കഴിയൂ.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകാരണം നടപ്പാക്കാന്‍ പറ്റാത്തവയാണ് ഇവ. സര്‍ക്കാരുകളും കോര്‍പറേറ്റുകളും ലക്ഷ്യമിടുന്ന പ്രധാന പരിഷ്കാരങ്ങള്‍: . പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധന. പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും രാഷ്ട്രീയപ്രതിസന്ധിയുടെ മറവില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മെയ് മാസത്തില്‍ വില വര്‍ധിപ്പിക്കുകയും ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയുകയും ചെയ്യും. ഇതിന് റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കമ്പനികളുടെ സമ്മര്‍ദമുണ്ട്. പാചകവാതകത്തിന്റെ സബ്സിഡി പൂര്‍ണമായും പിന്‍വലിച്ച് വില നേരെ ഇരട്ടിയാക്കും. . പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണം. കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെയും അസംഘടിത തൊഴിലാളികളുടെയും പെന്‍ഷന്‍ഫണ്ടിലേക്കുള്ള തൊഴിലാളിവിഹിതം ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ച് അതില്‍നിന്ന് കിട്ടുന്ന പണത്തിന്റെ അടിസ്ഥാനത്തില്‍മാത്രം പെന്‍ഷന്‍ നല്‍കുന്ന പദ്ധതി. പെന്‍ഷന്‍ അവകാശമെന്ന സ്ഥിതി മാറി ഓഹരിക്കമ്പോളത്തിന്റെ ചാഞ്ചാട്ടത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഔദാര്യമായി മാറും. ബജറ്റ് സമ്മേളനത്തില്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ ഉടന്‍ പാസാക്കാന്‍ ധനമന്ത്രി ബിജെപിയുടെ സഹായം തേടിക്കഴിഞ്ഞു. . ഇന്ത്യന്‍ ബാങ്കുകള്‍ ബഹുരാഷ്ട്രകുത്തകകളുടെ നിയന്ത്രണത്തിലാക്കുന്ന ബാങ്കിങ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കും. ആഗോള സാമ്പത്തികപ്രതിസന്ധി ഇന്ത്യയിലേക്കും വ്യാപിക്കുമെന്ന് ഉറപ്പായി. ബജറ്റ് സമ്മേളനത്തില്‍തന്നെ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചുകഴിഞ്ഞു. .

തൊഴിലാളികളുടെയും ജീവനക്കാരുടെയും പിഎഫ് നിക്ഷേപം ഇനി ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കും. ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പുകൊണ്ടുമാത്രം ഇതുവരെ നടക്കാതിരുന്ന കാര്യം നടപ്പാക്കുമെന്ന വാശിയിലാണ് യുപിഎ സര്‍ക്കാര്‍. ആറുകോടി വരുന്ന തൊഴിലാളികളുടെ വകയായി പിഎഫിലുള്ള അഞ്ചുലക്ഷം കോടി രൂപയുടെ ഭൂരിഭാഗവും ഇനി ഊഹക്കച്ചവടക്കാരുടെ കൈകളിലെത്തും. . അഞ്ചുവര്‍ഷം തികയുംമുമ്പ് പിഎഫ് നിക്ഷേപം പിന്‍വലിക്കുന്ന തൊഴിലാളികള്‍ ആദായനികുതി നല്‍കേണ്ടിവരും. . ഇന്ത്യയില്‍ മൊസാന്റോയ്ക്കും മറ്റും വിത്തുല്‍പ്പാദനത്തിന്റെ കുത്തകാവകാശം നല്‍കും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതിനായി വിത്തുബില്‍ അവതരിപ്പിക്കും. കാര്‍ഷികരംഗത്ത് നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിച്ചത് ഇതിന്റെ ഭാഗമാണ്. . ചില്ലറവില്‍പ്പന മേഖലയിലും വിദേശനിക്ഷേപം അനുവദിക്കും. ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയതന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കാര്‍ഷികമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിന്റെ ഗുണം കോര്‍പറേറ്റ് മേഖലയ്ക്ക് പൂര്‍ണമായും ലഭിക്കണമെങ്കില്‍ ചില്ലറവില്‍പ്പനമേഖലയിലും നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിക്കണമെന്നാണ് ഒരു ദേശീയ ബിസിനസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അലുവാലിയ പറഞ്ഞത്. . ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ശതമാനമായി ഉയര്‍ത്തും. അമേരിക്കന്‍ കമ്പനികളുടെ കടുത്ത സമ്മര്‍ദമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെ നയിക്കുന്നത്.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 130411

1 comment:

  1. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നവ ഉദാര സാമ്പത്തികപരിഷ്കാരങ്ങളുടെ പരമ്പരതന്നെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കും. കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷസര്‍ക്കാരുകളെ താഴെയിറക്കാന്‍ കോര്‍പറേറ്റുകള്‍ സജീവമായി രംഗത്തിറങ്ങിയത് ഇതുകൊണ്ടുതന്നെ. അമിത് മിത്രയെപ്പോലെയുള്ള വന്‍ കോര്‍പറേറ്റുകള്‍ നേരിട്ട് മത്സരരംഗത്തിറങ്ങിയതും തങ്ങള്‍ ഇടതുപക്ഷത്തിനെതിരാണെന്ന് വ്യക്തമാക്കാനാണ്. യുപിഎ സര്‍ക്കാര്‍ കൊണ്ടുവരുന്ന വിനാശകരമായ സാമ്പത്തികപരിഷ്കാരങ്ങളെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷ സര്‍ക്കാരുകളെ തോല്‍പ്പിച്ചാല്‍മാത്രമേ കോര്‍പറേറ്റുകള്‍ക്കുമാത്രം ഗുണകരമായ പരിഷ്കാരങ്ങള്‍ യുപിഎ സര്‍ക്കാരിന് സുഗമമായി നടപ്പാക്കാന്‍ കഴിയൂ.

    ReplyDelete