പാലക്കാട്: അശ്ളീല വാരികയും മദ്യവും ഒഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിന്റെ ദയനീയ അവസ്ഥയാണ് വോട്ടെടുപ്പിന് മണിക്കൂറുകള്‍ മുമ്പും കാണാന്‍ കഴിയുന്നത്. സിപിഐ എം നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന നുണക്കഥകളുമായി ഇറങ്ങുന്ന ക്രൈം എന്ന അശ്ളീല വാരിക ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്ന് വിതരണത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടികൂടി. വാരിക വിതരണം ചെയ്തിരുന്ന യുഡിഎഫ് നേതാക്കളെയും പിടികൂടിയിട്ടുണ്ട്. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ കയിലിയാട്, ചിറ്റൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ക്രൈം വാരിക പിടികൂടിയത്. നെന്മാറ മണ്ഡലത്തിലെ എലവഞ്ചേരിയില്‍നിന്ന് പത്ത് കുടം വാഷാണ് പിടികൂടിയിരിക്കുന്നത്.
എല്‍ഡിഎഫിന്റെ മുന്നേറ്റത്തെ തടയാന്‍ ഒരു വഴിയുമില്ലെന്ന് കണ്ടതോടെയാണ് യുഡിഎഫ് പതിവ്പോലെ അശ്ളീലവാരിക, മദ്യം തുടങ്ങിയ വഴിവിട്ട മാര്‍ഗങ്ങളുമായി ഇറങ്ങിതിരിച്ചിരിക്കുന്നത്. ഇതിനുള്ള ആദ്യശ്രമമാണ് കയിലിയാട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച തടഞ്ഞത്. ഡിസിസി അംഗം പി വേലുദാസിന്റെ നേതൃത്വത്തില്‍ നടന്ന അശ്ളീലവാരിക വിതരണത്തില്‍ സര്‍ക്കാര്‍ ജീവനക്കാരനുമുണ്ട്. ഒറ്റപ്പാലം താലൂക്ക് ഓഫീസിലെ ജീവനക്കാരനായ എ അലിയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതോടെ ഓടിരക്ഷപ്പെട്ടത്. യുഡിഎഫ് നേതാക്കളെയും പിടിച്ചെടുത്ത അശ്ളീലവാരികയും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി പി കെ സുധാകരന്‍, ഇ ചന്ദ്രബാബു, യു പ്രഭാകരന്‍, ഇ വിനോദ്, പി ഹരിദാസന്‍ എന്നിവരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
ക്ലിക്കിയാല്‍ പൂര്‍ണ്ണവലിപ്പത്തില്‍ വായിക്കാം |
അശ്ളീല മാസികവിതരണം: ജില്ലയില്‍ 12 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തൃശൂര്‍: പരാജയഭീതിയിലാണ്ട യുഡിഎഫ് അശ്ളീലമാസിക വഴി കുപ്രചാരണവുമായി രംഗത്ത്. എല്‍ഡിഎഫ് സംസ്ഥാന നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന ക്രൈം മാസിക ജില്ലയിലെമ്പാടും വിതരണം ചെയ്താണ് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നത്. ഗുരുവായൂര്‍, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിലായി 12 പേരെ പൊലീസ് പിടികൂടി. ഏങ്ങണ്ടിയൂരിലെ യുഡിഎഫ് പ്രവര്‍ത്തകരായ മാട്ടുമ്മല്‍ സത്യകാമന്‍ (45), പുതിയവീട്ടില്‍ അബ്ദുള്‍ഗഫൂര്‍ (48), ഊരടയില്‍ ജയപ്രകാശ് (50) എന്നിവരെ വടാനപ്പള്ളി പൊലീസ് അറസ്റ്റ്ചെയ്തു. പുതുക്കാട് മണ്ഡലത്തില്‍ ഏഴുപേരെയാണ് പിടികൂടിയത്. ഐഎന്‍ടിയുസി ഇഞ്ചക്കുണ്ട് യൂണിയന്‍ സെക്രട്ടറി ബേബി കണ്ണമ്പിള്ളി, നാഡിപ്പാറ സ്വദേശികളും യുഡിഎഫ് പ്രവര്‍ത്തകരുമായ കണ്ണമ്പുഴ ഷില്‍ജു (30), വേങ്ങകുന്നേല്‍ ഷാജി (38), മണക്കാടന്‍ അശോകന്‍ (45), ചീരന്‍ ജോണി (58), ചോലിക്കര അഗസ്തി എന്ന അപ്പ (53) കുണ്ടില്‍ സുരേന്ദ്രന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇഞ്ചക്കുണ്ടിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ പാലപ്പെട്ടി മോഹനന്റെ പരാതിപ്രകാരം കോടതിയുടെ അനുവാദത്തോടെ പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തു.
ക്ലിക്കിയാല്‍ പൂര്‍ണ്ണ വലിപ്പത്തില്‍ വായിക്കാം |
കഴിഞ്ഞ ദിവസം ഇതേ മേഖലയില്‍ കോണ്‍ഗ്രസിലെ വനിതാപ്രവര്‍ത്തകരായ സുചിത്ര, പ്രീതി, തുടങ്ങിയവരുടെ നേതൃത്വത്തില്‍ വീടുകളില്‍ പുസ്തകം വിതരണംചെയ്തിരുന്നു. ബ്ളോക്ക് നേതാവായ സ്ത്രീയുടെ വീട്ടിലാണ് പുസ്തകം സൂക്ഷിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുടയിലും ഗുരുവായൂരിലും അശ്ളീല മാസിക വിതരണംചെയ്യുന്നത് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കയ്പമംഗലത്ത് യുഡിഎഫ് ആക്രമണത്തില്‍ പരിക്കേറ്റ എസ്എന്‍ പുരം പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റിയംഗവുമായ കെ കെ അബീദലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാറിനെ കൊടിക്കമ്പുകൊണ്ട് യുഡിഎഫുകാര്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അബീദലിക്ക് അടിയേറ്റത്. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട യുഡിഎഫ് അശ്ളീലപ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പലയിടങ്ങളിലും ആക്രമണം അഴിച്ചുവിടുകയാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും വോട്ടെടുപ്പ് പൂര്‍ണമാക്കണമെന്നും ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ എംഎല്‍എ പ്രസ്താവനയില്‍ അറിയിച്ചു.
അശ്ളീലമാസിക വിതരണത്തിനെതിരെ നടപടി വേണം: സിപിഐ എം
കണ്ണൂര്‍: സിപിഐ എം നേതാക്കളെ വ്യക്തിഹത്യ നടത്തുന്ന അശ്ളീലമാസികയുടെ വിതരണം തടയാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി സ്വീകരിക്കണമെന്നും ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കമീഷനും കലക്ടര്‍ക്കും ഫാക്സ് വഴി പരാതി നല്‍കി.
രാഷ്ട്രീയ വികസന കാര്യങ്ങള്‍ അവതരിപ്പിക്കാനില്ലാത്ത യുഡിഎഫ്, ഹീന മാര്‍ഗങ്ങളിലൂടെ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. സിപിഐ എം നേതാക്കളെ വ്യക്തിഹത്യ നടത്തുന്ന 'ക്രൈം' മാസിക എല്ലാ മണ്ഡലങ്ങളിലും വീടു കയറി വിതരണം ചെയ്യുന്നു. മാസികയുടെ പുറംകവറില്‍ 2010 ഏപ്രില്‍ 15 മുതല്‍ 30 വരെ എന്നാണ് രേഖപ്പെടുത്തിയതെങ്കില്‍ അകം കവറില്‍ ഏപ്രില്‍ 11 എന്നാണ്. പലഭാഗത്ത്നിന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാസിക പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്. യുഡിഎഫ് നേതൃത്വവും സ്ഥാനാര്‍ഥികളും ആസൂത്രണം ചെയ്ത അശ്ളീല പുസ്തക വിതരണം ചട്ടലംഘനമായി കണ്ട് നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തയ്യാവാണം. വിതരണം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
നിറയെ നുണയുമായി യുഡിഎഫ് സപ്ളിമെന്റ്
നാദാപുരം: യുഡിഎഫ് നുണ പ്രചാരണത്തിന് മനോരമ ലേഖകന്റെ കുഴലൂത്ത്. വ്യാജ ചിത്രങ്ങളും കള്ളവാര്‍ത്തകളുമായി കുറ്റ്യാടി മണ്ഡലത്തില്‍ യുഡിഎഫ് പ്രസിദ്ധീകരിച്ച ജനഹിതം എന്ന സപ്ളിമെന്റിനെതിരെ വ്യാപക പ്രതിഷേധം. നാദാപുരം മേഖലയില്‍ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലീഗ് നോതാവിന് ചൂട്ട് പിടിച്ച മനോരമ ലേഖകനാണ് സപ്ളിമെന്റിന് മഷി പുരട്ടിയത്. പഴയ മനോരമ പത്രം പൊടിതട്ടിയെടുത്ത് പുനഃപ്രസിദ്ധീകരിച്ച സപ്ളിമെന്റില്‍ സമാധാനത്തിന്റെ മാലാഖയായാണ് സൂപ്പി നരിക്കാട്ടേരിയെ ചിത്രീകരിച്ചത്. പലരുടെയും ഫോട്ടോവെച്ച് സൂപ്പിയെ സ്തുതിക്കുന്ന വാര്‍ത്തകള്‍ കല്ലുവെച്ച നുണയാണെന്ന് കോച്ച് ഒ എം നമ്പ്യാര്‍ മുതല്‍ നാദാപുരത്തെ ഡോക്ടര്‍ പി കുമാരന്‍ വരെ വ്യക്തമാക്കിയതോടെ യുഡിഎഫ് അപഹാസ്യരായി. സൂപ്പി നരിക്കാട്ടേരിക്ക് 99 മാര്‍ക്ക് നല്‍കുമെന്ന് താന്‍ പറഞ്ഞതായുള്ള വാര്‍ത്ത പച്ചക്കള്ളമാണ്. കുറ്റ്യാടിയില്‍ മത്സരിക്കുന്ന സൂപ്പിക്ക് മാര്‍ക്ക് 99 ആണെങ്കില്‍ ലതികക്ക് ആയിരം മാര്‍ക്ക് നല്‍കേണ്ടിവരും.
മുമ്പെടുത്ത ഫോട്ടോ ഉപയോഗിച്ച് ഇങ്ങനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ വേദനയുണ്ടെന്നും ഡോ. കുമാരന്‍ പറഞ്ഞു. സപ്ളിമെന്റില്‍ സിപിഐ എം നേതാവായി അവതരിപ്പിച്ച കാക്കാറ്റിലെ പരോനാണ്ടി ഗോപാലന്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ടി പുറത്താക്കിയ ആളാണ്. സൂപ്പി നരിക്കാട്ടേരിയുടെ കാര്യസ്ഥനായി പ്രവര്‍ത്തിക്കുന്ന ഗോപാലനെയും സപ്ളിമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. മനോരമ പത്രത്തിന് എന്ന വ്യാജേനയാണ് പലരില്‍ നിന്നും ലേഖകന്‍ സപ്ളിമെന്റിനായി അഭിമുഖം എടുത്തതെന്ന് പരാതിയുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ച് പുറത്തിറക്കിയ സപ്ളിമെന്റില്‍ വന്‍ തുക മനോരമ ലേഖകന്‍ കൈപ്പറ്റിയതായി യുഡിഎഫ് കേന്ദ്രങ്ങള്‍ തന്നെ പറയുന്നുണ്ട്.
ക്രൈം വിതരണം പിടിയിലായത് അടൂരിലെ യുഡിഎഫ് പ്രവര്‍ത്തകര്‍
ഏറ്റുമാനൂര്‍: ഇടതുപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന ലേഖനങ്ങള്‍ അടങ്ങിയ ക്രൈം വാരിക വിതരണം ചെയ്ത ഒമ്പതുപേരെ ഗാന്ധിനഗര്‍ പൊലീസ് പിടികൂടി. തിങ്കളാഴ്ച പകല്‍ 12ഓടെ കുമാരനല്ലൂര്‍ ലക്ഷംവീട് കോളനിഭാഗം, പാറമ്പുഴ, വെള്ളൂക്കുന്ന് ഭാഗം, പുല്ലരിക്കുന്ന് എന്നിവിടങ്ങളില്‍ വീടുകയറി ക്രൈം വാരിക വിതരണം ചെയ്യുന്നത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഗാന്ധിനഗര്‍ എസ്ഐ ജോയി മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ്സംഘം ഉടന്‍ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. അടൂര്‍ സ്വദേശികളായ രാജേന്ദ്രന്‍ (33), ബൈജു (22), റോബിന്‍ (27), ബിജു (22), ജോബിന്‍ (30), റോബര്‍ട്ട് (28), ബിജു (32), രാമചന്ദ്രന്‍ (32), രാജമാണിക്യം (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
അശ്ളീല വാരിക വിതരണം യുഡിഎഫിന്റേത് രാഷ്ട്രീയ സംസ്കാരത്തിനു നേരെയുള്ള വെല്ലുവിളി: കെ ജെ തോമസ്
സ്വന്തം ലേഖകന്‍ കോട്ടയം: പരാജയഭീതിയിലാണ്ട യുഡിഎഫ് അശ്ളീല വാരികയുടെയും തരംതാണ ലഘുലേഖകളുടെയും വിതരണം ഏറ്റെടുത്ത് ജില്ലയിലെ രാഷ്ട്രീയ സംസ്കാരത്തിനുനേരെ വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന ലേഖനങ്ങളടങ്ങിയ ക്രൈം വാരിക അറിയപ്പെടുന്ന യുഡിഎഫ് നേതാക്കള്‍തന്നെയാണ് വിതരണം ചെയ്യുന്നത്. വീട്ടില്‍ കാണിക്കാന്‍ കൊള്ളാത്ത ഇത്തരം വാരികയുടെ വിതരണത്തിന് ചില ജനപ്രതിനിധികള്‍ നേതൃത്വം കൊടുത്തത് കോണ്‍ഗ്രസിന്റെ സദാചാര ബോധത്തിന്റെ തെളിവാണ്.
അടൂരില്‍നിന്നെത്തിയ യുഡിഎഫ് പ്രവര്‍ത്തകരാണ് ജില്ലയിലാകെ ഇത്തരം വിതരണത്തിനു ചുക്കാന്‍ പിടിച്ചതെന്നാണ് വിവരം. നാട്ടകം, കുമാരനല്ലൂര്‍, പരുത്തുംപാറ, കൊല്ലാട്, പൂവന്തുരുത്ത്, കൊപ്രത്ത് അമ്പലം എന്നിവിടങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി. കൊപ്രത്ത് അമ്പലത്തിനടുത്ത് അശ്ളീല വാരിക വിതരണം ചെയ്യുന്നത് തടയാനെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരുമായി വാക്കു തര്‍ക്കം ഉണ്ടായി. യുഡിഎഫ് പ്രവര്‍ത്തകരെ സംരക്ഷിക്കാനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അവിടെയത്തി.
നാട്ടകത്ത് കണ്ണാടിക്കടവ് ഭാഗത്ത് വീടുകളില്‍ വിതരണം ചെയ്യുന്നതിനിടെയാണ് നാട്ടുകാര്‍ ഇവ പിടിച്ചത്. എല്‍ഡിഎഫ് പ്രവര്‍ത്തകരെ യുഡിഎഫുകാര്‍ മര്‍ദ്ദിച്ചു. സിപിഐ എം പ്രവര്‍ത്തകനായ സണ്ണി മാത്യുവിന് പരിക്കേറ്റു. ഇദ്ദേഹം കുറിച്ചി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുമാരനല്ലൂര്‍ ലക്ഷംവീടിന് സമീപം യുഡിഎഫ് പ്രവര്‍ത്തകര്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ക്രൈം വാരിക എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു. ജനാധിപത്യത്തിനും നാടിന്റെ സംസ്കാരത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തര നടപടിയടുക്കണം. എല്ലാ ജനാധിപത്യ വിശ്വാസികളും ഇത്തരം നീക്കങ്ങളെ ചെറുക്കാന്‍ രംഗത്തിറങ്ങണമെന്നും കെ ജെ തോമസ് അഭ്യര്‍ഥിച്ചു.
കോണ്‍ഗ്രസ് നേതാക്കളെ നാട്ടുകാര്‍ പിടികൂടി; എല്‍ഡിഎഫ് നേതാക്കളെ വ്യക്തിഹത്യചെയ്യുന്ന അശ്ളീല വാരിക വിതരണം ചെയ്യാന്‍ ശ്രമം
കൊല്ലം: എല്‍ഡിഎഫ് നേതാക്കളെ വ്യക്തിഹത്യചെയ്യുന്ന ലേഖനങ്ങളടങ്ങിയ ക്രൈം വാരികകളുമായി കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസുകാര്‍ പിടിയിലായി. കോണ്‍ഗ്രസ് നേതാവും കുലശേഖരപുരം പഞ്ചായത്ത് മുന്‍ അംഗവുമായ അലാവുദീന്‍, ഭാര്‍ഗവന്‍, സുരേന്ദ്രന്‍, ഷെറഫ്, സുലൈമാന്‍കുഞ്ഞ് എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കുളഞ്ഞ തെക്കതില്‍ അബ്ബാസിന്റെ വീട്ടിലെത്തി ചൊവ്വാഴ്ച രാവിലെ വാരികകളടങ്ങിയ കെട്ട് കൈമാറുന്നതിനിടെ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുലശേഖരപുരം പഞ്ചായത്ത് വള്ളിക്കാവ് 77-ാം നമ്പര്‍ ബൂത്ത് പരിധിയിലെ വീടുകളില്‍ വിതരണംചെയ്ത നൂറോളം വാരിക എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കണ്ടെടുത്തു. കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ജലജ രജീന്ദ്രന്‍, പ്രവര്‍ത്തകരായ ലീലാകൃഷ്ണന്‍, സുരേന്ദ്രന്‍ എന്നിവരാണ് സൌജന്യമായി വാരിക വിതരണംചെയ്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വള്ളിക്കാവ് 79-ാം ബൂത്ത് പ്രദേശത്തെ വീടുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ വിതരണംചെയ്ത വാരികയും നാട്ടുകാര്‍ കണ്ടെടുത്തു. കരുനാഗപ്പള്ളി 115-ാം നമ്പര്‍ ബൂത്ത് പരിധിയിലും വാരിക വിതരണംചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രാജശേഖരന്‍, കോശി, കെ കെ രവി, രമേശന്‍, സന്തോഷ്, അനീഷ് എന്നിവരാണ് വാരിക വിതരണംചെയ്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കൊച്ചുമാംമൂട് ഭാഗത്ത് വിതരണത്തിനായി കൊണ്ടുവന്ന അമ്പതോളം വാരിക പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകന്‍ ഉണ്ണിയുടെ പക്കല്‍നിന്ന് പിടികൂടി. ക്ളാപ്പന തെക്ക് പഞ്ചായത്ത് അംഗം വിജയകുമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രഘു എന്നിവര്‍ വിതരണംചെയ്ത വാരികകളും വീടുകളില്‍നിന്ന് കണ്ടെടുത്ത് പൊലീസിന് കൈമാറി.
കുലശേഖരപുരം പുളിനില്‍ക്കുംകോട്ട സാഗരമാത സുനാമി കോളനിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടുപിടിക്കുന്നതിനിടെ ക്രൈം വാരിക വിതരണംചെയ്ത റിട്ട. സുനാമി സ്പെഷ്യല്‍ ഓഫീസര്‍ അനന്തപ്രസാദിനെ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടികൂടിയിരുന്നു. കുലശേഖരപുരം, ക്ളാപ്പന, തഴവ, തൊടിയൂര്‍, ഓച്ചിറ, ആലപ്പാട് പ്രദേശങ്ങളില്‍ വന്‍തോതില്‍ വാരിക വിതരണംചെയ്തു. ചവറ, കുണ്ടറ, ചാത്തന്നൂര്‍ മണ്ഡലങ്ങളുടെ പല ഭാഗത്തുനിന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വാരിക കണ്ടെടുത്തു. മൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫ് അതത് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് രേഖാമൂലം പരാതി നല്‍കി.
ദേശാഭിമാനി 130411
അശ്ളീല വാരികയും മദ്യവും ഒഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിന്റെ ദയനീയ അവസ്ഥയാണ് വോട്ടെടുപ്പിന് മണിക്കൂറുകള്‍ മുമ്പും കാണാന്‍ കഴിയുന്നത്. സിപിഐ എം നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന നുണക്കഥകളുമായി ഇറങ്ങുന്ന ക്രൈം എന്ന അശ്ളീല വാരിക സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് വിതരണത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടികൂടി
ReplyDelete