Wednesday, April 6, 2011

ലീഗ് നേതൃത്വത്തിന്റെ പങ്ക് തെളിയുന്നു

നാദാപുരത്ത് നരിക്കാട്ടേരിയില്‍ ബോംബുനിര്‍മാണത്തിനിടെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ മുസ്ളിംലീഗിന്റെ പങ്കാളിത്തം കൂടുതല്‍ വെളിപ്പെടുന്നു. സംഭവത്തെ തള്ളിപ്പറഞ്ഞ ലീഗ് നേതൃത്വത്തിന് രക്ഷപ്പെടാനാകാത്ത കുരുക്കാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്ഫോടനക്കേസില്‍ പ്രധാന പ്രവര്‍ത്തകര്‍ അറസ്റിലായതോടെയാണ് ലീഗിന്റെ പങ്ക് മറനീക്കി പുറത്തുവന്നത്. മരിച്ച അഞ്ചുപേര്‍മാത്രമല്ല അറസ്റിലായവരെല്ലാം ലീഗ് പ്രവര്‍ത്തകരാണെന്നതിനെപ്പറ്റി പ്രതികരിക്കാന്‍ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. അറസ്റിലായവര്‍ക്കെതിരെ പാര്‍ടി നടപടിയെടുക്കുമോ എന്നും വ്യക്തമാക്കിയില്ല. ഏറ്റവുമൊടുവില്‍ ലീഗ് നരിക്കാട്ടേരി ശാഖാ വൈസ് പ്രസിഡന്റ് കറ്റാടത്ത് ഇറ്റോടി കുഞ്ഞമ്മദി (35)നെയാണ് ക്രൈംബ്രാഞ്ച് എസ്പി സി എം പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം അറസ്റുചെയ്തത്. കുഞ്ഞമ്മദിനുപിറകെ ചില പ്രമുഖര്‍ പൊലീസ് നിരീക്ഷണത്തിലാണ്. അടുത്തദിവസം കൂടുതല്‍ അറസ്റുണ്ടാകുമെന്നാണ് സൂചന. ഇയാളുടെ അറസ്റിനുപിന്നാലെ ബുധനാഴ്ച കുന്നുമ്മലിലെ ലീഗ് പ്രവര്‍ത്തകന്‍ ആഷിഖിന്റെ വീട്ടില്‍നിന്ന് ആയുധവും സ്ഫോടകവസ്തുക്കളും പിടികൂടി.

ആയുധശേഖരവും സ്ഫോടകവസ്തുക്കളും തുടര്‍ച്ചയായി കണ്ടെത്തുന്നത് നാദാപുരം മേഖലയില്‍ ലീഗ് കലാപത്തിന് കോപ്പുകൂട്ടുകയായിരുന്നുവെന്ന വിലയിരുത്തല്‍ ശരിവയ്ക്കുന്നു. ബോംബുനിര്‍മാണ സമയത്ത് കുഞ്ഞമ്മദ് സംഭവസ്ഥലത്തുണ്ടായിരുന്നു. ബോംബ് നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയതും ആസൂത്രണംചെയ്തതും കുഞ്ഞമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഇയാളെ ലോക്കല്‍ പൊലീസ് കസ്റഡിയിലെടുത്തിരുന്നു. നാടിനെ നടുക്കിയ സ്ഫോടനത്തില്‍ ലീഗിന്റെ പ്രമുഖ നേതാവുള്‍പ്പെടെ പലരും ഉടന്‍ അറസ്റിലാകുമെന്നാണ് സൂചന. യുഡിഎഫ് സ്ഥാനാര്‍ഥിയായ ലീഗിന്റെ മുതിര്‍ന്ന നേതാവിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതേകേസില്‍ നേരത്തെ അറസ്റിലായ ഇസ്മയില്‍ എന്ന യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ റിമാന്‍ഡിലാണ്. കൂടാതെ കഴിഞ്ഞയാഴ്ച നരിപ്പറ്റയിലെ തിരുവട്ടേരി കുഞ്ഞമ്മദ് ഹാജിയുടെ വീട്ടില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഹാജിയുടെ മകനും യൂത്ത്ലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ കമറുദീന്റെ പേരില്‍ കുറ്റ്യാടി പൊലീസ് കേസെടുത്തിട്ടുമുണ്ട്. കമറുദീന്റെ കിടപ്പുമുറിയിലെ അലമാരയില്‍നിന്നാണ് ബോംബുകളും ബോംബുനിര്‍മാണ സാമഗ്രികളും ക്രൈംബ്രാഞ്ച് സംഘം കസ്റഡിയിലെടുത്തത്. കമറുദീന് എന്‍ഡിഎഫുപോലുള്ള തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തീവ്രവാദസംഘടനകളുടെ ലഘുലേഖകള്‍ കമറുദീന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തു. ഇയാള്‍ക്കും നരിക്കാട്ടേരി സ്ഫോടനത്തില്‍ പങ്കുള്ളതായാണ് പൊലീസ് നിഗമനം. ലീഗ് വലിയ ആസൂത്രണത്തോടെ നാദാപുരം മേഖല ചോരക്കളമാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ശരിവയ്ക്കുന്നതാണ് ഈ വസ്തുതകളെല്ലാം.

2001ല്‍ തെരുവംപറമ്പില്‍ മുസ്ളിംസ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന കള്ളക്കഥ പ്രചരിപ്പിച്ച് ലീഗ് നാടിന് തീകൊളുത്തിയിരുന്നു. സമാനമായ ഒരുക്കങ്ങളാണ് ഇത്തവണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംഘടിപ്പിച്ചത്. എന്നാല്‍,സ്ഫോടനമുണ്ടായതോടെ പദ്ധതി പൊളിഞ്ഞു. മുസ്ളിംലീഗ് ശക്തികേന്ദ്രമായ നരിക്കാട്ടേരി അണിയാരിക്കുന്നില്‍ ഫെബ്രുവരി 26ന് രാത്രിയായിരുന്നു സ്ഫോടനം. ചാലില്‍ റിയാസ് (25), ചെറിയതയ്യില്‍ ഷമീര്‍ (29), പുത്തൂരിടത്ത് റഫീഖ് (30),വലിയപീടികയില്‍ ഷമീല്‍ (20), കരയത്ത് ശബീര്‍ (26) എന്നിവരാണ് ബോംബ് നിര്‍മിക്കുന്നതിനിടെ കൊല്ലപ്പെട്ടത്.

ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും നാദാപുരം പഞ്ചായത്ത് പ്രസിഡന്റുമായ സൂപ്പി നരിക്കാട്ടേരിയുടെ വീടിനടുത്ത് ആളൊഴിഞ്ഞ പറമ്പില്‍ നടന്ന സ്ഫോടനം പാര്‍ടിയെ കുരുക്കുമെന്നായപ്പോഴാണ് നേതാക്കള്‍ കൊല്ലപ്പെട്ടവരെ 'അനാഥ'രാക്കിയത്. മരിച്ച വലിയപീടികയില്‍ ഷമീല്‍ യൂത്ത്ലീഗിന്റെ നരിക്കാട്ടേരി ശാഖാ സെക്രട്ടറിയാണ്. ചെറിയതയ്യില്‍ ഷമീര്‍ യൂത്ത്ലീഗ് ശാഖാ വൈസ് പ്രസിഡന്റാണ്. ഇയാള്‍ നാദാപുരം പുളിയാവ് നാഷണല്‍ കോളേജിലെ പ്രമുഖ എംഎസ്എഫ് നേതാവുമായിരുന്നു. ഇവിടെ യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലറായി വിജയിച്ചിട്ടുമുണ്ട്. കൊല്ലപ്പെട്ട പുത്തൂരിടത്ത് റഫീഖിന്റെ നേതൃത്വത്തിലായിരുന്നു എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ സഹോദരനും ഡിവൈഎഫ്ഐ നേതാവുമായ ദിലീപ്കുമാറിന്റേതുള്‍പ്പെടെയുള്ള വീടുകള്‍ ആക്രമിച്ചത്. നാലുവര്‍ഷംമുമ്പ് റഫീഖിന്റെ വീട്ടില്‍നിന്ന് പൊലീസ് ബോംബ് കണ്ടെത്തിയിരുന്നു. ബോംബുനിര്‍മാണവുമായി ബന്ധപ്പെട്ട് ലീഗ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റുമായ സൂപ്പി നരിക്കാട്ടേരിക്കുനേരെ ആരോപണം ഉയര്‍ന്നതാണ്. സൂപ്പിയുടെ ബന്ധുവിന്റേതാണ് സ്ഫോടനം നടന്ന സ്ഥലം. പത്തുവര്‍ഷംമുമ്പ് ചെക്യാട്ട് സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ കൊള്ളയടിച്ച് തീയിട്ട ക്രിമിനല്‍സംഘങ്ങള്‍ക്കൊപ്പം ചോരപുരണ്ട ആയുധങ്ങളുമായി പിടിയിലായ സംഘത്തില്‍ ഇയാളുമുണ്ടായിരുന്നു. എന്‍ഡിഎഫ് ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുന്ന സൂപ്പിയുടെ നിലപാടിനെതിരെ ലീഗില്‍തന്നെ ഒരു വിഭാഗം നേരത്തെ രംഗത്തുവന്നിരുന്നു.

ദേശാഭിമാനി 060411

1 comment:

  1. നാദാപുരത്ത് നരിക്കാട്ടേരിയില്‍ ബോംബുനിര്‍മാണത്തിനിടെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ മുസ്ളിംലീഗിന്റെ പങ്കാളിത്തം കൂടുതല്‍ വെളിപ്പെടുന്നു. സംഭവത്തെ തള്ളിപ്പറഞ്ഞ ലീഗ് നേതൃത്വത്തിന് രക്ഷപ്പെടാനാകാത്ത കുരുക്കാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്ഫോടനക്കേസില്‍ പ്രധാന പ്രവര്‍ത്തകര്‍ അറസ്റിലായതോടെയാണ് ലീഗിന്റെ പങ്ക് മറനീക്കി പുറത്തുവന്നത്. മരിച്ച അഞ്ചുപേര്‍മാത്രമല്ല അറസ്റിലായവരെല്ലാം ലീഗ് പ്രവര്‍ത്തകരാണെന്നതിനെപ്പറ്റി പ്രതികരിക്കാന്‍ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. അറസ്റിലായവര്‍ക്കെതിരെ പാര്‍ടി നടപടിയെടുക്കുമോ എന്നും വ്യക്തമാക്കിയില്ല. ഏറ്റവുമൊടുവില്‍ ലീഗ് നരിക്കാട്ടേരി ശാഖാ വൈസ് പ്രസിഡന്റ് കറ്റാടത്ത് ഇറ്റോടി കുഞ്ഞമ്മദി (35)നെയാണ് ക്രൈംബ്രാഞ്ച് എസ്പി സി എം പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം അറസ്റുചെയ്തത്. കുഞ്ഞമ്മദിനുപിറകെ ചില പ്രമുഖര്‍ പൊലീസ് നിരീക്ഷണത്തിലാണ്. അടുത്തദിവസം കൂടുതല്‍ അറസ്റുണ്ടാകുമെന്നാണ് സൂചന. ഇയാളുടെ അറസ്റിനുപിന്നാലെ ബുധനാഴ്ച കുന്നുമ്മലിലെ ലീഗ് പ്രവര്‍ത്തകന്‍ ആഷിഖിന്റെ വീട്ടില്‍നിന്ന് ആയുധവും സ്ഫോടകവസ്തുക്കളും പിടികൂടി.

    ReplyDelete