Friday, April 1, 2011

ഐശ്വര്യകേരളം ആഗ്രഹിക്കുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യും

ഐശ്വര്യപൂര്‍ണ കേരളം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമോ അതോ അഴിമതിക്കാര്‍ക്ക് കേരളത്തെ വിട്ടുകൊടുക്കണമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. ഐശ്വര്യപൂര്‍ണ കേരളം ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയ എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യപൂര്‍ണ കേരളത്തിന്റെ സൃഷ്ടിക്കുള്ള നയങ്ങള്‍ക്കും നടപടികള്‍ക്കും തുടക്കം കുറിച്ചത് '57ലെ കമ്യൂണിസ്റ് ഗവണ്‍മെന്റാണ്. പിന്നീട് വിവിധ ഘട്ടങ്ങളില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരുകളും ഈ ദിശയിലാണ് മുന്നേറിയത്. സമ്പൂര്‍ണ സാക്ഷരത, ലക്ഷംവീട്, ക്ഷേമപെന്‍ഷനുകള്‍, ജനകീയാസൂത്രണം എന്നിവയെല്ലാം ഈ ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നടപ്പാക്കിയ പദ്ധതികളാണ്. ഇതെല്ലാം ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. അതിന് എല്‍ഡിഎഫ് വിജയം ഉറപ്പാക്കേണ്ടതുണ്ടെന്നും 'ദേശാഭിമാനി'ക്കനുവദിച്ച അഭിമുഖത്തില്‍ ചന്ദ്രപ്പന്‍ പറഞ്ഞു.

?തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുനിന്നുള്ള അനുഭവമെന്താണ്.

എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ചയാണ് കേരളം ആഗ്രഹിക്കുന്നതെന്ന് തെരഞ്ഞെടുപ്പു പ്രചാരണരംഗത്തെ അനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. അരിയും വെള്ളവും വെളിച്ചവും വീടും ഭൂമിയും അടക്കമുള്ള ജീവിതാവശ്യങ്ങളെല്ലാം പ്രദാനംചെയ്ത എല്‍ഡിഎഫ് തുടര്‍ന്നും അധികാരത്തിലെത്തിയാലെ ഈ സൌകര്യങ്ങളും ആനുകൂല്യങ്ങളും തുടര്‍ന്നും ലഭിക്കൂ എന്ന ചിന്തയാണ് ജനങ്ങള്‍ക്ക്. അങ്ങനെ ചിന്തിക്കുന്ന ജനങ്ങള്‍ സ്വാഭാവികമായും എല്‍ഡിഎഫിനെ വീണ്ടും വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കുമെന്നുറപ്പാണ്.

?എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ നേട്ടങ്ങളൊക്കെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ഉണ്ടായിരുന്നതല്ലേ. എന്നിട്ടും ആ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലല്ലോ.

തദ്ദേശ തെരഞ്ഞെടുപ്പിലോ ലോക്സഭാ തെരഞ്ഞെടുപ്പിലോ ഉണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളല്ല ഇപ്പോഴുള്ളത്. അടുത്ത അഞ്ചുവര്‍ഷം കേരളം ആരു ഭരിക്കണമെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മുമ്പ് നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന്റെ അഴിമതി ഇത്രയേറെ തുറന്നു കാട്ടപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല. അന്ന് പിള്ള ജയിലിലായിട്ടില്ല. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്ന് ടി എച്ച് മുസ്തഫ ആവശ്യപ്പെട്ടിരുന്നില്ല.  ഇന്ന് ഈ കേസുകളില്‍പ്പെട്ട് യുഡിഎഫ് ജീര്‍ണാവസ്ഥയിലാണ്. അതുകൊണ്ട് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ട്, രാത്രിയും പകലും പോലെ. സര്‍ക്കാരിന്റെ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടിയാകുമ്പോള്‍ എല്‍ഡിഎഫ് വിജയം ഉറപ്പാവുകയാണ്.

?എല്‍ഡിഎഫ് വിജയത്തിനാധാരമായി താങ്കള്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന സംഗതി എന്താണ്.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തന്നെയാണ് പ്രധാനം. ഇത്രയേറെ ജനപക്ഷ നിലപാട് പുലര്‍ത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത മറ്റൊരു സര്‍ക്കാരും രാജ്യത്തില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളുടെ ഏഴയലത്തുപോലും നില്‍ക്കാവുന്ന നേട്ടം മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവില്ല. കോണ്‍ഗ്രസ് നടപ്പാക്കാതിരുന്ന ഭക്ഷ്യസുരക്ഷയും വിലക്കയറ്റ നിയന്ത്രണവുമൊക്കെ നടപ്പാക്കിയത് എല്‍ഡിഎഫാണ്. അതുപോലെ പൊതുമേഖല സംരക്ഷിക്കുന്നതിലും കേരളം മാത്യകയായി. ഇതൊക്കെ എല്‍ഡിഎഫിന് അനുകൂലമാകും. നേട്ടങ്ങളെല്ലാം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായ പ്രഖ്യാപനങ്ങളാണ് എല്‍ഡിഎഫ് പ്രകടനപത്രികയിലുള്ളത്. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനംജനക്ഷേമകരമായിരുന്നുവെന്ന് അനുഭവത്തില്‍ മനസ്സിലായ ജനങ്ങള്‍ക്കറിയാം എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന്.

?പക്ഷേ, യുഡിഎഫ് ഇപ്പോഴും എല്‍ഡിഎഫിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടല്ലോ.

ഗൌരവതരമായ ഒരാരോപണവും അവര്‍ ഉന്നയിച്ചിട്ടില്ല. അവരുടെ ആരോപണങ്ങളെല്ലാം ബാലിശമാണ്. മറിച്ച് യുഡിഎഫ് നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ്. യുഡിഎഫിനുള്ളില്‍ നിന്നുതന്നെയാണ് ഇത്തരം ആരോപണങ്ങള്‍ ഉണ്ടായതെന്നതും ശ്രദ്ധേയമാണ്.

കെ വി സുധാകരന്‍ ദേശാഭിമാനി 010411

2 comments:

  1. ഐശ്വര്യപൂര്‍ണ കേരളം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമോ അതോ അഴിമതിക്കാര്‍ക്ക് കേരളത്തെ വിട്ടുകൊടുക്കണമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. ഐശ്വര്യപൂര്‍ണ കേരളം ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയ എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യപൂര്‍ണ കേരളത്തിന്റെ സൃഷ്ടിക്കുള്ള നയങ്ങള്‍ക്കും നടപടികള്‍ക്കും തുടക്കം കുറിച്ചത് '57ലെ കമ്യൂണിസ്റ് ഗവണ്‍മെന്റാണ്. പിന്നീട് വിവിധ ഘട്ടങ്ങളില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരുകളും ഈ ദിശയിലാണ് മുന്നേറിയത്. സമ്പൂര്‍ണ സാക്ഷരത, ലക്ഷംവീട്, ക്ഷേമപെന്‍ഷനുകള്‍, ജനകീയാസൂത്രണം എന്നിവയെല്ലാം ഈ ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നടപ്പാക്കിയ പദ്ധതികളാണ്. ഇതെല്ലാം ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. അതിന് എല്‍ഡിഎഫ് വിജയം ഉറപ്പാക്കേണ്ടതുണ്ടെന്നും 'ദേശാഭിമാനി'ക്കനുവദിച്ച അഭിമുഖത്തില്‍ ചന്ദ്രപ്പന്‍ പറഞ്ഞു.

    ReplyDelete
  2. അവരുടെ ആരോപണങ്ങളെല്ലാം ബാലിശമാണ്....yea.. Prakash Karat agreed that P Sasi's case is related to rape. I do not see any difference between party and catholic organization... both tries to support its own leaders by ducking the facts!!!!

    ReplyDelete