Friday, April 1, 2011

കരുനാഗപ്പള്ളിക്ക് എന്നും ഇടതുകൂറ്

കരുനാഗപ്പള്ളി: സുനാമിയുടെ ചാരത്തില്‍നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആശ്വാസച്ചിറകില്‍ ഫീനിക്സ് പക്ഷിയെപ്പോലെ പുരോഗതിയിലേക്ക് പറന്നുയര്‍ന്ന വിശാലമായ തീരദേശം ഉള്‍പ്പെടുന്ന കരുനാഗപ്പള്ളി ഇത്തവണയും ഇടതുകൂറ് നിലനിര്‍ത്താനൊരുങ്ങുന്നു. കൊല്ലം ജില്ലയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കരുനാഗപ്പള്ളിയെ വികസനത്തിലേക്ക് നയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍ വീണ്ടും ജനവിധി തേടുന്നത്. മന്ത്രിയെന്ന നിലയില്‍ സി ദിവാകരന്‍ സ്വന്തം മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് യുഡിഎഫുകാര്‍ക്കുപോലും എതിരഭിപ്രായമില്ല.
ഇത്തവണ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യാമെന്ന മോഹം പൊലിഞ്ഞതിന്റെ ദുഃഖത്തിലാണ് കരുനാഗപ്പള്ളിയിലെ കോണ്‍ഗ്രസുകാര്‍. ജെഎസ്എസ് നേതാവ് ഗൌരിയമ്മയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചാലും  ഇല്ലെങ്കിലും സീറ്റ് ജെഎസ്എസില്‍നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു അവര്‍ക്ക്. മണ്ഡലം കമ്മിറ്റി ചേര്‍ന്ന് സ്ഥാനാര്‍ഥിപ്പട്ടികയും തയ്യാറാക്കി. എന്നാല്‍, വീണ്ടും ജെഎസ്എസിലെ അഡ്വ. എ എന്‍ രാജന്‍ബാബുവിനു വേണ്ടി വോട്ടുപിടിക്കേണ്ട ഗതികേടിലായി കോണ്‍ഗ്രസുകാര്‍. സ്ഥാനാര്‍ഥി എത്തിയിട്ടും പ്രവര്‍ത്തകരില്‍നിന്ന് തണുപ്പന്‍ പ്രതികരണമാണെങ്ങും. 

കയര്‍, കശുവണ്ടി, കരിമണല്‍, മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മണ്ഡലം എന്നും ഇടതുപക്ഷത്തോടൊപ്പമാണ്. ആലപ്പാട് പഞ്ചായത്തില്‍ തിരകള്‍ തുടച്ചുനീക്കിയ കുടിലുകളുടെ സ്ഥാനത്ത് ഇന്ന് സുന്ദരമായ കോണ്‍ക്രീറ്റ് സൌധങ്ങള്‍ കാണാം. തകര്‍ന്ന റോഡുകള്‍ നൂറുകോടി ചെലവില്‍ പുതുക്കിപ്പണിതു. ആയിരംതെങ്ങ്-അഴീക്കല്‍ പാലം 19 കോടി ചെലവില്‍ യാഥാര്‍ഥ്യമായി. കായംകുളം മത്സ്യബന്ധന തുറമുഖം കമീഷന്‍ചെയ്തു. രണ്ടാംഘട്ടമായി 300 കോടിയുടെ പുനര്‍നിര്‍മാണ, നവീകരണ പദ്ധതികള്‍ നടപ്പാക്കി. സുനാമി, എംഎല്‍എ ഫണ്ടുകള്‍ ഉപയോഗിച്ച് സ്കൂളുകളുടെ അടിസ്ഥാനസൌകര്യം വികസിപ്പിച്ചു. 40 കോടി ചെലവില്‍ ഓച്ചിറ കുടിവെള്ളപദ്ധതി കമീഷന്‍ചെയ്തു. ഒന്നരക്കോടി ചെലവില്‍ വൈദ്യുതീകരണം നടപ്പാക്കി. തൊടിയൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച 54 കോടിയുടെ കാലിത്തീറ്റ ഫാക്ടറി ശ്രദ്ധേയമായ വികസന പദ്ധതിയാണ്. താലൂക്കാശുപത്രിയെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാക്കാന്‍ എട്ടരക്കോടിയാണ് ചെലവഴിച്ചത്. അഴീക്കല്‍ തുറമുഖം, കെഎസ്ആര്‍ടിസി ഡിപ്പോ വികസനം, വ്യാപാര സമുച്ചയം, ആലപ്പാട് ഫിഷറീസ് പ്രൊഡക്ഷന്‍ സെന്റര്‍, കല്ലുംമൂട്ടില്‍കടവ് പാലം, വെറ്ററിനറി പോളിക്ളിനിക്, പിഡബ്ള്യുഡി കോംപ്ളക്സ് തുടങ്ങി അരനൂറ്റാണ്ടിന്റെ വികസനമാണ് അഞ്ചുവര്‍ഷംകൊണ്ട് നടപ്പായത്.

ആലപ്പാട്, തഴവ, ക്ളാപ്പന, കുലശേഖരപുരം, തൊടിയൂര്‍, ഓച്ചിറ പഞ്ചായത്തുകളും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയും ഉള്‍പ്പെട്ടതാണ് പുതിയ കരുനാഗപ്പള്ളി മണ്ഡലം. ഇതില്‍ തഴവ, തൊടിയൂര്‍, ഓച്ചിറ, ക്ളാപ്പന, കുലശേഖരപുരം പഞ്ചായത്തുകളിലെ ഭരണം എല്‍ഡിഎഫിനാണ്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയും ആലപ്പാട് പഞ്ചായത്തും യുഡിഎഫിനും.

കാല്‍നൂറ്റാണ്ടായി ഇടതുപക്ഷത്തിന് ശക്തി പകര്‍ന്നുനല്‍കുന്ന മണ്ഡലമാണ് കരുനാഗപ്പള്ളി. 57ലും 82ലും 2001ലും മാത്രമാണ് ഇടതുപക്ഷത്തുനിന്ന് മണ്ഡലം വഴിമാറിയത്.

എഐടിയുസി സംസ്ഥാന ജനറല്‍സെക്രട്ടറിയും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായിരിക്കെയാണ് ദിവാകരന്‍ 2006ല്‍ ആദ്യമായി കരുനാഗപ്പള്ളിയില്‍നിന്ന് ജനവിധി തേടിയത്.  ജെഎസ്എസിലെ എ എന്‍ രാജന്‍ബാബുവിനെ 12496 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. പത്തനംതിട്ട ജില്ലക്കാരനായ രാജന്‍ബാബു ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു.  മാലുമേല്‍ സുരേഷാണ് ബിജെപി സ്ഥാനാര്‍ഥി
(എം എ സമദ്)


ദേശാഭിമാനി 010411

1 comment:

  1. സുനാമിയുടെ ചാരത്തില്‍നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആശ്വാസച്ചിറകില്‍ ഫീനിക്സ് പക്ഷിയെപ്പോലെ പുരോഗതിയിലേക്ക് പറന്നുയര്‍ന്ന വിശാലമായ തീരദേശം ഉള്‍പ്പെടുന്ന കരുനാഗപ്പള്ളി ഇത്തവണയും ഇടതുകൂറ് നിലനിര്‍ത്താനൊരുങ്ങുന്നു. കൊല്ലം ജില്ലയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കരുനാഗപ്പള്ളിയെ വികസനത്തിലേക്ക് നയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍ വീണ്ടും ജനവിധി തേടുന്നത്. മന്ത്രിയെന്ന നിലയില്‍ സി ദിവാകരന്‍ സ്വന്തം മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് യുഡിഎഫുകാര്‍ക്കുപോലും എതിരഭിപ്രായമില്ല.

    ReplyDelete