അചഞ്ചലനായി അമരക്കാരന്‍
തൃശൂര്‍: വസ്ത്രത്തിന്റെ ശുഭ്രതയും ലാളിത്യവും പോലെതന്നെയാണ് പ്രകാശ് കാരാട്ടിന്റെ വാക്കുകളും. പൊരിവെയിലില്‍ തെരഞ്ഞെടുപ്പ് യോഗത്തിനെത്തിയ സഖാക്കളോട് രാഷ്ട്രീയം പറയുമ്പോള്‍ അദ്ദേഹം ഒരധ്യാപകനാകുന്നു. കുശലം പറയുമ്പോള്‍ എത്രയോ കാലം അടുപ്പമുള്ള ഒരു സുഹൃത്തിനെപ്പോലെ. കോണ്‍ഗ്രസിന്റെ നയങ്ങളെ തീക്ഷ്ണമായ വാക്കുകളില്‍ വിമര്‍ശിക്കുമ്പോള്‍ അചഞ്ചലനായ പോരാളിയാകുന്നു കാരാട്ട്. തെളിമയാര്‍ന്ന വ്യക്തിത്വവും പതറാത്ത നിലപാടുകളും കൊണ്ട് ദേശീയ രാഷ്ട്രീയത്തില്‍ സവിശേഷ സാന്നിധ്യമായ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാക്കുകള്‍ വെള്ളിയാഴ്ച മധ്യകേരളത്തിലെ രണ്ടു ജില്ലകള്‍ ശ്രദ്ധാപൂര്‍വം കേട്ടു. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായുള്ള ആറു ദിവസത്തെ പര്യടനത്തിന്റെ ഒന്നാംദിനം അങ്ങനെ തൃശൂരിലെയും എറണാകുളത്തെയും പ്രവര്‍ത്തകര്‍ക്കിടയില്‍ അദ്ദേഹം പൂര്‍ണമായും ചെലവിട്ടു.
ഏറെ തിരക്കിനിടയിലാണ് അദ്ദേഹം വ്യാഴാഴ്ച രാത്രി കേരളത്തില്‍ എത്തിയത്. വെള്ളിയാഴ്ച രാവിലെ പതിവ് പത്രവായനയോടെ വിപ്ളവനായകന്റെ ഒരു ദിവസത്തെ പ്രചാരണം ആരംഭിക്കുകയാണ്. യാത്രാക്ഷീ ണമൊന്നും കാരാട്ടിനെ അലട്ടിയിരുന്നില്ല. പത്രവായനയും കുളിയും കഴിഞ്ഞപ്പോഴേക്കും എല്‍ഡിഎഫ് തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ഥി പി ബാലചന്ദ്രനും സംഘവും എത്തി. ബാലചന്ദ്രന്റെ വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രകാശ്കാരാട്ട് നിര്‍വഹിച്ചു. എട്ടരയോടെ സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീനും ജില്ല സെക്രട്ടറിയറ്റ് അംഗം യു പി ജോസഫും എത്തി. ഇരുവരോടും ജില്ലയിലെ പരിപാടികളെക്കുറിച്ച് ചോദിച്ചു. കൃത്യം ഒമ്പതിന് സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിനായി പണിതീര്‍ന്ന ഇ എം എസ് മന്ദിരം ഉദ്ഘാടനം ചെയ്യാനായി പുതുക്കാട്ടേക്ക്. പുതുക്കാട്ട് ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികളാണ് അദ്ദേഹത്തെ വരവേറ്റത്. ഇ എം എസ് മന്ദിരം ഉദ്ഘാടനംചെയ്ത് ഹ്രസ്വമായ പ്രസംഗം. ഡിസംബറില്‍ ഉദ്ഘാടനം ചെയ്യാനിരുന്ന ഇ എം എസ് മന്ദിരം മുന്‍മുഖ്യമന്ത്രി കെ കരുണാകരന്‍ അന്തരിച്ചതിനാല്‍ നീട്ടിവയ്ക്കുകയായിരുന്നു. ഒരു പാര്‍ടി ഓഫീസ് ഉണ്ടാക്കുന്നത് ആ പ്രദേശത്തെ പാര്‍ടിയുടെ ശക്തിയാണ് കാണിക്കുന്നതെന്ന കാരാട്ടിന്റെ വാക്കുകള്‍ ഹര്‍ഷാരവത്തോടെ ജനം സ്വീകരിച്ചു. ഓഫീസില്‍ വച്ച് പ്രകാശ്കാരാട്ട് പഴയൊരു സഹപ്രവര്‍ത്തകനെ കണ്ടു. ഡല്‍ഹി എ കെ ജി ഭവനിലെ ജീവനക്കാരനായിരുന്നു ശങ്കര്‍ജിയെ. അദ്ദേഹവുമായി കുശലം പറഞ്ഞശേഷം കുന്നംകുളത്തേക്ക്.
കുന്നംകുളത്ത് പൊരിവെയിലത്തും നൂറുകണക്കിനാളുകള്‍. ദേശീയ, സംസ്ഥാന രാഷ്ട്രീയം ചുരുക്കി വിശദീകരിക്കുന്നു. കോണ്‍ഗ്രസിന്റെ ജനവിരുദ്ധനയങ്ങള്‍ക്ക് ബദല്‍ ഇടതുപക്ഷം മാത്രമാണെന്നു സമര്‍ഥിക്കുന്നു. യുഡിഎഫ് അധികാരത്തില്‍ വരികയെന്നു വച്ചാല്‍ വിലക്കയറ്റത്തിനും അഴിമതിക്കും ലൈസന്‍സ് നല്‍കുന്നതിനു തുല്യമാണെന്നും കാരാട്ട് ഓര്‍മിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബാബു പാലിശ്ശേരിയെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രസംഗം നിര്‍ത്തുന്നു. തുടര്‍ന്ന് സ്ഥാനാര്‍ഥിയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം അടുത്ത കേന്ദ്രത്തിലേക്ക്.
കത്തുന്ന മീനച്ചൂടിനെ വകവയ്ക്കാതെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനെ കാത്ത് മണലൂര്‍ മണ്ഡലത്തിലെ കാഞ്ഞാണിയിലും നൂറുകണക്കിനാളുകള്‍. 40 മിനിറ്റുനേരത്തെ പ്രസംഗത്തിനു ശേഷം സ്ഥാനാര്‍ഥി ബേബിജോണിനെ കുറിച്ചുണ്ടാക്കിയ ഡോക്കുമെന്ററിയുടെ പ്രകാശനവും കാരാട്ട് നിര്‍വഹിച്ചു. ഇതോടെ തൃശൂര്‍ ജില്ലയിലെ പര്യടനത്തിനു സമാപനം.
എറണാകുളം ജില്ലയിലേക്കുള്ള യാത്രയില്‍ കാറിലുള്ളവരുമായി ചില ഓര്‍മകള്‍ പങ്കിടാന്‍ മറന്നില്ല. ആദ്യമായി കേരളത്തില്‍ പ്രചാരണത്തിന് എത്തിയത് 1971ലാണ്. അന്ന് ജന്മനാടായ എലപ്പുള്ളിയില്‍ എ കെ ജിക്കു വേണ്ടി പ്രചാരണം നടത്തിയ കാര്യവും അതിനുമുമ്പ് പട്ടാമ്പിയില്‍ ഇ എം എസിനെ ആദ്യമായി പരിചയപ്പെട്ടതും അദ്ദേഹം യാത്രയ്ക്കിടെ അനുസ്മരിച്ചു. യാത്രയ്ക്കിടെ വാടാനപ്പിള്ളിയില്‍ പാര്‍ടി പ്രവര്‍ത്തകനായ നിസാറിന്റെ വീട്ടില്‍ ഉച്ചഭക്ഷണം. വിഭവങ്ങള്‍ ധാരാളം. സാധാരണ ഒരു ചപ്പാത്തിയാണ് ഉച്ചഭക്ഷണം. ഇന്നു പതിവ് തെറ്റി. ഉച്ചഭക്ഷണം കഴിഞ്ഞ് നേരെ എറണാകുളം ഗസ്റ് ഹൌസിലേക്ക്. ജില്ല സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ അവിടെയുണ്ട്. അല്‍പ്പസമയത്തിനകം സംസ്ഥാന കമ്മിറ്റി അംഗം പി രാജീവ് എംപിയും എത്തി. മൂന്നിന് എറണാകുളം പ്രസ്ക്ളബിലെ മിറ്റ് ദ പ്രസില്‍ പങ്കെടുത്തു. പതിവുപോലെ ദേശീയ, സംസ്ഥാന വിഷയങ്ങള്‍ ചുരുക്കം വാക്കുകളില്‍ അവതരിപ്പിക്കുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി. വീണ്ടും അടുത്തകേന്ദ്രത്തിലേക്ക്. അതിനിടെ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ മരണവിവരം അറിഞ്ഞു. നേരെ ലിസി ആശുപത്രിയിലേക്ക്. സീറോ മലബാര്‍ സഭയുടെ വക്താവ് ഫാ. പോള്‍ തേലക്കാട്ടിനെ കണ്ട് അനുശോചനം അറിയിച്ചു. വിതയത്തിലിന്റെ മൃതദേഹം എത്തുംവരെ കാത്തുനിന്ന് റീത്ത് സമര്‍പ്പിച്ചു.
തുടര്‍ന്ന് പെരുമ്പാവൂരില്‍ പൊതുയോഗത്തിലേക്ക്. വിപ്ളവസൂര്യന് അഭിവാദ്യങ്ങള്‍ എന്ന മുദ്രാവാക്യം വിളികളോടെ ആയിരങ്ങള്‍ കാരാട്ടിനെ വേദിയിലേക്ക് ആനയിച്ചു. ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടിയുള്ള പ്രസംഗം ജനം ഹര്‍ഷാരവങ്ങളോടെ സീകരിച്ചു. അവസാന കേന്ദ്രമായ കളമശേരിയില്‍ എത്തുമ്പോഴെക്കും രാത്രി ഏഴിനോട് അടുത്തിരുന്നു. ആയിരങ്ങള്‍ അപ്പോഴും വിപ്ളവനായകനെ കാത്തുനില്‍ക്കുകയാണ്. ഒരു ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി രാത്രി എറണാകുളം ഗസ്റ് ഹൌസിലേക്ക്. ശനിയാഴ്ച രാവിലെ കോട്ടയം ജില്ലയില്‍ വീണ്ടും തെരഞ്ഞെടുപ്പു പ്രചാരണത്തിന് തയ്യാറെടുക്കുകയാണ് പ്രകാശ് കാരാട്ട്.
ദേശാഭിമാനി 020411
വസ്ത്രത്തിന്റെ ശുഭ്രതയും ലാളിത്യവും പോലെതന്നെയാണ് പ്രകാശ് കാരാട്ടിന്റെ വാക്കുകളും. പൊരിവെയിലില്‍ തെരഞ്ഞെടുപ്പ് യോഗത്തിനെത്തിയ സഖാക്കളോട് രാഷ്ട്രീയം പറയുമ്പോള്‍ അദ്ദേഹം ഒരധ്യാപകനാകുന്നു. കുശലം പറയുമ്പോള്‍ എത്രയോ കാലം അടുപ്പമുള്ള ഒരു സുഹൃത്തിനെപ്പോലെ. കോണ്‍ഗ്രസിന്റെ നയങ്ങളെ തീക്ഷ്ണമായ വാക്കുകളില്‍ വിമര്‍ശിക്കുമ്പോള്‍ അചഞ്ചലനായ പോരാളിയാകുന്നു കാരാട്ട്. തെളിമയാര്‍ന്ന വ്യക്തിത്വവും പതറാത്ത നിലപാടുകളും കൊണ്ട് ദേശീയ രാഷ്ട്രീയത്തില്‍ സവിശേഷ സാന്നിധ്യമായ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാക്കുകള്‍ വെള്ളിയാഴ്ച മധ്യകേരളത്തിലെ രണ്ടു ജില്ലകള്‍ ശ്രദ്ധാപൂര്‍വം കേട്ടു. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായുള്ള ആറു ദിവസത്തെ പര്യടനത്തിന്റെ ഒന്നാംദിനം അങ്ങനെ തൃശൂരിലെയും എറണാകുളത്തെയും പ്രവര്‍ത്തകര്‍ക്കിടയില്‍ അദ്ദേഹം പൂര്‍ണമായും ചെലവിട്ടു.
ReplyDelete