Tuesday, April 5, 2011

വോട്ട് പിടിക്കാന്‍ യു ഡി എഫ് വക സാരിയും മുണ്ടും ബിരിയാണിയും

പാവറട്ടി: മണലൂര്‍ മണ്ഡലത്തില്‍ വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസുകാര്‍ സാരിയും മുണ്ടും ബിരിയാണിയും വിതരണം ചെയ്തത് വിവാദമാകുന്നു. ഞായറാഴ്ച കണ്ടാണിശ്ശേരി പഞ്ചായത്തിലെ മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിതരണം നടന്നത്.
കെട്ടിടനിര്‍മാണ തൊഴിലാളി യൂണിയന്‍(ഐ എന്‍ ടി യു സി)യാണ് മണലൂര്‍ മണ്ഡലത്തിലെ അഞ്ഞൂറോളം പേരെ വിളിച്ചുവരുത്തി യു ഡി എഫ് സ്ഥാനാര്‍ഥിയുടെ സാന്നിധ്യത്തില്‍ സദ്യയും ഉപഹാരങ്ങളും നല്‍കിയത്. പത്ത് വര്‍ഷമായി ഒരു കാപ്പി പോലും നല്‍കാത്തവരാണ് സാരിയും മുണ്ടും ബിരിയാണിയും നല്‍കിയതെന്നും ഇതിനു പിന്നില്‍ വോട്ട് പിടിക്കാനുള്ള ഗൂഢതന്ത്രം മാത്രമാണെന്നും ചടങ്ങില്‍ പങ്കെടുത്ത മറ്റം മാമ്പുള്ളി ഷണ്‍മുഖന്റെ ഭാര്യ സരസ്വതി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കെ വി ജോസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കണ്ടാണിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റൂബി ഫ്രാന്‍സീസ് ഉള്‍പ്പെടെ ത്രിതല ഗ്രാമപഞ്ചായത്തംഗങ്ങളും പങ്കെടുത്തിരുന്നു.

സാരിക്കും മുണ്ടിനും പുറമെ ഒട്ടേറെ പേര്‍ക്ക് സാമ്പത്തിക സഹായവും വിതരണം ചെയ്യുകയുണ്ടായി. നഗ്നമായ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാന്‍ എല്‍ ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ജനയുഗം 050411


ഇബ്രാഹിംകുഞ്ഞിന്റെ ബിരിയാണിസദ്യ വിവാദമായി

കൊച്ചി: കളമശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ഇബ്രാഹിംകുഞ്ഞ് മണ്ഡലത്തില്‍ സംഘടിപ്പിച്ച ബിരിയാണിസദ്യ വിവാദമാകുന്നു. ഇടപ്പള്ളി പത്തടിപ്പാലത്തെ പീച്ചിങ്ങാപ്പടി മൈതാനിയിലാണ് രണ്ടു ബൂത്തുകളിലെ ജനങ്ങള്‍ക്കായി ബിരിയാണിപ്പാര്‍ട്ടി ഒരുക്കിയത്. ഞായറാഴ്ച വൈകിട്ട് ആറിനായിരുന്നു പരിപാടി. യുഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 'കുടുംബസംഗമവും സ്നേഹവിരുന്നും' എന്ന പേരിലാണ് പരിപാടിയുടെ നോട്ടീസ് തയ്യാറാക്കിയതെങ്കിലും വിവാദമാകുമെന്നു ഭയന്ന് ഒടുവില്‍ കെ കരുണാകരന്‍ അനുസ്മരണമെന്ന ബാനര്‍ കെട്ടുകയായിരുന്നു.

കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, മുനിസിപ്പല്‍ മുന്‍ ചെയര്‍മാന്‍ ടി കെ കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബിരിയാണിസല്‍ക്കാരം. പരിപാടിയുടെ നോട്ടീസില്‍ സ്ഥാനാര്‍ഥി ഇബ്രാഹിംകുഞ്ഞിന്റെ പേരും അദ്ദേഹം പങ്കെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവരം മണത്തറിഞ്ഞ് ചാനലുകള്‍ എത്തിയതോടെ സംഭവം വിവാദമാകുമെന്നു ഭയന്ന് ഇബ്രാഹിംകുഞ്ഞ് പരിപാടിയില്‍നിന്ന് വിട്ടുനിന്നു. യോഗത്തിനെത്തിയ നേതാക്കളാകട്ടെ കെ കരുണാകരന്റെ പേരുപോലും പരാമര്‍ശിക്കാതെ ഇബ്രാഹിംകുഞ്ഞിന് വോട്ടഭ്യര്‍ഥിച്ച് പിരിഞ്ഞു.

ദേശാഭിമാനി 050411

1 comment:

  1. മണലൂര്‍ മണ്ഡലത്തില്‍ വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസുകാര്‍ സാരിയും മുണ്ടും ബിരിയാണിയും വിതരണം ചെയ്തത് വിവാദമാകുന്നു. ഞായറാഴ്ച കണ്ടാണിശ്ശേരി പഞ്ചായത്തിലെ മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിതരണം നടന്നത്.

    ReplyDelete