Wednesday, April 6, 2011

സെന്‍സസ് വിവരങ്ങള്‍ ചര്‍ച്ചയാവണം

രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്തുവിട്ടിരിക്കുകയാണ്. ജനസംഖ്യാ വര്‍ധന നിരക്കിലുണ്ടായ കുറവ്, സാക്ഷരതാ നിരക്കിലെ വര്‍ധന തുടങ്ങി, ആരോഗ്യകരമായ സമൂഹം എന്ന നിലയിലുള്ള നമ്മുടെ പുരോഗതിയുടെ ഏതാനും സൂചകങ്ങള്‍ ഈ കണക്കുകളിലുണ്ട്. അതേസമയം തന്നെ ശിശു ആണ്‍-പെണ്‍ അനുപാതത്തിലെ അപായകരമായ അന്തരവും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ജനസംഖ്യാ നയവും അതുമായി ബന്ധപ്പെട്ട സാമൂഹ്യകാഴ്ചപ്പാടും ഏതെല്ലാം വിധത്തില്‍ മാറ്റങ്ങള്‍ക്കു വിധേയമാവേണ്ടതുണ്ട് എന്നതിന് ഈ കണക്കുകള്‍ അടിസ്ഥാനമാവേണ്ടതാണ്. അതിനനുസരിച്ചുള്ള ദേശീയ സംവാദവും ഈ പുതിയ സെന്‍സസ് വിവരങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരണം.

പുതിയ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് 121 കോടിക്കു മുകളിലാണ് നാം, ഇന്ത്യക്കാരുടെ എണ്ണം. പത്തു വര്‍ഷത്തിലൊരിക്കലാണ് രാജ്യത്ത് കാനേഷുമാരി കണക്കെടുപ്പ് നടക്കുന്നത്. കഴിഞ്ഞ സെന്‍സസ് നടന്ന 2001നേക്കാള്‍ 18.1 കോടിയുടെ വര്‍ധനയാണ് ജനസംഖ്യയില്‍ ഉണ്ടായിട്ടുള്ളത്. പുതിയ കണക്ക് അനുസരിച്ച് ലോക ജനസംഖ്യയുടെ 17.5 ശതമാനവും ഇന്ത്യക്കാരാണ്. ജനസംഖ്യാ വര്‍ധനയുടെ നിരക്കില്‍ മൂന്നു ശതമാനത്തിലേറെ കുറവുണ്ടാക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സെന്‍സസില്‍ 21.15 ശതമാനമായിരുന്നു വര്‍ധനയുടെ നിരക്ക്. ഇക്കുറി അത് 17.64ലേയ്ക്ക് താഴ്ന്നിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണ പരിപാടികള്‍ കുറെയൊക്കെ ലക്ഷ്യം കണ്ടിട്ടുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. രാജ്യത്തെ ജനങ്ങളില്‍ 74 ശതമാനവും സാക്ഷരരാണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ ഇത് 65.38 ശതമാനമായിരുന്നു. പ്രതീക്ഷയുണ്ടാക്കുന്ന മുന്നേറ്റമാണിത്.

ശിശു ആണ്‍-പെണ്‍ അനുപാതത്തിലെ കുറവാണ്, ഇപ്പോള്‍ പുറത്തുവന്ന സെന്‍സസ് വിവരങ്ങളില്‍ രാജ്യം അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടത്. ആയിരം ആണ്‍കുഞ്ഞുങ്ങള്‍ക്ക് 914 പെണ്‍കുഞ്ഞുങ്ങള്‍ എന്നതാണ് പുതിയ സെന്‍സസിലെ അനുപാതം. സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ നടന്ന കണക്കെടുപ്പുകളിലെ ഏറ്റവും താഴ്ന്ന ആണ്‍-പെണ്‍ അനുപാതമാണിത്. 2001ല്‍ 927ഉം 1991ല്‍ 945ഉം 1981ല്‍ 962ഉം ആയിരുന്നു ഇത്. ഏതാനും എണ്ണത്തിലൊഴിച്ച് രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ശിശു ആണ്‍- പെണ്‍ അനുപാതം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരായ വിവേചനം നേരത്തെ തന്നെ രാജ്യത്ത് ചര്‍ച്ചയാവുകയും അതു തടയാന്‍ നിമയങ്ങള്‍ തന്നെ നിര്‍മിക്കുകയും ചെയ്തിട്ടും ഇക്കാര്യത്തില്‍ ലക്ഷ്യത്തിലെത്താന്‍ നമുക്കായിട്ടില്ലെന്നാണ് ഇതിലൂടെ ബോധ്യപ്പെടുന്നത്. ലിംഗ നിര്‍ണയ പരിശോധനയും ഭ്രൂണഹത്യയും നിയമം മൂലം നിരോധിച്ചിട്ടും പലയിടത്തും ഇതു നടക്കുന്നതായി വാര്‍ത്തകള്‍ വരുന്നു. ചില ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വളരെ പ്രാകൃതമായ രീതിയില്‍ പെണ്‍കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതായുള്ള വാര്‍ത്തകളും ഏതാനും നാള്‍ മുമ്പ് പുറത്തുവന്നിട്ടുണ്ട്. ഇവയ്ക്കു സ്ഥിരീകരണം നല്‍കുന്നതാണ് കാനേഷുമാരിക്കണക്കിലെ വിവരങ്ങള്‍. നിയമങ്ങള്‍ ശക്തമായി നടപ്പാക്കുന്നതിനോടൊപ്പം ജനങ്ങള്‍ക്കിടയില്‍ തീവ്രമായ അവബോധപരിപാടി നടത്തേണ്ടതിന്റെയും ആവശ്യകത ഈ കണക്കുകള്‍ എടുത്തുകാട്ടുന്നുണ്ട്.

ജനസംഖ്യാ നിയന്ത്രണം, സാക്ഷരത, സ്ത്രീപുരുഷ അനുപാതത്തില്‍ തുലനം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ സെന്‍സസ് കണക്കുകളില്‍ വ്യക്തമാണ്. ദേശീയ ശരാശരി 17.64ല്‍ എത്തിനില്‍ക്കെ 4.86 ആണ് സംസ്ഥാനത്തെ ജനസംഖ്യാ വര്‍ധന നിരക്ക്. 93.91 ശതമാനത്തെ സാക്ഷരരാക്കാനും നമുക്കു കഴിഞ്ഞിരിക്കുന്നു. ആയിരം പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ എന്നതാണ് കേരളത്തിലെ ലിംഗാനുപാതം. ആരോഗ്യകരമായ സമൂഹം എന്ന നിലയില്‍, ദേശീയ ശരാശരിയെ കവച്ചുവയ്ക്കുന്ന മുന്നേറ്റമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്നര്‍ഥം.

ജനയുഗം മുഖപ്രസംഗം 060411

1 comment:

  1. രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്തുവിട്ടിരിക്കുകയാണ്. ജനസംഖ്യാ വര്‍ധന നിരക്കിലുണ്ടായ കുറവ്, സാക്ഷരതാ നിരക്കിലെ വര്‍ധന തുടങ്ങി, ആരോഗ്യകരമായ സമൂഹം എന്ന നിലയിലുള്ള നമ്മുടെ പുരോഗതിയുടെ ഏതാനും സൂചകങ്ങള്‍ ഈ കണക്കുകളിലുണ്ട്. അതേസമയം തന്നെ ശിശു ആണ്‍-പെണ്‍ അനുപാതത്തിലെ അപായകരമായ അന്തരവും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ജനസംഖ്യാ നയവും അതുമായി ബന്ധപ്പെട്ട സാമൂഹ്യകാഴ്ചപ്പാടും ഏതെല്ലാം വിധത്തില്‍ മാറ്റങ്ങള്‍ക്കു വിധേയമാവേണ്ടതുണ്ട് എന്നതിന് ഈ കണക്കുകള്‍ അടിസ്ഥാനമാവേണ്ടതാണ്. അതിനനുസരിച്ചുള്ള ദേശീയ സംവാദവും ഈ പുതിയ സെന്‍സസ് വിവരങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരണം.

    ReplyDelete