Wednesday, April 6, 2011

സുപ്രീംകോടതി വിധിയില്‍ തെളിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തി

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ പ്രതികളുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിക്ക് തെളിവ്. 31 പേരുടെ മരണത്തിനും നിരവധി പേരുടെ കാഴ്ച നഷ്ടപ്പെടാനും ഇടയാക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ മണിച്ചന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയത് അന്നത്തെ നായനാര്‍ സര്‍ക്കാരിന്റെ നിലപാടാണ്. എല്ലാ പഴുതുകളും അടച്ച് നടത്തിയ അന്വേഷണവും തുടര്‍ന്നുള്ള നിയമനടപടികളുമാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയത്. ശിക്ഷ സുപ്രീംകോടതി ശരിവച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിക്കുള്ള അംഗീകാരം കൂടിയായി.
 
2000 ഒക്ടോബറിലാണ് കല്ലുവാതുക്കല്‍ വിഷമദ്യദുരന്തം നടന്നത്. ദുരന്തം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്നതിന് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. 90 ദിവസത്തിനുള്ളില്‍ പ്രതികള്‍ക്ക് കുറ്റപ്പത്രം നല്‍കി. കേസ് നടത്താന്‍ സ്പെഷ്യല്‍ പ്രോസിക്യുട്ടറെ നിയമിച്ചു. ഇതിന് പുറമെ വ്യാജമദ്യ രാജാവ് മണിച്ചന്റെ രഹസ്യ ഗോഡൌണുകള്‍ കണ്ടെത്തി പതിനായിരക്കണക്കിന് ലിറ്റര്‍ സ്പിരിറ്റും മദ്യവും പിടിച്ചെടുത്തു. വിചാരണയില്‍ സെഷന്‍സ് കോടതിയെ സഹായിച്ചതിന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍ രാജിനെ സുപ്രീംകോടതി അഭിനന്ദിച്ചതും ശ്രദ്ധേയമാണ്. കേസ് വാദിക്കാനായി സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ്. പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരിക്കാനും അന്ന് പ്രോസിക്യൂഷന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. ഉദ്യോഗസ്ഥരുടെ മാസപ്പടി പിരിവിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. മാസപ്പടി വാങ്ങിയ നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തു.

ഐജി സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ചത്. മണിച്ചന്റെ രഹസ്യ ഗോഡൌണുകള്‍ കണ്ടെത്തിയതും മദ്യദുരന്തമുണ്ടായ ഉടന്‍ ഒളിവില്‍ പോയ മണിച്ചനെ പിടികൂടിയതും ഈ സംഘമാണ്. അന്ന് ജയിലിലായ മണിച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതുവരെ പുറംലോകം കണ്ടിട്ടില്ല. ജയിലില്‍ കിടന്ന് വിചാരണ നേരിട്ട മണിച്ചന് ഒടുവില്‍ ജീവപര്യന്തം ശിക്ഷ കിട്ടി. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം മണിച്ചന് പരോള്‍ ലഭിക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. പരോളിന് അനുകൂലമായി പൊലീസ് റിപ്പോര്‍ട്ടും നല്‍കിയെങ്കിലും മാധ്യമങ്ങളുടെ ഇടപെടലിനെത്തുടര്‍ന്ന് ശ്രമം വിഫലമായി. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ പിന്‍വലിക്കാനും നീക്കമുണ്ടായി. എന്നാല്‍, കോടതിയുടെ കര്‍ശനനിലപാടിനെത്തുടര്‍ന്ന് ആ നീക്കം പാളി. സെഷന്‍സ് കോടതി വിധിക്കെതിരെ മണിച്ചനും മറ്റും നല്‍കിയ അപ്പീല്‍ ഹൈക്കോടതിയില്‍ എത്തിയപ്പോഴും കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് യുഡിഎഫ് നടത്തിയത്.

ദേശാഭിമാനി 060411

1 comment:

  1. മദ്യദുരന്തക്കേസില്‍ പ്രതികളുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിക്ക് തെളിവ്. 31 പേരുടെ മരണത്തിനും നിരവധി പേരുടെ കാഴ്ച നഷ്ടപ്പെടാനും ഇടയാക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ മണിച്ചന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയത് അന്നത്തെ നായനാര്‍ സര്‍ക്കാരിന്റെ നിലപാടാണ്. എല്ലാ പഴുതുകളും അടച്ച് നടത്തിയ അന്വേഷണവും തുടര്‍ന്നുള്ള നിയമനടപടികളുമാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയത്. ശിക്ഷ സുപ്രീംകോടതി ശരിവച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിക്കുള്ള അംഗീകാരം കൂടിയായി.

    ReplyDelete