Tuesday, April 5, 2011

പൊലീസിനുനേര്‍ക്ക് കോണ്‍ഗ്രസ് കൈയേറ്റം, ആളില്ലാ യോഗങ്ങള്‍

തെരഞ്ഞെടുപ്പുചട്ടം ലംഘിച്ച് പൊതുയോഗം; പൊലീസിനുനേര്‍ക്ക് കോണ്‍ഗ്രസ് കൈയേറ്റം

പേരൂര്‍ക്കട: തെരഞ്ഞെടുപ്പുചട്ടം ലംഘിച്ച് പൊതുയോഗം നടത്തിയത് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിനുനേര്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ കൈയേറ്റം. വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണത്താണ് സംഭവം. സമയപരിധി കഴിഞ്ഞും മൈക്ക് പ്രവര്‍ത്തിപ്പിച്ച് യോഗം നടത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചത് വട്ടിയൂര്‍ക്കാവ് പൊലീസ് തടഞ്ഞു. ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ഡലം പ്രസിഡന്റ് വേണുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസിനെ കൈയേറ്റം ചെയ്യുകയായിരുന്നു. പൊലീസുകാരെ പിടിച്ചുതള്ളുകയും പൊലീസ് നിര്‍ദേശം ലംഘിച്ച് യോഗം നടത്തുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തിയശേഷമാണ് യോഗം തുടങ്ങിയത്. തുടര്‍ന്ന് റിട്ടേണിങ് ഓഫീസറുടെ സ്ക്വാഡ് എത്തി യോഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും യോഗം തുടരുകയായിരുന്നു.
റിട്ടേണിങ് ഓഫീസറുടെ സ്ക്വാഡ് ആവശ്യപ്പെട്ടിട്ടും യോഗം നടത്തിയതിനെതുടര്‍ന്ന് യോഗത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയിട്ടുണ്ട്. റിട്ടേണിങ് ഓഫീസറും കമീഷനുമാണ് തുടര്‍നടപടി സ്വീകരിക്കേണ്ടത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് കമീഷന്‍ അധികൃതര്‍ പറഞ്ഞു.

വാഹിദിന്റെ വികസനരേഖയുടെ 2000 കോപ്പി നിരീക്ഷകര്‍ പിടിച്ചെടുത്തു

കഴക്കൂട്ടം: തെരഞ്ഞെടുപ്പു കമീഷന്റെ അനുമതിയില്ലാതെ കഴക്കൂട്ടം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ എം എ വാഹിദ് തയ്യാറാക്കിയ വികസനരേഖയുടെ 2000 കോപ്പി കഴക്കൂട്ടം ചേങ്കോട്ടുകോണം ജോര്‍ജ് ഭവനില്‍ കുഞ്ഞുമോന്റെ വീട്ടില്‍നിന്നു തിങ്കളാഴ്ച പകല്‍ മൂന്നോടെ തെരഞ്ഞെടുപ്പു നിരീക്ഷകര്‍ പിടിച്ചെടുത്തു. 200 പേജില്‍ മള്‍ട്ടി കളറിലാണ് വികസനരേഖ തയ്യാറാക്കിയിട്ടുള്ളത്. തിങ്കളാഴ്ച രാവിലെയോടെ കഴക്കൂട്ടത്ത വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ഥിയും കൂട്ടരും വികസനരേഖ വിതരണം ചെയ്തിരുന്നു. തെരഞ്ഞെടുപ്പു നിരീക്ഷകര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കോപ്പികള്‍ കലക്ടര്‍ മുമ്പാകെ ഹാജരാക്കി. ഇതുതയ്യാറാക്കാന്‍ വേണ്ടിവന്ന ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു ചെലവില്‍ ഉള്‍പ്പെടുത്തുമെന്ന് നിരീക്ഷകര്‍ അറിയിച്ചു.

വയലാര്‍ രവിയുടെ പൊതുയോഗത്തില്‍നിന്ന് കോണ്‍ഗ്രസുകാര്‍ വിട്ടുനിന്നു

വര്‍ക്കല: കേന്ദ്രമന്ത്രി വയലാര്‍ രവി പങ്കെടുത്ത യോഗത്തില്‍നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിട്ടുനിന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. വര്‍ക്കല മൈതാനം ബസ്സ്റേഷന്റെ ഇടുങ്ങിയ സ്ഥലത്ത് തെരഞ്ഞെടുപ്പ് പൊതുയോഗം വച്ചിട്ടും നൂറുപേരെപ്പോലും പങ്കെടുപ്പിക്കാന്‍ കഴിയാതെ വര്‍ക്കലയിലെ കോണ്‍ഗ്രസ് നേതൃത്വം നട്ടംതിരിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി വയലാര്‍ രവി. ഞായറാഴ്ച രാവിലെ 11.30യ്ക്കാണ് പൊതുയോഗം നടന്നത്. കേന്ദ്രമന്ത്രിയുടെ പ്രസംഗവേദിയില്‍ സ്റേജിനകത്ത് കുറച്ച് നേതാക്കന്മാരും പ്രസംഗം കേള്‍ക്കാന്‍ ആളൊഴിഞ്ഞ ഒട്ടേറെ കസേരകള്‍ മാത്രമാണുണ്ടായത്. സ്റേജിന്റെ ഒരുഭാഗത്ത് കുറച്ച് ആളുകളുണ്ടായതല്ലാതെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയും പങ്കെടുക്കുന്നതിന്റെ ആവേശം പ്രവര്‍ത്തകരില്‍ ഉണ്ടായില്ല. വര്‍ക്കല മുനിസിപ്പാലിറ്റിയിലെയും ഏഴ് പഞ്ചായത്തിലുമായി മുതിര്‍ന്ന ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. പണം നല്‍കി ഡിഎച്ച്ആര്‍എമ്മിനെപ്പോലും വിലയ്ക്കുവാങ്ങിയിട്ടും ആളൊഴിഞ്ഞ കസേരകള്‍ നാട്ടുകാരില്‍ സംസാരവിഷയമായി.

അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്റെ സഹോദരനെ അവഹേളിച്ചു

കാട്ടാക്കട: അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്റെ സഹോദരനെ കോണ്‍ഗ്രസ് യോഗത്തില്‍നിന്ന് ഇറക്കിവിട്ടു. കെപിസിസി മെമ്പറും ദീര്‍ഘകാലം മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അന്തരിച്ച വി കെ മണികണ്ഠന്‍നായരുടെ സഹോദരന്‍ സുധാകരന്‍നായരെയാണ് അവഹേളിച്ച് ഇറക്കിവിട്ടത്. മലയിന്‍കീഴ് എന്‍എസ്എസ് കരയോഗമന്ദിരത്തില്‍ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് പങ്കജാക്ഷന്‍, ജില്ലാപഞ്ചായത്ത് അംഗം മലയിന്‍കീഴ് വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മലയിന്‍കീഴ് മണ്ഡലം കമ്മിറ്റിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിന് എത്തിയ കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റി അംഗമായ സുധാകരന്‍നായരെ വിശ്വാസമില്ലെന്ന് ആരോപിച്ചാണ് യോഗത്തില്‍നിന്ന് അവഹേളിച്ച് ഇറക്കിവിട്ടത്. കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു.

ദേശാഭിമാനി 050411

5 comments:

  1. തെരഞ്ഞെടുപ്പുചട്ടം ലംഘിച്ച് പൊതുയോഗം നടത്തിയത് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിനുനേര്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ കൈയേറ്റം. വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണത്താണ് സംഭവം. സമയപരിധി കഴിഞ്ഞും മൈക്ക് പ്രവര്‍ത്തിപ്പിച്ച് യോഗം നടത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചത് വട്ടിയൂര്‍ക്കാവ് പൊലീസ് തടഞ്ഞു. ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ഡലം പ്രസിഡന്റ് വേണുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസിനെ കൈയേറ്റം ചെയ്യുകയായിരുന്നു. പൊലീസുകാരെ പിടിച്ചുതള്ളുകയും പൊലീസ് നിര്‍ദേശം ലംഘിച്ച് യോഗം നടത്തുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തിയശേഷമാണ് യോഗം തുടങ്ങിയത്. തുടര്‍ന്ന് റിട്ടേണിങ് ഓഫീസറുടെ സ്ക്വാഡ് എത്തി യോഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും യോഗം തുടരുകയായിരുന്നു.

    ReplyDelete
  2. യുഡിഎഫ് സ്ഥാനാര്‍ഥി കെ സി രാജന്റെ മണ്ഡലം പര്യടനത്തിന്റെ ഉദ്ഘാടനയോഗം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ ബഹിഷ്ക്കരിച്ചു. കൊല്ലം വെസ്റ്റ് മണ്ഡലത്തിലെ പര്യടനത്തിന്റെ തുടക്കം കുറിച്ച് രാമന്‍കുളങ്ങരയില്‍ ചേര്‍ന്ന യോഗത്തില്‍നിന്നാണ് കെപിസിസി മുന്‍ പ്രസിഡന്റുകൂടിയായ സി വി പത്മരാന്‍ ഇറങ്ങിപ്പോയത്. തിങ്കളാഴ്ച പകല്‍ 3.30നാണ് യോഗം ചേര്‍ന്നത്. ഉദ്ഘാടകനായി സി വി പത്മരാജനെയാണ് ക്ഷണിച്ചിരുന്നത്. യോഗം ഉദ്ഘാടനംചെയ്യാന്‍ പത്മരാജന്‍ നേരത്തെ എത്തിയിരുന്നു. എന്നാല്‍, സമയമായതോടെ ഡിസിസി പ്രസിഡന്റ് കടവൂര്‍ ശിവദാസനും എത്തി. ഉദ്ഘാടനത്തിന് കടവൂര്‍ വേദിയില്‍ കയറിയതോടെ സി വി പത്മരാജന്‍ പിണങ്ങി വേദി വിട്ടു. യോഗം കഴിയുന്നതുവരെ നില്‍ക്കണമെന്ന നേതാക്കളുടെ അഭ്യര്‍ഥന പത്മരാജന്‍ ചെവിക്കൊണ്ടില്ല. അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ഫലിച്ചില്ല. ഉടന്‍തന്നെ കാറില്‍ കയറി പോകുകയുംചെയ്തു. ഡോ. ശൂരനാട് രാജശേഖരന്റെ സ്ഥാനാര്‍ഥിത്വം അവസാന നിമിഷം വെട്ടി കെ സി രാജന് സീറ്റ് ഉറപ്പിച്ചത് കടവൂരും സി വി പത്മരാജനും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് ശൂരനാട് പല യോഗങ്ങളിലും പരാമര്‍ശവും നടത്തി.

    ReplyDelete
  3. കോട്ടക്കല്‍: പൊന്മള കിഴക്കേത്തലയില്‍ സമദാനിയുടെ സ്വീകരണയോഗത്തില്‍ മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്ളിംലീഗ് നേതാവുമായ ടി ടി കോയാമുവിനെതിരെയുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നായിരുന്നു പുതിയ സംഭവം. ലീഗിനകത്തെ പ്രശ്നം പരിഹരിക്കാതെ പൊന്മളയില്‍ സമദാനിയെ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നാണ് ഒരുവിഭാഗം ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്. മുസ്ളിംലീഗിന്റെ മുതിര്‍ന്ന പ്രവര്‍ത്തകരാണ് തര്‍ക്കത്തിനിടയില്‍നിന്ന് സമദാനിയെ രക്ഷിച്ചത്.

    ReplyDelete
  4. വണ്ടൂര്‍: കരുവാരക്കുണ്ട് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എ പി അനില്‍കുമാറിന്റെ പര്യടനത്തിനിടയില്‍ കോഗ്രസും ലീഗും തമ്മില്‍ കൈയാങ്കളി. കേരളയില്‍ അടിവാരത്ത് തിങ്കളാഴ്ച രാത്രി എട്ടിനാണ് സംഭവം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള വാര്‍ഡില്‍ ലീഗിന് അനുവദിച്ച സീറ്റില്‍ കോഗ്രസ് റിബല്‍ സ്ഥാനാര്‍ഥിയാണ് വിജയിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് ഈ വാര്‍ഡില്‍ കോഗ്രസും ലീഗും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷവും അഭിപ്രായവ്യത്യാസം തുടരുകയായിരുന്നു. പര്യടനത്തില്‍ എ പി അനില്‍കുമാര്‍ എത്തിയപ്പോള്‍ കോഗ്രസ് പ്രാദേശിക നേതാക്കള്‍ സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുന്നതിന് കടകളിലും വീടുകളിലും കയറിയിറങ്ങിയപ്പോള്‍ ലീഗുകാര്‍ അതിനെ എതിര്‍ക്കുകയും ഞങ്ങളാണ് ഇവിടത്തെ യുഡിഎഫ് പ്രവര്‍ത്തകര്‍ എന്നുംപറഞ്ഞ് അനില്‍കുമാറിനെ സമീപിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ കൈയാങ്കളിയും നടന്നു. പൊലീസ് എത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.

    ReplyDelete
  5. കൊല്ലം: ചടയമംഗലത്തെ കോണ്‍ഗ്രസ്് വിമത സ്ഥാനാര്‍ഥി ഓയൂര്‍ നസീറിനെ മര്‍ദിച്ചെന്ന് പരാതി. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഹിദാ കമാലും ഗുണ്ടകളും ചേര്‍ന്ന് മര്‍ദിച്ചെന്ന് ഓയൂര്‍ നസീര്‍ കലക്ടര്‍ക്കും കടയ്ക്കല്‍ സിഐക്കും പരാതിനല്‍കി. മടത്തറയില്‍ പ്രചാരണവാഹനം തടഞ്ഞാണ് കൈയേറ്റം ചെയ്തത്. മടത്തറ ഭാഗത്ത് പ്രചാരണത്തിനിറങ്ങിയാല്‍ വാഹനം കത്തിക്കുമെന്നും ജീവനോടെ കാണില്ലെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. സംഭവം നടന്ന ഉടന്‍ നസീര്‍ പുനലൂര്‍ ഡിവൈഎസ്പിയെ ഫോണില്‍ വിളിച്ച് പരാതിപ്പെട്ടു. ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമാണ് സിഐക്ക് രേഖാമുലം പരാതി നല്‍കിയത്.

    ReplyDelete