Tuesday, April 5, 2011

മഞ്ചേശ്വരത്ത് പണം കൊടുത്ത് വോട്ട് വാങ്ങാന്‍ ശ്രമം

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണം ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ വോട്ടര്‍മാര്‍തന്നെയാണ് ഇക്കാര്യം ഉന്നയിക്കുന്നത്. യുഡിഎഫും ബിജെപിയും പണം കൊടുത്ത് വോട്ട് വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. യുഡിഎഫിന്റെയും ബിജെപിയുടെയും പ്രത്യേക സ്ക്വാഡുകളാണ് പണവുമായി വീടുകളില്‍ എത്തുന്നത്. പ്രാദേശിക നേതാക്കളെ ഉപയോഗിച്ച് പണം കൊടുക്കേണ്ടവര്‍ ആരൊക്കെയെന്ന് ലിസ്റ്റ് എടുത്താണ് വോട്ട് കച്ചവടത്തിനിറങ്ങിയിരിക്കുന്നത്. രാഷ്ട്രീയ ചായ്‌വൊന്നും കാണിക്കാത്ത നിര്‍ധന കുടുംബങ്ങളാണ് ഇവരുടെ പ്രധാന നോട്ടം. ഇടനിലക്കാര്‍ മുഖേനയും ഫോണ്‍ വഴിയും കച്ചവടം ഉറപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വോട്ടര്‍മാരുടെ എണ്ണത്തിന് അനുസരിച്ച് പണം കൊടുക്കുമെന്നാണ് ഇവര്‍ പറയുന്നത്. വിലപേശലിനും അവസരം ഉണ്ട്. പണം എത്ര കൊടുക്കുന്നതിനും ഇവര്‍ സന്നദ്ധരാണത്രെ.

കോടിക്കണക്കിന് രൂപയാണ് ഇരുപാര്‍ടികളും മണ്ഡലത്തില്‍ ചെലവഴിക്കാന്‍ തയ്യാറാവുന്നത്. യുഡിഎഫിന്റേത് പെയ്മന്റ് സീറ്റാണെന്ന് ലീഗുകാര്‍തന്നെ പ്രചരിപ്പിക്കുന്നുണ്ട്. സ്വന്തം അണികളെ ഇറക്കാനും വന്‍തോതില്‍ പണം ഉപയോഗിക്കുന്നുണ്ട്. കര്‍ണാടകത്തില്‍നിന്നാണ് ബിജെപിക്ക് പണവും ആളും വരുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ അഴിമതിപ്പണത്തിന്റെ ചെറിയൊരുഭാഗം ഇങ്ങോട്ട് ഒഴുകുന്നുണ്ട്. കേരള നിയമസഭയില്‍ അക്കൌണ്ട് തുറക്കുമെന്ന് പ്രചരിപ്പിച്ചാണ് വന്‍തോതില്‍ പണം കൊണ്ടുവരുന്നത്. ഈ പണം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ബിജെപിക്കുള്ളില്‍ തര്‍ക്കം ഉണ്ട്. പ്രാദേശിക നേതാക്കളെയൊന്നും പണം കൈകാര്യം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാണ് പ്രധാന പരാതി. ചെലവഴിക്കുന്നതിന്റെയോ വരുമാനത്തിന്റെയോ കണക്കൊന്നും ഉത്തരവാദിത്തപ്പെട്ട നേതാക്കളെപോലും അറിയിക്കുന്നില്ലെന്നും പരാതി ഉണ്ട്. ജനങ്ങളില്‍നിന്ന് പിരിവെടുക്കാതെയാണ് ഇരുകൂട്ടരും പണം ചെലവഴിക്കുന്നത്.

മുന്‍ തെരഞ്ഞെടുപ്പുകളിലും ഇരുകക്ഷികളും കണക്കില്‍പെടാത്ത പണം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇത്ര പരസ്യമായി വോട്ട് കച്ചവടത്തിന് ഇറങ്ങുന്നത് ആദ്യമാണെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. ജനാധിപത്യത്തിന് ഭീഷണിയാകുന്ന രീതിയിലാണ് തെരഞ്ഞെടുപ്പിലെ പണത്തിന്റെ ഒഴുക്ക്. കൂടുതല്‍ പണം ചെലവഴിക്കുന്നത് നിരീക്ഷിച്ച് നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ പറയുന്നുണ്ടെങ്കിലും ഈ ഭാഗത്ത് കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ജയസാധ്യത മങ്ങിയ ഇരുവിഭാഗവും വര്‍ഗീയ പ്രചാരണം നടത്തുന്നതും മഞ്ചേശ്വരത്തിന്റെ പ്രത്യേകതയാണ്. വികസന പ്രശ്നങ്ങളൊ രാഷ്ട്രീയമോ പറയാനില്ലാത്ത ഇവര്‍ വര്‍ഗീയ കാര്‍ഡിറക്കി ജനങ്ങളെ കൂടെ നിര്‍ത്താര്‍ പറ്റുമോ എന്നാണ് നോക്കുന്നത്. ബിജെപിയുമായിട്ടാണ് മത്സരമെന്ന യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രസ്താവന ഇതിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായ ലീഗ് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് ബിജെപിയുമായി മത്സരിക്കുന്നതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.

മഞ്ചേശ്വരത്ത് ബിജെപി അക്രമം ആസൂത്രിതം

മഞ്ചേശ്വരം: പരാജയഭീതിയില്‍ പരിഭ്രാന്തിയിലായ ബിജെപി മഞ്ചേശ്വരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി അക്രമം അഴിച്ചുവിടുന്നു. കാലങ്ങളായി തങ്ങളുടെ കുത്തകയെന്ന് ബിജെപി അഹങ്കരിച്ചിരുന്ന ജനവിഭാഗങ്ങളിലും മേഖലകളിലും പ്രകടമായ എല്‍ഡിഎഫ് മുന്നേറ്റമാണ് ഇവരെ വിറളി പിടിപ്പിച്ചിരിക്കുന്നത്. മംഗളൂരുവില്‍ നിന്ന് ഗുണ്ടകളെ ഇറക്കി മണ്ഡലത്തില്‍ കുഴപ്പമുണ്ടാക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും നിര്‍ജീവമാക്കാണ് ബിജെപി ശ്രമം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പുവിന്റെ പ്രചാരണ ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും മണ്ഡലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി ഇവര്‍ നശിപ്പിച്ചു. കണ്വതീര്‍ഥ, അഞ്ചര, മഞ്ചേശ്വരം, കീര്‍ത്തേശ്വര, കൊടിബയല്‍, ബന്തിയോട്, കുബന്നൂര്‍, കുളൂര്‍, ചിഗിര്‍പാദ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എല്‍ഡിഎഫ് പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചു. ബന്തിയോട് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡ് ഞായറാഴ്ച രാത്രി ബിജെപി അക്രമികള്‍ കത്തിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുതല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി ആക്രമണം പതിവാണ്. വോര്‍ക്കാടിയില്‍ ഇവരുടെ ആക്രമത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മദ്യപിച്ചെത്തുന്ന ഗുണ്ടാസംഘം പ്രകോപനമില്ലാതെയാണ് അക്രമം നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരില്‍ മംഗളൂരുവില്‍ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്ന ഗുണ്ടകളുടെ നേതൃത്വത്തിലാണ് വിളയാട്ടം. മഞ്ചേശ്വരത്ത് നിന്ന് കേരള നിയമസഭയില്‍ അക്കൌണ്ട് തുറക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ ബിജെപിക്ക് തങ്ങളുടെ സ്ഥാനം മൂന്നാമതാണെന്ന് മുന്‍കൂട്ടി ഉറപ്പായതോടെയാണ് അക്രമം നടത്തി സമാധാനം തകര്‍ത്ത് മുതലെടുക്കാന്‍ പറ്റുമോയെന്ന് ശ്രമിക്കുന്നത്. ഇതിനായി കോളനികളിലും മറ്റും കയറി വര്‍ഗീയ പ്രചാരണവും നടത്തുന്നുണ്ട്.

മതത്തിന്റെയും ഭാഷയുടെയും പേരില്‍ വികാരമിളക്കി വോട്ട് തട്ടാന്‍ മുന്‍കാലങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപി സകല വിദ്യകളും പ്രയോഗിച്ചിരുന്നു. എന്നാല്‍ ഇത് ഇത്തവണ ചെലവാകുന്നില്ലെന്ന് ഈ മേഖലകളിലുള്ള എല്‍ഡിഎഫ് മുന്നേറ്റം വ്യക്തമാക്കുന്നു. ഭാഷാന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ സി എച്ച്് കുഞ്ഞമ്പു എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതികളുടെ വിജയം ബിജെപിയുടെ ഉറക്കം കെടുത്തുന്നു. സമാധാന പൂര്‍വമായ തെരഞ്ഞെടുപ്പിന് വിഘാതം സൃഷ്ടിക്കുന്ന ബിജെപിയുടെ അക്രമം ഉടന്‍ അവസാനിപ്പിക്കണമെന്ന് എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി പി ജനാര്‍ദനനും ചെയര്‍മാന്‍ ബി വി രാജനും ആവശ്യപ്പെട്ടു. പരാജയം ഉറപ്പിച്ച ബിജെപി നടത്തുന്ന അക്രമവും വര്‍ഗീയ പ്രചാരണവും ജനങ്ങള്‍ മുഖവിലക്കെടുക്കില്ല. വോട്ട് ചോര്‍ച്ച ഭയന്നാണ് ബിജെപിയുടെ വിക്രിയകള്‍. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.

എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഭീഷണി ബിജെപി നീക്കം വിലപ്പോവില്ല: എല്‍ഡിഎഫ്
മഞ്ചേശ്വരം: പരാജയഭീതിയില്‍ ബിജെപി ഗുണ്ടകളെ ഇറക്കി എല്‍ഡിഎഫ് പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനും നിരുത്സാഹപ്പെടുത്താനുമുള്ള നീക്കങ്ങള്‍ വിലപ്പോവില്ലെന്ന് എല്‍ഡിഎഫ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി പി ജനാര്‍ദനന്‍ പറഞ്ഞു. മണ്ഡലത്തില്‍ അടിപതറിയ ബിജെപി കഴിഞ്ഞ ദിവസങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതും പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതും പരാജയം ഉറപ്പിച്ചതുകൊണ്ടാണ്. തുടക്കം മുതലേ വര്‍ഗീയ കാര്‍ഡിറക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഫലം കാണാത്തതിനെ തുടര്‍ന്നാണ് ഗുണ്ടകളെ ഇറക്കി എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഭീഷണിപെടുത്തുന്നത്.

ഞായറാഴ്ച പകല്‍ കര്‍ണാടക രജിസ്ട്രേഷന്‍ കാറില്‍ കുമ്പളയിലെത്തിയ ബിജെപിയുടെ ക്രിമിനല്‍ സംഘം എല്‍ഡിഎഫ് പ്രവര്‍ത്തകനായ സതീശനെ ഭീഷണിപ്പെടുത്തുകയും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ മംഗളൂരുവിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. വിവിരമറിഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതോടെ ക്രിമിനല്‍ സംഘം കാറില്‍ കയറി രക്ഷപെട്ടു. കണ്വതീര്‍ഥ, കീര്‍ത്തേശ്വര, ഗോവിന്ദപൈ കോളേജ് പിരിസരം, അഞ്ചര, ഉപ്പള, കോടിബയല്‍ എന്നിവിടങ്ങളില്‍ പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. അക്രമം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം വിലപോവില്ലെന്നും അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യറാകണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു.

ദേശാഭിമാനി 050411

2 comments:

  1. മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണം ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ വോട്ടര്‍മാര്‍തന്നെയാണ് ഇക്കാര്യം ഉന്നയിക്കുന്നത്. യുഡിഎഫും ബിജെപിയും പണം കൊടുത്ത് വോട്ട് വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. യുഡിഎഫിന്റെയും ബിജെപിയുടെയും പ്രത്യേക സ്ക്വാഡുകളാണ് പണവുമായി വീടുകളില്‍ എത്തുന്നത്. പ്രാദേശിക നേതാക്കളെ ഉപയോഗിച്ച് പണം കൊടുക്കേണ്ടവര്‍ ആരൊക്കെയെന്ന് ലിസ്റ്റ് എടുത്താണ് വോട്ട് കച്ചവടത്തിനിറങ്ങിയിരിക്കുന്നത്. രാഷ്ട്രീയ ചായ്‌വൊന്നും കാണിക്കാത്ത നിര്‍ധന കുടുംബങ്ങളാണ് ഇവരുടെ പ്രധാന നോട്ടം. ഇടനിലക്കാര്‍ മുഖേനയും ഫോണ്‍ വഴിയും കച്ചവടം ഉറപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വോട്ടര്‍മാരുടെ എണ്ണത്തിന് അനുസരിച്ച് പണം കൊടുക്കുമെന്നാണ് ഇവര്‍ പറയുന്നത്. വിലപേശലിനും അവസരം ഉണ്ട്. പണം എത്ര കൊടുക്കുന്നതിനും ഇവര്‍ സന്നദ്ധരാണത്രെ.

    ReplyDelete
  2. കാസര്‍കോട്: തെരഞ്ഞെടുപ്പില്‍ പണം ചെലവഴിക്കുന്നത് സംബന്ധിച്ച് ബിജെപിയില്‍ തര്‍ക്കം രൂക്ഷം. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലത്തിലാണ് പണത്തിന്റെ പേരില്‍ നേതാക്കള്‍ ചേരി തിരിഞ്ഞത്. ഈ രണ്ട് മണ്ഡലത്തില്‍ ഇഷ്ടംപോലെ പണം കിട്ടുമ്പോള്‍ തൊട്ടടുത്ത് ദേശീയ നേതാവ് മത്സരിക്കുന്ന കാഞ്ഞങ്ങാട് അത്രയും കിട്ടാത്തത് സംബന്ധിച്ചും തര്‍ക്കമുണ്ട്. മഞ്ചേശ്വരം മണ്ഡലത്തില്‍ കോടിക്കണക്കിന് രൂപ കിട്ടുന്നുണ്ടെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കേന്ദ്രനേതൃത്വം കൊടുക്കുന്നതിനു പുറമെ കര്‍ണാടകത്തിലെ ചില നേതാക്കള്‍ വഴിയും വന്‍തോതില്‍ പണം കിട്ടുന്നുണ്ടത്രെ. എന്നാല്‍ ഈ പണം കൈകാര്യം ചെയ്യുന്നതില്‍നിന്ന് മണ്ഡലത്തിലെ നേതാക്കളെ പൂര്‍ണമായും ഒഴിവാക്കിയതാണ് തര്‍ക്കത്തിന് കാരണം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വലിയ തോതില്‍ പണം കിട്ടിയിരുന്നുവെന്നും ചെറിയ തുകയുടെ കണക്ക് മാത്രമാണ് അവതരിപ്പിച്ചതെന്നുമാണ് നേതാക്കള്‍ പറയുന്നത്. അരക്കോടിയിലധികം രൂപയുടെ കണക്ക് ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. ഈ തെരഞ്ഞെടുപ്പിലും അതാവര്‍ത്തിക്കാനാണ് നീക്കം. അത്യാവശ്യച്ചെലവിന് മാത്രമാണ് പണം കൊടുക്കുന്നത്. ബാക്കി പണമെല്ലാം സ്വകാര്യമായി ചിലര്‍ കൈകാര്യം ചെയ്യുകയാണ്. കാസര്‍കോട് മണ്ഡലത്തില്‍ തര്‍ക്കം രൂക്ഷമായതോടെ മണ്ഡലം പ്രസിഡന്റിന് തെരഞ്ഞെടുപ്പ് സമിതിയുടെ ജനറല്‍ കവീനര്‍ സ്ഥാനം നിഷേധിച്ചതായും പരാതിയുണ്ട്. മണ്ഡലം നേതാക്കളെ അവഗണിച്ചാണ് ഫണ്ട് ചെലവഴിക്കുന്നതും മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നുമുള്ള ആരോപണവുമുണ്ട്. മഞ്ചേശ്വരത്ത് മണ്ഡലം പ്രസിഡന്റാണ് ജനറല്‍ കവീനര്‍. മാറ്റിയത് ചില നേതാക്കളുടെ കള്ളക്കളിയാണെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

    ReplyDelete