Friday, April 8, 2011

ഐഎന്‍ടിയുസി പരാതി കണ്ണൂര്‍ സ്പിന്നിങ് മില്‍ അടച്ചുപൂട്ടി

കണ്ണൂര്‍: ഐഎന്‍ടിയുസി പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ സ്പിന്നിങ് മില്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. യുഡിഎഫ് ധര്‍മടം സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ പ്രസിഡന്റായ കണ്ണൂര്‍ സ്പിന്നിങ് മില്‍ വര്‍ക്കേഴ്സ് യൂണിയ (ഐഎന്‍ടിയുസി)നാണ് ഹൈക്കോടതിയില്‍ കേസിന് പോയത്.

വനിതാജീവനക്കാരെ രാത്രിയില്‍ ജോലി ചെയ്യിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് യൂണിയന്‍ ഹൈക്കോടതിയെ സമീപിച്ചത്. കമ്പനിയെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്നതിനാല്‍ ഭൂരിഭാഗം സ്ത്രീത്തൊഴിലാളികളും രാത്രി ജോലിചെയ്യാന്‍ സന്നദ്ധമാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ് ഐഎന്‍ടിയുസി ഹൈക്കോടതിയില്‍ റിട്ട് നല്‍കിയത്. സ്ത്രീകള്‍ക്കു ജോലി നിഷേധിക്കപ്പെടാതിരിക്കാന്‍ മുഴുവന്‍ പുരുഷന്മാരും രാത്രി ജോലിയെടുക്കേണ്ടി വന്നാല്‍ മില്ലിന്റെ പ്രവര്‍ത്തനം സ്തംഭിക്കും. വ്യാഴാഴ്ച കോടതി ഉത്തരവ് ലഭിച്ചതിനാല്‍ പുരുഷന്മാരുടെ ഷിഫ്റ്റ് ക്രമീകരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. സീനിയറായ പുരുഷ തൊഴിലാളികള്‍ രാത്രി ഷിഫ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. മില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേസിന് ആധാരമായ വിഷയങ്ങളില്‍ എന്തെങ്കിലും നിലപാട് മാറ്റമുണ്ടെങ്കില്‍ എഴുതി നല്‍കാനാണ് യോഗത്തില്‍ ആവശ്യമുയര്‍ന്നത്. ഇതിന് ഐഎന്‍ടിയുസി തയ്യാറായില്ല. ഇതോടെ പ്രശ്നപരിഹാരത്തിനുള്ള സാധ്യതയും അവസാനിച്ചു. പുതുക്കിയ ഷിഫ്റ്റ് അനുസരിക്കാത്തതിനാല്‍ എട്ടുദിവസത്തെ വേതനം വെട്ടിച്ചുരുക്കുമെന്ന് മാനേജര്‍ അറിയിച്ചു.

പ്രതിമാസം അഞ്ചു കോടി രൂപ വിറ്റുവരവുള്ള, ജില്ലയിലെ പ്രധാന തൊഴില്‍സ്ഥാപനമാണ് കണ്ണൂര്‍ സ്പിന്നിങ് മില്‍. 600 ജീവനക്കാരില്‍ 380 ഉം സ്ത്രീകളാണ്. 220 പുരുഷന്മാര്‍. 45 ലക്ഷം രൂപയാണ് ശമ്പളമായി പ്രതിമാസം ചെലവഴിക്കുന്നത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചാല്‍ കണ്ണൂരിന്റെ വികസനം മുരടിക്കാനും സാധ്യതയുണ്ടെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. കമ്പനിയിലെ ഒഴിഞ്ഞ ക്വാര്‍ട്ടേഴ്സുകള്‍ മാര്‍ച്ച് ഒന്നിന് സ്ത്രീജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. ഇതിനെതിരെ ഐഎന്‍ടിയുസി തുടങ്ങിയ പ്രതിഷേധമാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നതിലേക്ക് വളര്‍ന്നത്. മാര്‍ച്ച് മൂന്നിന് ഉദ്യോഗസ്ഥരെ ഐഎന്‍ടിയുസി ഘെരാവോ ചെയ്തു. തുടര്‍ന്ന് ഡിവൈഎസ്പി ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ സ്ത്രീകള്‍ മില്ലില്‍ ജോലി ചെയ്യുന്നത് നിര്‍ത്തലാക്കുമെന്ന് ഐഎന്‍ടിയുസി നേതാക്കള്‍ ഭീഷണിപ്പെടുത്തി. അവരെക്കുറിച്ച് അപവാദങ്ങളും പ്രചരിപ്പിച്ചു. യൂണിയന്‍ പ്രസിഡന്റ് മമ്പറം ദിവാകരന്റെ സാന്നിധ്യത്തിലായിരുന്നു ഭീഷണി.

മാര്‍ച്ച് എട്ടിനാണ് ഐഎന്‍ടിയുസി സ്ത്രീകളെ രാത്രിജോലിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തത്. തെരഞ്ഞെടുപ്പിന് മുമ്പ് മില്‍ പൂട്ടിച്ച് സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കാനാണ് ഐഎന്‍ടിയുസി ശ്രമിച്ചത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ആറിന് തുടങ്ങേണ്ട രണ്ടാമത്തെ ഷിഫ്റ്റ് മുതല്‍ മില്‍ പ്രവര്‍ത്തനം നിലച്ചു. 12 മണിക്ക് തുടങ്ങേണ്ട ഷിഫ്റ്റില്‍ തൊണ്ണൂറ് ശതമാനവും സ്ത്രീത്തൊഴിലാളികളാണ്. ഇവര്‍ക്ക് കോടതി വിലക്കുള്ളതിനാല്‍ ജോലിയില്‍ പ്രവേശിക്കാനാവില്ല. 20 കോടിരൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കാനുള്ള ടെന്‍ഡര്‍ ക്ഷണിച്ചിരിക്കെയാണ് മില്ലിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക് നീങ്ങുന്നത്. കണ്ണൂരിലെ മറ്റ് മില്ലുകളില്‍ സ്ത്രീകള്‍ രാത്രിജോലി ചെയ്യുമ്പോഴാണ് മമ്പറം ദിവാകരനും സംഘവും ദുഷ്ടലാക്കോടെ കണ്ണൂര്‍ സ്പിന്നിങ് മില്‍ പൂട്ടിച്ചത്.

ദേശാഭിമാനി കണ്ണൂര്‍ ജില്ലാ വാര്‍ത്ത

1 comment:

  1. ഐഎന്‍ടിയുസിയുടെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി അടച്ചു പൂട്ടാന്‍ ഉത്തരവിട്ട കണ്ണൂര്‍ സ്പിന്നിങ് മില്‍ ശനിയാഴ്ചയും അടഞ്ഞുകിടന്നു. യുഡിഎഫ് ധര്‍മടം സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ പ്രസിഡന്റായ കണ്ണൂര്‍ സ്പിന്നിങ് മില്‍ വര്‍ക്കേഴ്സ് യൂണിയന്‍(ഐഎന്‍ടിയുസി) ഹൈക്കോടതിയില്‍ കേസിന് പോയി സ്ഥാപനം പൂട്ടിച്ചതിനാല്‍ തര്‍ക്കം പരിഹരിക്കാന്‍ യുണിയനുകളൊന്നും മുന്നോട്ടുവന്നില്ല. കമ്പിനി തുടര്‍ച്ചയായി പൂട്ടിയിടുകയാണെങ്കില്‍ പഞ്ചാബിലേക്കോ ഹരിയാനയിലേക്കോ മാറ്റാനുള്ള നീക്കം ഉന്നത തലത്തില്‍ നടക്കുന്നുണ്ട്. നാഷണല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷനുകീഴിലെ കക്കാടെ സ്പിന്നിങ് മില്ലില്‍ ജോലിചെയ്യുന്ന അറുനൂറോളം ജീവനക്കാരുടെ ജീവിതമാണ് ഇതോടെ പ്രതിസന്ധിയിലായത്. വനിതാജീവനക്കാരെ രാത്രി ജോലി ചെയ്യിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ്ഐഎന്‍ടിയുസി യുണിയന്‍ ഹൈക്കോടതിയെ സമീപിച്ചത്. ആറിനാണ് കോടതിവിധിയുണ്ടായത്. ഏഴിന് ജീവനക്കാരുടെ ഷിഫ്റ്റ് ക്രമീകരിച്ച് മാനേജ്മെന്റ് നോട്ടീസ് നല്‍കി. എന്നാല്‍ ഷിഫ്റ്റില്‍ ഇല്ലാത്ത യൂണിയന്‍പ്രവര്‍ത്തകരായ ജീവനക്കാര്‍ ജോലി തടസ്സപ്പെടുത്തി. ജോലി തടസ്സപ്പെടുത്തിയവര്‍ക്കെതിരെ എട്ടുദിവസത്തെ ശമ്പളം കുറക്കുന്നതടക്കമുള്ള ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ഗേറ്റില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. ഷിഫ്റ്റ് പുനഃക്രമീകരണം അനുസരിച്ചു ജോലിക്ക് ഹാജരാവണമെന്നാണ് നോട്ടീസ്.

    ReplyDelete