Sunday, April 3, 2011

കോണ്‍ഗ്രസ് അഴിമതിപ്പണംഒഴുക്കുന്നു: പ്രകാശ് കാരാട്ട്

കാരാട്ട് പെരുമ്പാവൂരിലെ പൊതുയോഗത്തില്‍ സംസാരിക്കുന്നു

കോട്ടയം/ആലപ്പുഴ: അഴിമതിയിലൂടെ കോണ്‍ഗ്രസ് സ്വരൂപിച്ച പണം തെരഞ്ഞെടുപ്പിലേക്ക് ഒഴുക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴ,അമ്പലപ്പുഴ,ഹരിപ്പാട്, മാവേലിക്കര, കോട്ടയം, ചങ്ങനാശേരി, എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി സ്വരൂപിച്ച പണം അധികാരം സംരക്ഷിക്കാനും അധികാരം പിടിച്ചെടുക്കാനും കോണ്‍ഗ്രസ് ഉപയോഗിക്കുകയാണ്. തമിഴ്നാട്ടില്‍ പ്രതിദിനം ഒരുകോടി രൂപ എത്തുന്നതായാണ് തെരഞ്ഞെടുപ്പ് കമീഷന്‍ കണ്ടെത്തിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മദ്രാസ് ഹൈക്കോടതിയിലും ഉണ്ട്. കേരളത്തിലേക്കും ഇപ്രകാരം ഒഴുകുന്ന പണം കണ്ടുകെട്ടണമെന്ന് സിപിഐ എം കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതിയെ സ്ഥാപനവല്‍ക്കരിച്ചതിലൂടെ കോണ്‍ഗ്രസ് ജനാധിപത്യം ദുര്‍ബലപ്പെടുത്തുകയും മലീമസമാക്കുകയും ചെയ്തു.

കേന്ദ്രത്തില്‍ കോര്‍പറേറ്റുകളും രാഷ്ട്രീയ നേതൃത്വവും അടങ്ങുന്ന കൂട്ടുകെട്ടാണ് അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നത്. സങ്കല്‍പ്പിക്കാന്‍ പോലുമാകാത്തത്ര വലിയ ക്രമക്കേടാണ് ടുജി സ്പെക്ട്രം ഇടപാടിലുണ്ടായത്. ഇതില്‍ ഉള്‍പ്പെട്ട മന്ത്രിയാണ് ഇപ്പോള്‍ ജയിലിലായത്. കേരളത്തില്‍ യുഡിഎഫിലെ ഒരു മുന്‍മന്ത്രിയും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരണത്തില്‍ അഴിമതി നടമാടുന്നു. എന്നാല്‍ എല്‍ഡിഎഫാകട്ടെ അഴിമതിരഹിതമായ ഭരണമാണ് നയിച്ചത്. ജനവിരുദ്ധനയങ്ങളിലൂടെ രാജ്യത്തിന് ഭീഷണിയാകുന്ന കോണ്‍ഗ്രസിന്റെ നയങ്ങള്‍ വേണമോ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും രണ്ടുരൂപയ്ക്ക് അരി നല്‍കുകയും ചെയ്യുന്ന എല്‍ഡിഎഫ് ഭരണം തുടരണമോ എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കേരളം അഭിമുഖീകരിക്കുന്ന മുഖ്യചോദ്യം.അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കുന്നതോടൊപ്പം അഴിമതിക്കെതിരെ ജാഗ്രതയോടെ നടപടിയെടുക്കാന്‍ വി എസ് സര്‍ക്കാരിന് കഴിഞ്ഞു. സമസ്ത മേഖലയിലും വന്‍ പുരോഗതി ഉണ്ടാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരണമെന്ന് പ്രകാശ് കാരാട്ട് അഭ്യര്‍ഥിച്ചു.

വിലക്കയറ്റം ആളിക്കത്തിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞു. കഴിഞ്ഞ ജൂണ്‍ മുതല്‍ ഏഴു തവണ പെട്രോള്‍ വില കൂട്ടി. ഇപ്പോള്‍ ഡീസലിന്റെ വിലനിയന്ത്രണവും കളയാനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ്. ഇത്തരം സമീപനങ്ങള്‍ വിലക്കയറ്റം രൂക്ഷമാക്കും.കേന്ദ്രഭരണവും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണവും താരതമ്യം ചെയ്താല്‍ നയസമീപനങ്ങളിലെ വ്യത്യാസം മനസിലാക്കാമെന്നും കാരാട്ട് പറഞ്ഞു.

ദേശാഭിമാനി 030411

1 comment:

  1. അഴിമതിയിലൂടെ കോണ്‍ഗ്രസ് സ്വരൂപിച്ച പണം തെരഞ്ഞെടുപ്പിലേക്ക് ഒഴുക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴ,അമ്പലപ്പുഴ,ഹരിപ്പാട്, മാവേലിക്കര, കോട്ടയം, ചങ്ങനാശേരി, എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി സ്വരൂപിച്ച പണം അധികാരം സംരക്ഷിക്കാനും അധികാരം പിടിച്ചെടുക്കാനും കോണ്‍ഗ്രസ് ഉപയോഗിക്കുകയാണ്. തമിഴ്നാട്ടില്‍ പ്രതിദിനം ഒരുകോടി രൂപ എത്തുന്നതായാണ് തെരഞ്ഞെടുപ്പ് കമീഷന്‍ കണ്ടെത്തിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മദ്രാസ് ഹൈക്കോടതിയിലും ഉണ്ട്. കേരളത്തിലേക്കും ഇപ്രകാരം ഒഴുകുന്ന പണം കണ്ടുകെട്ടണമെന്ന് സിപിഐ എം കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതിയെ സ്ഥാപനവല്‍ക്കരിച്ചതിലൂടെ കോണ്‍ഗ്രസ് ജനാധിപത്യം ദുര്‍ബലപ്പെടുത്തുകയും മലീമസമാക്കുകയും ചെയ്തു.

    ReplyDelete