Tuesday, April 5, 2011

യു ഡി എഫ് പിടിച്ച പുലിവാല്‍...

നായരുപിടിച്ച പുലിവാല്‍ എക്കാലത്തും പ്രസക്തമായ ഒരു ചൊല്ലാണ്. ഇന്നത്തെ രാഷ്ട്രീയ കേരളത്തില്‍ അക്ഷരാര്‍ഥത്തില്‍ പുലിവാല്‍ പിടിച്ചിരിക്കുന്നത് ഐക്യജനാധിപത്യമുന്നണിയും അവരുടെ നേതാക്കളുമാണ്. കേരളത്തിലെ എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ട് രൂപയ്ക്ക് അരി നല്‍കാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ്തന്നെ കേരളസര്‍ക്കാര്‍ തീരുമാനിച്ചതാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ ഇലക്ഷന്‍ കമ്മിഷനെയും സുപ്രിംകോടതിയെയും സമീപിച്ച് ജനോപകാരപ്രദമായ ഈ പദ്ധതി നിര്‍ത്തി വയ്ക്കാന്‍ ഉത്തരവ് വാങ്ങിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ അനുയായികളായ ചില കോണ്‍ഗ്രസ് നേതാക്കളുമാണെന്ന കാര്യം അവര്‍ തന്നെ സമ്മതിക്കുന്നു.

ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന രണ്ടു രൂപ അരി എ പി എല്‍-ബി പി എല്‍ വ്യത്യാസമില്ലാതെ എല്ലാ കാര്‍ഡുടമകള്‍ക്കും ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് സുപ്രീം കോടതിവിധിയിലൂടെ ഇല്ലാതായിരിക്കുന്നത്. രണ്ട് രൂപയ്ക്ക് ഒരു കിലോ അരി വാങ്ങുന്ന എല്ലാവരും ഇടതുപക്ഷമുന്നണിക്ക് വോട്ടുചെയ്യുമെന്ന ധാരണയിലാണ് യു ഡി എഫ് നേതാക്കള്‍ ഇലക്ഷന്‍ കമ്മിഷനെ സമീപിച്ചതെന്ന് വ്യക്തമാണ്. ഇതിന്റെ അര്‍ഥം അരിവാങ്ങുന്ന വോട്ടര്‍മാരില്‍ യു ഡി എഫിന് ഒരു വിശ്വാസവുമില്ലെന്നല്ലേ? രണ്ട് രൂപയ്ക്ക് അരി കൊടുക്കുന്നത് തടയാതിരുന്നെങ്കില്‍ ഇന്നത്തേപ്പോലെ ഇത്ര ഗതികേടില്‍ യു ഡി എഫ് എത്തിച്ചേരുകില്ലായിരുന്നു. പാവങ്ങളുടെ കഞ്ഞിക്കലത്തിനടിയിലെ തീയാണ് ഇതോടെ യു ഡി എഫ് ഊതിക്കെടുത്തിയിരിക്കുന്നത്. രണ്ട് രൂപ അരി ഇപ്പോള്‍ യു ഡി എഫിനെ തിരിഞ്ഞ് കുത്തിക്കൊണ്ടിരിക്കുന്നു.

കേരളീയന്റെ പ്രധാന ഭക്ഷണം അരിയാണെന്ന് എല്ലാവര്‍ക്കും അറിയാം. മനുഷ്യര്‍ക്ക് മാത്രമല്ല ദൈവത്തിന് പോലും ഇവിടെ അരി ആവശ്യമാണ്. അരിയിട്ട്‌വാഴ്ചയ്ക്കും വായ്ക്കരിക്കും വരെ അരി വേണം. ഏതെങ്കിലും കാലത്ത് അരിയുടെ കാര്യത്തില്‍ നാം സ്വയംപര്യാപ്തത നേടിയിരുന്നോ? അറിയില്ല. അരിയുടെ കാര്യത്തിലും ഗോതമ്പിന്റെ കാര്യത്തിലും മിച്ച സംസ്ഥാനങ്ങള്‍ പലതുമുണ്ട്. കേരളത്തില്‍ പോരാതെ വരുന്ന അരി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ് ലഭിക്കേണ്ടത്. നെല്‍പ്പാടങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചതും കൃഷിച്ചെലവ് വര്‍ധിച്ചതും നെല്‍ക്കൃഷിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചു. കര്‍ക്കശമായ നിയമങ്ങള്‍ ഉണ്ടായിട്ടും നിലംനികത്തുന്നത് ഇപ്പോഴും തുടരുന്നു എന്നതാണ് യാഥാര്‍ഥ്യം. ഭൂമാഫിയകളുടെ കടന്ന് വരവ് ഭക്ഷ്യ മേഖലയില്‍ രാജ്യത്തിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്ന ഘടകമായി തീര്‍ന്നു.

ഭക്ഷ്യ ദൗര്‍ലഭ്യം കണക്കിലെടുത്തുകൊണ്ട് നീതിപൂര്‍വകമായി ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിന് സ്റ്റാറ്റിയൂട്ടറി റേഷനിംഗ് ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. രണ്ടാം ലോക മഹായുദ്ധ കാലത്തുണ്ടായ ഭക്ഷ്യക്ഷാമത്തിനെ നേരിടാന്‍ കേരളം അനുഭവിച്ച ബുദ്ധിമുട്ട് ഏറെയാണ്. അരിക്ക് പകരം മക്രോണി ഉപയോഗിക്കാന്‍ ജനങ്ങളോട് പറയേണ്ട അവസ്ഥ വരെ ഉണ്ടായി. അവിടെനിന്ന് നീതിപൂര്‍വകമായ റേഷനിംഗ് സമ്പ്രദായത്തിലൂടെ ജനങ്ങളെ പട്ടിണിക്കിടാതിരിക്കാനും കമ്പോള വില വര്‍ധന ഒരു പരിധി വരെ ഇല്ലാതാക്കാനും കഴിഞ്ഞു. എന്നാല്‍ ഇഷ്ടമില്ലാത്ത കക്ഷിയോ മുന്നണിയോ ആണ് കേരളം ഭരിക്കുന്നതെങ്കില്‍ പൊതുവിതരണ സമ്പ്രദായത്തിന് തടസ്സം സൃഷ്ടിക്കാന്‍ കേന്ദ്രം മുതിരുന്നു. സംസ്ഥാനം നല്‍കുന്ന ബി പി എല്‍ കാര്‍ഡുടമകളുടെ സംഖ്യ സ്വമേധയാ വെട്ടിക്കുറയ്ക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അരിയുടെ ക്വാട്ട വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നത് ക്രൂരവിനോദമായി കേന്ദ്രം തുടരുന്നു. ഈ ബുദ്ധിമുട്ടുകളുടെ നടുവിലും അരി ഉണ്ടെങ്കില്‍ തന്നെ മിച്ച സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ വാഗണ്‍ റയില്‍വേ നല്‍കാതിരിക്കുന്നു. ഊഹകച്ചവടക്കാരായ കുത്തക വ്യാപാരികള്‍ക്ക് യഥേഷ്ടം അരി ശേഖരിച്ച് വയ്ക്കാനും കേന്ദ്ര ഗവണ്‍മെന്റ് ബോധപൂര്‍വം അവസരം നല്‍കിയിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ബുദ്ധിമുട്ടുകളുടെ നടുവില്‍ കേരളത്തിന്റെ പൊതുവിതരണ സമ്പ്രദായം പരാതികളില്ലാതെ നിലനിര്‍ത്താനും കമ്പോളത്തില്‍ ഫലപ്രദമായി ഇടപെടാനും ഇടതുപക്ഷ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടുണ്ട്.

ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് കിലോയ്ക്ക് രണ്ട് രൂപ വച്ച് ബി പി എല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 20 കിലോ അരിയും മറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരിയും നല്‍കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചത്. ഇതിന് വേണ്ട തുക ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ കണ്ണ് വച്ചുകൊണ്ടല്ല മറിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ് എല്ലാവര്‍ക്കും രണ്ട് രൂപയ്ക്ക് അരി കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും നടപ്പാക്കിയതും. ഇതൊന്നും കാണാതെ അന്ധമായ രാഷ്ട്രീയ വിരോധം മൂലമാണ് യു ഡി എഫ് നേതാക്കള്‍ ഇലക്ഷന്‍ കമ്മിഷനെ സമീപിച്ച് ഈ പദ്ധതി ഇല്ലാതാക്കിയത്. കേരള ഹൈക്കോടതി ഇലക്ഷന്‍ കമ്മിഷന്‍ തീരുമാനത്തെ റദ്ദാക്കിയിട്ടും ഈ വിധിക്കെതിരെ കമ്മിഷന്‍ സുപ്രിംകോടതിയില്‍ പോയി. എന്നാല്‍ ഇന്ത്യയുടെ പരമോന്നത നീതി പീഠത്തില്‍ നിന്നും ഇങ്ങനെ ഒരു വിധി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്തുകൊണ്ടെന്നാല്‍ ഇന്ത്യയുടെ ഗോഡൗണുകളിലും പരിസരങ്ങളിലും അരി കുന്നുകൂട്ടിയിട്ട് നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ ഈ അരി പട്ടിണിപ്പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന് ഗവണ്‍മെന്റിനോട് ഒന്നിലേറെ തവണ സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുള്ള കാര്യവും ഇവിടെ അനുസ്മരിക്കുന്നു.

കേരളത്തില്‍ ഏറെ ചര്‍ച്ചാവിഷയമായിട്ടുള്ള അരി നിര്‍ത്തലാക്കിയതിന് മറുപടി പറയാന്‍ വിഷമിക്കുകയാണ് ഉമ്മന്‍ചാണ്ടിയും യു ഡി എഫ് നേതാക്കളും. നിരോധിക്കപ്പെട്ട അരി വിതരണമാണ് ഇപ്പോള്‍ യു ഡി എഫിന് പേടി സ്വപ്‌നമായിരിക്കുന്നത്. എത്ര മറുപടി പറഞ്ഞാലും കേരളത്തിലെ ജനങ്ങളോട് ചെയ്ത ഈ കടുംകൈക്ക് ജനങ്ങള്‍ മാപ്പ് കൊടുക്കുകയില്ല. വിതരണം ചെയ്ത അരിയേക്കാള്‍ തടഞ്ഞ് വയ്ക്കപ്പെട്ട അരിയാണ് യു ഡി എഫിന്റെ മുഖ്യ 'അരി' ആയി തീര്‍ന്നിരിക്കുന്നത്.

തെങ്ങമം ബാലകൃഷ്ണന്‍ janayugom 050411

1 comment:

  1. നായരുപിടിച്ച പുലിവാല്‍ എക്കാലത്തും പ്രസക്തമായ ഒരു ചൊല്ലാണ്. ഇന്നത്തെ രാഷ്ട്രീയ കേരളത്തില്‍ അക്ഷരാര്‍ഥത്തില്‍ പുലിവാല്‍ പിടിച്ചിരിക്കുന്നത് ഐക്യജനാധിപത്യമുന്നണിയും അവരുടെ നേതാക്കളുമാണ്. കേരളത്തിലെ എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ട് രൂപയ്ക്ക് അരി നല്‍കാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ്തന്നെ കേരളസര്‍ക്കാര്‍ തീരുമാനിച്ചതാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ ഇലക്ഷന്‍ കമ്മിഷനെയും സുപ്രിംകോടതിയെയും സമീപിച്ച് ജനോപകാരപ്രദമായ ഈ പദ്ധതി നിര്‍ത്തി വയ്ക്കാന്‍ ഉത്തരവ് വാങ്ങിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ അനുയായികളായ ചില കോണ്‍ഗ്രസ് നേതാക്കളുമാണെന്ന കാര്യം അവര്‍ തന്നെ സമ്മതിക്കുന്നു.

    ReplyDelete