ലോക്പാല്‍ ബില്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം സമവായത്തിലെത്താതെ പിരിഞ്ഞു. ശക്തമായ ലോക്പാല്‍ വേണമെന്നതിലും പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കണമെന്നതിലും മാത്രമാണ് യോജിപ്പുണ്ടായത്. ഇതുസംബന്ധിച്ച ഒറ്റവരി പ്രമേയം യോഗം അംഗീകരിച്ചു. ബില്ലിന്റെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്തില്ല. ബില്ലിന്റെ കരട് സര്‍ക്കാര്‍ അവതരിപ്പിക്കണമെന്നും അതിന്മേല് ചര്‍ച്ച നടത്താമെന്നും പ്രതിപക്ഷ പാര്‍ടികള്‍ യോഗത്തില്‍ വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ കരട് തയ്യാറാക്കി അടുത്ത യോഗത്തില്‍ അവതരിപ്പിക്കാന്‍ ധാരണയായി.
പാര്‍ലമെന്റ് സമ്മേളിക്കുംമുമ്പ് വീണ്ടും സര്‍വകക്ഷിയോഗം വിളിച്ചേക്കും. ലോക്പാല്‍ ബില്‍ സംബന്ധിച്ച് രണ്ടാം യുപിഎ സര്‍ക്കാരിന് വ്യക്തമായ നിലപാടില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രിയുടെയും ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെയും പ്രസംഗങ്ങള്‍ . അഞ്ച് മന്ത്രിമാര്‍ തയ്യാറാക്കിയ കരട്ബില്ലും ഇതിന്മേല് പൗരസമൂഹവുമായി അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളുമാണ് യോഗത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. എന്നാല്‍ , മന്ത്രിമാരുടെയും പൗരസമൂഹത്തിന്റെയും കരടുകള്‍ പ്രതിപക്ഷ പാര്‍ടികള്‍ തള്ളി. സര്‍ക്കാര്‍ ബില്ലുമായി വരുമ്പോള്‍ ചര്‍ച്ചചെയ്യാമെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. അതിനായി പ്രത്യേക യോഗം വിളിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. ശക്തമായ ലോക്പാല്‍ ബില്‍ വേണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് യോഗത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. എന്നാല്‍ , മറ്റു ജനാധിപത്യസംവിധാനത്തെ ലോക്പാല്‍ ദോഷകരമായി ബാധിക്കരുത്. അഴിമതി പ്രധാന പ്രശ്നമാണെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി, അഴിമതി നടത്തുന്ന ഉന്നതര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംവിധാനമില്ലെന്നും പറഞ്ഞു. പൗരസമൂഹ പ്രതിനിധികളും അഞ്ചുമന്ത്രിമാരും ഉള്‍പ്പെട്ട സംയുക്തസമിതി ലോക്പാല്‍ബില്ലിന്റെ കാര്യത്തില്‍ പലകാര്യങ്ങളിലും സമവായത്തിലെത്തിയെങ്കിലും പ്രധാനപ്രശ്നങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വസതിയിലാണ് ഞായറാഴ്ച വൈകിട്ട് സര്‍വകക്ഷിയോഗം ചേര്‍ന്നത്. മൂന്നുമണിക്കൂര്‍ നീണ്ട യോഗത്തില്‍ ശിവസേനയൊഴികെ എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും പ്രതിനിധികളുണ്ടായിരുന്നു. മന്ത്രിമാരായ പി ചിദംബരം, കബില്‍ സിബല്‍ , എം വീരപ്പ മൊയ്ലി, ശരദ് പവാര്‍ , ടി ആര് ബാലു, പ്രഫുല്‍ പട്ടേല്‍ , പ്രതിപക്ഷനേതാവ് സുഷമ സ്വരാജ്, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിനുമുമ്പുതന്നെ വിവിധ പാര്‍ടികള്‍ നിലപാട് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ കോണ്‍ഗ്രസിനുപുറമെ എഐഎഡിഎംകെയും അകാലിദളും മാത്രമാണ് എതിര്‍ക്കുന്നത്. പ്രധാനമന്ത്രി ലോക്പാലിന്റെ പരിധിയില്‍ വരണമെന്നും ജുഡീഷ്യറിക്കെതിരായ പരാതി സ്വീകരിക്കാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന് രൂപീകരിക്കണമെന്നുമാണ് സിപിഐ എം നിലപാട്. എന്നാല്‍ , സര്‍ക്കാര്‍ സ്വന്തം ബില്‍ കൊണ്ടുവന്നാല്മാത്രമേ മറ്റ് വിശദാംശം ചര്ച്ചചെയ്യാനാകൂവെന്നും പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
ദേശാഭിമാനി 040711
ലോക്പാല്‍ ബില്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം സമവായത്തിലെത്താതെ പിരിഞ്ഞു. ശക്തമായ ലോക്പാല്‍ വേണമെന്നതിലും പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കണമെന്നതിലും മാത്രമാണ് യോജിപ്പുണ്ടായത്. ഇതുസംബന്ധിച്ച ഒറ്റവരി പ്രമേയം യോഗം അംഗീകരിച്ചു. ബില്ലിന്റെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്തില്ല. ബില്ലിന്റെ കരട് സര്‍ക്കാര്‍ അവതരിപ്പിക്കണമെന്നും അതിന്മേല് ചര്‍ച്ച നടത്താമെന്നും പ്രതിപക്ഷ പാര്‍ടികള്‍ യോഗത്തില്‍ വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ കരട് തയ്യാറാക്കി അടുത്ത യോഗത്തില്‍ അവതരിപ്പിക്കാന്‍ ധാരണയായി
ReplyDelete